Saturday, March 27, 2010

സ്വദേശാഭിമാനി ഓര്‍മിപ്പിക്കുന്നത്

സ്വദേശാഭിമാനിയെ തിരുവിതാംകൂര്‍ ഗവമെന്റ് നാടുകടത്തിയതിന്റെ നൂറാം വര്‍ഷമാണ് വലിയ ആരവങ്ങളൊന്നുമില്ലാതെ കടന്നുപോകുന്നത്. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളെ അത് അത്രയെന്നും സ്വാധീനിച്ചതായി കാണുന്നില്ല. 'മാധ്യങ്ങള്‍ വര്‍ഷിക്കുന്ന പെരുമഴയില്‍ നാം വിസ്മരിച്ചു പോകുന്ന അനേകം ഓര്‍മപ്പെടുത്തലുകളുണ്ട്. അതിലൊന്നാണ് സ്വദേശാഭിമാനിയുടെ സ്മരണ. എക്കാലത്തെയും നിര്‍ഭയവും നിരങ്കുശവുമായ പത്രപ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃകയാണ് സ്വദേശാഭിമാനി. സത്യത്തിന്റെ നാക്കു പിഴുതെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അധികാര ദുരമൂത്ത രാജഗോപാലാചാരി സ്വദേശാഭിമാനിയെ തിരുവിതാംകൂറില്‍നിന്ന് നിഷ്കാസിതനാക്കിയത്. ദിവാനെയും രാജഭരണത്തെയും ജനപക്ഷത്തു നിന്നുകൊണ്ട് സ്വദേശാഭിമാനി നിര്‍ദാക്ഷിണ്യം വിമര്‍ശിച്ചു. രാജഗോപാലാചാരിയുടെ സദാചാരവിരുദ്ധപ്രവര്‍ത്തനങ്ങളെ അദ്ദേഹം കണക്കറ്റ് പരിഹസിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം രാജാവിന്റെയും ദിവാന്റെയും അപ്രീതിക്ക് ഇടയാക്കി. 1910 സെപ്തംബര്‍ 26നാണ് രാമകൃഷ്ണപിള്ളയെ നാടുകടത്താന്‍ ഉത്തരവായത്. പത്രം നിരോധിക്കാനും പ്രസ് കണ്ടുകെട്ടാനും ശ്രീമൂലം തിരുനാള്‍ മഹാരാജാവ് വിളംബരം പുറപ്പെടുവിച്ചു.

പിറന്ന നാടും നാട്ടുകാരും നഷ്ടപ്പെട്ട അദ്ദേഹത്തിന് അനാഥനായി അലയേണ്ടിവന്നു. തിരുനെല്‍വേലിയിലും പിന്നീട് മദിരാശിയിലുമെത്തി. സ്വദേശാഭിമാനി വിവിധ പ്രസിദ്ധീകരണങ്ങളിലായി ലേഖനമെഴുതിയും സഹധര്‍മിണി കല്യാണിയമ്മ ട്യൂഷനെടുത്തും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെട്ടു. പലയിടത്തും മാറി മാറി കഴിഞ്ഞുകൂടി. കല്യാണിയമ്മയ്ക്ക് ജോലി ലഭിച്ചതിനെത്തുടര്‍ന്നാണ് 1915ല്‍ കണ്ണൂരിലെത്തിയത്. ഇതിഹാസതുല്യമായ ആ ജീവിതം എരിഞ്ഞടങ്ങിയതും കണ്ണൂരില്‍ തന്നെ. അമിതാധികാര വാഴ്ചക്കെതിരെ തൂലികയെ പടവാളാക്കി സ്വദേശാഭിമാനി പുതുയുഗത്തിന്റെ ശംഖനാദമാണ് മുഴക്കിയത്. ജീവിതം വെല്ലുവിളികളെ നേരിടുന്ന സന്ദര്‍ഭങ്ങളില്‍ അന്യാദൃശമായ ആര്‍ജവം പ്രകടിപ്പിച്ച പത്രാധിപരാണ് രാമകൃഷ്ണപിള്ള. സത്യം, നീതി, ധര്‍മം എന്നിവയില്‍നിന്ന് അണുവിട വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. 'ഭയകൌടില്യ ലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ' എന്ന പ്രമാണത്തില്‍ അദ്ദേഹം ഉറച്ചുനിന്നു. ധീരമായ പത്രപ്രവര്‍ത്തനത്തിന്റെ നേതൃമാതൃകയാണ് സ്വദേശാഭിമാനി. മാധ്യമപ്രവര്‍ത്തനം പുതിയ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്ന കാലത്ത് പത്രപ്രവര്‍ത്തനത്തിന് കരുത്തേകുന്നതാണ് സ്വദേശാഭിമാനി സ്മരണ.

