Wednesday, March 24, 2010

മണല്‍ ക്ഷാമത്തിന് പരിഹാരം

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായ അസംസ്കൃത വസ്തുവാണ് മണല്‍. മുന്‍കാലങ്ങളില്‍ നദികളിലും തോടുകളിലും മണല്‍ സുലഭമായിരുന്നതിനാല്‍ അതിന്റെ മൂല്യം ആരും കാര്യമായെടുത്തിരുന്നില്ല. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ സാര്‍വത്രികമായതോടെ മണലിന്റെ ഉപയോഗവും പതിന്മടങ്ങ് വര്‍ദ്ധിച്ചു. അതോടെ നദികളില്‍നിന്നും മറ്റു ജലാശയങ്ങളില്‍നിന്നുമുള്ള മണലൂറ്റിനും ശക്തിപ്രാപിച്ചു. പരിസ്ഥിതിയെ പാടേ അവഗണിച്ചുകൊണ്ടുള്ള മണലൂറ്റ് നദികളുടെ നിലനില്‍പിനെപ്പോലും ചോദ്യംചെയ്യുന്ന ഘട്ടംവരെയെത്തി. മണല്‍ക്ഷാമം എന്നത് വലിയ ഒരു പ്രതിസന്ധിയായി വളര്‍ന്നു. നിര്‍മ്മാണമേഖലയ്ക്ക് മുമ്പോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിയില്‍ അതെത്തിച്ചു.

മണല്‍ക്ഷാമത്തെ മുതലെടുക്കാന്‍ മാഫിയകള്‍ പല രൂപത്തിലും തരത്തിലും രംഗത്തെത്തി. അതിന്റെ ഫലമായി ഒരു ലോഡു മണലിന് 65,000 രൂപയ്ക്കുമേല്‍ വില നല്‍കേണ്ട അവസ്ഥ സംജാതമായി. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും വീടുപണി എന്നത് അസാധ്യമായി. മണലിന്റെ അപാരമായ ഈ വിലവര്‍ദ്ധനവ് മദ്ധ്യവര്‍ഗ്ഗത്തിനും ഉപരി മദ്ധ്യവര്‍ഗ്ഗത്തിനുംപോലും താങ്ങാന്‍ വയ്യാത്തഭാരമായി.

മണല്‍ക്ഷാമം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്തു. അന്യസംസ്ഥാനങ്ങളില്‍നിന്ന് മണല്‍ ലഭ്യമാക്കാന്‍ പരമാവധി പരിശ്രമിച്ചു. ഗുജറാത്തില്‍നിന്ന് കപ്പലില്‍ ഇവിടെ മണല്‍ എത്തുകയുണ്ടായല്ലോ?

സംസ്ഥാനത്ത് ഡാമുകളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മണല്‍ ശേഖരത്തെക്കുറിച്ച് ഗൌരവമായിത്തന്നെ ചിന്തിച്ചത് മണല്‍ക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ്. അതുസംബന്ധിച്ചുള്ള പഠനങ്ങള്‍ വളരെ വേഗത്തില്‍ നടന്നു. 2009-10 ലെ ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി തോമസ് ഐസക് ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 12,000 കോടി രൂപയ്ക്കും 15,000 കോടി രൂപയ്ക്കും ഇടയിലുള്ള മണല്‍ശേഖരം ഡാമുകളിലുണ്ടെന്നായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍.

ഡാം മണല്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ സംസ്ഥാനത്തിന് ബഹുമുഖ നേട്ടങ്ങളാണുള്ളത്. നിര്‍മാണമേഖലയെത്തന്നെ സ്തംഭിപ്പിച്ച മണല്‍ക്ഷാമത്തിന് പരിഹാരമാകും എന്നതാണ് ഒന്ന്. സംസ്ഥാനസര്‍ക്കാരിന് നികുതിയേതര വരുമാനം വന്‍തോതില്‍ വര്‍ദ്ധിക്കും എന്നതാണ് മറ്റൊന്ന്.

