Wednesday, August 31, 2011

സുപ്രീംകോടതിയെ അപഹസിക്കുന്ന സംസ്ഥാന മുഖ്യമന്ത്രി

ജനാധിപത്യവ്യവസ്ഥയില്‍ ജുഡീഷ്യറിയും എക്സിക്യൂട്ടീവുമാണ് സാമൂഹ്യനീതി ഉറപ്പുവരുത്തേണ്ടത്. സാമൂഹികമായ പൊതുനീതിബോധത്തിന്റെ അടിസ്ഥാനത്തില്‍ , രാഷ്ട്രീയമായി രൂപപ്പെട്ട ഭരണഘടനയ്ക്കും അതിനെ അടിസ്ഥാനമാക്കി അംഗീകരിക്കപ്പെടുന്ന നിയമങ്ങള്‍ക്കുമനുസരിച്ചായിരിക്കണം നീതിനിര്‍വ്വഹണം. ജുഡീഷ്യറിയുടെയും എക്സിക്യൂട്ടീവിന്റെയും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ കളങ്കരഹിതമായി സ്വധര്‍മ്മം അനുഷ്ഠിക്കണം. നിയമവിരുദ്ധവും നീതിരഹിതവുമായ യാതൊന്നും സാമൂഹ്യപ്രക്രിയയില്‍ സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അവരുടെ ചുമതലയാണ്. അതില്‍ നിന്നൊഴിഞ്ഞുമാറുന്നവര്‍ ആരായാലും തെറ്റുകാരാണ്. നീതിയുടെ സുഗമസഞ്ചാരത്തിന് നിയമത്തിന്റെ നേര്‍വഴിയൊരുക്കേണ്ടവര്‍ ഗൂഢാലോചനയുടെ ഊടുവഴികള്‍ പരതുമ്പോള്‍ ,അനീതിയും അന്യായവും സമൂഹത്തില്‍ തേര്‍വാഴ്ച നടത്തും. കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. അഴിമതിക്കേസില്‍ സുപ്രീംകോടതി വിധിയനുസരിച്ച് ജയില്‍വാസം അനുഭവിക്കേണ്ടി വന്ന മുന്‍സംസ്ഥാന വൈദ്യൂതിമന്ത്രി ആര്‍ . ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ , കേരളാഗവണ്‍മെന്റും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൈക്കൊള്ളുന്ന നടപടികള്‍ നീതിപൂര്‍വ്വകമല്ല. ജയിലില്‍ കഴിയുന്നതില്‍ നിന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ മുഖ്യമന്ത്രി നടത്തിയ ഇടപെടല്‍ ലജ്ജാകരമാണ്.

ഉമ്മന്‍ചാണ്ടിയെന്ന വ്യക്തി ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ കാട്ടുന്ന അമിതമായ താല്പര്യം, കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്ക് ഉചിതവും ഭൂഷണവുമല്ല. നിയമത്തിന്റെ മുമ്പില്‍ എല്ലാവരും സമന്മാരാണെന്നതാണ് ജനാധിപത്യത്തിന്റെ കാതല്‍ . മുഖ്യമന്ത്രിയെന്ന നിലയില്‍ ഈ പരമമായ തത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിട്ടില്ല. ആളെക്കൂട്ടിയും ആരവമുയര്‍ത്തിയും ആഴമില്ലാത്ത ജനകീയത സൃഷ്ടിക്കാനെളുപ്പമാണ്. എന്നാല്‍ നിയമപരവും നീതിപൂര്‍വ്വകവുമായ ഭരണനിര്‍വ്വഹണത്തിലൂടെ മാത്രമേ, ജനാധിപത്യത്തിന് അഗാധസാന്ദ്രത നല്‍കാനാകുകയുള്ളൂ. അധികാരത്തിലിരുന്നപ്പോള്‍ അഴിമതി നടത്തിയതിന്റെ പേരിലാണ് ബാലകൃഷ്ണപിള്ളയെ കോടതി ശിക്ഷിച്ചത്. കീഴ്ക്കോടതികളില്‍ അനേകവര്‍ഷമായി നടന്നുവന്ന കുറ്റവിചാരണയുടെ പര്യവസാനത്തിലാണ് തടവുശിക്ഷ വിധിച്ചു കൊണ്ട് സുപ്രീംകോടതി കേസ് അന്തിമമായി തീര്‍പ്പാക്കിയത്. ബാലകൃഷ്ണപിള്ളയുള്‍പ്പെടെ ബന്ധപ്പെട്ടവരെല്ലാം ഈ വിധി സ്വീകരിക്കാന്‍ ബാധ്യസ്ഥരാണ്, വ്യക്തിപരമായി ഏറെ അസ്വാസ്ഥ്യജനകമാണെങ്കിലും. എന്നാല്‍ , സ്വയമിഷ്ടപ്പെട്ടാലുമില്ലെങ്കിലും, സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ബാധ്യത മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്കാണ്. നിയമപരവും ധാര്‍മ്മികവുമാണ് ഈ ബാധ്യത. അത് നിറവേറ്റാന്‍ അദ്ദേഹം പ്രതിജ്ഞാബദ്ധനുമാണ്. എന്നാല്‍ , പിള്ളയുടെ കാര്യത്തില്‍ , സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ അമാന്തം വരുത്താനും വിധിയുടെ അന്തഃസത്ത ചോര്‍ത്തി ശിക്ഷനടപ്പാക്കല്‍ വെറും പ്രഹസനമാക്കാനും ഉമ്മന്‍ചാണ്ടി ശ്രമിച്ചു. ഇന്ത്യന്‍ ഭരണഘടനയേയും മുഖ്യമന്ത്രിയായപ്പോള്‍ ഈശ്വരനാമത്തില്‍ ചെയ്ത സത്യപ്രതിജ്ഞയേയും പരസ്യമായി അദ്ദേഹം ലംഘിച്ചു.

