Friday, March 29, 2013

കുടുംബശ്രീ അക്കൗണ്ടന്റുമാരെ പിരിച്ചുവിടാന്‍ ഉത്തരവ്


സംസ്ഥാനത്തെ മുഴുവന്‍ കുടുംബശ്രീ അക്കൗണ്ടന്റുമാരെയും പിരിച്ചുവിടാന്‍ ഉത്തരവ്. കുടുംബശ്രീ കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി (സിഡിഎസ്)കളിലെ ആയിരത്തോളം അക്കൗണ്ടന്റുമാരെയാണ് മാര്‍ച്ച് 31നുമുമ്പ് പിരിച്ചുവിടാന്‍ സര്‍ക്കാരിനുവേണ്ടി കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ 26ന് ഉത്തരവിറക്കിയത്. ഓരോ വര്‍ഷവും ഇവരുടെ കരാര്‍ പുതുക്കുകയായിരുന്നു പതിവ്. പിരിച്ചുവിടാനുള്ള ഉത്തരവ് ആദ്യമാണ്. മുസ്ലിംലീഗിന്റെ സമ്മര്‍ദത്തേതുടര്‍ന്നാണ് ഉത്തരവിറക്കിയതെന്നും ഭരണപക്ഷ അനുകൂലികളെ നിയമിക്കാനാണിതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കരാര്‍പ്രകാരം 2013 മാര്‍ച്ച് 31 വരെ കാലാവധിയുള്ള എല്ലാ സിഡിഎസ് അക്കൗണ്ടന്റുമാരുടെയും സേവനം അവസാനിപ്പിക്കണമെന്ന നിര്‍ദേശമാണ് ജില്ലാ മിഷന്‍ ഡയറക്ടര്‍മാര്‍ക്ക് നല്‍കിയ ഉത്തരവിലുള്ളത്. പുതിയ നിയമനം നടത്തുന്നതുവരെ പരിചയസമ്പന്നരായവരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു വര്‍ഷത്തോളം അക്കൗണ്ടന്റുമാരായി പ്രവര്‍ത്തിച്ചവരെയാണ് കാരണമില്ലാതെ ഒഴിവാക്കുന്നത്.

അക്കൗണ്ടന്റുമാരെ പിരിച്ചുവിടുന്ന കാര്യം കുടുംബശ്രീ ചെയര്‍പേഴ്സണ്‍മാരുടെ ജില്ലാതല യോഗങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു. സിഡിഎസിന്റെ മുഴുവന്‍ പ്രവര്‍ത്തനവും നടത്തുന്നത് അക്കൗണ്ടന്റുമാരാണ്. അയല്‍ക്കൂട്ടങ്ങളുടെ നിക്ഷേപവും വായ്പയും സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും ഇവരാണ്. മന്ത്ലി ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എംഐഎസ്) ഒണ്‍ലൈന്‍ സംവിധാനം കൈകാര്യം ചെയ്യുന്നുമുണ്ട്. ഏപ്രില്‍ 15നുമുമ്പ് പുതിയ അക്കൗണ്ടന്റുമാരെ നിയമിക്കുമെന്നാണ് പറയുന്നത്. എന്നാല്‍, അതിനുള്ള നടപടിയൊന്നും തുടങ്ങിയിട്ടില്ല. അപേക്ഷ ക്ഷണിക്കലും പരീക്ഷയും ഇന്റര്‍വ്യുവും ഇതിനകം നടക്കാന്‍ സാധ്യതയില്ല. പുതിയ അക്കൗണ്ടന്റുമാരെ നിയമിച്ച് പരിശീലനംനല്‍കി സിഡിഎസ് പ്രവര്‍ത്തനം ഏല്‍പ്പിക്കാന്‍ രണ്ടു മാസമെങ്കിലുമെടുക്കും. ഇക്കാലത്ത് കുടുംബശ്രീ പ്രവര്‍ത്തനം താളംതെറ്റും. ഒരു സിഡിഎസിന് ഒരു അക്കൗണ്ടന്റ് എന്ന നിലയിലാണ് നിയമനം. 90 ശതമാനവും സ്ത്രീകളാണ്. 5000 രൂപയാണ് പ്രതിമാസ വേതനം. മുപ്പത്തഞ്ചില്‍ കൂടുതല്‍ വാര്‍ഡുകള്‍ വരുമ്പോള്‍ സിഡിഎസിന്റെ എണ്ണം കൂടും. കോര്‍പറേഷനുകളില്‍ മൂന്നുവരെ സിഡിഎസുകളുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് അക്കൗണ്ടന്റുമാരെ പിരിച്ചുവിടുമെന്ന ഭീഷണിയുണ്ടായിരുന്നു. ചര്‍ച്ചയേത്തുടര്‍ന്ന് അന്ന് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
(പി സുരേശന്‍)

deshabhimani

No comments:

Post a Comment