ആടിനെ പട്ടിയാക്കുന്ന ഗീബല്‍സിയന്‍ തന്ത്രങ്ങളാണ് പുതിയകാല മാധ്യമങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്നത്. നൂറ്റൊന്നാവര്‍ത്തിക്കപ്പെട്ട നുണകള്‍കൊണ്ട് മുഖ്യധാരാ പത്രങ്ങള്‍ നിറയുകയാണ്. മീഡിയ ആക്ടിവിസം വായനക്കാരുടെ നേരറിയാനുള്ള അവകാശത്തെയാണ് നിഷേധിച്ചുകൊണ്ടിരിക്കുന്നത്. അര്‍ധസത്യങ്ങളും അസത്യങ്ങളും മാധ്യമങ്ങളുടെ ഉള്ളടക്കമായിത്തീര്‍ന്നിരിക്കുന്നു. വാര്‍ത്തയ്ക്ക് പണം എന്ന രീതി വ്യാപകമാകുകയാണ്. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ കാലത്തും മഹാരാഷ്ട്ര അസംബ്ളി തെരെഞ്ഞെടുപ്പിന്റെ സമയത്തും അരങ്ങേറിയ വാര്‍ത്ത വില്‍പ്പനയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വാര്‍ത്തകള്‍ നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. കേരളത്തില്‍ 'പണത്തിന് വാര്‍ത്ത' വ്യാപകമായതായി വെളിപ്പെട്ടിട്ടില്ലെങ്കിലും വാര്‍ത്തകളുടെ വളച്ചൊടിക്കലും അസത്യങ്ങളും അര്‍ധസത്യങ്ങളുംകൊണ്ട് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമാണ്.

കമ്യൂണിസമെന്നു കേള്‍ക്കുമ്പോള്‍ ഹാലിളകുന്ന പഴയ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പ്രച്ഛന്നവേഷങ്ങളാണ് മൂഖ്യധാരാ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇ എം എസിനെ കള്ളനായും എ കെ ജിയെ ഗുണ്ടാത്തലവനായും അഴീക്കോടനെ അഴിമതിക്കോടനായും ചിത്രീകരിച്ച പത്രങ്ങള്‍ കമ്യൂണിസ്റ് വേട്ടയുടെ ചരിത്രം ആവര്‍ത്തിക്കുകയാണ്. സിപിഐ എമ്മും അതിന്റെ നേതാക്കളുമാണ് എക്കാലത്തും ബൂര്‍ഷ്വാമാധ്യമങ്ങളുടെ ഇര. കൊട്ടാരസദൃശമായ വീടുള്ള കേരളത്തിലെ ഏക കമ്യൂണിസ്റ്റ് നേതാവ് എന്നു ചിത്രീകരിച്ചുകൊണ്ട് എത്ര വാര്‍ത്തകളാണ് ഇവിടെ പ്രചരിപ്പിക്കപ്പെട്ടത്. എല്ലാം ജനങ്ങളുടെ നേരറിയാനുള്ള അവകാശത്തിനുമേലുള്ള, നേരെയുള്ള കടന്നാക്രമണമല്ലെങ്കില്‍ മറ്റെന്താണ്? അപവാദവ്യവസായത്തിന്റെ പണിശാലകളില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട നുണബോംബുകള്‍ ഒന്നൊന്നായി ജനമധ്യത്തില്‍ പൊട്ടിത്തകരുന്നതാണ് നാം കണ്ടത്. മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തേണ്ട സമയമാണിതെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി അഭിപ്രായപ്പെട്ടത് വെറുതെയല്ല. സമൂഹത്തെക്കുറിച്ച് ആഴത്തില്‍ ആലോചിക്കുന്ന എല്ലാവരും മാധ്യമങ്ങളുടെ ഇപ്പോഴത്തെ പോക്കില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ സാമൂഹ്യ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ നമ്മുടെ മാധ്യമങ്ങളുടെ പങ്കെന്താണ്? ഈ ചോദ്യം അടിമുടി മാധ്യമീകരിക്കപ്പെട്ട കേരളസമൂഹത്തില്‍ ഉറക്കെ ചോദിക്കാനുള്ള കരുത്താണ് സ്വദേശാഭിമാനിയുടെ സ്മരണ.

എം സുരേന്ദ്രന്‍ ദേശാഭിമാനി 270310

1 comment:

  1. സ്വദേശാഭിമാനിയെ തിരുവിതാംകൂര്‍ ഗവമെന്റ് നാടുകടത്തിയതിന്റെ നൂറാം വര്‍ഷമാണ് വലിയ ആരവങ്ങളൊന്നുമില്ലാതെ കടന്നുപോകുന്നത്. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളെ അത് അത്രയെന്നും സ്വാധീനിച്ചതായി കാണുന്നില്ല. 'മാധ്യങ്ങള്‍ വര്‍ഷിക്കുന്ന പെരുമഴയില്‍ നാം വിസ്മരിച്ചു പോകുന്ന അനേകം ഓര്‍മപ്പെടുത്തലുകളുണ്ട്. അതിലൊന്നാണ് സ്വദേശാഭിമാനിയുടെ സ്മരണ. എക്കാലത്തെയും നിര്‍ഭയവും നിരങ്കുശവുമായ പത്രപ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃകയാണ് സ്വദേശാഭിമാനി.

    ReplyDelete