Monday, March 8, 2010

ബജറ്റ് കൊള്ളേണ്ടിടത്ത് കൊണ്ടുവല്ലേ?

ബജറ്റ്: കെ വി തോമസിന്റെ ആക്ഷേപം അസംബന്ധം- ഐസക്

സംസ്ഥാന ബജറ്റിലെ ചില പ്രധാന പദ്ധതികളെക്കുറിച്ച് കേന്ദ്രസഹമന്ത്രി കെ വി തോമസ് ഉന്നയിച്ച ആക്ഷേപങ്ങള്‍ ശുദ്ധ അസംബന്ധമാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. സമസ്ത മേഖലയും ബജറ്റിനെ സ്വാഗതം ചെയ്തതിന്റെ പരിഭ്രാന്തിയാണ് ആക്ഷേപത്തിനു പിന്നില്‍. കെ വി തോമസിന്റെ വിചിത്ര പ്രസ്താവന അദ്ദേഹത്തിന്റെ സ്ഥാനത്തിന് യോജിച്ചതല്ല. ബജറ്റ് കൊള്ളേണ്ടിടത്ത് കൊണ്ടു എന്നതിന്റെ സൂചനയാണിതെന്നും പ്രസ് ക്ളബ്ബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ അദ്ദേഹം പറഞ്ഞു. സംസ്ഥാന ബജറ്റിലെ പദ്ധതികള്‍ പലതും കേന്ദ്രപദ്ധതികളുടെ പേരുമാറ്റി ആവിഷ്കരിച്ചതാണെന്ന കേന്ദ്രസഹമന്ത്രിയുടെ ആക്ഷേപത്തിന് മറുപടി നല്‍കുകയായിരുന്നു ഐസക്.

നഗരത്തിലേക്ക് വ്യാപിപ്പിക്കാത്ത കേന്ദ്ര തൊഴിലുറപ്പ് പദ്ധതി എങ്ങനെ സംസ്ഥാനത്തെ നഗരങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിക്ക് സമാനമാകുമെന്ന് ധനമന്ത്രി ചോദിച്ചു. രണ്ടും വെവ്വേറെ പദ്ധതികളാണ്. മാനദണ്ഡം തെറ്റിച്ച് ഒരു കേന്ദ്രപദ്ധതിയും സംസ്ഥാനങ്ങള്‍ക്ക് നടപ്പാക്കാനാവില്ലെന്ന തിരിച്ചറിവുപോലും കേന്ദ്രസഹമന്ത്രിക്കില്ല. കേന്ദ്ര പദ്ധതിയുടെ പോരായ്മകള്‍ തിരിച്ചറിഞ്ഞുള്ള പദ്ധതിക്കാണ് സംസ്ഥാനം രൂപം നല്‍കിയത്. ഈ മാതൃക കേന്ദ്രവും സ്വീകരിക്കണം.