മാത്രമല്ല അണക്കെട്ടുകളില്‍ മണലും ചെളിയും വന്‍തോതില്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. അതുമൂലം അവയുടെ ആഴം 30-40 ശതമാനംവരെ കുറഞ്ഞിട്ടുണ്ട്. ഇവ നീക്കംചെയ്യപ്പെടുന്നതിലൂടെ ഡാമുകളുടെ ജലസംഭരണശേഷി ഗണ്യമായ തോതില്‍ വര്‍ദ്ധിക്കും. വൈദ്യുതി ഉല്‍പാദനരംഗത്ത് അത് നല്ല ഒരു മുതല്‍കൂട്ടായി മാറും.

സര്‍ക്കാര്‍നയം വ്യക്തമാക്കിയതോടെ ദോഷൈകദൃക്കുകളും അസൂയാലുക്കളും ചാടിവീണു. ഇത് നടക്കാത്ത സ്വപ്നമാണെന്നായിരുന്നു അവരുടെ വാദം. ഡാമിന്റെ സുരക്ഷിതത്വത്തെ ബാധിക്കും എന്നായി ചിലര്‍. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെതന്നെ മുമ്പോട്ടുപോയി. ഡാമിലെ മണ്ണിന്റെ ഘടനയെക്കുറിച്ചും പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും പഠിക്കാന്‍ ഏജന്‍സികളെ ഏല്‍പിച്ചു. അവര്‍ സമയബന്ധിതമായിത്തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വൃഷ്ടിപ്രദേശത്ത് വനവല്‍ക്കരണം എങ്ങനെ നടത്താം എന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടുസമര്‍പ്പിക്കുന്നതിന് മറ്റൊരു ഏജന്‍സിയെ ഏല്‍പിച്ചു.

മണല്‍ശേഖരം സുസാധ്യമാക്കുന്നതിന് സര്‍ക്കാര്‍ സാങ്കേതികസമിതിക്ക് രൂപംനല്‍കി. മലമ്പുഴഡാമില്‍നിന്നും തിരുവനന്തപുരത്തെ അരുവിക്കരഡാമില്‍ നിന്നും മണല്‍ശേഖരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍തന്നെ നടന്നു.

മലമ്പുഴ-ചുള്ളിയാര്‍ അണക്കെട്ടുകളില്‍നിന്ന് 2010 ഫെബ്രുവരി ഒന്നാംവാരം മുതല്‍ മാര്‍ച്ച് രണ്ടാംവാരംവരെയുള്ള നാല് ആഴ്ചകള്‍ക്കുള്ളില്‍ മൂന്നരലക്ഷം ക്യൂബിക് മീറ്റര്‍ മണല്‍ എടുക്കാന്‍ കഴിഞ്ഞു. 69 കോടി രൂപയ്ക്കാണ് ഈ മണല്‍ ലേലം ചെയ്തു വിറ്റത്. മലമ്പുഴയിലെ മായപ്പാറ, കല്ലമ്പുഴ, ഒന്നാംപുഴ എന്നീ സ്ഥലങ്ങളില്‍നിന്നാണ് യന്ത്രസംവിധാനത്തിലൂടെ മണല്‍ ഖനനം നടത്തിയത്.

മലമ്പുഴയിലെ മണല്‍ വില്‍പനയിലൂടെ ആദ്യഘട്ടത്തില്‍ 1000 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. മണല്‍ വില്‍പനയുടെ വിഹിതമുപയോഗിച്ച് മലമ്പുഴ പഞ്ചായത്തിന്റെയും മുതലമട പഞ്ചായത്തിന്റെയും വികസനത്തിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം പാലക്കാട് ജില്ലയുടെ സമഗ്രവികസനത്തിനും പദ്ധതി നടപ്പാക്കും.

