Wednesday, March 31, 2010

5000 കോടി കൊടുത്തിട്ടും ഭദ്രമായി ട്രഷറി

ചെലവുകളുടെ കുത്തൊഴുക്കിലും സംസ്ഥാന ഖജനാവ് ഭദ്രം. മാര്‍ച്ച് അവസാനവാരം അഞ്ചു ലക്ഷത്തോളം ബില്ലാണ് ട്രഷറികളിലെത്തിയത്. 5000 കോടിയിലധികം രൂപയുടെ ചെലവ്. സാമ്പത്തികവര്‍ഷത്തിന്റെ അവസാന ദിവസമായ ബുധനാഴ്ച ഒന്നര ലക്ഷത്തിലധികം ബില്ലുകള്‍ ട്രഷറിവകുപ്പ് പ്രതീക്ഷിക്കുന്നു. സാമ്പത്തികവര്‍ഷാവസാനം അനിയന്ത്രിതമായ പണമിടപാട് ട്രഷറികളെ വീര്‍പ്പുമുട്ടിക്കുന്നില്ല. നാലുവര്‍ഷമായി കേരളം പിന്തുടരുന്ന ധനമാനേജ്മെന്റിന്റെ വിജയമാണിത്. യുഡിഎഫ് ഭരണകാലത്ത് വര്‍ഷത്തില്‍ പലതവണ ദിവസങ്ങളോളം ട്രഷറി പൂട്ടിക്കിടന്ന അവസ്ഥയില്‍നിന്നാണ് ഇപ്പോഴത്തെ നേട്ടം.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള ധനമാനേജ്മെന്റില്‍ സംസ്ഥാനം സാമ്പത്തികഭദ്രത കൈവരിച്ചു. വിഭവസമാഹരണം, ആവശ്യം മുന്‍കൂട്ടി കണ്ടുള്ള വിനിയോഗം എന്നിവയാണ് സാമ്പത്തികനില ഭദ്രമായി നിര്‍ത്തിയത്. മാര്‍ച്ചിലെ പതിവു ബില്ലുകള്‍, ഈസ്ററും മറ്റും പരിഗണിച്ച് രണ്ടുമാസത്തെ ശമ്പളം, ചരിത്രത്തിലാദ്യത്തെ കൂട്ടവിരമിക്കലിന്റെ ഭാഗമായുളള ആനുകൂല്യങ്ങള്‍ തുടങ്ങിയവമൂലം സാമ്പത്തികപ്രതിസന്ധി ഉറപ്പെന്നു പ്രവചിച്ചവരെ ധനവകുപ്പ് നിരാശരാക്കി.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് 27 മാസത്തെ പണം കൊടുക്കാനുണ്ടായിരുന്നു. ഇതു മുഴുവന്‍ കൊടുത്തുതീര്‍ത്തു. കരാറുകാര്‍ ബില്ലുകള്‍ നല്‍കിയാലുടന്‍ പണം നല്‍കുകയാണിപ്പോള്‍. ക്ഷേമപെന്‍ഷന്‍ കുടിശ്ശിക മുഴുവന്‍ കൊടുത്തുതീര്‍ത്തു. സാമ്പത്തിക വര്‍ഷാവസാനത്തിന്റെ തിരക്ക് പരിഗണിച്ച് ട്രഷറിവകുപ്പ് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയത്. ട്രഷറി ഡയറക്ടറേറ്റില്‍ 24 മണിക്കൂറും പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നു. ബില്ലുകളും ധനമിടപാടുകളും സംബന്ധിച്ച് വിവിധ ട്രഷറികളില്‍നിന്നുള്ള സംശയങ്ങള്‍ക്കും മറ്റും അടിയന്തര പരിഹാരം കാണുന്നതിനാണിത്. സംസ്ഥാനത്തെ 23 ട്രഷറി ജില്ലകളിലെ 208 ട്രഷറികളുമായുള്ള 'ഹോട്ട്ലൈന്‍' സംവിധാനമാണിത്. ബുധനാഴ്ച രാത്രി വൈകിയും ട്രഷറികള്‍ പ്രവര്‍ത്തിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നുള്ള ബില്ലുകള്‍ ഏറ്റവും കൂടുതല്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ അവയ്ക്കായി പ്രത്യേക സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം ബില്ലുകള്‍ കൈകാര്യം ചെയ്യുന്നിതിനായി 450 ട്രഷറിജീവനക്കാര്‍ക്ക് വകുപ്പ് നേരത്തെ പരിശീലനം നല്‍കിയിരുന്നു.

