Saturday, March 6, 2010

കേരള ബജറ്റ് - ജില്ലകളിലൂടെ

കേരള ബജറ്റ് കേന്ദ്രത്തിനുള്ള മറുപടി: സുധാ സുന്ദര്‍രാമന്‍

റേഷന്‍വിഹിതം വെട്ടിക്കുറച്ച് കേന്ദ്രം കേരളത്തെ പട്ടിണിക്കിടുമ്പോള്‍ കര്‍ഷകത്തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും ക്ഷേമപദ്ധതികളുമായി കേരളം മാതൃകയാവുയാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ ജനറല്‍സെക്രട്ടറി സുധാ സുന്ദര്‍ രാമന്‍. ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് കേന്ദ്രത്തിനുള്ള മറുപടിയാണ്. ഇ എം എസ് ജന്മശതാബ്ദിയുടെ ഭാഗമായി ജനാധിപത്യ മഹിളാ അസോസിയേഷന്‍ എലപ്പുള്ളിയില്‍ സംഘടിപ്പിച്ച 'ഇ എം എസും സ്ത്രീവിമോചന രാഷ്ട്രീയവും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മുതലാളിത്തവ്യവസ്ഥയില്‍ സ്ത്രീകളുടെ അധ്വാനമൂല്യം കണക്കാക്കപ്പെടുന്നില്ല. തൊഴില്‍മേഖലകളില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നു. ആത്മീയതയുടെ പേരിലും ചൂഷണം നടക്കുന്നു. സ്ത്രീവിമോചനം പോരാട്ടത്തിലൂടെ മാത്രമേ സാധ്യമാവൂ. സ്ത്രീസംവരണ ബില്ലിന്റെ ഭാവി കാത്തിരുന്ന് കാണണമെന്നും അവര്‍ പറഞ്ഞു.

കേരള ബജറ്റ് - ജില്ലകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം

വിഴിഞ്ഞം തുറമുഖത്തിന് 125 കോടി രൂപകൂടി

വഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാംഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് 125 കോടി രൂപകൂടി സംസ്ഥാന ബജറ്റില്‍ നീക്കിവച്ചു. നേരത്തെ 100 കോടി അനുവദിച്ചിരുന്നു. കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനല്‍ നിര്‍മാണം നടക്കുന്ന വേളയില്‍ത്തന്നെ തുറമുഖ നിര്‍മാണത്തിനും അനുബന്ധ നിര്‍മാണത്തിനും ആഗോള ടെന്‍ഡര്‍ വിളിക്കും. കയര്‍, കൈത്തറി, പനമ്പ്, കരകൌശല മേഖലയില്‍ തൊഴിലാളികളുടെ വരുമാന വര്‍ധനയ്ക്കുള്ള 50 കോടി രൂപയുടെ പദ്ധതി ജില്ലയിലെ പരമ്പരാഗതമേഖലയ്ക്ക് സഹായകമാകും. സംസ്ഥാനത്തെ കയര്‍ സഹകരണ സംഘങ്ങള്‍ക്കായി 10 കോടി രൂപ നീക്കിവച്ചു. കയര്‍ ഉല്‍പ്പന്ന വില സ്ഥിരത ഫണ്ടിനായി 10 കോടി രൂപ വകയിരുത്തിയതും ജില്ലയ്ക്ക് പ്രയോജനമാകും. തിരുവനന്തപുരം സ്പിന്നിങ് മില്ലിന്റെ ശേഷി ഇരട്ടിപ്പിക്കാന്‍ 5 കോടി രൂപ വകയിരുത്തി. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്സിന്റെ നവീകരണത്തിന് 25 കോടി രൂപ വിനിയോഗിക്കും. കഴക്കൂട്ടം ലൈഫ് സയന്‍സ് പാര്‍ക്കിനും തുക വകയിരുത്തി. പാറശാല കുടിവെള്ള പദ്ധതി ഈവര്‍ഷം തുടങ്ങും. അരുവിക്കരയില്‍നിന്നു കുടിവെള്ളത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള വിതരണവും ഉടന്‍ ആരംഭിക്കും.

ആറ്റുകാല്‍ നഗരവികസന പദ്ധതി ഈവര്‍ഷം തുടങ്ങും. സ്ത്രീകളുടെ ക്യാന്‍സര്‍ നേരത്തെ തിരിച്ചറിയാന്‍ ഡിജിറ്റല്‍ മാമോഗ്രഫി അടക്കമുള്ള സംവിധാനം എര്‍പ്പെടുത്തുന്നതിന് ആര്‍സിസിക്ക് ഏഴു കോടി രൂപ അനുവദിക്കും. നന്തന്‍കോട്, ബാലരാമപുരം (സായാഹ്നം), ആര്യനാട്, ഉള്ളൂര്‍, കഠിനംകുളം, തിരുമല എന്നിവിടങ്ങളില്‍ കെഎസ്എഫ്ഇ ശാഖ തുടങ്ങും. വേളി-ആക്കുളം കായലുകളുടെ പരിസ്ഥിതി പുനഃസ്ഥാപനത്തിനായി 25 കോടി രൂപയുടെ പദ്ധതി കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കും. ഡാം ഡീസെല്‍ട്ടറിങ് പഠനത്തിന് ഗവേഷണ സെല്‍ സ്ഥാപിക്കാന്‍ സെന്റര്‍ ഫോര്‍ സയന്‍സ് എര്‍ത്ത് സ്റഡീസിന് മൂന്നു കോടി രൂപ അനുവദിച്ചു. ജവഹര്‍ ബാലഭവന് 50 ലക്ഷവും ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ടിന്് 70 ലക്ഷവും എം എന്‍ ഗോവിന്ദന്‍നായര്‍ സ്മാരകത്തിന് 15 ലക്ഷവും പി എന്‍ പണിക്കര്‍ സ്മാരകത്തിന് 15 ലക്ഷവും രൂപ ഗ്രാന്റായി അനുവദിച്ചു. കായിക്കര ആശാന്‍ മെമ്മോറിയലിനും വയലാര്‍ രാമവര്‍മ ട്രസ്റിനും 20 ലക്ഷം വീതം അനുവദിക്കും. കരകുളം ഗ്രാമീണ പഠനകേന്ദ്രത്തിന്റെ ബഹുജന വിദ്യാഭ്യാസ പരിപാടിക്ക് 15 ലക്ഷം രൂപ വകയിരുത്തി. സിഡിഎസില്‍ ഡോ. കെ എന്‍ രാജിന്റെ സ്മാരകമാക്കുന്ന ലൈബ്രറിക്ക് ഒരു കോടി രൂപ ഗ്രാന്റ് അനുവദിക്കും. നിയമസഭാ സമുച്ചയം, സെക്രട്ടറിയറ്റ്, മസ്കറ്റ് ഹോട്ടല്‍ എന്നിവിടങ്ങളില്‍ ഊര്‍ജ സംരക്ഷണത്തിനുള്ള എസ്കോ മാതൃകാ പദ്ധതി നടപ്പാക്കും. ഊര്‍ജ ദുര്‍വ്യയം ഒഴിവാക്കലാണ് പദ്ധതി. ജില്ലയിലെ റോഡുകളുടെ നവീകരണത്തിനും പാലങ്ങളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും നിര്‍മാണത്തിന് വന്‍ പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 206 കോടി രൂപ

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 206.09 കോടി രൂപ ബജറ്റില്‍ നീക്കിവച്ചു. 78 പഞ്ചായത്തുകള്‍ക്കായി 96.33 കോടി രൂപ വകയിരുത്തി. 12 ബ്ളോക്ക് പഞ്ചായത്തുകള്‍ക്കായി നീക്കിവച്ചിട്ടുള്ളത് 25.05 കോടിയാണ്. ജില്ലാ പഞ്ചായത്തിനുള്ള വിഹിതം 25.57 കോടിയും. വര്‍ക്കല, ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര നഗരസഭകള്‍ക്കായി 13.43 കോടി രൂപയുടെ വികസന നിര്‍ദേശമുണ്ട്്. തിരുവനന്തപുരം നഗരസഭയ്ക്കായി 45.73 കോടി രൂപ വകയിരുത്തി.

