Sunday, March 7, 2010

ഐതിഹാസിക സമരത്തിന് തുടക്കം

തിങ്കളാഴ്ച മുതല്‍ കേരളം ഐതിഹാസികമായ ജനമുന്നേറ്റത്തിനു സാക്ഷ്യംവഹിക്കും. വെള്ളിയാഴ്ചവരെ തുടര്‍ച്ചയായി അഞ്ചു ദിവസം താലൂക്ക് കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ ജനലക്ഷങ്ങള്‍ ഉപരോധിക്കും. രാജ്യത്തെ വിലക്കയറ്റത്തിന്റെ എരിതീയിലേക്ക് വലിച്ചെറിഞ്ഞ ഭരണകര്‍ത്താക്കള്‍ക്കുള്ള താക്കീതായി സമരക്കൊടുങ്കാറ്റ് ആഞ്ഞടിക്കും. സര്‍വജനവിഭാഗങ്ങളും അണിചേരുന്ന പ്രക്ഷോഭത്തിന്റെ കാഹളമാണ് സംസ്ഥാനത്തെങ്ങും അലയടിക്കുന്നത്. സിപിഐ എം സംസ്ഥാന കമ്മിറ്റി ആഹ്വാനമനുസരിച്ചാണ് ഉപരോധം. കാലത്തു മുതല്‍ സമരകേന്ദ്രങ്ങള്‍ ബഹുജനങ്ങള്‍ വളയും. ഉപരോധം വൈകിട്ടുവരെ തുടരും. തുടര്‍ച്ചയായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് കേരളം സമരമുഖത്തേക്ക് നീങ്ങുന്നത്. പ്രക്ഷോഭസന്ദേശവുമായി എല്ലാ ജില്ലയിലും പ്രചാരണജാഥകള്‍ സംഘടിപ്പിച്ചു. ആവേശകരമായ പങ്കാളിത്തമായിരുന്നു ജാഥാ സ്വീകരണകേന്ദ്രങ്ങളില്‍ കണ്ടത്. കേന്ദ്രനയങ്ങളുടെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ സമരസന്നദ്ധരായി മുന്നിട്ടിറങ്ങുകയാണ്. ജീവിതം പിടിച്ചുനിര്‍ത്താന്‍ കേന്ദ്രനയങ്ങള്‍ക്കെതിരെ പോരാടുകയല്ലാതെ മാര്‍ഗമില്ലെന്ന തിരിച്ചറിവിന്റെ പ്രതിഫലനമാണ് സംസ്ഥാനത്തുടനീളം ദൃശ്യമാകുന്നത്.

*പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുക
*കേരളത്തിലെ സാര്‍വത്രിക റേഷനിങ് സംവിധാനം പുനഃസ്ഥാപിക്കുക
*എപിഎല്‍ വിഭാഗത്തിന് കിലോക്ക് 8.90 രൂപയ്ക്കു തന്നെ അരി നല്‍കുക
*എപിഎല്‍ വിഭാഗത്തിന് റേഷന്‍ നിഷേധിക്കുന്ന കരട് ഭക്ഷ്യസുരക്ഷാ നിയമം പിന്‍വലിക്കുക
*പലവ്യഞ്ജനങ്ങളും പയറും ന്യായവിലയ്ക്ക് റേഷന്‍ഷോപ് വഴി ലഭ്യമാക്കുക
*വൈദ്യുതി കണക്ഷനുള്ളവര്‍ക്ക് മണ്ണെണ്ണ ക്വാട്ട നിഷേധിക്കുന്ന നയം പിന്‍വലിക്കുക
*ഭക്ഷ്യവസ്തുക്കളുടെ മേലുള്ള അവധിവ്യാപാരം നിരോധിക്കുക
*കേരളത്തിലെ നാണ്യവിളകളെ വിലത്തകര്‍ച്ചയില്‍നിന്നു രക്ഷിക്കാന്‍ പാക്കേജിന് രൂപംനല്‍കുക
*കേരളത്തിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് പ്രത്യേക ധനസഹായം അനുവദിക്കുക
*തൃശൂര്‍, ആലപ്പുഴ ജില്ലകള്‍കൂടി കേന്ദ്രത്തിന്റെ പ്രത്യേക ധാന്യക്കൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തുക

എന്നീ ആവശ്യങ്ങളാണ് പ്രക്ഷോഭത്തില്‍ ഉയര്‍ത്തുന്നത്.

തിങ്കളാഴ്ച തിരുവനന്തപുരം ജിപിഒ ഉപരോധം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. മാര്‍ച്ച് ഒമ്പതിന് ആലപ്പുഴ, 10ന് കാസര്‍കോട്, 11ന് കണ്ണൂര്‍, 12ന് കോഴിക്കോട് എന്നിവിടങ്ങളിലെ സമരവും പിണറായി ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച എറണാകുളത്ത് ഇ പി ജയരാജനും കോട്ടയത്ത് എം സി ജോസഫൈനും തൃശൂരില്‍ എ വിജയരാഘവനും കൊല്ലത്ത് ടി ശിവദാസമേനോനും പത്തനംതിട്ടയില്‍ വൈക്കം വിശ്വനും കോഴിക്കോട്ട് വി വി ദക്ഷിണാമൂര്‍ത്തിയും കണ്ണൂരില്‍ എം വി ഗോവിന്ദനും ഉപരോധം ഉദ്ഘാടനംചെയ്യും.

3 comments:

  1. തിങ്കളാഴ്ച മുതല്‍ കേരളം ഐതിഹാസികമായ ജനമുന്നേറ്റത്തിനു സാക്ഷ്യംവഹിക്കും. വെള്ളിയാഴ്ചവരെ തുടര്‍ച്ചയായി അഞ്ചു ദിവസം താലൂക്ക് കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ ജനലക്ഷങ്ങള്‍ ഉപരോധിക്കും. രാജ്യത്തെ വിലക്കയറ്റത്തിന്റെ എരിതീയിലേക്ക് വലിച്ചെറിഞ്ഞ ഭരണകര്‍ത്താക്കള്‍ക്കുള്ള താക്കീതായി സമരക്കൊടുങ്കാറ്റ് ആഞ്ഞടിക്കും.

    ReplyDelete
  2. BSNL ടെലിഫോണ്‍ എക്സ്ചേഞ്ച് ഉപരോധിക്കുന്നില്ലേ? എന്തായാലും ഒരു മനുഷ്യ ചങ്ങല കൂടി ആയിക്കോട്ടെ :)

    ReplyDelete
  3. രഞ്ജിത്തും പങ്കെടുക്കണം.

    ReplyDelete