കേന്ദ്രം മൂന്ന് രൂപയ്ക്ക് നല്‍കുന്ന അരികൊണ്ടാണ് ബജറ്റില്‍ രണ്ട് രൂപയ്ക്ക് അരി പ്രഖ്യാപിച്ചതെന്നാണ് മറ്റൊരാക്ഷേപം. മൂന്ന് രൂപയ്ക്ക് തരാമെന്നു പറഞ്ഞ അരി കേന്ദ്രം ഇതുവരെ തന്നിട്ടില്ല. പരമദരിദ്ര വിഭാഗത്തിനുള്ള അന്ത്യോദയ പദ്ധതിയെക്കുറിച്ചാണ് കെ വി തോമസിന്റെ തെറ്റായ പ്രസ്താവന. വെറും നാല് ലക്ഷം പേര്‍ക്കാണ് ഇതു കിട്ടുന്നത്. എന്നാല്‍, 500 കോടി രൂപ നീക്കിവച്ച് സംസ്ഥാനം ആവിഷ്കരിച്ച പദ്ധതിയില്‍ 35 ലക്ഷം കുടുംബം ഉള്‍പ്പെടും. ആറര രൂപയ്ക്കും എട്ടര രൂപയ്ക്കും കേന്ദ്രം നല്‍കുന്ന അരിക്ക് യഥാക്രമം നാലര, ആറര രൂപ സബ്സിഡി നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്. ഉയര്‍ന്ന വിലയ്ക്ക് അരി തരുന്ന കേന്ദ്രപദ്ധതിയില്‍ 20 ലക്ഷം ബിപിഎല്‍ കുടുംബം മാത്രമാണുള്ളത്. സംസ്ഥാന പദ്ധതിയില്‍ എല്ലാ വിഭാഗത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡാമുകളിലെ ചെളിയും മണലും നീക്കുന്ന പദ്ധതി തൊഴിലുറപ്പ് പദ്ധതിയില്‍പ്പെട്ടതല്ല. ടെന്‍ഡര്‍ ക്ഷണിച്ച് കരാര്‍ നല്‍കി നടപ്പാക്കുന്നതാണ്. കേന്ദ്രപദ്ധതി സ്വന്തം പേരില്‍ നടപ്പാക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ ചിത്രം വയ്ക്കുന്നുവെന്നുമുള്ള കെ വി തോമസിന്റെ പ്രസ്താവന മാന്യതയില്ലാത്തതാണ്.

കേന്ദ്രപണം, ഞങ്ങളുടെ പണം എന്നെല്ലാമാണ് കെ വി തോമസ് പറയുന്നത്. അതൊന്നും ആരുടെയും ഒസ്യത്തായി നല്‍കുന്നതല്ല. സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായതാണ്.

കേന്ദ്ര പദ്ധതിയുമായി യോജിപ്പിക്കുന്ന പദ്ധതികള്‍ ബജറ്റില്‍ പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. കേന്ദ്ര ധനകമീഷന്‍ മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാദത്തമായ അധികാരങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയാണ്. ഫെഡറല്‍ സംവിധാനം തകര്‍ക്കുന്ന മാനദണ്ഡങ്ങളെക്കുറിച്ച് 16, 17 തീയതികളില്‍ ഡല്‍ഹിയില്‍ ചേരുന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ചര്‍ച്ചചെയ്യും. ധനകമീഷന്‍ മാനദണ്ഡങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ മറ്റു സംസ്ഥാനങ്ങളുടെ പിന്തുണ തേടുമെന്നും ഐസക് പറഞ്ഞു. പ്രസ് ക്ളബ്ബിന് ബജറ്റില്‍ 15 ലക്ഷം രൂപ അനുവദിച്ചതിന് ഭാരവാഹികള്‍ നന്ദി അറിയിച്ചു. പ്രസിഡന്റ് കെ വി സുധാകരന്‍ സ്വാഗതവും സെക്രട്ടറി എന്‍ ശ്രീനാഥ് നന്ദിയും പറഞ്ഞു.