ബജറ്റ്: കൊല്ലം ജില്ലയുടെ വികസനവഴിയില്‍ നക്ഷത്രത്തിളക്കം

ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റത്തിനിടയിലും നാടിന്റെ വികസനത്തിലും ജനക്ഷേമത്തിലും വിട്ടുവീഴ്ചയില്ലെന്ന പ്രഖ്യാപനത്തോടെ സംസ്ഥാനബജറ്റില്‍ ജില്ലയ്ക്കായി ഒട്ടേറെ പദ്ധതികള്‍. കേന്ദ്രബജറ്റില്‍ അര്‍ഹമായ പദ്ധതികള്‍ പോലും ലഭിക്കാതിരുന്ന ജില്ലയ്ക്ക് സംസ്ഥാനബജറ്റിലെ നിര്‍ദേശങ്ങള്‍ ഉണര്‍വേകും. സംസ്ഥാനബജറ്റില്‍ കശുവണ്ടിമേഖലയ്ക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ 53 കോടി രൂപ അനുവദിച്ചു. ഇതില്‍ 25 കോടി രൂപ കശുവണ്ടിസംഭരണത്തിനാണ്. തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി കുടിശ്ശിക നല്‍കല്‍, റിട്ടയര്‍മെന്റ് കുടിശ്ശിക നല്‍കല്‍ എന്നിവയ്ക്കും തുക വിനിയോഗിക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ഓരോ വര്‍ഷവും മുന്‍ വര്‍ഷത്തേക്കാള്‍ അധികം തുക അനുവദിക്കുന്നതിലൂടെ പരമ്പരാഗതവ്യവസായത്തോടും തൊഴിലാളികളോടുമുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് പ്രകടമാകുന്നത്. കൊല്ലം കേന്ദ്രീകരിച്ച് പുതിയ പൊലീസ് കമീഷണറേറ്റ് നിലവില്‍ വരുമെന്നുള്ള പ്രഖ്യാപനം ജില്ലയ്ക്ക് ഏറെ ആഹ്ളാദം പകരുന്നു. കയര്‍മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ് കയര്‍സഹകരണസംഘങ്ങള്‍ക്ക് വകയിരുത്തിയ 10 കോടി രൂപ. കയര്‍ ഉല്‍പ്പന്ന വിലസ്ഥിരതാഫണ്ടായി 10 കോടിയും വകയിരുത്തി. കെഎസ്എഫ്ഇക്ക് നാലു പുതിയ ബ്രാഞ്ച് അനുവദിച്ചു. മയ്യനാട്, ആയൂര്‍, വാളകം, വവ്വാക്കാവ് എന്നിവിടങ്ങളിലാണ് കെഎസ്എഫ്ഇ ശാഖ യാഥാര്‍ഥ്യമാകുക. കുണ്ടറ കെല്‍ നവീകരണത്തിന് അനുവദിച്ച 30 കോടി രൂപ വ്യവസായ മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വേകും. മീറ്റര്‍ കമ്പനിയുടെ പാലക്കാട് ശാഖയ്ക്ക് അഞ്ചു കോടി രൂപ അനുവദിച്ചു. ടൈറ്റാനിയം കോംപ്ളക്സ് നവീകരണത്തിനും തുക വകയിരുത്തിയിട്ടുണ്ട്. തേവലക്കരയില്‍ സര്‍ക്കാര്‍ ഐടിഐ ആരംഭിക്കും. തങ്കശേരി തുറമുഖത്തിന് 12 കോടി, അഴീക്കല്‍ തുറമുഖത്തിനു 6.9 കോടി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്റ്റൈല്‍ ടെക്നോളജിക്ക് 50 ലക്ഷം, കുളത്തൂപ്പുഴ രവീന്ദ്രന്‍ സ്മാരകത്തിന് 15 ലക്ഷം, നീണ്ടകര ആര്‍സിസി കേന്ദ്രത്തിന് 20 ലക്ഷം എന്നിങ്ങനെ തുക അനുവദിച്ചു. കെഎസ്ആര്‍ടിസി കൊട്ടാരക്കര ഷോപ്പിങ് കോംപ്ളക്സും എക്സൈസ് ഓഫീസ് സമുച്ചയവും യാഥാര്‍ഥ്യമാക്കുമെന്ന് ബജറ്റ് പറയുന്നു. ഷോപ്പിങ് കോംപ്ളക്സ് ഇക്കൊല്ലം തന്നെ പൂര്‍ത്തിയാക്കും. കരുനാഗപ്പള്ളിയില്‍ ഫയര്‍സ്റ്റേഷന്‍ നവീകരണം, കുന്നത്തൂരില്‍ ആര്‍ടിഒ ഓഫീസ് എന്നിവ വികസനവഴിയില്‍ കൂടുതല്‍ പ്രഭ പരത്തും.

രവീന്ദ്രന്‍ സ്മാരകം: ജന്മനാട് ആഹ്ളാദത്തില്‍

മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതസംവിധായകന്‍ രവീന്ദ്രന്‍മാസ്റ്ററുടെ ജന്മനാട്ടില്‍ സ്മാരകമന്ദിരം യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാരിന്റെ സഹായമായി 15 ലക്ഷം ലഭിക്കുന്നതിന്റെ അത്യാഹ്ളാദത്തിലാണ് കുളത്തൂപ്പുഴയിലെ ജനങ്ങളും സംഗീതപ്രേമികളും. രവീന്ദ്രന്‍മാസ്റ്ററുടെ സ്മാരകമായ രാഗസരോവരം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാംസ്കാരിക വകുപ്പില്‍നിന്ന് 15 ലക്ഷം രൂപ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. കുളത്തൂപ്പുഴയില്‍ കല്ലടയാറിന്റെ തീരത്തുള്ള അരഏക്കര്‍ സ്ഥലത്താണ് ചലച്ചിത്ര സംവിധായകന്‍ രാജീവ് അഞ്ചല്‍ രൂപകല്‍പ്പന ചെയ്ത രാഗസരോവരമെന്ന സ്മാരകമന്ദിരം നിര്‍മിക്കുന്നത്. തുറന്നുവച്ച പുസ്തകത്തിന്റെ ആകൃതിയിലുള്ള സ്മാരകത്തില്‍ വലിയ ഒരു വയലിന്‍ ചാരിവച്ച നിലയിലാണ് രാഗസരോവരത്തിന്റെ നിര്‍മിതി. സംഗീതലൈബ്രറി, സംഗീതഅക്കാദമി, രവീന്ദ്രന്‍ മാസ്റ്ററുടെ ചലച്ചിത്രഗാനങ്ങള്‍ ആസ്വദിക്കാന്‍ സൌകര്യമുള്ള പ്രത്യേക ക്യാബിന്‍, ഓപ്പ എയര്‍ ഓഡിറ്റോറിയം എന്നിവ സ്മാരകത്തിന്റെ ഭാഗമായുണ്ടാകും. അമ്പത്തഞ്ചു ലക്ഷം രൂപയാണ് സ്മാരകമന്ദിരത്തിനായി ചെലവാകുക. 22 ലക്ഷം രൂപ കുളത്തൂപ്പുഴ പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയിലൂടെ ചെലവിടും. എംപി, എംഎല്‍എ ഫണ്ടുകളില്‍നിന്ന് തുക രാഗസരോവരത്തിനായി ലഭ്യമാകും. ഗാനഗന്ധര്‍വന്‍ യേശുദാസ് സംഗീതക്കച്ചേരി നടത്തി രവീന്ദ്രന്‍ സ്മാരകത്തിനായി തുക ലഭ്യമാക്കുമെന്ന പ്രഖ്യാപനവും രവീന്ദ്രസ്മാരകത്തിന്റെ സാക്ഷാല്‍ക്കാരത്തിന് കരുത്തായി നിലകൊള്ളുന്നുണ്ട്. കഴിഞ്ഞവര്‍ഷം ജനുവരി 30നാണ് ഗാനഗന്ധര്‍വന്‍ യേശുദാസ് രാഗസരോവരത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. സ്മാരകമന്ദിരത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ബജറ്റില്‍ 15 ലക്ഷംരൂപ കൂടി പദ്ധതിക്കായി അനുമതി നല്‍കിയ പ്രഖ്യാപനം

ബജറ്റ് ആലപ്പുഴയ്ക്ക് പുതിയ കുതിപ്പേകും

സര്‍ക്കാര്‍മേഖലയില്‍ ജില്ലയിലെ ആദ്യത്തെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് അമ്പലപ്പുഴയില്‍ എന്ന് പ്രഖ്യാപിച്ചും ഉന്നതവിദ്യാഭ്യാസ സൌകര്യങ്ങള്‍ ഉറപ്പാക്കിയും ജില്ലയ്ക്കു നേട്ടങ്ങളുടെ പട്ടിക നിരത്തിയും വികസനത്തിന്റെ പുതുചക്രവാളങ്ങള്‍ നല്‍കിയും കൃഷിക്കും വ്യവസായത്തിനും കൂടുതല്‍ ഉത്തേജനം പകര്‍ന്നും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും സംസ്ഥാന ബജറ്റ് ആലപ്പുഴയ്ക്കു പുതിയ വികസനക്കുതിപ്പ് നല്‍കുന്നു. സാമ്പത്തികമായി പിന്നണിയില്‍ നില്‍ക്കുന്ന ആലപ്പുഴ ജില്ലയെ വികസനത്തിന്റെ മുഖ്യധാരയിലേക്കു കൂടുതല്‍ അടുപ്പിക്കുന്നതാണ് വെള്ളിയാഴ്ച ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച 2010-11 വര്‍ഷത്തെ ബജറ്റ്. ജില്ലയുടെ വികസനത്തില്‍ നിര്‍ണായകപങ്കു വഹിക്കുന്ന കുട്ടനാടന്‍ കാര്‍ഷികമേഖലയ്ക്ക് പുത്തന്‍കുതിപ്പു നല്‍കുന്നതായി ബജറ്റ്. തീരദേശമേഖലയിലെ മുഖ്യജീവനോപാധിയായ കയര്‍ വ്യവസായവും മത്സ്യബന്ധനവും ബജറ്റിലൂടെ വികസനത്തിന്റെ പുതിയതലങ്ങളിലേക്ക്.

കേരളത്തിന്റെ നെല്ലറകളിലൊന്നായ കുട്ടനാടിന് ആഹ്ളാദം പകരുന്ന നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റിന്റെ സവിശേഷതയായി. കുട്ടനാടിനു കാര്‍ഷിക കലണ്ടര്‍, തരിശുനിലങ്ങളില്‍ നെല്‍കൃഷി, പകര്‍ച്ചവ്യാധികളും ജലജന്യരോഗങ്ങളും നിരന്തരം ഉയര്‍ത്തുന്ന ഭീഷണി ഒരുപരിധിവരെയെങ്കിലും തടഞ്ഞുനിര്‍ത്താന്‍ തണ്ണീര്‍മുക്കം ബണ്ട് തുറക്കുമെന്ന പ്രഖ്യാപനം തുടങ്ങിയവയൊക്കെ കാര്‍ഷികമേഖലയുടെ വികസനത്തിനുള്ള ഉത്തേജകപാക്കേജായി. നാളികേര കര്‍ഷകര്‍ക്കു സഹായകരമായി പ്രഖ്യാപിച്ച 30 കോടിയുടെ പദ്ധതിയും ജില്ലയ്ക്കു മറ്റൊരുനേട്ടമായി. സാമൂഹ്യക്ഷേമ പെന്‍ഷന്‍ 250 രൂപയില്‍നിന്നു 300 രൂപയാക്കിയത് ജില്ലയിലെ ആയിരക്കണക്കിനു ഗുണഭോക്താക്കള്‍ക്ക് ആശ്വാസം പകരുന്നതായി. സംസ്ഥാനത്തെ കുടിവെള്ള പദ്ധതികള്‍ക്കായി നീക്കിവച്ച 1058 കോടി രൂപയില്‍ ആലപ്പുഴയ്ക്കും അര്‍ഹമായ വിഹിതം ഉറപ്പ്. ഇതിനുപുറമെ നിലവില്‍ പ്രവര്‍ത്തനം പുരോഗമിക്കുന്ന ജപ്പാന്‍ കുടിവെള്ളപദ്ധതികള്‍ അടുത്ത സാമ്പത്തികവര്‍ഷം പൂര്‍ത്തിയാക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം ചേര്‍ത്തല നഗരത്തിലെയും സമീപപഞ്ചായത്തുകളിലെയും ലക്ഷക്കണക്കിനു ജനങ്ങള്‍ക്ക് ആശ്വാസമായി. കയര്‍ വ്യവസായത്തിനു മുമ്പെങ്ങുമില്ലാത്തവിധം തുക വകയിരുത്തിയത് ജില്ലയില്‍ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കയര്‍ഫെഡ്, കയര്‍ കോര്‍പറേഷന്‍, ഫോംമാറ്റിങ്സ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും കയര്‍ സഹകരണ സംഘങ്ങള്‍ക്കും ഗുണകരമായി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയ കോമളപുരം സ്പിന്നേഴ്സ് പുതിയ ബജറ്റില്‍ നീക്കിവച്ച 36 കോടിരൂപയുടെ സഹായത്തോടെ ഹൈടെക് സ്പിന്നിങ്മില്ലായി മാറും. ആയിരക്കണക്കിനു പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ നല്‍കുന്നതാകും ഇത്. പൊതുമേഖലയിലെ ഔഷധനിര്‍മ്മാണ കമ്പനിയായ കെഎസ്ഡിപിയും സഹകരണമേഖലയിലെ മരുന്നു കമ്പനിയായ ഹോംകോയും വികസനത്തിന്റെ പുതിയ ചക്രവാളങ്ങള്‍ നേടിയതും ബജറ്റിന്റെ മുഖമുദ്രയായി.