ബാലകൃഷ്ണപിള്ള ശിക്ഷിയ്ക്കപ്പെട്ടപ്പോള്‍ , രോഷം മൂത്ത് സുപ്രീംകോടതി വിധിയ്ക്കെതിരെ അട്ടഹസിച്ച എം.പിമാരും ജനപ്രതിനിധികളുമുണ്ടായിരുന്നു. അവരുടെ അവഹേളനത്തിന്റെ തുടര്‍ച്ചയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനത്തിലും പ്രതിഫലിച്ചത്. ഇവരുടെയെല്ലാം പൊതുസമീപനം, ഇടമലയാര്‍ കേസ് വ്യക്തിവിരോധം തീര്‍ക്കാന്‍ വി.എസ്. അച്യുതാനന്ദന്‍ ഉണ്ടാക്കിയതാണെന്നാണ്. വെറുതെ, ശുദ്ധഗതിയോടെ, വഴിയോരത്ത് ഇളവെയില്‍ കൊണ്ടും കിനാവുകണ്ടുമിരുന്ന ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെട്ടെന്നാണ് അവരുടെ ഭാവം. അച്യുതാനന്ദന്റെ ആഗ്രഹത്തിനനുസരിച്ച് വിധി പ്രസ്താവിക്കാനിരിക്കുന്ന ഏജന്‍സിയാണ് സുപ്രീംകോടതിയെന്ന പോലെ നിസ്സാരവത്കരിച്ചാണ് അവര്‍ വര്‍ത്തമാനം പറയുന്നത്. ആരുടെയെങ്കിലും ആത്മനിഷ്ഠമായ ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലല്ല, വസ്തുനിഷ്ഠമായ തെളിവുകളുടെയും സുപ്രതിഷ്ഠിതമായ നിയമതത്വങ്ങളുടെയും അടിസ്ഥാനത്തിലാണ് ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെട്ടിട്ടുള്ളത്.വസ്തുതയിതായിരിക്കെ, മുഖ്യമന്ത്രിയെന്ന നിലയില്‍ സത്യസന്ധമായി വിധി നടപ്പാക്കുകയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ കടമ. ഭീതിയോ, പ്രീതിയോ, ദ്വേഷമോ വിധി നടത്തിപ്പില്‍ ഭരണാധികാരിയായ അദ്ദേഹത്തെ സ്വാധീനിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ , ഭീതിയും പ്രീതിയും ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയെ ബാധിച്ചു. ആവര്‍ത്തിച്ചാവര്‍ത്തിച്ച് അതിവേഗം സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കി ബാലകൃഷ്ണപിള്ളയ്ക്ക് അദ്ദേഹം പരോള്‍ അനുവദിച്ചു. ഏറ്റവുമൊടുവില്‍ തിരുവനന്തപുരം നഗരത്തിലെ പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ സൗകര്യവും ഏര്‍പ്പെടുത്തിക്കൊടുത്തു. നഗ്നമായ സ്വരാഷ്ട്രീയ പക്ഷപാതമാണ് ഇത്. സുപ്രീംകോടതിയുടെ വിധിയനുസരിച്ചുള്ള ശിക്ഷ അനുഭവിക്കുന്നതില്‍ നിന്നും തടവുപുള്ളിയെ രക്ഷപ്പെടുത്തുന്നതിന് മതിയായ എല്ലാ ഔദ്യോഗിക - സാങ്കേതിക സഹായങ്ങളും മുഖ്യമന്ത്രി ചെയ്തു കൊടുത്തു. പരോളില്‍ കഴിയുന്ന ബാലകൃഷ്ണപിള്ളയുടെ വീട്ടില്‍പോയി ആതിഥ്യം സ്വീകരിക്കാനും അദ്ദേഹവുമായി സ്വകാര്യസംഭാഷണം നടത്താനും കേരളത്തിന്റെ സംസ്ഥാനമുഖ്യമന്ത്രി തയ്യാറായത് വിധിയോടുള്ള അവഹേളനമാണ്.

