Sunday, March 7, 2010

സ്ത്രീധനരഹിത ഗ്രാമമാകാന്‍ നിലമ്പൂര്‍ പഞ്ചായത്ത്

നിലമ്പൂര്‍ഗ്രാമം സ്ത്രീധനരഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് സമൂഹവിവാഹം സംഘടിപ്പിക്കുന്നു. മേയില്‍ സംഘടിപ്പിക്കുന്ന സമൂഹവിവാഹത്തില്‍ പങ്കെടുക്കാന്‍ 1485 യുവാക്കള്‍ രജിസ്റ്റര്‍ ചെയ്തതായി നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്യാടന്‍ ഷൌക്കത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍, പ്രത്യേകിച്ചും മലബാര്‍മേഖലയില്‍ വ്യാപകമായ സ്ത്രീധന സമ്പ്രദായത്തിന് എതിരായുള്ള ജനകീയമുന്നേറ്റമാകും പഞ്ചായത്ത് നടത്തുന്ന സ്ത്രീധനരഹിത ഗ്രാമം പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലമ്പൂര്‍ പഞ്ചായത്തും കേരള സമഖ്യ സൊസൈറ്റിയും ചേര്‍ന്ന് സ്ത്രീധനം, ഗാര്‍ഹിക അതിക്രമം, വൈവാഹിക സ്വത്തവകാശം എന്നീ വിഷയങ്ങളെ ആസ്പദമാക്കി നിലമ്പൂര്‍ പഞ്ചായത്തില്‍ വിവിധ തരത്തിലുള്ള പ്രചാരണ പരിപാടികള്‍ നടത്തുന്നു. ഇതിന്റെ ഭാഗമായി സ്ത്രീധനരഹിത വിവാഹങ്ങള്‍ക്ക് അവസരമൊരുക്കുന്നതിന് http://www.dowryfreemarriage.com/ എന്ന പേരില്‍ വെബ്സൈറ്റ് ആരംഭിക്കും. വെബ്സൈറ്റ് തിങ്കളാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി അധ്യക്ഷനാകും. നിലമ്പൂര്‍ പഞ്ചായത്തിനും പുറത്തേക്കും സ്ത്രീധനവിരുദ്ധ പ്രവര്‍ത്തനം വ്യാപകമാക്കാനാണ് വെബ്സൈറ്റ് ആരംഭിക്കുന്നത്.

വിവാഹങ്ങളുടെ പേരില്‍ നിലമ്പൂര്‍ പഞ്ചായത്തില്‍ പ്രതിവര്‍ഷം 25 കോടി രൂപയുടെ ബാധ്യതയാണ് പെകുട്ടികളുടെ രക്ഷിതാക്കള്‍ക്കുണ്ടാകുന്നത്. ഇതില്‍ ഒരുവര്‍ഷത്തില്‍ 100 പേര്‍ക്കെങ്കിലും കിടപ്പാടം നഷ്ടപ്പെടുന്നു. ആത്മഹത്യ ചെയ്യുന്നവരും നിരവധി. പഞ്ചായത്തിലുണ്ടാകുന്ന വിവാഹമോചനങ്ങളില്‍ 52 ശതമാനം സ്ത്രീധനത്തിന്റെ പേരിലാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കേരള മഹിളാ സമഖ്യ സൊസൈറ്റി ഡയറക്ടര്‍ ഡോ.സീമ ഭാസ്കരന്‍ പറഞ്ഞു.

ആര്‍ഭാടരഹിത വിവാഹത്തിന് ആഹ്വാനമായി സെമിനാര്‍

'സ്ത്രീധനമുക്ത കേരളം, ആര്‍ഭാടരഹിത വിവാഹം' മുദ്രാവാക്യവുമായി കണ്ണൂര്‍ പൊലീസ് ഓഡിറ്റോറിയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. വനിതാകമീഷനും യുവജനക്ഷേമ ബോര്‍ഡും ചേര്‍ന്ന് സാര്‍വദേശിയ മഹിളാദിനത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ കണ്ണൂര്‍ പോലീസ് ഓഡിറ്റോറിയത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്് കെ നാരായണന്‍ അധ്യക്ഷനായി. വനിതാകമീഷന്‍ അംഗം ടി ദേവി വിഷയം അവതരിപ്പിച്ചു.