എറണാകുളം ജില്ലയുടെ വികസനക്കുതിപ്പിന് ചിറകേകും

കൊച്ചി നഗരത്തിന്റെയും ജില്ലയുടെയും സമഗ്ര വികസന ക്കുതിപ്പിന് വഴിയൊരുക്കി സംസ്ഥാന ബജറ്റ്. കൊച്ചി കാത്തിരുന്ന ബൃഹദ് പദ്ധതികള്‍ക്ക് മാത്രമായി 200 കോടിയിലേറെ രൂപ അനുവദിച്ചപ്പോള്‍ ചെറുതും വലുതുമായ ഇതര പദ്ധതികള്‍ക്ക് അതിലേറെ തുക വകയിരുത്തി. നാനാ മേഖലയിലെ സാധ്യതകളും ഉപയോഗപ്പെടുത്തിയ ബജറ്റ് നിര്‍ദേശങ്ങള്‍ രാഷ്ട്രീയ എതിരാളികളുടെയും വായടപ്പിക്കുന്നതാണ്. സ്മാര്‍ട്ട് സിറ്റി പൂര്‍ത്തീകരിക്കുമെന്ന പ്രഖ്യാപനം കൊച്ചിക്ക് മുതല്‍ക്കൂട്ടാകും. ഇന്‍ഫോ പാര്‍ക്കില്‍ ഒരുലക്ഷം തൊഴില്‍ അവസരം ഒരുക്കുമെന്ന പ്രഖ്യാപനത്തോടൊപ്പം ഇതിന് ആദ്യഘട്ടമായി 50 കോടി രൂപയും അനുവദിച്ചു. മെട്രോ റെയില്‍ പദ്ധതിക്ക് ആദ്യഘട്ടമായി അഞ്ചുകോടി രൂപ അനുവദിക്കപ്പെട്ടപ്പോള്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടിയും വകയിരുത്തി. വൈറ്റില ബസ് ടെര്‍മിനലിന് അഞ്ചുകോടി രൂപ അനുവദിച്ചു. ഗതാഗതക്കുരുക്കില്‍നിന്ന് മോചനം നല്‍കുന്നതിനുള്ള 40 ബോട്ടുകളുടെ നിര്‍ദേശവും കൊച്ചി നിവാസികള്‍ക്ക് പ്രതീക്ഷയേകുന്നു. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് പൂര്‍ത്തീകരണ പ്രഖ്യാപനവും കൊച്ചിക്ക് തുണയാകുന്നു. ഗെയിലുമായി സഹകരിച്ചുള്ള പാചകവാതക പൈപ്പ്ലൈന്‍ വിതരണ പദ്ധതിക്ക് 17 കോടി രൂപ അനുവദിക്കപ്പെട്ടതും കൊച്ചി-കാസര്‍കോട്, കൊച്ചി-പാലക്കാട് വ്യവസായ ഇടനാഴി ആരംഭിക്കുമെന്ന നിര്‍ദേശവും കൊച്ചിയുടെ യശസ്സുയര്‍ത്തുന്നതാണ്.

ടിസിസി നവീകരണത്തിന് 51 കോടി രൂപ അനുവദിക്കപ്പെട്ടതോടൊപ്പം ഫാക്ട് ക്യാമ്പസില്‍ അന്തര്‍ദേശീയ പവലിയന്‍ സ്ഥാപിക്കാനുള്ള നിര്‍ദേശവും മുതല്‍ക്കൂട്ടാകുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപുലീകരണത്തിന് അനുവദിക്കപ്പെട്ട 883 കോടിരൂപയുടെ പദ്ധതി നിര്‍ദേശങ്ങളും കൊച്ചിക്ക് നേട്ടമാകും. ഇതിന് 50 കോടി രൂപ വകയിരുത്തപ്പെട്ടു. എടയാറില്‍ ബഹുനില വ്യവസായ എസ്റ്റേറ്റിനായി 4.5 കോടി രൂപയും അനുവദിക്കപ്പെട്ടു. കൊച്ചിയിലെ ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ പാര്‍ക്ക്, കൊച്ചി റിഫൈനറിക്കു സമീപത്തെ പെട്രോ കെമിക്കല്‍ വ്യവസായ പാര്‍ക്ക് എന്നിവയ്ക്ക് കെഎസ്ഐഡിസി ചുക്കാനേന്തുമ്പോള്‍ അങ്കമാലിയില്‍ ഫിനാന്‍ഷ്യല്‍ ഹബ്, ഇടക്കൊച്ചിയിലെ സസ്റ്റെയ്നബിള്‍ ഡെവലപ്പ്മെന്റ് സോ, കൊച്ചി പത്മസരോവരം പദ്ധതി, പൊതു-സ്വകാര്യ സംയുക്ത സംരംഭമായ വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് നെറ്റ്വര്‍ക്ക് എന്നീ പദ്ധതികള്‍ക്ക് ഇന്‍കലിന്റെ നേതൃത്വത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കും. ഇതിനായി മൂന്നുകോടി രൂപയും അനുവദിക്കപ്പെട്ടു. ഒട്ടാകെ 9000 കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കൊച്ചി-കോഴിക്കോട് നഗരങ്ങളെ കേന്ദ്രീകരിച്ചുള്ള സബര്‍ബന്‍ റെയില്‍വേ ശൃംഖലയും തുണയാകും. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന്റെ ശേഷിക്കുന്ന ഭാഗമായ കളമശേരി-കരിയാട് റോഡിന്റെ ഇരുവരി പാത പൂര്‍ത്തീകരണമാണ് ലക്ഷ്യമിടുന്നത്. ഇതിനുപുറമെ നിലവില്‍ പൂര്‍ത്തീകരിച്ച റോഡ് നാലുവരിയാക്കാനും പദ്ധതിയുണ്ട്.

കൊച്ചി-പാലക്കാട് വ്യവസായ ഇടനാഴി വികസന മുന്നേറ്റമാകും

ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് പാലക്കാടിന്റെ വികസനമുന്നേറ്റത്തിന് വേഗം കൂട്ടും. ജില്ലയുടെ വികസനത്തിന് ഗുണമാകുന്നതും നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കാനുതകുന്നതുമായ വ്യവസായയൂണിറ്റുകള്‍ തുടങ്ങാനുള്ള തീരുമാനവും നിലവിലുള്ള പദ്ധതികള്‍ക്ക് ആവശ്യമായ തുക വകയിരുത്തിയതും എടുത്തുപറയത്തക്ക നേട്ടങ്ങളാണ്. ക്ഷേമപെന്‍ഷനുകള്‍ മൂന്നൂറു രൂപയാക്കിയതും കാര്‍ഷിക മേഖലയില്‍ അനുവദിച്ച ആനുകൂല്യങ്ങളും ജില്ലയ്ക്ക് പ്രധാനനേട്ടമാണ്. അട്ടപ്പാടിയില്‍ മിനി സിവില്‍സ്റ്റേഷന്‍ ആരംഭിക്കാനുള്ള തീരുമാനവും അഹാഡ്സിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് 17 കോടി അനുവദിച്ചതും ആദിവാസിമേഖലയുടെ വികസനത്തിന് ആക്കംകൂട്ടും. കുഴല്‍മന്ദത്ത് യൂണൈറ്റഡ് ഇലക്ട്രിക്കല്‍ മീറ്റര്‍ കമ്പനി തുടങ്ങാന്‍ അഞ്ച്കോടി രൂപ അനുവദിച്ചതും ഷൊര്‍ണൂരില്‍ ഫോര്‍ജിങ് യൂണിറ്റ് സ്ഥാപിക്കാന്‍ 12 കോടിരൂപ അനുവദിച്ചതും വ്യവസായിക രംഗത്തെ എടുത്തുപറയത്തക്ക നേട്ടങ്ങളാണ്. കൊച്ചി-പാലക്കാട് വ്യവസായ ഇടനാഴി ജില്ലയിലെ വ്യവസായ വികസനത്തില്‍ നിര്‍ണയാകമാവും. ചന്ദ്രനഗര്‍, വാണിയംകുളം, അലനല്ലൂര്‍, മാങ്കാവ് എന്നിവിടങ്ങളില്‍ കെഎസ്എഫ്ഇ ശാഖ ആരംഭിക്കാനുള്ള തീരുമാനവും ജനങ്ങള്‍ക്ക് ഏറെ ഗുണപ്രദമാകും. തൃത്താല നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി 40 കോടിയുടെ പദ്ധതികള്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഒറ്റപ്പാലം നിയോജകമണ്ഡലത്തിന്റെ വികസനത്തിനായി നിരവധി പദ്ധതികളും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

