Saturday, October 26, 2013

ഇന്റര്‍നെറ്റ് പ്രചാരണത്തിനും തെരഞ്ഞെടുപ്പു ചട്ടം

നവമാധ്യമമായ സോഷ്യല്‍ മീഡിയ വെബ്സൈറ്റുകള്‍ക്ക് മേലും തെരഞ്ഞെടുപ്പ് കമീഷന്റെ പിടിവീഴുന്നു. സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ടികളും ഇന്റര്‍നെറ്റ് വഴി നടത്തുന്ന പരസ്യപ്രചാരണങ്ങള്‍ക്ക് ഇനി മുതല്‍ കമീഷന്റെ മുന്‍കൂര്‍ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാകും. ഇന്റര്‍നെറ്റ് പ്രചാരണങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ചട്ടവും ബാധകമാക്കും. നവമാധ്യമം വഴിയുള്ള പ്രചാരണങ്ങള്‍ക്ക് വേണ്ട ചെലവ് സ്ഥാനാര്‍ഥിയുടെയോ പാര്‍ടികളുടെയോ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടും. സ്ഥാനാര്‍ഥികളോ പാര്‍ടികളോ അല്ലാതെ വ്യക്തികള്‍ നടത്തുന്ന പ്രചാരണപ്രവര്‍ത്തനങ്ങളെ എങ്ങനെ നിയന്ത്രിക്കാമെന്ന കാര്യം കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയവുമായി ചര്‍ച്ച ചെയ്തു വരികയാണെന്നും കമീഷന്‍ അറിയിച്ചു.

ഫേസ്ബുക്ക്, ട്വിറ്റര്‍, യൂ ട്യൂബ് എന്നിവ വഴിയുള്ള പ്രചാരണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ വെബ്സൈറ്റില്‍ വിശദമായി പ്രസിദ്ധപ്പെടുത്തി. സ്ഥാനാര്‍ഥികള്‍ക്ക് നവമാധ്യമങ്ങളില്‍ സ്വന്തം പേരില്‍ അക്കൗണ്ടുകളുണ്ടെങ്കില്‍ നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിക്കുന്ന ഫോം 26ല്‍ ഇക്കാര്യം വെളിപ്പെടുത്തണം. നിലവില്‍ ഫോണ്‍ നമ്പറും ഇ മെയില്‍ ഐഡിയുമാണ് ഫോം 26ല്‍ ചോദിച്ചിരുന്നത്.

ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണങ്ങള്‍ക്ക് 2004ല്‍ കമീഷന്‍ മുന്‍കൂര്‍ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. സര്‍ട്ടിഫിക്കേഷനായി സംസ്ഥാന- ജില്ലാ തല നിരീക്ഷണസമിതികള്‍ക്ക് രൂപം നല്‍കി 2008ല്‍ ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ നിര്‍ദേശപ്രകാരം സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണങ്ങള്‍ക്കും നിരീക്ഷണസമിതികളുടെ മുന്‍കൂര്‍ അനുമതി വേണം. ഇനി മുതല്‍ സോഷ്യല്‍ മീഡിയ വഴിയുള്ള പരസ്യങ്ങളുടെ ചെലവും സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ടികളും സ്വന്തം അക്കൗണ്ടില്‍ കാണിക്കണം. പരസ്യമിടാന്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ക്കും വെബ്സൈറ്റുകള്‍ക്കും നല്‍കുന്ന പണവും പരസ്യങ്ങളുണ്ടാക്കാന്‍ മുടക്കുന്ന പണവും കൃത്യമായി അക്കൗണ്ടില്‍ ചേര്‍ക്കണം. പരസ്യങ്ങള്‍ തയ്യാറാക്കുന്നവരെ ശമ്പളത്തിന് വച്ചിട്ടുണ്ടെങ്കില്‍ അതും ബോധ്യപ്പെടുത്തണം. സ്ഥാനാര്‍ഥികളും പാര്‍ടികളുമല്ലാതെ, വ്യക്തികളുടെ പോസ്റ്റുകളും ഏതെങ്കിലും വിധം സ്ഥാനാര്‍ഥിയുമായോ രാഷ്ട്രീയ പാര്‍ടിയുമായോ ബന്ധപ്പെട്ടതാണെങ്കില്‍ നിയന്ത്രണം കൊണ്ടുവരാനും നീക്കമുണ്ട്.
(എം പ്രശാന്ത്)

deshabhimani

No comments:

Post a Comment