Tuesday, November 6, 2012
കുടുംബശ്രീയെ തകര്‍ക്കാന്‍ ബദല്‍ നീക്കവുമായി മുഖ്യമന്ത്രി
കുടുംബശ്രീമിഷനെ തകര്‍ക്കാനും കേന്ദ്രാവിഷ്കൃത ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികളുടെ ഫണ്ട് കൈപ്പിടിയിലാക്കാനും ലക്ഷ്യമിട്ട് ബദല്‍ സംവിധാനത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍കൈ എടുക്കുന്നു. കേന്ദ്ര ഗ്രാമവികസനമന്ത്രി ജയ്റാം രമേഷ് തന്നെ കുടുംബശ്രീ രാജ്യത്തിനാകെ മാതൃകയായെന്ന് ആവര്‍ത്തിക്കവെയാണ് സംസ്ഥാന സര്‍ക്കാര്‍ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷിക്കാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കാനാണ് പുതിയ നീക്കം. ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ (എന്‍ആര്‍എല്‍എം) നോഡല്‍ ഏജന്‍സി സ്ഥാനത്തുനിന്ന് കുടുംബശ്രീയെ മാറ്റാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് കേന്ദ്ര ഗ്രാമവികസനമന്ത്രിയുടെ പിന്തുണ കിട്ടാതായതോടെയാണ് പുതിയ നീക്കം.
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ മാതൃകയില്‍ മുഖ്യമന്ത്രി അധ്യക്ഷനായി സംസ്ഥാന ഗ്രാമീണ ഉപജീവന മിഷന്‍ സ്ഥാപിക്കാനായിരുന്നു ആദ്യം ശ്രമം. ദേശീയ ഗ്രാമീണാരോഗ്യ ദൗത്യം (എന്‍ആര്‍എച്ച്എം) നടത്തിപ്പിന് സംസ്ഥാനത്ത് രൂപീകരിച്ച സൊസൈറ്റിയുടെ മാതൃകയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഒരു സൊസൈറ്റി രൂപീകരിക്കാനായി പിന്നീട് ആലോചന. ഈ രണ്ടു നീക്കത്തിനുമെതിരെ മന്ത്രി എം കെ മുനീര്‍ ഉറച്ച നിലപാടെടുത്തു. മന്ത്രിയുടെ പിന്തുണയോടെ ഉദ്യോഗസ്ഥ മേധാവികള്‍ കേന്ദ്രത്തിന് കത്തയച്ചു. ഇതോടെ എന്‍ആര്‍എല്‍എം നോഡല്‍ ഏജന്‍സി സ്ഥാനത്തുനിന്ന് കുടുംബശ്രീയെ മാറ്റില്ലെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനിന്നു. കേന്ദ്ര പിന്തുണ കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിക്കുള്ള നീക്കം. ഇത് നിലവില്‍ വരുന്നതോടെ കുടുംബശ്രീയുടെ നിയന്ത്രണം തദ്ദേശഭരണവകുപ്പില്‍നിന്ന് പിടിച്ചെടുക്കാന്‍ കഴിയുമെന്നും ഘട്ടംഘട്ടമായി കേന്ദ്രാവിഷ്കൃത പദ്ധതികള്‍ കൈപ്പിടിയിലൊതുക്കാമെന്നുമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഗ്രാമവികസനമന്ത്രി കെ സി ജോസഫും കണക്ക് കൂട്ടുന്നത്.
കെ സി ജോസഫ്- മുനീര്‍ ഏറ്റുമുട്ടലില്‍ മുഖ്യമന്ത്രി ജോസഫിന്റെ പക്ഷം പിടിച്ചതോടെ മുനീര്‍ ദുര്‍ബലനായിരിക്കയാണ്. ആസൂത്രണബോര്‍ഡും കുടുംബശ്രീക്കെതിരായ നിലപാടാണ് സ്വീകരിക്കുന്നത്. പുതിയ ആലോചനയ്ക്കു പിന്നില്‍ ആസൂത്രണ ബോര്‍ഡ് അംഗം സി പി ജോണുമുണ്ട്. കെ സി ജോസഫ്- പി ടി തോമസ് എംപി അച്ചുതണ്ടും കുടുംബശ്രീയെ തകര്‍ക്കാന്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നു. ഗ്രാമവികസനവകുപ്പിലെ ഉന്നതര്‍ക്കും ഫണ്ട് ധൂര്‍ത്തടിക്കാന്‍ കിട്ടാത്തതില്‍ കടുത്ത പ്രയാസമുണ്ട്. ഇവര്‍ മന്ത്രിയുടെ പിന്തുണയോടെ കീഴുദ്യോഗസ്ഥരെക്കൊണ്ട് സമരം ചെയ്യിപ്പിക്കാന്‍വരെ തുനിഞ്ഞു. കുടുംബശ്രീയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ രൂപീകരിച്ച ജനശ്രീ മിഷന്‍ തട്ടിപ്പുസംഘമാണെന്ന് വെളിപ്പെട്ടതോടെയാണ് പുതിയ വഴിതേടുന്നത്. കുടുംബശ്രീ സംരക്ഷണവേദിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിനു മുന്നില്‍ നടന്ന സഹന സമരം വന്‍ വിജയമായതും ഭരണക്കാരെ പ്രകോപിപ്പിച്ചു.
ദാരിദ്ര്യനിര്‍മാര്‍ജന കമീഷന്‍ കുടുംബശ്രീയെ തകര്‍ക്കാന്‍: ഐസക്
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അധ്യക്ഷനായി പുതിയ ദാരിദ്ര്യനിര്‍മാര്‍ജന മിഷന്‍ രൂപീകരിക്കാനുളള നീക്കം കുടുംബശ്രീയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ തുടര്‍ച്ചയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് പറഞ്ഞു. കുടുംബശ്രീ സംരക്ഷണ വേദിയുമായി ഒപ്പിട്ട കരാറിന് വിരുദ്ധമാണിത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച പദ്ധതിരേഖയില്‍ പറയുന്നതുപോലെ ദേശീയ ഉപജീവനമിഷന്‍ പദ്ധതികള്‍ നടപ്പാക്കുമെന്നാണ് മന്ത്രിമാര്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍, കരാര്‍ അട്ടിമറിക്കാനാണ് ഗ്രാമവികസനവകുപ്പ് ശ്രമിക്കുന്നതെന്ന് ഐസക് പറഞ്ഞു. കേരളത്തിലെ ഭൂപരിഷ്കരണ, ഭൂവിനിയോഗനിയമങ്ങളെ അട്ടിമറിക്കാനാണ് കെ എം മാണി എന്നും ശ്രമിച്ചിട്ടുള്ളത്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പിന്തുണയോടെ സംസ്ഥാനത്ത് നടക്കുന്നതെന്നും ഐസക് പറഞ്ഞു.
deshabhimani 061112
Labels:
കുടുംബശ്രീ
Subscribe to:
Post Comments (Atom)

ReplyDelete