നാലു സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ ദയനീയ പരാജയം രാജ്യത്തെ ജനവികാരം കോണ്‍ഗ്രസിന് എതിരാണെന്ന് വ്യക്തമാക്കുന്നുവെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കോണ്‍ഗ്രസ് വിരുദ്ധവികാരത്തിന്റെ ഗുണഭോക്താവ് ബിജെപിയാണെന്നു മാത്രം. എന്നാല്‍, വിശ്വസനീയമായ ബദല്‍ ശക്തികളുള്ള ഡല്‍ഹി പോലെയുള്ള സംസ്ഥാനങ്ങളില്‍ അത്തരം ശക്തികള്‍ക്കാണ് വിജയം നേടാനായതെന്നും കാരാട്ട് ദേശാഭിമാനിയോട് പറഞ്ഞു.
തോല്‍വി പ്രതീക്ഷിച്ചത്: വയലാര്‍ രവി
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരാജയം പ്രതീക്ഷിച്ചിരുന്നതാണെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിലക്കയറ്റം ഫലപ്രദമായി നേരിടാന്‍ കഴിയാതെപോയതാണ് തോല്‍വിക്ക് പ്രധാന കാരണം. ഡല്‍ഹിയിലെ കോണ്‍ഗ്രസ് പരാജയം നിരാശയുണ്ടാക്കുന്നു. പരാജയകാരണം വിശദമായി വിലയിരുത്തും. കോണ്‍ഗ്രസ് തിരിച്ചുവരുമെന്നാണ് വിശ്വാസം. കേരളത്തിലെ പൊലീസില്‍ ഒരുവിഭാഗം രാഷ്ട്രീയം കളിക്കുകയാണ്. രാഷ്ട്രീയപ്രേരിതമായാണ് ചില വിഷയങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നും വയലാര്‍ രവി പറഞ്ഞു.
മെച്ചപ്പെട്ടില്ലെങ്കില്‍ 2004 ആവര്‍ത്തിക്കും: കുഞ്ഞാലിക്കുട്ടി
തെരഞ്ഞെടുപ്പ് ഫലത്തില്‍നിന്ന് കേരളത്തിലെ യുഡിഎഫ് പാഠം പഠിക്കണമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 2004ലെ അവസ്ഥയുണ്ടാകുമെന്നും യുഡിഎഫിലെ കലഹം സര്‍ക്കാരിനെ ഒരോദിവസവും ദുര്‍ബലമാക്കിക്കൊണ്ടിരിക്കയാണെന്നും അദ്ദേഹം മഞ്ചേരിയില്‍ പറഞ്ഞു. വിലക്കയറ്റം സാധാരണക്കാരെ സര്‍ക്കാരില്‍നിന്ന് അകറ്റിക്കൊണ്ടിരിക്കുന്നതിനിടയില്‍ മുന്നണിക്ക് നേതൃത്വംകൊടുക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം അകല്‍ച്ച വര്‍ധിപ്പിക്കുന്നു. എമര്‍ജിങ് കേരളയുള്‍പ്പെടെയുള്ള പദ്ധതികള്‍ വിവാദത്തില്‍ കുരുങ്ങിയതും സര്‍ക്കാരിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോണ്‍ഗ്രസിന്റെ കഥ കഴിയും: ചീഫ് വിപ്പ്
പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന്റെ കഥ കഴിയുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. അഹങ്കാരത്തിന്റെ മൂര്‍ത്തിമദ്ഭാവമായി കോണ്‍ഗ്രസ് നേതാക്കള്‍ മാറിയതാണ് പരാജയത്തിന് കാരണം. നേതാക്കള്‍ ഈ പരുവത്തിലായാല്‍ കോണ്‍ഗ്രസ് പാര്‍ടി തന്നെ ഇല്ലാതാകും. യുഡിഎഫില്‍ ലീഗും കോണ്‍ഗ്രസും അടക്കമുള്ള കക്ഷികള്‍ അതൃപ്തരാണ്. ഇങ്ങനെ പോയാല്‍ യുഡിഎഫ് തന്നെ തകരുമെന്നും ജോര്‍ജ് കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് മതേതര സ്വഭാവം നഷ്ടപ്പെട്ടിരിക്കയാണ്. പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്ര മന്ത്രി വയലാര്‍ രവി അതിദയനീയമായി പരാജയപ്പെട്ടു. മലബാറില്‍നിന്നുള്ള കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ ഇടപെടലും ശോചനീയമാണെന്ന് ജോര്‍ജ് പറഞ്ഞു.
No comments:
Post a Comment