പരിഗണിച്ചത് സാധാരണക്കാരുടെ കുടുംബബജറ്റ്:ധനമന്ത്രി

കേരളത്തിലെ സാധാരണക്കാരുടെ കുടുംബബജറ്റ് കണക്കിലെടുത്താണ് സംസ്ഥാന ബജറ്റ് തയ്യാറാക്കിയതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. തണ്ണീര്‍മുക്കം സമഗ്ര മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി വേമ്പനാട്ടുകായലില്‍ 20 ലക്ഷം മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിക്കല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ കുടുംബങ്ങള്‍ ഭക്ഷ്യപ്രശ്നമാണ് ഏറ്റവും പ്രധാനമായും നേരിടുന്നത്. അതിനാണ് രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി ബജറ്റില്‍ കൊണ്ടുവന്നത്. അതുകൊണ്ടുതന്നെ സ്ത്രീകളാണ് ബജറ്റിനെ ഏറ്റവും അധികം സ്വാഗതം ചെയ്യുക. തൊഴിലും വരുമാനവും ഉറപ്പാക്കാനും ബജറ്റ് ലക്ഷ്യമാക്കുന്നു. കയര്‍തൊഴിലാളികള്‍ക്ക് മിനിമംകൂലി ഉറപ്പാക്കും. അതിനായി കയറിന് ന്യായവില ഉറപ്പാക്കി സര്‍ക്കാര്‍ ഏറ്റെടുക്കും. സമസ്തരംഗങ്ങളിലും ബജറ്റ് സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. അധികനികുതി ഏര്‍പ്പെടുത്താതെയാണ് കോടികളുടെ അധികബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇതര സംസ്ഥാനങ്ങള്‍ നികുതി വര്‍ധിപ്പിച്ചപ്പോഴും കേരളം അതിന് തയ്യാറായില്ല. വിലക്കയറ്റം രൂക്ഷമായ ഘട്ടത്തില്‍ ദ്രോഹം ഒഴിവാക്കാനാണിത്.

ക്ഷേമപദ്ധതികള്‍ക്കൊപ്പം വികസനപ്രവര്‍ത്തനങ്ങളും വര്‍ധിച്ചതോതില്‍ ഇക്കുറിയുണ്ട്. സാധാരണക്കാരെ പിഴിയാതെ പണം കണ്ടെത്തും. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഈ വര്‍ഷം തുറന്നിടും. കര്‍ഷകര്‍ക്കും മറ്റുമുള്ള ആശങ്കകള്‍ അകറ്റാന്‍ ബജറ്റിന്‍ പ്രകാരം പദ്ധതികള്‍ ഉടന്‍ നടപ്പാക്കിത്തുടങ്ങും. പ്രത്യേക പരിപാടിതന്നെ അതിനായി ആവിഷ്കരിക്കും. അഞ്ചുകോടി രൂപയുടെ മീന്‍കുഞ്ഞുങ്ങളെയാണ് കായലില്‍ നിക്ഷേപിക്കാന്‍ പോകുന്നത്. അതിലൂടെ 50 കോടി രൂപയുടെ മീന്‍ ഉല്‍പ്പാദനം കായലില്‍ ഉണ്ടാകും- ധനമന്ത്രി പറഞ്ഞു.

ദേശാഭിമാനി 080310

1 comment:

  1. സംസ്ഥാന ബജറ്റിലെ ചില പ്രധാന പദ്ധതികളെക്കുറിച്ച് കേന്ദ്രസഹമന്ത്രി കെ വി തോമസ് ഉന്നയിച്ച ആക്ഷേപങ്ങള്‍ ശുദ്ധ അസംബന്ധമാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. സമസ്ത മേഖലയും ബജറ്റിനെ സ്വാഗതം ചെയ്തതിന്റെ പരിഭ്രാന്തിയാണ് ആക്ഷേപത്തിനു പിന്നില്‍. കെ വി തോമസിന്റെ വിചിത്ര പ്രസ്താവന അദ്ദേഹത്തിന്റെ സ്ഥാനത്തിന് യോജിച്ചതല്ല. ബജറ്റ് കൊള്ളേണ്ടിടത്ത് കൊണ്ടു എന്നതിന്റെ സൂചനയാണിതെന്നും പ്രസ് ക്ളബ്ബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ അദ്ദേഹം പറഞ്ഞു. സംസ്ഥാന ബജറ്റിലെ പദ്ധതികള്‍ പലതും കേന്ദ്രപദ്ധതികളുടെ പേരുമാറ്റി ആവിഷ്കരിച്ചതാണെന്ന കേന്ദ്രസഹമന്ത്രിയുടെ ആക്ഷേപത്തിന് മറുപടി നല്‍കുകയായിരുന്നു ഐസക്.

    ReplyDelete