Saturday, November 30, 2013

അജയ്യം, അപ്രതിരോധ്യം

എ കെ ജി നഗര്‍ (പാലക്കാട് മുനിസിപ്പല്‍ സ്റ്റേഡിയം): നെഞ്ചില്‍ സമരാവേശവും കൈയില്‍ ചെങ്കൊടികളുമായി ഇരമ്പിവന്ന മനുഷ്യമഹാപ്രവാഹത്തില്‍ പാലക്കാടന്‍ മണ്ണ് ചെഞ്ചായമണിഞ്ഞു. ഉച്ചവെയിലിന്റെ ചൂടിലേക്ക് മുഷ്ടി ചുരുട്ടിയുയര്‍ത്തി മാനവമോചന ഗാഥപാടിയെത്തിയ ജനസഞ്ചയം വിപ്ലവ പ്രസ്ഥാനത്തിന്റെ അജയ്യതയും അപ്രതിരോധ്യതയും ഉദ്ഘോഷിച്ചു. മലയോര ഗ്രാമങ്ങളില്‍നിന്നും ആദിവാസി ഊരുകളില്‍നിന്നും വയലേലകളില്‍ നിന്നും മണ്ണിന്റെ മക്കള്‍ പാലക്കാടിന്റെ ഹൃദയഭൂമിയിലേക്ക് ഒരേ മനസോടെ മാര്‍ച്ച് ചെയ്തു. സിപിഐ എം സംസ്ഥാന പ്ലീനത്തിന്റെ സമാപനംകുറിച്ച് നടന്ന റാലി നെല്ലറകളുടെ നാടിന്റെ ജനമുന്നേറ്റചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചു.

രക്തസാക്ഷികളുടെ ചോരവീണ പാലക്കാടന്‍ കോട്ടയ്ക്ക് ചുറ്റും സ്ത്രീ-പുരുഷഭേദമെന്യേ ലക്ഷങ്ങള്‍ ഉച്ചമുതല്‍ നാനാവഴികളിലൂടെ ഒഴുകി. നാടന്‍കലാരൂപങ്ങളും ബാന്റ്വാദ്യങ്ങളും ഉശിരന്‍ മുദ്രാവാക്യവുമായി വന്നവര്‍ സിപിഐ എമ്മിന് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന ബഹുജനസ്വാധീനമാണ് വിളംബരം ചെയ്തത്. മൂന്ന് ദിവസങ്ങളിലായി നടന്ന വിശേഷാല്‍ സമ്മേളനത്തിന്റെ സമാപനം കരിമ്പനകളുടെ നാടിനെ അക്ഷരാര്‍ഥത്തില്‍ പുളകമണിയിച്ചു. സായാഹ്നസൂര്യനെ സാക്ഷി നിര്‍ത്തി വൈകിട്ട് അഞ്ചിന് സമ്മേളന നടപടി ആരംഭിക്കുമ്പോഴും പാവങ്ങളുടെ പടത്തലവന്‍ എ കെ ജിയുടെ നാമധേയത്തിലുള്ള നഗറിലേക്ക് (സ്റ്റേഡിയം ഗ്രൗണ്ട്) ചെറുജാഥകള്‍ വന്നുകൊണ്ടിരുന്നു.