അരുവിക്കരയിലെ മണല്‍ശേഖരണത്തിന് സവിശേഷതകള്‍ പലതാണ്. ദേശീയ തൊഴിലുറപ്പുപദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കപ്പെടുന്നത്. തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. അരുവിക്കര പഞ്ചായത്തുനിവാസികളാണ് ഇവരില്‍ ഭൂരിഭാഗവും. സമീപ പഞ്ചായത്തുകളായ വെള്ളനാട്, ആര്യനാട്, ഉഴമലയ്ക്കല്‍ എന്നീ പഞ്ചായത്തുകളില്‍നിന്നുള്ളവര്‍ക്കും ഇവിടെ തൊഴില്‍ചെയ്യാന്‍ അവസരമൊരുക്കിയിട്ടുണ്ട്.

അഞ്ചു ഘട്ടങ്ങളായി മണല്‍വാരാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. 21 ലക്ഷം രൂപയാണ് അടങ്കല്‍തുക. പ്രതീക്ഷിത തൊഴില്‍ദിനങ്ങള്‍ 12,140 ആണ്. ഇവര്‍ക്ക് കൂലിയിനത്തില്‍ 15.17 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

കാളിയാമൂഴിയിലെ 5 ഹെക്ടര്‍ സ്ഥലത്താണ് ഒന്നാംഘട്ടം. അത് ഫെബ്രുവരിയില്‍ അവസാനിച്ചു. 350 ഘനമീറ്റര്‍ മണല്‍ ഒന്നാംഘട്ടത്തില്‍ ലഭിച്ചു. ഇ എം എസ് ഭവനപദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് മാത്രമേ ഇത് വിതരണംചെയ്യൂ. ആ പ്രക്രിയ ഉടന്‍ ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകുമാരന്‍ അറിയിച്ചു. ഇപ്പോള്‍ രണ്ടാം ഘട്ടത്തിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നു.

ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ വിഭാവനംചെയ്തിട്ടുള്ള എല്ലാ സൌകര്യങ്ങളും ലഭ്യമാക്കാന്‍ ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് ഇവിടെ ഒരുക്കിയിട്ടുണ്ട്. ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് വിശ്രമിക്കാനുള്ള ഷെഡ്ഡുകള്‍, പ്രാഥമിക ശുശ്രൂഷാ സൌകര്യങ്ങള്‍, ജോലിക്കാരുടെ കുട്ടികളെ നോക്കാനുള്ള ക്രഷ്, അവരെ സംരക്ഷിക്കാന്‍ ആയമാരുടെ സേവനം, ഉച്ചഭക്ഷണം, ഇടവേളകളില്‍ ചായ, രണ്ടുജോടി യൂണിഫോം, തൊപ്പി എന്നിവ ഈ പ്രാദേശിക സര്‍ക്കാരുകള്‍ ഒരുക്കിയിട്ടുണ്ട്.

പ്രാഥമിക ശുശ്രൂഷകള്‍ക്കായി സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ഒരു നഴ്സിന്റെ സേവനം സ്ഥിരമായി ലഭ്യമാക്കിയിട്ടുണ്ട്. രണ്ട് ആശാ വളന്റിയര്‍മാരും ഇവിടെ സേവനമനുഷ്ഠിക്കുന്നുണ്ട്. കൂടാതെ ആരോഗ്യക്യമ്പുകളും ഇടയ്ക്ക് സംഘടിപ്പിക്കാറുണ്ട്.