വ്യവസായ ഇടനാഴി തൃശൂരിലൂടെ ജില്ലയ്ക്ക് നേട്ടങ്ങളേറെ

സാമൂഹ്യവികസനത്തിനും അടിസ്ഥാനജനവിഭാഗങ്ങളുടെ ക്ഷേമത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കിയ ജനപ്രിയ ബജറ്റില്‍ തൃശൂര്‍ ജില്ലയ്ക്കായി വികസനപദ്ധതികളേറെ. കൊടുങ്ങല്ലൂര്‍ മുസിരിസ് പൈതൃക പദ്ധതി ഒന്നാംഘട്ട പൂര്‍ത്തീകരണം, ബഹുനില ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, ചേറ്റുവ തുറമുഖ വികസനം, കുന്നംകുളം സ്റ്റേഡിയം നവീകരണം, ലാന്‍ഡ് റെക്കോര്‍ഡ് റീസര്‍വേ പദ്ധതി, പൊലീസ് കമീഷണറേറ്റ്, ചാലക്കുടിയില്‍ ജോയിന്റ് ആര്‍ടിഓഫീസ്, മാളയിലും പുതുക്കാടും ഫയര്‍ സ്റ്റേഷനുകള്‍, കാര്‍ഷിക സര്‍വകലാശാലയ്ക്ക് 15 ശതമാനം ഗ്രാന്‍ഡ് എന്നിങ്ങനെയുള്ള വികസന പദ്ധതികളാണ് ഇക്കുറി ബജറ്റില്‍ ജില്ലക്കായുള്ളത്. മുസിരിസ് പൈതൃകപദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷംതന്നെ പൂര്‍ത്തിയാക്കുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു. ഇതിന്റെ ഭാഗമായുള്ള റോഡ് ഗതാഗതവും ജലഗതാഗതവും റോഡ്ശൃംഖലയും ബന്ധപ്പെടുത്തുന്നതിന് 2.5 കോടിരൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ജില്ലയില്‍ വ്യവസായവികസനത്തിന്റെ പുതിയ പാത വെട്ടിത്തുറന്നുകൊണ്ട് ബഹുനില ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് രൂപീകരിക്കാന്‍ വിഭാവനം ചെയ്തിരിക്കുകയാണ്. അത് പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി 15 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത്. മാത്രമല്ല ഗ്യാസ് അതോറിറ്റിയുമായി ചേര്‍ന്ന് സ്ഥാപിക്കുന്ന പൈപ്പ്ലൈനിന്റെ ഭാഗമായി ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ തുടങ്ങാനും പദ്ധതിയുണ്ട്. ഇതുമായി ബന്ധപ്പെടുത്തുന്ന കൊച്ചി- കാസര്‍കോഡ് വ്യവസായ ഇടനാഴിയും കൊച്ചി- പാലക്കാട് വ്യവസായ ഇടനാഴിയും കടന്നുപോകുന്നത് തൃശൂര്‍ ജില്ലയിലൂടെയാണ്. ഇതിന് 17 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കമ്പനി രൂപീകരണത്തിന് അഞ്ചുകോടി വേറെയുമുണ്ട്.

തൃശൂരിന്റെ അഭിമാനമായ കാര്‍ഷിക സര്‍വകലാശാലയ്ക്കുള്ള പദ്ധതിയിതര ഗ്രാന്റുകള്‍ നിലവിലുള്ളതില്‍നിന്ന് 15 ശതമാനം വര്‍ധിപ്പിക്കും. വനിതാ ഹോസ്റ്റല്‍, പി ജി ബ്ളോക്ക്, പഠനകേന്ദ്രം എന്നിവയ്ക്കായി 4.5 കോടി രൂപയാണ് ചെലവഴിക്കുക. സര്‍വകലാശാലയില്‍ കാലാവസ്ഥാ വ്യതിയാനപഠനത്തിന് ബിരുദാനന്തര ബിരുദകോഴ്സ് തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. പരമ്പരാഗത വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി തഴപ്പായ ക്ളസ്റ്ററിന് രൂപം നല്‍കും. പീച്ചിയിലെ കേരള എന്‍ജിനിയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ അണക്കെട്ടുകളുടെ പരിപാലനത്തെക്കുറിച്ചും ഹൈഡ്രോളജിയെക്കുറിച്ചും പഠനകോഴ്സുകള്‍ സംഘടിപ്പിക്കുന്നതിനുള്ള ഉന്നത സാങ്കേതിക സ്ഥാപനമായി ഉയര്‍ത്തും. ചേറ്റുവയില്‍ തുറമുഖനിര്‍മാണത്തിന് 25 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മാളയിലും പുതുക്കാടും ഫയര്‍ സ്റ്റേഷനുകളും ചാലക്കുടിയില്‍ ജോയിന്റ് ആര്‍ടി ഓഫീസും വികസന പാതയില്‍ തൃശൂരിന് അംഗീകാരമാണ്. ചേര്‍പ്പ്, മണലൂര്‍ എന്നിവിടങ്ങളില്‍ ഐടിഐകള്‍ സ്ഥാപിക്കും. ക്രമസമാധാനപാലനരംഗത്തെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സമഗ്രമാക്കുന്നതിന് തൃശൂരില്‍ പൊലീസ് കമീഷണറേറ്റ് വരികയാണ്.

സാഹിത്യ- സംഗീതനാടക -ലളിതകലാ അക്കാദമികള്‍ക്കായി ഒന്നേകാല്‍ക്കോടി രൂപവീതം വകയിരുത്തിയപ്പോള്‍ കലയുടെ കൂത്തമ്പലമായ കലാമണ്ഡലത്തിന് അഞ്ച്കോടിയാണ് നീക്കിവച്ചത്. വികെഎന്നിന് സ്മാരകം തീര്‍ക്കാന്‍ 15 ലക്ഷവും പുന്നയൂര്‍ക്കുളത്ത് മാധവിക്കുട്ടി സ്മാരകത്തിന് 25 ലക്ഷവും അനുവദിച്ചു. തൃശൂരിനെ ലോകശ്രദ്ധയിലേക്കുയര്‍ത്താന്‍ പര്യാപ്തമാകുന്ന ആരോഗ്യസര്‍വകലാശാല 2010-2011 വര്‍ഷംതന്നെ പ്രവര്‍ത്തനം തുടങ്ങുമെന്ന പ്രഖ്യാപനമുള്‍പ്പെടെ പുതിയവര്‍ഷം ഒട്ടേറെ വികസനസ്വപ്നം യാഥാര്‍ഥ്യമാകുമെന്നാണ് ബജറ്റ് നല്‍കുന്ന പ്രതീക്ഷ.

കൊരട്ടി ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ട വികസനത്തിലേക്ക്

സംസ്ഥാന സര്‍ക്കാരിന്റെ സംരംഭമായ ഐടി കേരളയുടെ മൂന്നാമത്തെ ഐടി പാര്‍ക്കായ കൊരട്ടി ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ 2010-11 സാമ്പത്തികവര്‍ഷംതന്നെ പൂര്‍ത്തിയാക്കാന്‍ സംസ്ഥാന ബജറ്റില്‍ നിര്‍ദേശം. രണ്ടാംഘട്ടത്തില്‍ 30,000 ചതുരശ്ര അടി സ്ഥലംകൂടി സജ്ജമാക്കിക്കൊണ്ടാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നത്. 2010ല്‍ രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനം തുടങ്ങിവയ്ക്കാന്‍ മാത്രമാണ് തീരുമാനിച്ചിരുന്നതെങ്കിലും ഒന്നാംഘട്ടത്തിന്റെ വിജയം കണക്കിലെടുത്താണ് ഈ വര്‍ഷം അവസാനത്തോടെ പണിപൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയത്. രണ്ടാംഘട്ടത്തില്‍ കെട്ടിടത്തിനു പുറമെ വികസിപ്പിച്ച പ്ളോട്ടുകള്‍ നല്‍കിയാണ് പണി പുരോഗമിക്കുക. ആദ്യഘട്ടത്തില്‍ 42,000 ചതുരശ്ര അടി കെട്ടിടസൌകര്യമാണ് സജ്ജമായത്. ഇതില്‍ 99 ശതമാനവും വിവിധ കമ്പനികള്‍ ഏറ്റെടുത്തു. ബ്ളൂലാബ് ടെക്നോളജി സൊലൂഷന്‍സ്, ബ്രാഡ്ഡോക്ക് ഇന്‍ഫോടെക്, സെന്റ് ടെക്നോളജീസ്, ഇന്‍ഫോപ്രിസം സൊലൂഷന്‍സ്, അദ്വൈത ഇന്‍ഫോടെക്, സയന്റിഫിക് ടെക്നോളജീസ്, മള്‍ബറി ടെക്നോളജീസ്, സഹൃദയ ഇന്‍ഫോടെക്, ഗ്ളിറ്റ്സ് ഐടി സൊലൂഷന്‍സ്, സാന്‍സ് ഇന്‍ഫോടെക്, ഗൈഡ്ലൈന്‍സ് സോഫ്റ്റ്നെറ്റ് ടെക്നോളജീസ്, എക്സാര്‍ സോഫ്റ്റ്വെയര്‍ റിസര്‍ച്ച്, ജെം മാനേജ്മെന്റ് എന്നിങ്ങനെ പതിമൂന്ന് കമ്പനികളുമായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞതാണ്. ആദ്യഘട്ടത്തില്‍ ഗുല്‍മോഹര്‍, രാജമല്ലി, ചന്ദനം, മന്ദാരം, അശോകം, ദേവദാരം എന്നിങ്ങനെ ഏഴ് വില്ലകളാണ് പണിപൂര്‍ത്തിയാക്കിയത്. ഇത് ഇക്കഴിഞ്ഞ ഒക്ടോബര്‍ പത്തിന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. മൂന്നാംഘട്ടത്തില്‍ രണ്ടുലക്ഷം ചരുരശ്ര അടി തറവിസ്തൃതിയുള്ള കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്. സ്വകാര്യസംരംഭകരുടെകൂടി സഹായത്തോടെയാകും ഇത് പൂര്‍ത്തിയാക്കുക. 2011ല്‍ മൂന്നാംഘട്ടത്തിന്റെ പണികൂടി തുടങ്ങുന്നതോടെ മൂവായിരത്തിലധികം ഐടി പ്രൊഫഷണലുകള്‍ക്ക് നേരിട്ട് ജോലി ലഭ്യമാകും. ഈ വര്‍ഷം സംസ്ഥാനത്തെ വിവിധ ഇന്‍ഫോ പാര്‍ക്കുകളിലായി ഒരുലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൊരട്ടി ഇന്‍ഫോപാര്‍ക്കില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാണ്. മദുരകോട്സിന്റെ അധീനതയിലായിരുന്ന 42 ഏക്കര്‍ ഭൂമിയില്‍ 30 ഏക്കറാണ് ഐടി പാര്‍ക്കിനായി കൈമാറിയത്.