ഇരുപതിനായിരത്തിലധികം ജീവനക്കാര്‍ വിരമിക്കുന്നത് കണക്കിലെടുത്ത് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് 1500 കോടി രൂപ ധനവകുപ്പ് നീക്കിവച്ചിട്ടുണ്ട്. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ കാലതാമസം വരുത്തരുതെന്ന് കര്‍ശന നിര്‍ദേശവും ധനമന്ത്രി തോമസ് ഐസക് നല്‍കി. നികുതി വരുമാനം കൃത്യമായി പിരിച്ചെടുത്തും ധനവിനിയോഗം ശ്രദ്ധാപൂര്‍വം നടത്തിയുമാണ് സാമ്പത്തികനില ഭദ്രമാക്കിയത്.

ദിലീപ് മലയാലപ്പുഴ ദേശാഭിമാനി 310310

2 comments:

  1. ചെലവുകളുടെ കുത്തൊഴുക്കിലും സംസ്ഥാന ഖജനാവ് ഭദ്രം. മാര്‍ച്ച് അവസാനവാരം അഞ്ചു ലക്ഷത്തോളം ബില്ലാണ് ട്രഷറികളിലെത്തിയത്. 5000 കോടിയിലധികം രൂപയുടെ ചെലവ്. സാമ്പത്തികവര്‍ഷത്തിന്റെ അവസാന ദിവസമായ ബുധനാഴ്ച ഒന്നര ലക്ഷത്തിലധികം ബില്ലുകള്‍ ട്രഷറിവകുപ്പ് പ്രതീക്ഷിക്കുന്നു. സാമ്പത്തികവര്‍ഷാവസാനം അനിയന്ത്രിതമായ പണമിടപാട് ട്രഷറികളെ വീര്‍പ്പുമുട്ടിക്കുന്നില്ല. നാലുവര്‍ഷമായി കേരളം പിന്തുടരുന്ന ധനമാനേജ്മെന്റിന്റെ വിജയമാണിത്. യുഡിഎഫ് ഭരണകാലത്ത് വര്‍ഷത്തില്‍ പലതവണ ദിവസങ്ങളോളം ട്രഷറി പൂട്ടിക്കിടന്ന അവസ്ഥയില്‍നിന്നാണ് ഇപ്പോഴത്തെ നേട്ടം.

    ReplyDelete
  2. വിരമിച്ച മുഴുവന്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ നല്‍കിയാലും 1000 കോടിയിലേറെ രൂപ ട്രഷറിയില്‍ ബാക്കിയുണ്ടാകുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിരമിക്കല്‍ തീയതി ഏകീകരിച്ചത് വലിയ കുഴപ്പമായിപ്പോയെന്നും ഭരണസ്തംഭനമുണ്ടാക്കിയെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. കേരളത്തിലെ ട്രഷറികള്‍ സന്ദര്‍ശിച്ചാല്‍ ഇത്തരക്കാരുടെ ആശങ്കയകലും. മാര്‍ച്ച് 31ന് കേരളത്തിലെ ട്രഷറികള്‍ പലതും അടച്ചിട്ടില്ല. ചില സ്ഥലങ്ങളില്‍ ഏപ്രില്‍ ഒന്നിന് രാവിലെ 10 വരെയും ചില സ്ഥലങ്ങളില്‍ ഉച്ചവരെയും പ്രവര്‍ത്തിച്ചു. 29 ഓഫീസര്‍മാര്‍ വിരമിച്ചിട്ടും രാത്രി മുഴുവന്‍ പണിയെടുത്തു. ചില ട്രഷറികളില്‍ രാത്രി ഏഴിനുശേഷവും ബില്ലുകള്‍ സ്വീകരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഒരുപൈസപോലും നഷ്ടമാകാതിരിക്കാനുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഒരുലക്ഷത്തില്‍പ്പരം ബില്ലുകള്‍ പാസാക്കി. 2100 കോടി രൂപ കൊടുത്തു. ഇത്രയും തുക നല്‍കിയിട്ടും പുതിയ സാമ്പത്തികവര്‍ഷം മിച്ചത്തോടെയാണ് ആരംഭിക്കുന്നത്- മന്ത്രി ചൂണ്ടിക്കാട്ടി. 2000-2500 കോടിയോളം രൂപ ട്രഷറിയില്‍ ഇപ്പോള്‍ ബാലന്‍സുണ്ട്. 1000 കോടിയോളം വിരമിച്ചവരുടെ പെന്‍ഷനും മറ്റുമായി നല്‍കിയാലും 1000-1500 കോടി രൂപ ട്രഷറിയിലുണ്ടാകും. അത്രയേറെ സാമ്പത്തിക സുരക്ഷിതത്വം നിലവിലുണ്ടെന്ന് മന്ത്രി പറഞ്ഞു.

    ReplyDelete