കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ സംസ്ഥാനത്ത് രൂപംകൊണ്ട രാജസ്ഥാന്‍ ലോക്താന്ത്രിക് മോര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്ന പാര്‍ടി ശെഖാവതി മേഖലയില്‍ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. സംസ്ഥാന സെക്രട്ടറി വാസുദേവ് ശര്‍മയും പാര്‍ടി കേന്ദ്രകമ്മിറ്റി അംഗവും അഖിലേന്ത്യാ കിസാന്‍സഭ പ്രസിഡന്റുമായ അമ്രാറാമുമാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. വൈദ്യുതി വിലവര്‍ധനയ്ക്കെതിരെ നടത്തിയ സമരത്തിന്റെ സിരാകേന്ദ്രമായ സിക്കറില്‍ കൂടുതല്‍ സീറ്റ് നേടുമെന്ന പ്രതീക്ഷയുണ്ടെന്ന് വാസുദേവ് ശര്‍മ പറഞ്ഞു. ജില്ലയില്‍ സിപിഐ എം നേടിയ ആദ്യസീറ്റ് ധോഡാണ്. അയോധ്യപ്രസ്ഥാനത്തിന്റെ കുത്തൊഴുക്കിലും 1993ല്‍ അമ്രാറാം നേടിയ സീറ്റില്‍ ജയിച്ചു. തുടര്‍ന്നുള്ള മൂന്ന് തെരഞ്ഞെടുപ്പിലും നിലനിര്‍ത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ധോഡിനെ സംവരണമണ്ഡലമാക്കിയപ്പോള്‍ സിപിഐ എമ്മിലെ പേമറാംവിജയിച്ചു. അമ്രറാം തൊട്ടടുത്ത ദത്തേരാംഗഡില്‍നിന്നും. ഇക്കുറിയും രണ്ടുപേരും ഇതേ മണ്ഡലങ്ങളില്‍. ലക്ഷ്മണ്‍ഗഡ്, ഖണ്ഡേല തുടങ്ങിയ സീറ്റിലും ഇക്കുറി സിപിഐ എം കടുത്ത പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. ഇന്ദിരാഗാന്ധി കനാലിലെ വെള്ളം ജയ്സാല്‍മീറിലേക്ക് തിരിച്ചുവിട്ട് ഗംഗാനഗര്‍, ഹനുമന്‍ഗഡ് ജില്ലകളിലെ കൃഷിയും അനുബന്ധവ്യവസായങ്ങളും നശിപ്പിച്ചപ്പോള്‍ കര്‍ഷകരെയും വ്യാപാരികളെയും അണിനിരത്തി വന്‍ സമരം നടത്തിയ സിപിഐ എമ്മിന് ഈ മേഖലകളില്‍ വന്‍ സ്വീകാര്യതയാണ്. 2004ലും 2006ലുമായി ഗഡ്സാനയിലും റാവലയിലും നടന്ന വെടിവയ്പില്‍ എട്ടുപേരാണ് രക്തസാക്ഷിത്വം വരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗംഗാനഗര്‍ ജില്ലയിലെ അനൂപ്ഗഡില്‍നിന്ന് 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പവന്‍കുമാര്‍ദുഗ്ഗല്‍ വിജയിച്ചത്. ദുഗ്ഗല്‍ ഇക്കുറിയും ഇവിടെ ജനവിധി തേടുന്നു.
ജില്ലയിലെതന്നെ ശാദുല്‍സെഹറില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും കര്‍ഷകസമരത്തില്‍ ദീര്‍ഘകാലം ജയില്‍വാസം അനുഭവിച്ചയാളുമായ ഹേത്റാം ബൈനിവാള്‍ കടുത്തമത്സരം കാഴ്ചവയ്ക്കുന്നു. ഹായ്സിങ്നഗറില്‍ ഷോപത്റാമും ഹനുമന്‍ഗഡ് ജില്ലയിലെ ഭാദ്രയില്‍ ബല്‍വാന്‍ പൂനിയയും എതിരാളികളുടെ ഉറക്കം കെടുത്തുന്നു. ഇരുനൂറ്റിയിരുപത്തൊമ്പതുകോടി രൂപയുടെ വിള ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്ന് വാങ്ങിക്കൊടുത്തതിന്റെ പ്രതിച്ഛായയുമായാണ് ചുരു ജില്ലയിലെ നാല് സീറ്റില്‍ വിജയം തേടുന്നത്. നിര്‍മല്‍ പ്രജാപതി മത്സരിക്കുന്ന താരാനഗറില്‍ ശക്തമായ ഏറ്റുമുട്ടലാണ്. ബിസാല്‍പുര്‍ അണയില്‍നിന്ന് വെള്ളം ലഭിക്കുന്നതിന് കിസാന്‍സഭ നടത്തിയ പ്രക്ഷോഭത്തില്‍ സോയ്ലയില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ട ടോങ്കിലും ആദിവാസിമേഖലകളായ ഉദയ്പുരിലും ദുംഗാര്‍പുരിലും പാര്‍ടി സ്ഥാനാര്‍ഥികളുണ്ട്.
deshabhimani
No comments:
Post a Comment