കോട്ട മില്ലിന് 15 കോടി കേരള സോപ്സിന് 5 കോടിയും

സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ സഹായഹസ്തം നീട്ടിയതോടെ പൊതുമേഖലാ സ്ഥാപനങ്ങളായ കേരള സോപ്സും മലബാര്‍ സ്പിന്നിങ് മില്ലും (തിരുവണ്ണൂര്‍ കോട്ട മില്‍) വീണ്ടും വികസനക്കുതിപ്പിലേക്ക്. കോട്ടമില്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് 15 കോടിയും കേരള സോപ്സിന് അഞ്ച് കോടിയുമാണ് ബജറ്റില്‍ നീക്കിവച്ചത്. സോപ്സിന്റെ ഉല്‍പ്പാദക യൂണിറ്റ് കാര്യക്ഷമമാക്കാനാണ് തുക ഉപയോഗിക്കുക. പുതിയ യന്ത്രങ്ങള്‍ വരികയും ചെയ്യുന്നതോടെ ഉല്‍പ്പാദനം ഇരട്ടിയാവുമെന്ന് കേരള സോപ്സ് എംഡി ജോസ്മോന്‍ പറഞ്ഞു. ദിവസം രണ്ട് ലക്ഷം സോപ്പുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള യന്ത്രങ്ങളാണ് ഫാക്ടറിയിലുള്ളത്. പുതിയ യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതോടെ ദിവസം ഉല്‍പ്പാദിപ്പിക്കുന്ന സോപ്പുകളുടെ എണ്ണം നാല് ലക്ഷത്തിലധികമാവും. കൂടാതെ ബജറ്റില്‍ അനുവദിച്ച തുകയില്‍ ഒരു ഭാഗമുപയോഗിച്ച് അലക്ക്സോപ്പ് നിര്‍മാണത്തിനുള്ള യന്ത്രം സ്ഥാപിക്കും. അതോടെ കമ്പനിയുടെ പ്രമുഖ അലക്ക് ബ്രാന്‍ഡായ കേരള വാഷ്‌വെല്‍ ബാര്‍സോപ്പ് ഉടന്‍ ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങും. മറ്റ് ജനപ്രിയ കുളിസോപ്പുകളായ വേപ്പ്, ത്രില്‍ എന്നിവയും ഏപ്രിലോടെ ഉല്‍പ്പാദനം തുടങ്ങാനാകും. വര്‍ഷങ്ങളായി പൂട്ടിക്കിടന്ന കേരള സോപ്സ് എല്‍ഡിഎഫ് സര്‍ക്കാരിന്റെയും വിശിഷ്യ, വ്യവസായമന്ത്രി എളമരം കരീമിന്റെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ജനുവരി ഒന്നിനാണ് പുനരുദ്ധരിച്ച് നാടിന് സമര്‍പ്പിച്ചത്. 15 കോടി രൂപ ലഭിക്കുന്നതോടെ ഏത് വന്‍കിട സ്വകാര്യ മില്ലിനോടും കിടപിടിക്കാവുന്ന രീതിയില്‍ തിരുവണ്ണൂര്‍ കോട്ടമില്‍ വളരും. 2500 സ്പിന്‍ഡലുകളുള്ള മില്‍ ആയി മലബാര്‍ സ്പിന്നിങ്മില്‍ മാറും. മില്ലിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ 15 കോടി അനുവദിക്കുമെന്ന് ഒന്നാം ഘട്ട വികസനത്തിനെത്തിയ മന്ത്രി തോമസ് ഐസക് വാഗ്ദാനം ചെയ്തിരുന്നു. ഇത് യാഥാര്‍ഥ്യമാക്കിയതില്‍ അങ്ങേയറ്റം സന്തോഷത്തിലാണ് മില്ലിലെ ജീവനക്കാരും നാട്ടുകാരും.

കോഴിക്കോട്ട് ആദ്യ ചില്‍ഡ്രന്‍സ് സ്പോര്‍ട്സ് പാര്‍ക്കും കെ ടി മുഹമ്മദ് തിയേറ്റര്‍ കോംപ്ളക്സും

കൊച്ചുകുട്ടികളുടെ കായികക്ഷമത വര്‍ധിപ്പിക്കാനായി, കേരളത്തിലാദ്യത്തെ 'ചില്‍ഡ്രന്‍സ് സ്പോര്‍ട്സ് പാര്‍ക്ക്' കോഴിക്കോട്ട് തുറക്കും. നാടകപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നാടകാചാര്യന്‍ കെ ടി മുഹമ്മദിന്റെ സ്മരണാര്‍ഥമുള്ള തിയേറ്റര്‍ കോംപ്ളക്സും കോഴിക്കോട്ട് ആരംഭിക്കും. വെള്ളിയാഴ്ച ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ഇതിനുള്ള തുക നീക്കിവച്ചു. പ്രോജക്ട് റിപ്പോര്‍ട്ട് പൂര്‍ത്തിയാവുന്നതോടെ ആവശ്യമുള്ള തുക ഇനിയും അനുവദിക്കും. എ പ്രദീപ്കുമാര്‍ എംഎല്‍എയാണ് രണ്ട് പദ്ധതികളും ശുപാര്‍ശചെയ്തത്. കോഴിക്കോട് ബീച്ച് ഏരിയയിലാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക് തുറക്കുക. നാലേക്കറോളം സ്ഥലത്ത് വിവിധ കളികള്‍ക്കുള്ള സൌകര്യമൊരുക്കും. സ്ഥിരമായി ഇവിടെയെത്തുന്ന കുട്ടികളെ വിദഗ്ധരായ കോച്ചുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കും. കുട്ടികള്‍ക്ക് അവരവര്‍ക്കിഷ്ടമുള്ള കളികളിലേര്‍പ്പെടാനും സൌകര്യമുണ്ടാകും. കുട്ടികളോടൊപ്പമെത്തുന്ന രക്ഷിതാക്കള്‍ക്ക് ഇരിക്കാനും കാറ്റ് കൊള്ളാനുമുള്ള സംവിധാനങ്ങളും പാര്‍ക്കില്‍ ഏര്‍പ്പെടുത്തും. ചില്‍ഡ്രന്‍സ് പാര്‍ക്കിനും നഗരത്തിലെ മൂന്ന് സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനുള്ള പ്രിസം പദ്ധതിക്കുമായി 30 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാവുന്നതോടെ വന്‍ തുക ഇതിനായി നേടിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്ന് എ പ്രദീപ്കുമാര്‍ പറഞ്ഞു. കെ ടി മുഹമ്മദിന്റെ പേരിലുള്ള തിയേറ്റര്‍ കോംപ്ളക്സിന് 15 ലക്ഷം രൂപയും അനുവദിച്ചു. നാടകങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളാണ് ഇവിടെ ആവിഷ്കരിക്കുക. ഇതിന് സ്ഥലം കണ്ടെത്തി പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാവുന്നതോടെ ഇനിയും തുക ലഭിക്കും. കോഴിക്കോട്ട് നിര്‍മിക്കാന്‍ പോകുന്ന സൈബര്‍ പാര്‍ക്കിനും ബജറ്റില്‍ തുക നീക്കിവച്ചിട്ടുണ്ട്. കേരളത്തിലെ മൂന്ന് പ്രധാന പാര്‍ക്കിനും അതിന്റെ കീഴിലുള്ള അനുബന്ധ പാര്‍ക്കുകള്‍ക്കുമായി 70 കോടി അനുവദിച്ചു. ഇതില്‍നിന്നുള്ള വിഹിതമാണ് കോഴിക്കോടിന് ലഭിക്കുക. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ഇതുവഴി സാധിക്കും. കോഴിക്കോട് മെഡിക്കല്‍കോളേജിന്റെ വികസനത്തിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.

വയനാട് ജില്ലയിലെ പാവങ്ങള്‍ക്ക് ആശ്വാസമായി രണ്ട് രൂപക്ക് അരി

ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ ജില്ലക്ക് മുന്തിയ പരിഗണന. പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ക്ക് 2 രൂപക്ക് ഒരു കിലോഗ്രാം അരി നല്‍കാനുള്ള പ്രഖ്യാപനമാണ് ഇതില്‍ ഏറ്റവും പ്രധാനം. ജില്ലയിലെ ആദിവാസികള്‍ക്കും പാവപ്പെട്ടവര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. റേഷന്‍ വിഹിതം തന്നെ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം നിര്‍ധനര്‍ക്ക് വലിയ ആശ്വാസമാകും. സംസ്ഥാനത്ത് 35 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തും. ശ്രീചിത്ര മെഡിക്കല്‍ സെന്റിന് സ്ഥലം ഏറ്റെടുക്കുന്നതിന് ബജറ്റില്‍ പണം വകയിരുത്തിയത് ജില്ലയിലെ ആരോഗ്യ മേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്ന വലിയ സേവനമാണ്. പൂക്കോട് വെറ്ററിനറി കോളേജിന് ഒരു കോടി രൂപ അനുവദിച്ചതും ജില്ലക്ക് ഗുണകരമാകും. കന്നുകാലി ഇന്‍ഷുറന്‍സിന് 5 കോടി രൂപ അനുവദിച്ചതും മൃഗ സംക്ഷണത്തിന് 118 കോടി രൂപ നീക്കിവെച്ചതും ജില്ലയിലെ ക്ഷീര മേഖലയുടെ വികസനത്തിന് വഴിവെക്കും. സംസ്ഥാനത്ത് പാലുല്‍പാദനത്തില്‍ മുന്നിട്ട് നില്‍ക്കുന്ന വയനാടിന് പ്രോത്സാഹനമാകുന്നതാണ് സര്‍ക്കാരിന്റെ തീരുമാനം. നെല്‍കൃഷി പ്രോത്സാഹനത്തിന് 500 കോടി രൂപ വകയിരുത്തിയതും ജില്ലയിലെ നെല്‍കൃഷി പുനരുദ്ധാരണത്തിന് കരുത്ത് പകരുന്നതാണ്. തരിശ് നിലങ്ങളില്‍ നെല്‍ കൃഷിയിറക്കുന്നതിനും പാട്ടകൃഷിയിലൂടെ നെല്‍കൃഷി വ്യാപിപ്പിക്കുന്നതിനും ഇത് സഹായകരമാവും. അടക്ക കൃഷിക്ക് 10 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചത് ജില്ലയിലെ കവുങ്ങ് കര്‍ഷകര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. വിലയിടിവ് മൂലം അടക്കാകര്‍ഷകരുടെ സ്ഥിതി ദയനീയമാണ്.