പ്രസ്ഥാനത്തെ ജീവന്‍കൊടുത്ത് വളര്‍ത്തിയ രക്തസാക്ഷികളുടെ പിന്‍മുറക്കാര്‍ കുടുംബസമേതമാണ് മഹാറാലിയിലേക്ക് എത്തിയത്. വാഹനങ്ങളില്‍ എത്തിയവര്‍ നിശ്ചിതസ്ഥലത്ത് ഇറങ്ങി ചെറുപ്രകടനങ്ങളായി നീങ്ങി. പോരാട്ടഭൂമിയില്‍ ജ്വലിപ്പിച്ചെടുത്ത മുദ്രാവാക്യങ്ങളുമായി ആബാലവൃദ്ധം നഗരത്തിന്റെ പലഭാഗങ്ങളിലൂടെ ഒഴുകിയതോടെ എല്ലാവഴികളും എ കെ ജി നഗറിലേക്കായി. നഗരത്തിന്റെ സ്ഥലപരിമിതികാരണം ചെറുപ്രകടനങ്ങളാണ് തീരുമാനിച്ചതെങ്കിലും അതത് ബാനറുകളുടെ കീഴില്‍ നീങ്ങിയ ജാഥകള്‍ വന്‍ പ്രകടനമായി മാറി. പ്രകടനം കാണാനും നേതാക്കളുടെ പ്രസംഗം കേള്‍ക്കാനുമായി പതിനായിരങ്ങള്‍ എത്തിയതോടെ ജാഥകടന്നുപോയ വഴികളില്‍ ജനമതില്‍ രൂപപ്പെട്ടു. റാലിക്കെത്തിയവരെ മുഴുവന്‍ ഉള്‍ക്കൊള്ളാനാകാതെ സ്റ്റേഡിയം വീര്‍പ്പ് മുട്ടി.

റാലിക്കെത്തിയ പകുതിയോളം പേര്‍ക്കും സമാപന സമ്മേളനനഗറിലേക്ക് പ്രവേശിക്കാനായില്ല. ജില്ലയിലെ 1,750 ബൂത്തുകളില്‍നിന്ന് നിശ്ചയിക്കപ്പെട്ടതിന്റെ ഇരട്ടിയിലേറെ പേരാണ് പങ്കെടുത്തത്. പകല്‍ രണ്ടു മുതല്‍ രാത്രി ഏഴുവരെ ചെങ്കൊടിയേന്തിയ പ്രവര്‍ത്തകര്‍ സ്റ്റേഡിയത്തിലേക്കു പ്രവഹിച്ചു. യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കും ബിജെപിയുടെ വര്‍ഗീയതയ്ക്കും എതിരെ പോരാട്ടം ശക്തമാക്കാനുള്ള ആഹ്വാനവുമായി സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്ലീനം റാലി ഉദ്ഘാടനം ചെയ്തു. പൊളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ അധ്യക്ഷനായി. പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ജനറല്‍ കണ്‍വീനറും പാര്‍ടി ജില്ലാ സെക്രട്ടറിയുമായ സി കെ രാജേന്ദ്രന്‍ സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം എം ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
(ജയകൃഷ്ണന്‍ നരിക്കുട്ടി)

ഇടപെടല്‍ ശക്തമാക്കി മുന്നേറ്റത്തിന് ആഹ്വാനം

ഇ എം എസ് നഗര്‍ (പാലക്കാട് ടൗണ്‍ഹാള്‍): കേരളത്തിന്റെ മൂര്‍ത്തമായ രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളില്‍ ശക്തമായി ഇടപെടാനുള്ള ആഹ്വാനവും അതിനായി സംഘടനയെ സുസജ്ജമാക്കുമെന്ന പ്രഖ്യാപനവുമായി സിപിഐ എം സംസ്ഥാന പ്ലീനത്തിന് സമാപനം. തൊഴിലാളി വര്‍ഗ വിപ്ലവ ബഹുജന പ്രസ്ഥാനത്തിന്റെ സംഘടനാചിട്ടയും കരുത്തും വിമര്‍ശന-സ്വയംവിമര്‍ശനങ്ങളിലൂടെ തെറ്റ് തിരുത്താനുള്ള ആര്‍ജവവും വാനോളമുയര്‍ത്തിപ്പിടിച്ച് കേരള രാഷ്ട്രീയത്തില്‍ പുതിയ ചരിത്രമായി പ്ലീനം മാറി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി മലയോര കര്‍ഷക ജനത അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്കെതിരായ ചെറുത്ത് നില്‍പ്പ് ശക്തിപ്പെടുത്തുന്നതടക്കം ബഹുമുഖങ്ങളായ ജനകീയ ഇടപെടലുകള്‍ക്ക് പ്ലീനം ആഹ്വാനം ചെയ്തു.

