Monday, August 29, 2011

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 102 കോടി മന്ത്രി വകമാറ്റി

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സംസ്ഥാനത്തെ 35 ലക്ഷത്തോളം കുടുംബങ്ങളുടെ ചികിത്സയ്ക്കായി നീക്കിവച്ച 102 കോടി ആരോഗ്യവകുപ്പ് വക മാറ്റി. പ്രീമിയം അടക്കാത്തതുമൂലം ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളായ ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ചികില്‍സാ സഹായം ലഭിക്കാതെവരും. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ മരുന്ന് വിതരണം നിലച്ചതിനാലാണ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഫണ്ട് വകമാറ്റാന്‍ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് നിര്‍ദേശം നല്‍കിയത്. പാവപ്പെട്ട രോഗികള്‍ക്ക് 35,000 രൂപമുതല്‍ ഒരു ലക്ഷം രൂപവരെ ചികിത്സാ സഹായത്തിനായുള്ള ഫണ്ട് അട്ടിമറിച്ചതോടെ പദ്ധതി അവതാളത്തിലായി. മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ മുതല്‍ താലൂക്ക് ആശുപത്രികള്‍വരെയുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ , ആര്‍സിസി, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, സഹകരണ മെഡിക്കല്‍ കോളേജുകള്‍ , തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ കിടത്തിചികിത്സിക്കുന്ന രോഗികള്‍ക്ക് ഒരു ലക്ഷം രൂപവരെയുള്ള ചികിത്സാ ചെലവ് നല്‍കുന്നതാണ് പദ്ധതി. എന്നാല്‍ ,ഇനിമുതല്‍ ആശുപത്രികളില്‍ ചികിത്സയ്ക്ക് പോകുന്നതിനുമുമ്പ് പദ്ധതിപ്രകാരമുള്ള ചികിത്സ ലഭ്യമാണോ എന്ന് ഫോണില്‍ അന്വേഷിക്കണമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

കേന്ദ്രസര്‍ക്കാര്‍ തൊഴില്‍മേഖലയില്‍ നടപ്പാക്കിയ രാഷ്ട്രീയ സ്വാസ്ഥ്യ ഭീമാ യോജന(ആര്‍എസ്ബിവൈ) എല്‍ഡിഎഫ് ഭരണകാലത്ത് വിപുലീകരിച്ച് മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന വിധം സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായി നടപ്പാക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ദേശീയ മാതൃകയായി അംഗീകരിച്ച ഈ പദ്ധതി സംസ്ഥാനത്ത് തദ്ദേശഭരണ, ആരോഗ്യ വകുപ്പുകളുമായി സംയോജിപ്പിച്ചാണ് നടപ്പാക്കിയത്. പദ്ധതി തുടങ്ങിയ 2009ല്‍ 45 കോടി രൂപയുടെ സഹായം രോഗികള്‍ക്ക് ലഭിച്ചപ്പോള്‍ 2010ല്‍ 65 കോടി രൂപയാണ് നല്‍കിയത്. പദ്ധതി ജനകീയമായതോടെ 2011ല്‍ രജിസ്റ്റര്‍ചെയ്ത കുടുംബങ്ങളുടെ എണ്ണം 35 ലക്ഷമായി. ഇങ്ങനെ രജിസ്റ്റര്‍ചെയ്തവരുടെ ഇന്‍ഷുറന്‍സ് പ്രീമിയം തുകയായ 102 കോടി രൂപയാണ് വകമാറ്റിയത്. രോഗികളുടെ ചികിത്സയ്ക്കായി പദ്ധതിയില്‍നിന്നും ലഭിക്കുന്ന തുകയുടെ നിശ്ചിത ശതമാനം സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യവികസനത്തിന് വിനിയോഗിക്കാനായിരുന്നു തീരുമാനം. തുക വകമാറ്റിയതോടെ ആശുപത്രികളുടെ അടിസഥാന സൗകര്യവികസനവും ഇല്ലാതായി.

മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ടെന്‍ഡര്‍ നടപടികള്‍ വൈകിയതിനാലാണ് ആര്‍എസ്ബിവൈ ഫണ്ട് മരുന്ന് വാങ്ങാന്‍ നീക്കിവച്ചതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ചില പ്രായോഗിക കാരണങ്ങളാല്‍ ടെന്‍ഡര്‍ വൈകിയെന്നും മന്ത്രി സമ്മതിച്ചു. കോര്‍പറേഷന്‍ ടെന്‍ഡര്‍ നടപടികള്‍ വൈകിയതോടെ ലോക്കല്‍ പര്‍ച്ചേയ്സിന്റെ മറവിലുള്ള വെട്ടിപ്പ് ശക്തിപ്പെട്ടുവെന്ന് "ദേശാഭിമാനി" റിപ്പോര്‍ട്ടുചെയ്തിരുന്നു. ഈ വെട്ടിപ്പിന് ആര്‍എസ്ബിവൈ ഫണ്ട് കൂടി വിനിയോഗിക്കുകയാണെന്നത് വെട്ടിപ്പിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നു.

620 ഇനം മരുന്നുകളുടെ വിതരണത്തിനുള്ള ടെന്‍ഡറാണ് ഈ സാമ്പത്തികവര്‍ഷത്തേക്കായി ക്ഷണിച്ചത്. എന്നാല്‍ , സാമ്പത്തികവര്‍ഷം തുടങ്ങി അഞ്ചുമാസം കഴിഞ്ഞിട്ടും. പകുതിയിനം എത്തിക്കുന്നതിനുള്ള നടപടി പോലും പൂര്‍ത്തിയായിട്ടില്ല. 387 ഇനങ്ങളുടെ ടെന്‍ഡര്‍ കഴിഞ്ഞുവെന്ന് മാത്രമാണ് മന്ത്രി പറയുന്നത്. എന്നാല്‍ , ഇങ്ങനെ ടെന്‍ഡര്‍ പൂര്‍ത്തിയായ മരുന്നുകളിലും ചെറിയ ശതമാനം മാത്രമേ എത്തിയിട്ടുള്ളൂ. ചില മരുന്നുകളുടെ ടെന്‍ഡര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു കമ്പനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്തരം അവസരങ്ങളില്‍ റീ ടെന്‍ഡര്‍ ചെയ്യുന്നതിനുപകരം കാലതാമസത്തിന്റെ പേര് പറഞ്ഞ് അതേ കമ്പനിക്കുതന്നെ കരാര്‍ നല്‍കി. കമ്പനി ഏജന്റുമാരും സര്‍ക്കാരും ഒത്തുകളിച്ച് കോടികളുടെ കമീഷന്‍ ഇടപാടാണ് ഇതുവഴി നടന്നത്. കോര്‍പറേഷന്‍ രൂപീകരിച്ച ശേഷം ഇതുവരെ ഇത്രയും നീണ്ട കാലതാമസമുണ്ടായിട്ടില്ല. ആദ്യവര്‍ഷം ഒഴിച്ച് എല്ലാവര്‍ഷവും സാമ്പത്തികവര്‍ഷം ആദ്യംതന്നെ ടെന്‍ഡര്‍ പൂര്‍ത്തിയാക്കി മരുന്ന് എത്തിച്ചിട്ടുണ്ട്.
(എം രഘുനാഥ്)

deshabhimani 290811

1 comment:

  1. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സംസ്ഥാനത്തെ 35 ലക്ഷത്തോളം കുടുംബങ്ങളുടെ ചികിത്സയ്ക്കായി നീക്കിവച്ച 102 കോടി ആരോഗ്യവകുപ്പ് വക മാറ്റി. പ്രീമിയം അടക്കാത്തതുമൂലം ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളായ ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ചികില്‍സാ സഹായം ലഭിക്കാതെവരും. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ മരുന്ന് വിതരണം നിലച്ചതിനാലാണ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഫണ്ട് വകമാറ്റാന്‍ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് നിര്‍ദേശം നല്‍കിയത്. പാവപ്പെട്ട രോഗികള്‍ക്ക് 35,000 രൂപമുതല്‍ ഒരു ലക്ഷം രൂപവരെ ചികിത്സാ സഹായത്തിനായുള്ള ഫണ്ട് അട്ടിമറിച്ചതോടെ പദ്ധതി അവതാളത്തിലായി.

    ReplyDelete