വയനാടിന് മെഗാടൂറിസം പദ്ധതി പ്രഖ്യാപിച്ചതും വലിയ നേട്ടമായിരിക്കും. ഇതിന്റെ ഭാഗമായി ടൂറിസം റോഡുകളുടെ വികസനം ത്വരിതഗതിയില്‍ നടക്കും. ടൂറിസ്റ്റ് മേഖലയിലെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഇതിന്റെ ഭാഗമായി നടപ്പിലാക്കും. എസ്സി- എസ്ടി വിദ്യാര്‍ഥികളുടെ മെട്രിക് ഹോസ്റ്റല്‍ അലവന്‍സ് വര്‍ധിപ്പിച്ചതിന്റെയും വലിയ മെച്ചം ജില്ലയിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്കാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഹോസ്റ്റല്‍ അലവന്‍സ് ഇരട്ടിയിലേറെ നേരത്തെ വര്‍ധിപ്പിച്ചിരുന്നു. ബജറ്റിലെ വര്‍ധനയോടെ അലവന്‍സ് ഗണ്യമായി കൂടും. പ്ളസ് ടു തലത്തില്‍ ആദിവാസി വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന് എസ്എസ്എ മോഡലില്‍ പഠന വീട് പദ്ധതി തുടങ്ങും. മലയോര ഹൈവേയുടെ പണി ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന ബജറ്റ് പ്രഖ്യാപനവും ജില്ലയെ സംബന്ധിച്ച് പ്രധാനമാണ്. ജില്ലയുടെ യാത്ര പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ ഇതുവഴി കഴിയും. ദേശീയ തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത് കല്‍പ്പറ്റ നഗരസഭയിലെ പാവപ്പെട്ടവര്‍ക്ക് ഗുണകരമാകും.

മാനന്തവാടി മണ്ഡലത്തിന്റെ വികസനത്തിന് ആക്കം കൂട്ടും

മാനന്തവാടി മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കുട്ടുന്ന നിര്‍ദേശങ്ങളാണ് വെള്ളിയാഴ്ച ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിലുള്ളത്. വയനാടിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന നിരവില്‍പുഴ പാലത്തിന് 3.5 കോടി രൂപയും കക്കടവ് പാലത്തിന് മൂന്ന് കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പനമരത്ത് പൊലീസ് സ്റ്റേഷന്‍ നിര്‍മിക്കുന്നതിനും കെഎസ്എഫ്ഇയുടെ ബ്രാഞ്ച് പനമരത്ത് ആരംഭിക്കുന്നതിനും ബജറ്റില്‍ ഫണ്ട് നല്‍കി. മാനന്തവാടി നിരവില്‍പുഴ റോഡിന് അഞ്ച് കോടി രൂപയും മാനന്തവാടി-പെരുവക-കമ്മന റോഡിന് ഒരു കോടി രൂപയും കാഞ്ഞിരങ്ങാട് -പുതുശ്ശേരി റോഡിന് രണ്ട് കോടി രൂപയും കോറോം പാലേരി കരിമ്പില്‍ റോഡിന് ഒരു കോടിയും പുതുശ്ശേരി വഞ്ഞോട് -ഞര്‍ലോട്-പൊര്‍ലോം റോഡിന് രണ്ട് കോടിയും പനമരം ചെറുപുഴ പാലത്തിന് രണ്ട് കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ആറാട്ടുതറ, തലപ്പുഴ, തൃശ്ശിലേരി, കാട്ടിക്കുളം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ക്കും ഐഎച്ച്ആര്‍ഡിയുടെ പി കെ കാളന്‍സ്മാരക കോളേജ്, ജില്ലാ ഹോമിയോ ആശുപത്രി, ഡിഎംഒ ഓഫീസ്, നഴ്സിങ് സ്കൂള്‍ രണ്ടാംഘട്ടം എന്നിവയുടെ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. എട്ട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളും എട്ട് മൈനര്‍ ഇറിഗേഷന്‍ പദ്ധതികളും ആരംഭിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. പി കെ കാളന് സ്മാരകം നിര്‍മിക്കാനും തലക്കല്‍ ചന്തു സ്മാരക കായിക വിനോദ കേന്ദ്രത്തിനും ബജറ്റില്‍ ഇടം ലഭിച്ചു.

തലക്കല്‍ ചന്തുവിന് സ്മാരകമായി കായിക വിനോദകേന്ദ്രം

വെള്ളക്കാര്‍ക്കെതിരെ പഴശ്ശി നടത്തിയ പോരാട്ടങ്ങളുടെ നെടുന്തൂണായി നിന്ന തലക്കല്‍ ചന്തുവിന് സ്മാരകമായി കായിക വിനോദ കേന്ദ്രം നിര്‍മ്മിക്കുമെന്ന് ബജറ്റ് പ്രസംഗത്തിന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. വയനാടിന്റെ ഹൃദയവികാരം ഉള്‍ക്കൊണ്ടാണ്. പഴശ്ശിയുടെ വിശ്വസ്തനും കുറിച്യപടയുടെ തലവനുമായ തലക്കല്‍ ചന്തുവിന് പനമരത്ത് സ്മാരകമായി കായിക വിനോദ കേന്ദ്രം നിര്‍മിക്കാര്‍ സര്‍ക്കാര്‍ തയ്യാറാവുന്നത്. പനമരത്തെ കോളി മരത്തിന്റെ ചുവട്ടില്‍ വെച്ച് വെള്ളപ്പട്ടാളം തലയറുത്തുകൊന്ന ദേശാഭിമാനിയെ സ്മരിക്കാന്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പ് വേണ്ടിവന്നു. നവംബര്‍ 15ന് പനമരത്ത് ആദിവാസികള്‍ ഒത്തുകൂടുന്ന ചടങ്ങലൊതുങ്ങിയ തലക്കല്‍ ചന്തുവിന്റെ ദിനാചരണം സ്മാരക നിര്‍മാണത്തോടെ ദേശാഭിമാനബോധമുള്ളവരുടെ ഒത്തുചേരലായി മാറും.

ഗദ്ദികയുടെ കുലപതിക്കും സര്‍ക്കാരിന്റെ ആദരം

ഗദ്ദികയുടെ കുലപതിയും നാടന്‍ കലാഅക്കാദമിയുടെ ചെയര്‍മാനുമായിരുന്ന പി കെ കാളന് സ്മാരകം നിര്‍മിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തി. വെള്ളിയാഴ്ച അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് പി കെ കാളന് സ്മാരകം നിര്‍മിക്കാന്‍ 15 ലക്ഷം രൂപ അനുവദിച്ചത്. അടിയോരുടെ അനുഷ്ടാനകലയായ ഗദ്ദികയെ ഊരുകളില്‍ നിന്നും പുറം ലോകത്തെത്തിച്ചത് കാളനായിരുന്നു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ച കാളന്‍ സിപിഐ എം കാട്ടിക്കുളം ലോക്കല്‍ കമ്മിറ്റി അംഗമായും എകെഎസ് സംസ്ഥാന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വികസന പ്രഭയില്‍ പൈതൃകനഗരി

പൈതൃകനഗരിയില്‍ വികസനത്തിന്റെ സുവര്‍ണ രഥമുരുളുകയായി. തലശേരിയുടെ വികസനക്കുതിപ്പിന് കൂടുതല്‍ കരുത്തുപകരുന്നതാണ് ധനമന്ത്രി അവതരിപ്പിച്ച ബജറ്റ്. തലശേരി ഹെറിറ്റേജ് ടൂറിസം വികസനത്തിന് നൂറുകോടി രൂപയുടെ പദ്ധതിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. തലായി ഗോപാലപ്പേട്ട മത്സ്യബന്ധന തുറമുഖം ഈവര്‍ഷം പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനവും ഏറെ ആഹ്ളാദം പകരുന്നതാണ്. കേരളപ്പിറവിക്കുശേഷം ബജറ്റിലൂടെ തലശേരിക്ക് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടമാണിത്. മുഴപ്പിലങ്ങാട് ബീച്ചും ധര്‍മടം തുരുത്തും അറയ്ക്കല്‍ കൊട്ടാരവും ബന്ധിപ്പിക്കുന്നതാണ് 100കോടിയുടെ ഹെറിറ്റേജ് ടൂറിസം പദ്ധതി. പതിറ്റാണ്ടുകള്‍ പിന്നിട്ട തലശേരിയുടെ സ്വപ്നമാണ് ഈ വര്‍ഷംതന്നെ യാഥാര്‍ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ച തുറമുഖം. ഇതോടൊപ്പം തലശേരി കുടിവെള്ള വിപുലീകരണപദ്ധതിക്കും മുനിസിപ്പല്‍ സ്റ്റേഡിയം വികസനത്തിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ഒരു കോടി രൂപയാണ് മൈതാനം സംരക്ഷിക്കാന്‍ അനുവദിച്ചത്. തലശേരി ഉള്‍പ്പെടെ സംസ്ഥാനത്തെ നാലുകേന്ദ്രത്തില്‍ കുടിവെള്ള പദ്ധതിക്കായി ബജറ്റില്‍ 72 കോടിരൂപയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ചരിത്രസ്മാരകങ്ങളും പൈതൃകവും സംരക്ഷിക്കുകയെന്നതാണ് ഹെറിറ്റേജ് ടൂറിസം വികസനത്തിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം തീര്‍ഥാടന ടൂറിസത്തിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തും. മുസിരിസ് മാതൃകയിലാവും പദ്ധതിയെന്ന് ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. തകര്‍ച്ചഭീഷണി നേരിട്ട ചരിത്രപ്രസിദ്ധമായ ആംഗ്ളിക്കന്‍പള്ളിയും സെമിത്തേരിയും ഇതിന്റെ ആദ്യപടിയായി നവീകരിച്ചിരുന്നു. വിനോദസഞ്ചാര വികസനപദ്ധതിയില്‍ പുനര്‍നിര്‍മിച്ച ഓവര്‍ബറീസ്ഫോളിയും തുറന്നുകൊടുത്തു. സായാഹ്നങ്ങളിലും ഒഴിവുവേളകളിലും നൂറുകണക്കിനാളുകളാണ് ഇപ്പോള്‍ ഓവര്‍ബറീസ് ഫോളിയിലെത്തുന്നത്. തലശേരി പഴയപൊലീസ് സ്റ്റേഷനും ഇതോടൊപ്പം സംരക്ഷിച്ചു. ടൌസ്ക്വയര്‍, സീവ്യൂ പാര്‍ക്ക് നിര്‍മാണവും അന്തിമഘട്ടത്തിലാണ്. കോടതിക്ക് മുന്നിലുള്ള സെന്റിനറി പാര്‍ക്കിന്റെ പ്രവൃത്തിയും ആരംഭിച്ചു. കടലോര നടപ്പാതയുടെ രൂപരേഖയും തയ്യാറായിട്ടുണ്ട്. തലശേരി വിഷന്‍ 2025 വികസന സെമിനാറില്‍ ഉയര്‍ന്ന നിര്‍ദേശമുള്‍പ്പെടെ പരിഗണിച്ചാണ് ഹെറിറ്റേജ് ടൂറിസം പദ്ധതിയുടെ മാസ്റ്റര്‍പ്ളാന്‍ തയ്യാറാക്കുന്നത്.

