കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഫലം ഡല്‍ഹിയില്‍ ആവര്‍ത്തിക്കുമോയെന്ന ആശങ്കയില്‍ ബിജെപി. നേതാക്കള്‍ക്കിടയിലെ പടലപ്പിണക്കം തന്നെയാണ് കേന്ദ്ര നേതൃത്വത്തിന് തലവേദന. ഹര്‍ഷ്വര്‍ധനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ വലിയൊരു വിഭാഗം അതൃപ്തരാണ്. അരവിന്ദ് കെജ്രിവാളിന്റെ ആദം ആദ്മി പാര്‍ടിയുടെ മുന്നേറ്റവും ബിജെപിയെ അസ്വസ്ഥമാക്കുന്നു. ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി തന്നെയാണ് ഏറെ ആശങ്കാകുലന്‍. മോഡി വഴി നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഫലം അനുകൂലമാക്കി മാറ്റാമെന്ന പ്രതീക്ഷ ഒരു വിഭാഗത്തിനുണ്ടായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് അടുക്കുംതോറും കണക്കുകൂട്ടലുകള്‍ തെറ്റുകയാണ്. മോഡിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഹര്‍ഷ്വര്‍ധനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിക്കുപ്പായമിട്ട് ഏറെനാളായി പ്രചാരണരംഗത്ത് സജീവമായിരുന്ന വിജയ് ഗോയലിനെ തള്ളിയാണ് ഹര്‍ഷ്വര്‍ധനെ മുന്നിലേക്ക് കൊണ്ടുവന്നത്. ആര്‍എസ്എസിന്റെ പിന്തുണയും തീരുമാനത്തിനുണ്ട്. കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തില്‍ വിജയ്ഗോയല്‍ കടുത്ത അതൃപ്തനാണ്. ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ നിയമസഭാ തെരഞ്ഞെടുപ്പുരംഗത്തുനിന്ന് മാറിനില്‍ക്കാനാണ് ഗോയലിനോട് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.
ഡല്‍ഹിയുടെ തെരഞ്ഞെടുപ്പുചുമതല നിതിന്‍ ഗഡ്കരിക്കാണ്. ഡല്‍ഹി ബിജെപി ഒറ്റക്കെട്ടാണെന്ന് വ്യാഴാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഗഡ്കരി അവകാശപ്പെട്ടു. ആം ആദ്മി പാര്‍ടി(എഎപി) തങ്ങള്‍ക്കൊരു വെല്ലുവിളിയല്ല. കോണ്‍ഗ്രസിന്റെ ബി ടീം മാത്രമാണ് എഎപി. തങ്ങള്‍ക്ക് അവര്‍ എതിരാളികളേയല്ല. ഭരണവിരുദ്ധവോട്ടുകള്‍ ബിജെപിക്ക് തന്നെ ലഭിക്കും-ഗഡ്കരി പറഞ്ഞു. ഡല്‍ഹിയില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായില്ലെങ്കില്‍ നഗരവോട്ടുകളില്‍ മോഡിക്ക് സ്വാധീനമില്ലെന്നതിന്റെ തെളിവാകുമെന്ന ആശങ്ക ബിജെപിക്കുണ്ട്. ബിജെപിക്ക് അധികാരത്തില്‍ തിരിച്ചെത്താന്‍ സാഹചര്യങ്ങള്‍ അനുകൂലമായിട്ടും ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാക്കള്‍തന്നെ രഹസ്യമായി സമ്മതിക്കുന്നു. പ്രതിപക്ഷമെന്ന നിലയില്‍ എഎപിയാണ് സജീവം. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി രണ്ട് റാലി കൂടി മോഡി ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍, നേതാക്കളുടെ തമ്മിലടി നാണക്കേടായ പശ്ചാത്തലത്തില്‍ റാലി വേണോയെന്ന ചിന്താക്കുഴപ്പത്തിലാണ് മോഡി ക്യാമ്പ്.
deshabhimani
No comments:
Post a Comment