Sunday, August 28, 2011

കുടിവെളളം ലഭ്യമാകാത്തവര്‍ 100 കോടിയിലേറെ

ജനീവ: ലോകത്താകമാനം കുടിവെളളം ലഭ്യമാകാത്തവരുടെ എണ്ണം 100 കോടിയിലേറെയാണെന്ന്‌ ഐക്യരാഷ്‌ട്രസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇപ്പോഴത്തെ അവസ്ഥ തുടരുകയും പുതിയ ജലസ്രോതസ്സുകള്‍ കണ്ടെത്തുകയും ചെയ്യാതിരുന്നാല്‍ 2030 ല്‍ ലോകത്ത്‌ 40 ശതമാനത്തിലേറെപ്പേര്‍ക്ക്‌ കുടിവെളളം അന്യമാകുമെന്ന്‌ ഗ്രീന്‍ എക്കണോമി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ലോകത്ത്‌ ഒരു വര്‍ഷം ഉല്‍പ്പാദിപ്പിക്കപ്പെട്ട സാധനങ്ങളുടേയും സേവനങ്ങളുടേയും ശരാശരി മൂല്യമായ (ജി ഡി പി റേറ്റ്‌) 19800 കോടി ഡോളറില്‍ നിന്ന്‌ 0.16 ശതമാനം കുടിവെളളം ലഭ്യമാക്കാന്‍ ഉപയോഗപ്പെടുത്തിയാല്‍ കുടിവെളളം കിട്ടാത്ത പകുതിയിലേറെപ്പേര്‍ക്ക്‌ അടുത്ത നാലുവര്‍ഷത്തേയ്‌ക്ക്‌ സുരക്ഷിതമായ രീതിയില്‍ ശുദ്ധജലം ലഭ്യമാക്കാന്‍ കഴിയുമെന്ന്‌ ഐക്യരാഷ്‌ട്രസഭ പരിസ്ഥിതി സമിതിയുടെ വക്താവ്‌ നിക്ക്‌ നട്ടാല്‍ അഭിപ്രായപ്പെട്ടു. മലിനജലം കുടിക്കുന്ന ലക്ഷക്കണക്കിന്‌ ആള്‍ക്കാരില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുത്തുകൊണ്ടിരിക്കുന്നതായി വക്‌താവ്‌ പറഞ്ഞു.

പ്രധാനമായും കമ്പോഡിയ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്‌, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ്‌ പ്രധാനമായും മലിനജനത്തിന്റെ ദുരന്തം പേറുന്നത്‌. ജലജന്യ രോഗങ്ങള്‍ ഇവിടെ നിയന്ത്രണാതീതമായി പെരുകുകയാണ്‌.

ജല അധിഷ്‌ഠിത ആവാസവ്യവസ്ഥയില്‍ കൂടുതല്‍ നിക്ഷേപമിറക്കുക. ജലനിയന്ത്രണസംവിധാനങ്ങളും അടിസ്ഥാനസൗകര്യങ്ങളും വര്‍ധിപ്പിക്കുക, ജലനയം രൂപീകരിക്കുക എന്നീ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച്‌ ജനങ്ങളുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കാനും അത്‌ വഴി സാമ്പത്തികരംഗത്ത്‌ ഉയര്‍ച്ച കൈവരിക്കാനും ലോകരാജ്യങ്ങള്‍ തയ്യാറാകണമെന്ന്‌ ഐക്യരാഷ്‌ട്രസഭാ പരിസ്ഥിതി വിഭാഗം എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ അഷിം സ്റ്റീനര്‍ ആവശ്യപ്പെട്ടു. വ്യക്തമായ ജലനയം രൂപീകരിക്കാതെയും ഈ മേഖലയില്‍ ആവശ്യമായ നിക്ഷേപമിറക്കാതെയുമിരുന്നാല്‍ ജലദൗര്‍ലഭ്യം സാധാരണമായി മാറുമെന്ന്‌ പഠനസംഘത്തെ നയിച്ച പ്രഫ: മൈക്ക്‌ യംഗ്‌ പറഞ്ഞു.

കൂടുതല്‍ ജലസ്രോതസ്സുകള്‍ കണ്ടെത്തുക, ഉപയോഗിച്ച ജലം തന്നെ വീണ്ടും റീസൈക്കിള്‍ ചെയ്‌ത്‌ ഉപയോഗിക്കുക, പുതിയ അണക്കെട്ടുകള്‍ നിര്‍മിക്കുക എന്നിവയാണ്‌ കുടിവെളള ദൗര്‍ലഭ്യം പരിഹരിക്കാനുളള പ്രധാനമാര്‍ഗ്ഗങ്ങളായി ഐക്യരാഷ്‌ട്രസഭ ചൂണ്ടിക്കാണിക്കുന്നത്‌. പഠനസംഘത്തിന്റെ കണ്ടെത്തലുകള്‍ ഈയാഴ്‌ച സ്റ്റോക്ക്‌ഹോമില്‍ നടക്കുന്ന വേള്‍ഡ്‌ വാട്ടര്‍ വീക്കില്‍ അവതരിപ്പിക്കും.

janayugom 280811

1 comment:

  1. ലോകത്താകമാനം കുടിവെളളം ലഭ്യമാകാത്തവരുടെ എണ്ണം 100 കോടിയിലേറെയാണെന്ന്‌ ഐക്യരാഷ്‌ട്രസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇപ്പോഴത്തെ അവസ്ഥ തുടരുകയും പുതിയ ജലസ്രോതസ്സുകള്‍ കണ്ടെത്തുകയും ചെയ്യാതിരുന്നാല്‍ 2030 ല്‍ ലോകത്ത്‌ 40 ശതമാനത്തിലേറെപ്പേര്‍ക്ക്‌ കുടിവെളളം അന്യമാകുമെന്ന്‌ ഗ്രീന്‍ എക്കണോമി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

    ReplyDelete