പദ്ധതികള്‍ ഒന്നൊന്നായി പൂര്‍ത്തിയാവുന്നതോടെ വിനോദസഞ്ചാരികളുടെ സ്വപ്നതീരമായി തലശേരി മാറും. ചരിത്രപ്രസിദ്ധമായ ഓടത്തില്‍പള്ളി, ശ്രീരാമസ്വാമി ക്ഷേത്രം, ജഗന്നാഥ ക്ഷേത്രം, തലശേരി കോട്ട, ജവഹര്‍ഘട്ട്, ഗുണ്ടര്‍ട്ട് ബംഗ്ളാവ്, ധര്‍മടം തുരുത്ത്, മുഴപ്പിലങ്ങാട് ബീച്ച്, തലശേരിയിലെ പാണ്ടികശാലകള്‍ തുടങ്ങി ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട പൈതൃകസ്മാരകങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ഹെറിറ്റേജ് ടൂറിസത്തിന്റെ ഭാഗമായി കണ്ണി ചേര്‍ക്കപ്പെടും. തലശേരിയുടെ പ്രതീക്ഷക്കപ്പുറമുള്ള പദ്ധതികളാണ്് ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടത്. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനോടും എല്‍ഡിഎഫ് സര്‍ക്കാരിനോടും ഈ നാട് കടപ്പെട്ടിരിക്കുന്നു.

കണ്ണൂര്‍ വിമാനത്താവളം നിര്‍മാണത്തിന് വേഗതയേറും

ആയിരം കോടി രൂപ ഓഹരി മൂലധനമുള്ള കമ്പനി രൂപീകരിക്കാന്‍ ബജറ്റില്‍ പ്രഖ്യാപനം വന്നതോടെ കണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാകും. 26 ശതമാനം സര്‍ക്കാര്‍ ഓഹരിയും 25 ശതമാനം സഹകരണ-പൊതുമേഖലാ ഓഹരിയും 44 ശതമാനം സ്വകാര്യ പങ്കാളിത്ത ഓഹരിയുമുള്ള ആയിരം കോടി രൂപ അടച്ചുതീര്‍ത്ത ഓഹരി മൂലധനമുള്ള കമ്പനിയാണ് കണ്ണൂര്‍ വിമാനത്താവളം നിര്‍മിക്കുക. കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയായ 'സിയാല്‍' മാതൃകയിലുള്ളതാണ് കണ്ണൂര്‍ വിമാനത്താവള കമ്പനിയും. രണ്ടാംഘട്ട സ്ഥലമെടുപ്പ് വിജ്ഞാപന പ്രകാരമുള്ള 1092 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതോടെ വിമാനത്താവളത്തിന് തറക്കല്ലിടും. 80 ഏക്കര്‍ ഇതിനകം ഏറ്റെടുത്തു. ബാക്കി 292 ഏക്കര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. വീടുകള്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് ഇനി ഏറ്റെടുക്കാനുള്ളത്. 135 കുടുംബങ്ങള്‍ക്ക് പത്തുസെന്റ് വീതം നല്‍കാന്‍ അളന്ന് തിട്ടപ്പെടുത്തി. സ്ഥലമെടുപ്പിന് 250 കോടി രൂപ കിന്‍ഫ്രയുടെ കൈവശമുണ്ട്. നൂറുകോടി രൂപ ഇതിനകം വിലയായി ഭൂവുടമകള്‍ക്ക് നല്‍കി. 1997 ല്‍ നായനാര്‍ സര്‍ക്കാരാണ് കണ്ണൂര്‍ വിമാനത്താവള പദ്ധതിക്ക് തുടക്കമിട്ടത്. ഒന്നാം ഘട്ടത്തില്‍ 192 ഏക്കര്‍ ഏറ്റെടുത്തിരുന്നു. ഭരണമാറ്റത്തോടെ അഞ്ചുവര്‍ഷം പദ്ധതി പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു. വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് സ്ഥലമെടുപ്പ് പുനരാരംഭിച്ചത്. വിമാനത്താവളം വരുന്നതോടൊപ്പം ജില്ലയിലെ റോഡ് ഗതാഗതരംഗത്ത് സമൂല മാറ്റമുണ്ടാകുമെന്നത് വികസന കുതിച്ചുചാട്ടത്തിന് കാരണമാകും.

ചീമേനി വൈദ്യുതി നിലയത്തിന് 10 കോടി മൈലാട്ടിയില്‍ വന്‍കിട തുണിമില്ല്

സംസ്ഥാന ബജറ്റില്‍ ജില്ലക്ക് നേട്ടങ്ങളേറെ. സംസ്ഥാനത്ത് ആരംഭിക്കുന്ന എട്ട് പൊതുമേഖലാ വ്യവസായങ്ങളില്‍ ഒന്ന് കാസര്‍കോട് സ്ഥാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചു. പൊയിനാച്ചി മൈലാട്ടിയില്‍ ടെക്സ്റ്റയില്‍ മില്ലാണ് ഒരു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതിനായി 16 കോടി നീക്കിവെച്ചു. മൈലാട്ടിയില്‍ സെറിഫെഡിന്റെ കൈവശം ഉണ്ടായിരുന്ന സ്ഥലത്തില്‍നിന്ന് പത്തേക്കര്‍ സ്ഥലം മില്‍ സ്ഥാപിക്കാന്‍ ടെക്സ്റ്റയില്‍ വികസന കോര്‍പറേഷന് വിട്ടുകൊടുക്കും. ഭൂമി കിട്ടുന്നതിന് താമസമില്ലാത്തതിനാല്‍ മില്ലിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം കഴിയും. വലിയ വ്യവസായങ്ങളില്ലാത്ത ജില്ലയുടെ വികസന കുതിപ്പിന് ആക്കം കൂട്ടുന്നതായിരിക്കും ഈ പൊതുമേഖലാ വ്യവസായം. ചീമേനി സൂപ്പര്‍ തെര്‍മല്‍ വൈദ്യുതി നിലയത്തിന് പത്തു കോടിയാണ് നീക്കിവച്ചത്. ഇതിനുപുറമെ തെര്‍മല്‍ പ്ളാന്റ് സ്ഥാപിക്കുന്നതിനുള്ള സഹായം ചെയ്യേണ്ട സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന് ചീമേനി അടക്കമുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ 55 കോടിയും നല്‍കിയിട്ടുണ്ട്. മലബാര്‍ മേഖലയുടെ ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരമാകുന്ന താപനിലയം സ്ഥാപിക്കുന്നതോടെ കൂടുതല്‍ വ്യവസായങ്ങളും മറ്റ് സ്ഥാപനങ്ങളും മലബാറിലേക്ക് വരും. ഉദുമ മണ്ഡലത്തിലെ ആറാട്ടുകടവ് പാലത്തിന് ഒന്നേകാല്‍ കോടി നീക്കിവെച്ചു. കുറ്റിക്കോലില്‍ ഫയര്‍ സ്റ്റേഷന്‍ അനുവദിക്കാനും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. കെട്ടിടം പണിക്ക് മുഖ്യമന്ത്രി വി എസ് അച്യുതാന്ദന്‍ ശിലയിട്ടിരുന്നു. അത് പൂര്‍ത്തിയാകുന്നമുറക്ക് ആവശ്യമായ തസ്തിക അനുവദിച്ച് ഫയര്‍സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കും.

കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ച മടക്കര മത്സ്യബന്ധന തുറമുഖത്തിന് 25 ലക്ഷം വകയിരുത്തിയത് തുറമുഖ നിര്‍മാണം വേഗത്തിലാക്കാന്‍ കഴിയും. സീതാംഗോളിയില്‍ ഐടിഐ ആരംഭിക്കാനും നിര്‍ദേശമുണ്ട്. ഉദുമയിലും കാസര്‍കോട്ടും കെഎസ്എഫ്ഇ ശാഭ അനുവദിക്കും. കാസര്‍കോട് സായഹ്നശാഖയാണ്. കാഞ്ഞങ്ങാടും കാസര്‍കോടുമാണ് കെഎസ്എഫ്ഇ ശാഖ ഇപ്പോഴുള്ളത്. കാസര്‍കോട് കെഎസ്ആര്‍ടിസി തുളുനാട് ഷോപ്പിങ് കോംപ്ളക്സ് ഈ വര്‍ഷം പൂര്‍ത്തിയാക്കും. കെല്‍ വികസനത്തിന് 30 കോടി നീക്കിവെച്ചിട്ടുണ്ട്. കാസര്‍കോട് കെല്ലിനും ഇതിന്റെ പ്രയോജനം ലഭിക്കും. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ചീമേനി ഉള്‍പ്പെടെയുള്ള ഐടി പാര്‍ക്കുകള്‍ക്ക് സ്ഥലം ഏറ്റെടുക്കാന്‍ ബജറ്റില്‍ നിര്‍ദേശമുണ്ട്. കൊച്ചി-മംഗളൂരു ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയുടെ ഭാഗമായി ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ തുടങ്ങും. 17 കോടി രൂപ നീക്കിവെച്ച പദ്ധതിക്ക് കൊച്ചി- കാസര്‍കോട് വ്യവസായ കോറിഡോര്‍ തുടങ്ങാന്‍ കമ്പനി രൂപീകരിക്കും. ഇതിനായി അഞ്ച് കോടി നീക്കിവെച്ചിട്ടുണ്ട്.