കേരള വികസനത്തിന്റെ നട്ടെല്ലുകളിലൊന്നായ സഹകരണ മേഖലയെയും കേരളീയ വിദ്യാഭ്യാസ മേഖലയെയും തകര്‍ക്കുന്നതിനെതിരായ ചെറുത്ത് നില്‍പ്പ്, ലക്ഷക്കണക്കിന് തൊഴിലാളികള്‍ പണിയെടുക്കുന്ന പൊതുമേഖലാ വ്യവസായങ്ങളെയും കാര്‍ഷിക മേഖലയേയും പരമ്പരാഗത വ്യവസായങ്ങളെയും സംരക്ഷിക്കല്‍, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കല്‍ തുടങ്ങിയവയ്ക്ക് വേണ്ടി പോരാടാനുമുള്‍പ്പെടെ ആഹ്വാനം ചെയ്യുന്ന 12 പ്രമേയങ്ങള്‍ പ്ലീനം അംഗീകരിച്ചു. അഴിമതിക്കേസുകളില്‍ പ്രതിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിക്കായുള്ള ക്ലിഫ് ഹൗസ് ഉപരോധം ശക്തിപ്പെടുത്തുമെന്ന് പ്ലീനം പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച സംഘടനാരേഖ പ്രതിനിധികളുടെ ചര്‍ച്ചകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ശേഷം പ്ലീനം ഐകകണ്ഠ്യേനയാണ് അംഗീകരിച്ചത്. കൂടുതല്‍ തൊഴിലാളി വര്‍ഗ-ബഹുജന വിഭാഗങ്ങളെ പാര്‍ടിയിലേക്ക് കൊണ്ടുവന്ന് ജനകീയാടിത്തറ വിപുലപ്പെടുത്തുന്നതിനും പാര്‍ടി ഘടകങ്ങളിലും അംഗങ്ങളിലും അപൂര്‍വമായെങ്കിലും വന്നുപെടുന്ന ദൗര്‍ബല്യങ്ങള്‍ തിരുത്തി കൂടുതല്‍ കരുത്തോടെ സംഘടനയെ മുന്നോട്ട് നയിക്കാനും രേഖ ആഹ്വാനം ചെയ്യുന്നു.

കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തില്‍ ഉപയോഗപ്പെടുത്താനാവുമായിരുന്ന സാധ്യതകള്‍ ചിലപ്പോഴെങ്കിലും ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോയത് വിഭാഗീയതയും ഒരു ഘടകമായെന്ന് വിലയിരുത്തിയ പ്ലീനം, തുടര്‍ന്നങ്ങോട്ട് ഇനി ഒരു കാരണവശാലും വിഭാഗീയതവച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കി. കമ്യൂണിസിറ്റ് മൂല്യങ്ങളില്‍നിന്നുള്ള വ്യതിചലനങ്ങള്‍ക്കെതിരെ നിതാന്ത ജാഗ്രത കൂടി ലക്ഷ്യമിടുന്നു. രേഖയെ അടിസ്ഥാനപ്പെടുത്തി എട്ട് മണിക്കൂറിലേറെ സമയമെടുത്ത് 39 പ്രതിനിധികള്‍ പൊതുചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയ്ക്ക് ശേഷം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ചേര്‍ന്ന് രേഖയ്ക്ക് അന്തിമരൂപം നല്‍കി. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ള, സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവരും കേരളത്തില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളും മുഴുനീളം പ്ലീനത്തില്‍ പങ്കെടുത്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി കെ രാജേന്ദ്രന്‍ നന്ദി പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ സാര്‍വദേശീയ ഗാനം ചൊല്ലിക്കൊടുത്തു.
(എം രഘുനാഥ്)

deshabhimani

No comments:

Post a Comment