കുടിവെള്ള പദ്ധതിയായ അരുവിക്കരഡാം 1933ല്‍ കമ്മീഷന്‍ ചെയ്തതാണ്. അതുകൊണ്ടുതന്നെ മണല്‍ ശേഖരിക്കുന്നതില്‍ കൂടുതല്‍ അവധാനത ആവശ്യമുണ്ട്. കുടിവെള്ളത്തില്‍ ചെളികലരാതെ സൂക്ഷ്മതയോടെ ചെയ്യേണ്ടതുണ്ട്. ആ ഉത്തമബോധ്യം ഇവിടെ മണല്‍ നീക്കംചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുണ്ട്; അവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുണ്ട്. ജില്ലാ പഞ്ചായത്തുപ്രസിഡന്റ് ആനാവൂര്‍ നാഗപ്പനും അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകുമാരനും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. സുകുമാരന്റെ നേതൃത്വത്തില്‍ എല്ലാദിവസവും അവലോകനയോഗങ്ങള്‍ നടക്കുന്നു.

അരുവിക്കരയില്‍ മണലിനെ സംബന്ധിച്ച് രണ്ടു സര്‍വ്വേകള്‍ നടന്നു. ഉപഗ്രഹസര്‍വ്വേ ആണ് ഒന്ന്. മൈനിംഗ് ആന്റ് ജിയോളജിവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പഠനമാണ് മറ്റൊന്ന്. മുകളിലത്തെ ഒന്നരമീറ്റര്‍ താഴ്ചയില്‍ ചെളിയായിരിക്കുമെന്നാണ് രണ്ടു സര്‍വ്വേകളും വ്യക്തമാക്കിയത്.

ചെളിയും മണലും വേര്‍തിരിക്കുന്നതിനുള്ള യന്ത്രത്തിലൂടെ അവയെ പരസ്പരം വേര്‍തിരിക്കുന്നു. ചെളിപാഴാക്കി കളയുകയല്ല. മറിച്ച് അത് വ്യവസായ ആവശ്യത്തിന് ടെന്റര്‍ ക്ഷണിച്ച് വില്‍ക്കുക എന്ന ഭാവനാപൂര്‍ണമായ നടപടിയാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഇഷ്ടിക നിര്‍മ്മിക്കുന്ന കമ്പനികളാണ് ചെളി കരാറിലൂടെ എടുത്തിട്ടുള്ളത്.

മാധ്യമങ്ങള്‍ പലതും കാര്യമറിയാതെ നിരവധി വിമര്‍ശനങ്ങളാണ് അരുവിക്കരയിലെ മണല്‍ ഖനനത്തെക്കുറിച്ച് ഉയര്‍ത്തിയത്. കുടിവെള്ളത്തില്‍ ചെളികലരും, വൈദഗ്ധ്യം നേടിയ തൊഴിലാളികളും ആധുനിക ഉപകരണങ്ങളും വേണം. സ്ത്രീകളെ ഉപയോഗിച്ചുള്ള ജോലി ശരിയാവില്ല. അങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍. എന്നാല്‍ അത്തരം വിമര്‍ശനങ്ങളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ടാണ് അരുവിക്കരയിലെ മണല്‍ ഖനനം പുരോഗമിക്കുന്നത്. ദേശീയ തൊഴിലുറപ്പുപദ്ധതിക്കുതന്നെ ഈ സംരംഭം മാതൃകയാകുകയും ചെയ്യുന്നു. തൊഴിലാളികളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും പരസ്പര സഹകരണത്തിന്റെയും കൂട്ടായ്മയുടെയും വിജയംകൂടിയാണിത്.

മലമ്പുഴയിലെയും അരുവിക്കരയിലെയും മണല്‍ സംഭരണയത്നം വിജയകരമായതോടെ സര്‍ക്കാരിന്റെയും ജനങ്ങളുടെയും ആത്മവിശ്വാസം പതിന്മടങ്ങു വര്‍ദ്ധിച്ചു. ദോഷൈകദൃക്കുകളും വിമര്‍ശനക്കാരും പത്തിമടക്കി മാളത്തിലൊളിച്ചു. മണല്‍ക്ഷാമത്തിനു പരിഹാരം കാണാനുള്ള സര്‍ക്കാരിന്റെ ഇഛാശക്തിക്കു ഫലപ്രാപ്തിയായി.

തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, ഇടുക്കി ജില്ലയിലെ ലോവര്‍ പെരിയാര്‍, കോഴിക്കോട് ജില്ലയിലെ കക്കാട് എന്നീ അണക്കെട്ടുകളില്‍നിന്ന് ഉടന്‍ മണല്‍ ഖനനം നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും മണല്‍ ലഭ്യമാക്കാനുള്ള സാധ്യതയാണ് ഉറപ്പായിരിക്കുന്നത്. അതോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ നികുതിഇതര വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവിനുള്ള ആരംഭംകുറിക്കപ്പെട്ടിരിക്കുകയാണ്. 12,000-15,000 കോടി രൂപയ്ക്കുള്ള മണല്‍ശേഖരം സംസ്ഥാനത്തിന്റെ വിവിധ ഡാമുകളിലായുണ്ടെന്നാണ് കണക്ക്. പത്തുവര്‍ഷത്തേക്കെങ്കിലും തുടര്‍ച്ചയായി സര്‍ക്കാരിന് വരുമാനമാര്‍ഗമായി ഈ മേഖല മാറും. വികസനപ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ആ പണം ഉപയോഗിക്കപ്പെടുന്നതിലൂടെ വികസനരംഗത്ത് വന്‍ കുതിപ്പിനതിടയാക്കും.

മണല്‍ക്ഷാമം എന്നത് ഭാവനാപൂര്‍ണമായ നടപടിയിലൂടെ പരിഹരിക്കാം എന്ന് സര്‍ക്കാര്‍ കാണിച്ചുതന്നിരിക്കയാണ്. നിര്‍മാണമേഖലയിലെ മുരടിപ്പിന് വലിയതോതില്‍ പരിഹാരമായി അത് മാറുകയാണ്. ഒപ്പം സ്വന്തമായി വീട് എന്ന പാവപ്പെട്ട ജനവിഭാഗങ്ങളുടെ സ്വപ്നത്തിന് ചിറകുനല്‍കുകയുമാണ് സര്‍ക്കാര്‍ ഈ മഹത്തായ പദ്ധതിയിലൂടെ.

ഗിരീഷ് ചേനപ്പാടി Chintha Weekly 260310

2 comments:

  1. ഡാം മണല്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ സംസ്ഥാനത്തിന് ബഹുമുഖ നേട്ടങ്ങളാണുള്ളത്. നിര്‍മാണമേഖലയെത്തന്നെ സ്തംഭിപ്പിച്ച മണല്‍ക്ഷാമത്തിന് പരിഹാരമാകും എന്നതാണ് ഒന്ന്. സംസ്ഥാനസര്‍ക്കാരിന് നികുതിയേതര വരുമാനം വന്‍തോതില്‍ വര്‍ദ്ധിക്കും എന്നതാണ് മറ്റൊന്ന്.

    മാത്രമല്ല അണക്കെട്ടുകളില്‍ മണലും ചെളിയും വന്‍തോതില്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. അതുമൂലം അവയുടെ ആഴം 30-40 ശതമാനംവരെ കുറഞ്ഞിട്ടുണ്ട്. ഇവ നീക്കംചെയ്യപ്പെടുന്നതിലൂടെ ഡാമുകളുടെ ജലസംഭരണശേഷി ഗണ്യമായ തോതില്‍ വര്‍ദ്ധിക്കും. വൈദ്യുതി ഉല്‍പാദനരംഗത്ത് അത് നല്ല ഒരു മുതല്‍കൂട്ടായി മാറും.

    ReplyDelete
  2. ഡാമിലെ അടിഞ്ഞ്കൂടിയ മണലെടുക്കുന്ന പദ്ധതിയെ നൂറുശതമാനം അഭിനന്ദിക്കുന്നു. എല്ലാവിധ പിൻതുണയും....


    ----

    “മോഡിയുടെ മണൽ” തിരിച്ച്‌കൊടുക്കുക!!!

    ReplyDelete