10 കോടിയുടെ അടക്ക കര്‍ഷകപാക്കേജ്

വിലയിടിവും വിളനാശവും തളര്‍ത്തിയ അടക്കാകര്‍ഷകര്‍ക്ക് ബജറ്റില്‍ സഹായഹസ്തം. 10 കോടിയുടെ അടക്ക കര്‍ഷകപാക്കേജാണ് ധനമന്ത്രി ബജറ്റിലൂടെ പ്രഖ്യാപിച്ചത്. ലോകാരോഗ്യ സംഘടനയുടെ നിയന്ത്രണമുണ്ടെന്ന വാദത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെല്ലാം അടക്കകര്‍ഷകരെ കൈയൊഴിഞ്ഞപ്പോഴാണ് സംസ്ഥാനസര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം. അടക്കാകൃഷി പ്രോത്സാഹന വിളയല്ലെന്നും അതിനാല്‍ ഈ മേഖലയില്‍ പുതിയ പദ്ധതികള്‍ പാടില്ലെന്നുമാണ് കേന്ദ്രനിലപാട്. ആസിയാനടക്കമുള്ള സ്വതന്ത്രവ്യാപാര കരാറിന്റെ ഫലമായി ഏറ്റവുമധികം കണ്ണീരുകുടിക്കുന്ന അടക്കാകര്‍ഷകര്‍ക്ക് പുതിയ ബജറ്റ് പ്രഖ്യാപനം ആശ്വാസത്തിന്റെ തൂവാലയാകും. പത്ത് വര്‍ഷം മുമ്പ് കിലോക്ക് 175 രൂപ വരെ അടക്കക്ക് വില കിട്ടി. ഇപ്പോള്‍ 60 രൂപയില്‍ താഴെയാണ്. കിലോക്ക് 15 രൂപയെങ്കിലും സബ്സിഡി നല്‍കി അടക്കാകര്‍ഷക പാക്കേജ് നടപ്പാക്കണമെന്നാണ് കര്‍ഷകസംഘവും കാംപ്കോയും ആവശ്യപ്പെട്ടത്. ഇതിലേക്കുള്ള ചുവടുവെപ്പാകും പുതിയ കര്‍ഷക പാക്കേജ്.

പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സി എച്ച് കുഞ്ഞമ്പു എംഎല്‍എയുടെ നേതൃത്വത്തിലുള്ള കാംപ്കോ പ്രതിനിധി സംഘം മുഖ്യമന്ത്രിയെയും ധന, കൃഷി മന്ത്രിമാരെയും നേരില്‍ കണ്ടിരുന്നു. വില തകര്‍ച്ച തുടരുന്നതിനാല്‍ വ്യാപാരികള്‍ ഇപ്പോള്‍ അടക്ക വാങ്ങാത്ത സ്ഥിതിയാണ്. വിറ്റഴിക്കാന്‍ കഴിയാത്ത അടയ്ക്ക കര്‍ഷകരുടെ പക്കല്‍ കെട്ടികിടന്ന് നശിക്കുന്നു. ഉല്‍പാദനചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ നഷ്ടവിളയാണ് അടക്ക. ശ്രീലങ്കയുമായി വ്യാപാരകരാര്‍ ഒപ്പിട്ടതോടെയാണ് ചുങ്കമില്ലാതെ അടക്ക വന്‍തോതില്‍ ഇവിടേക്ക് ഒഴുകിയെത്തിയത്. ഇറക്കുമതി നിര്‍ബാധം തുടര്‍ന്നതോടെ 170 രൂപയില്‍ നിന്നും 40 രൂപയായി കുറയാന്‍ ഒരുവര്‍ഷമേ വേണ്ടി വന്നുള്ളൂ. 1999 ജൂണില്‍ നിന്ന് 2000 ജൂണിലേക്കെത്തുമ്പോഴെക്കാണ് ഈ വിലതകര്‍ച്ച. വില ഉയരുന്ന ഘട്ടത്തില്‍ ബാങ്കില്‍നിന്ന് വായ്പയെടുത്ത് വ്യാപകമായി കൃഷിയിറക്കുകയും ഇതിന്റെ വിളവെടുപ്പ് തുടങ്ങിയ ഘട്ടത്തിലുണ്ടായ വിലതകര്‍ച്ച ജില്ലയിലെ അടക്കാകര്‍ഷകരെ ആത്മഹത്യയുടെ മുനമ്പിലാണെത്തിച്ചത്. കേരളത്തിലും കര്‍ണാടകയിലുമായി 500 ലേറെ കവുങ്ങ് കര്‍ഷകരാണ് 2004-06 വര്‍ഷത്തില്‍ ആത്മഹത്യ ചെയ്തത്. ജില്ലയില്‍ മാത്രം 52 കവുങ്ങ് കര്‍ഷകര്‍ മരണം വരിച്ചു. 2006 ല്‍ എല്‍ഡിഎഫ് സര്‍ക്കാരും പി കരുണാകരന്‍ എംപിയും നിരന്തരം കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി അടക്കയുടെ ഇറക്കുമതിക്ക് ചില നിയന്ത്രണം ഏര്‍പ്പെടുത്തി. മംഗളൂരു തുറമുഖം വഴി മാത്രം ഇറക്കുമതി നടത്താനും തീരുവ 100 ശതമാനമായി ഉയര്‍ത്താനും ഇതേ തുടര്‍ന്ന് കേന്ദ്രം തീരുമാനിച്ചു. തുടര്‍ന്ന് അടയ്ക്കയുടെ വില രണ്ട് വര്‍ഷത്തിനിടയില്‍ 45 രൂപയില്‍ നിന്നും 95 രൂപ വരെ ഘട്ടംഘട്ടമായി ഉയര്‍ന്നു. 2008-09 കാലയളവില്‍ കിലോവിന് 95 രൂപ ലഭിച്ചു. എട്ടുമാസം മുമ്പ് അടക്കയുടെ ഇറക്കുമതി നിയന്ത്രണത്തിലും തീരുവയിലും കേന്ദ്രസര്‍ക്കാര്‍ അപ്രഖ്യാപിതമായി ഇളവുവരുത്തിയതോടെ വില വീണ്ടും ഇടിയാന്‍ തുടങ്ങി. വിപണി വിലയില്‍ ഇടപെടാനും നിലവിലുള്ള കവുങ്ങ് കര്‍ഷകര്‍ക്ക് ആശ്വാസം എത്തിക്കാനും പുതിയ ബജറ്റ് നിര്‍ദ്ദേശം അത്താണിയാകുമെന്നാണ് കര്‍ഷകര്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.

നീലേശ്വരത്ത് ഇ എം എസ് സ്മാരക സ്റ്റേഡിയത്തിന് 2കോടി

കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയെ വിജയിപ്പിച്ച നീലേശ്വരത്ത് അദ്ദേഹത്തിന്റെ സ്മാരകമായി ആധുനിക സൌകര്യങ്ങളുള്ള സ്റ്റേഡിയം വരുന്നു. ഇ എം എസ് സ്മാരക സ്റ്റേഡിയത്തിന് രണ്ട് കോടിയാണ് സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയത്. കേരള സംസ്ഥാനം രൂപീകരിച്ച് 1957 ല്‍ നടന്ന ആദ്യ തെഞ്ഞെടുപ്പില്‍ ഇ എം എസ് മത്സരിച്ച് വിജയിച്ചത് നീലേശ്വരം മണ്ഡലത്തില്‍നിന്നായിരുന്നു. അദ്ദേഹത്തിന്റെ ജന്മശതാബ്ദി വര്‍ഷത്തിലാണ് നീലേശ്വരത്ത് സര്‍ക്കാരിന്റെ സ്മാരകം ഉയരുന്നത്. അന്ത്യാധുനിക സൌകര്യങ്ങളുള്ള സ്റ്റേഡിയം നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. നീലേശ്വരം ബ്ളോക്ക് ഓഫീസിന്റെ അടുത്ത് സ്റ്റേഡിയത്തിനാവശ്യമായ സ്ഥലം ലഭ്യമാണ്. റവന്യു ഭൂമിയായതിനാല്‍ സ്റ്റേഡിയം നിര്‍മാണം ആരംഭിക്കുന്നതിന് സാങ്കേതിക തടസ്സമില്ല. ഫുട്ബോളിന്റെ നാടായ നീലേശ്വരം, തൃക്കരിപ്പൂര്‍ പ്രദേശങ്ങളുടെ കായിക വികസനത്തിന് സ്റ്റേഡിയം ഉപകരിക്കും. സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ മത്സരങ്ങള്‍ നടത്താനുള്ള സൌകര്യമാണ് നീലേശ്വരത്ത് ഒരുങ്ങുന്നത്. സാംസ്കാരിക മേഖലയിലും ജില്ലക്ക് അംഗീകാരം ലഭിച്ചു. കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പി സ്മാരക മന്ദിരത്തിന് ഒറ്റത്തവണയായി 15 ലക്ഷം രൂപ നല്‍കും.

ദേശാഭിമാനി 060310

1 comment:

  1. റേഷന്‍വിഹിതം വെട്ടിക്കുറച്ച് കേന്ദ്രം കേരളത്തെ പട്ടിണിക്കിടുമ്പോള്‍ കര്‍ഷകത്തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും ക്ഷേമപദ്ധതികളുമായി കേരളം മാതൃകയാവുയാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ ജനറല്‍സെക്രട്ടറി സുധാ സുന്ദര്‍ രാമന്‍. ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് കേന്ദ്രത്തിനുള്ള മറുപടിയാണ്. ഇ എം എസ് ജന്മശതാബ്ദിയുടെ ഭാഗമായി ജനാധിപത്യ മഹിളാ അസോസിയേഷന്‍ എലപ്പുള്ളിയില്‍ സംഘടിപ്പിച്ച 'ഇ എം എസും സ്ത്രീവിമോചന രാഷ്ട്രീയവും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മുതലാളിത്തവ്യവസ്ഥയില്‍ സ്ത്രീകളുടെ അധ്വാനമൂല്യം കണക്കാക്കപ്പെടുന്നില്ല. തൊഴില്‍മേഖലകളില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നു. ആത്മീയതയുടെ പേരിലും ചൂഷണം നടക്കുന്നു. സ്ത്രീവിമോചനം പോരാട്ടത്തിലൂടെ മാത്രമേ സാധ്യമാവൂ. സ്ത്രീസംവരണ ബില്ലിന്റെ ഭാവി കാത്തിരുന്ന് കാണണമെന്നും അവര്‍ പറഞ്ഞു.

    ReplyDelete