Saturday, August 27, 2011

രാഹുല്‍ സഭയില്‍ ഓടിവന്ന് പ്രസംഗം വായിച്ചുമടങ്ങി

അപ്രതീക്ഷിതമായി ലോക്സഭയിലെത്തി പ്രസംഗം വായിച്ച രാഹുല്‍ഗാന്ധിക്കെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. വെള്ളിയാഴ്ച രാവിലെ ചോദ്യോത്തരവേളയ്ക്കു ശേഷം സ്പീക്കര്‍ പെട്ടെന്ന് ശൂന്യവേളയിലേക്ക് കടന്ന് രാഹുല്‍ഗാന്ധിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കുകയായിരുന്നു. ലോക്പാല്‍ബില്ലിനെക്കുറിച്ച് എഴുതി തയ്യാറാക്കിയ നാലുപേജ് പ്രസംഗം തിരക്കിട്ട് വായിച്ചു തീര്‍ക്കാന്‍ ശ്രമിക്കവേ പ്രതിപക്ഷം ബഹളംവച്ചു. മണ്ഡലങ്ങളിലെയും സംസ്ഥാനത്തെയും പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ശൂന്യവേളയില്‍ മുന്‍കൂട്ടി നോട്ടീസ് തന്ന് ദിവസങ്ങളായി കാത്തിരിക്കുന്ന തങ്ങളെ അവഗണിച്ചതിലും ശൂന്യവേളയില്‍ പ്രസംഗം വായിച്ചതിലും പ്രതിഷേധിച്ചാണ് ബഹളം. ബിജെപി അംഗങ്ങള്‍ ബഹളംവച്ചപ്പോള്‍ അതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് അംഗങ്ങളും എഴുന്നേറ്റു. ബഹളത്തെതുടര്‍ന്ന് രാഹുല്‍ഗാന്ധി പ്രസംഗം ഇടയ്ക്ക് വച്ചുനിര്‍ത്തി. പ്രതിപക്ഷാംഗങ്ങളും സ്പീക്കറും തമ്മില്‍ വാഗ്വാദമായി. തന്റെ അധികാരമുപയോഗിച്ച് രാഹുലിന് അനുവാദം നല്‍കിയതാണെന്ന് സ്പീക്കര്‍ മീരാകുമാര്‍ പറഞ്ഞു. എന്നാല്‍ , ശൂന്യവേളയില്‍ സംസാരിക്കാന്‍ രാഹുല്‍ഗാന്ധി രാവിലെ അവസരം ചോദിച്ചിരുന്നുവെന്ന് പാര്‍ലമെന്ററിമന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ബഹളത്തിനിടെ രാഹുല്‍ഗാന്ധി പ്രസംഗം വായിച്ചുതീര്‍ത്തു. പ്രസംഗത്തിന്റെ ഓരോ പാരഗ്രാഫ് കഴിയുമ്പോഴും കോണ്‍ഗ്രസ് അംഗങ്ങള്‍ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. രാഹുലിന്റെ പ്രസംഗം കേള്‍ക്കാന്‍ പ്രിയങ്കാഗാന്ധിയും സന്ദര്‍ശക ഗ്യാലറിയില്‍ എത്തിയിരുന്നു. പ്രസംഗം തീര്‍ത്ത് രാഹുലും പ്രിയങ്കയും തിരിച്ചുപോയി.

അഴിമതി തടയാനുള്ള ഒറ്റമൂലിയാണ് ലോക്പാലെന്ന് താന്‍ കരുതുന്നില്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. പക്ഷേ, അഴിമതി തടയാനുള്ള മാര്‍ഗങ്ങളിലൊന്നാണ് ശക്തമായ ലോക്പാല്‍ . തെരഞ്ഞെടുപ്പ് കമീഷനുസമാനമായി സ്വതന്ത്രാധികാരമുള്ള ലോക്പാല്‍ രൂപീകരിക്കണം-രാഹുല്‍ഗാന്ധി പറഞ്ഞു. ലോക്പാല്‍ബില്‍ കൊണ്ടുമാത്രം അഴിമതി തടയാനാകില്ല എന്ന രാഹുലിന്റെ പ്രസ്താവനയില്‍ ഹസാരെ സംഘം പ്രതിഷേധിച്ചു. രാഹുലിന്റെ വീട് ഘെരാവോ ചെയ്യാന്‍ സംഘം ആഹ്വാനംചെയ്തു. വൈകിട്ട് രാഹുല്‍ഗാന്ധിയുടെ വീട് ഘെരാവോ ചെയ്യാനെത്തിയവരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി.

deshabhimani 270811

1 comment:

  1. അപ്രതീക്ഷിതമായി ലോക്സഭയിലെത്തി പ്രസംഗം വായിച്ച രാഹുല്‍ഗാന്ധിക്കെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. വെള്ളിയാഴ്ച രാവിലെ ചോദ്യോത്തരവേളയ്ക്കു ശേഷം സ്പീക്കര്‍ പെട്ടെന്ന് ശൂന്യവേളയിലേക്ക് കടന്ന് രാഹുല്‍ഗാന്ധിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കുകയായിരുന്നു. ലോക്പാല്‍ബില്ലിനെക്കുറിച്ച് എഴുതി തയ്യാറാക്കിയ നാലുപേജ് പ്രസംഗം തിരക്കിട്ട് വായിച്ചു തീര്‍ക്കാന്‍ ശ്രമിക്കവേ പ്രതിപക്ഷം ബഹളംവച്ചു. മണ്ഡലങ്ങളിലെയും സംസ്ഥാനത്തെയും പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ശൂന്യവേളയില്‍ മുന്‍കൂട്ടി നോട്ടീസ് തന്ന് ദിവസങ്ങളായി കാത്തിരിക്കുന്ന തങ്ങളെ അവഗണിച്ചതിലും ശൂന്യവേളയില്‍ പ്രസംഗം വായിച്ചതിലും പ്രതിഷേധിച്ചാണ് ബഹളം.

    ReplyDelete