കേരളത്തില്‍ ദിവസം 30 പേര്‍ കുടുംബകോടതികളിലൂടെ വിവാഹമോചനം നേടുന്നു. നിയമപരമല്ലാതെ വേറെയും ഒട്ടേറെപേര്‍ വഴിപിരിയുന്നു. സ്ത്രീധന പ്രശ്നത്തില്‍ ആക്രമിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നു. സ്ത്രീധനത്തിനെതിരെ നിയമമുണ്ടെങ്കിലും അവ കാറ്റില്‍പറത്തിയാണ് വിവാഹങ്ങള്‍. സാമൂഹ്യ അവബോധത്തിലും സാക്ഷരതയിലും മുന്നിലുള്ള കേരളത്തില്‍ വിവാഹം കടക്കെണിയുടേയും ചതിയുടേയും ആഡംബരത്തിന്റെയും വേദിയാകുന്നു. സാമൂഹ്യക്ഷേമ ഓഫീസര്‍ കെ കെ ശൈലജ കുമാരി, അഡ്വ. രാഘവ പൊതുവാള്‍, പി പി ചന്ദ്രന്‍, വനിതാസെല്‍ സിഐ പി വി നിര്‍മല, കെ ശ്യാമള എന്നിവര്‍ സംസാരിച്ചു. ചര്‍ച്ചകള്‍ക്കു ശേഷം കെ വി ഗോവിന്ദന്‍ സംസാരിച്ചു. എന്‍ വി ചന്ദ്രബാബു സ്വാഗതവും വിനോദ് പൃത്തിയില്‍ നന്ദിയും പറഞ്ഞു. ജില്ലാസെമിനാറുകള്‍ക്കുശേഷം വിപുലമായ പ്രചാരണങ്ങള്‍ സംഘടിപ്പിക്കും. കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ ജില്ലാ ആസൂത്രണ സമിതി സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ സെമിനാറാണ് സംസ്ഥാനതലത്തില്‍ സ്ത്രീധനവിരുദ്ധ പ്രചാരണം സംഘടിപ്പിക്കാന്‍ വനിതാകമീഷന് പ്രേരണയായത്.

ദേശാഭിമാനി വാര്‍ത്ത 070310

1 comment:

  1. നിലമ്പൂര്‍ഗ്രാമം സ്ത്രീധനരഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് സമൂഹവിവാഹം സംഘടിപ്പിക്കുന്നു. മേയില്‍ സംഘടിപ്പിക്കുന്ന സമൂഹവിവാഹത്തില്‍ പങ്കെടുക്കാന്‍ 1485 യുവാക്കള്‍ രജിസ്റ്റര്‍ ചെയ്തതായി നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്യാടന്‍ ഷൌക്കത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍, പ്രത്യേകിച്ചും മലബാര്‍മേഖലയില്‍ വ്യാപകമായ സ്ത്രീധന സമ്പ്രദായത്തിന് എതിരായുള്ള ജനകീയമുന്നേറ്റമാകും പഞ്ചായത്ത് നടത്തുന്ന സ്ത്രീധനരഹിത ഗ്രാമം പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലമ്പൂര്‍ പഞ്ചായത്തും കേരള സമഖ്യ സൊസൈറ്റിയും ചേര്‍ന്ന് സ്ത്രീധനം, ഗാര്‍ഹിക അതിക്രമം, വൈവാഹിക സ്വത്തവകാശം എന്നീ വിഷയങ്ങളെ ആസ്പദമാക്കി നിലമ്പൂര്‍ പഞ്ചായത്തില്‍ വിവിധ തരത്തിലുള്ള പ്രചാരണ പരിപാടികള്‍ നടത്തുന്നു. ഇതിന്റെ ഭാഗമായി സ്ത്രീധനരഹിത വിവാഹങ്ങള്‍ക്ക് അവസരമൊരുക്കുന്നതിന് http://www.dowryfreemarriage.com/ എന്ന പേരില്‍ വെബ്സൈറ്റ് ആരംഭിക്കും

    ReplyDelete