ആര്‍ .ബാലകൃഷ്ണപിള്ള എന്ന വ്യക്തിയെ, ഉമ്മന്‍ചാണ്ടിയെന്ന വ്യക്തി കാണുകയോ സംസാരിക്കുകയോ ചെയ്യുന്നത് പൗരസമൂഹത്തിന് ഒരിക്കലും പ്രശ്നമാകേണ്ട കാര്യമല്ല. എന്നാല്‍ ഇന്ത്യയിലെ പരമോന്നത നീതിപീഠം ശിക്ഷിച്ച ഒരു പ്രതിയെ കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി നേരിട്ടുസന്ദര്‍ശിച്ച് വിധി സംബന്ധിച്ച സ്വകാര്യ സംഭാഷണത്തിലേര്‍പ്പെടുകയും അതിനനുസരിച്ച് ശിക്ഷയെ മറികടക്കുന്നതിനുളള നടപടികള്‍ "സൂപ്പര്‍ഫാസ്റ്റാ"യി പൂര്‍ത്തിയാക്കുകയും ചെയ്യുന്നത് തീര്‍ച്ചയായും പൊതുസമൂഹത്തിന്റെ നീതിബോധത്തിന് നിരക്കുന്നതല്ല. ഭരണഘടനാ പരമായി അരുതാത്തത് മുഖ്യമന്ത്രി ചെയ്തിരിക്കുന്നുവെന്നത് ഇന്നേവര്‍ക്കും അറിയാം. ശിക്ഷിതനായ ബാലകൃഷ്ണപിള്ളയെന്ന പ്രതിയെ കാലാവധിയോളം ജയിലില്‍ സൂക്ഷിക്കാന്‍ ബാധ്യസ്ഥനായ കാവല്‍ക്കാരനാണ് മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി. ഒരു ജുഡീഷ്യല്‍ പ്രോസസിലൂടെ (നിയമപരമായ പ്രക്രിയയിലൂടെ)യാണ് കുറ്റവാളിയുടെയും കാവല്‍ക്കാരന്റെയും റോളുകളില്‍ ഇവരിരുവരും എത്തിപ്പെട്ടത്. മറ്റൊരു നിയമപ്രക്രിയയിലൂടെ മാത്രമേ, ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാന്‍ പാടുള്ളൂ. അതു സംഭവിക്കാത്തിടത്തോളം, എക്സിക്യൂട്ടീവിന്റെ തലവനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിയായ ബാലകൃഷ്ണപിള്ളയുടെ വീട്ടില്‍ ചെല്ലാനോ, സത്ക്കാരം സ്വീകരിക്കാനോ പാടുള്ളതല്ല. നിയമപരമായി ഭരണാധികാരികള്‍ അനുവര്‍ത്തിക്കേണ്ട മര്യാദയും സദാചാരവും ഉമ്മന്‍ചാണ്ടി ലംഘിച്ചു. മാത്രമല്ല, സുപ്രിംകോടതിവിധി മറികടക്കാനുള്ള ഗൂഢാലോചന അദ്ദേഹം നടത്തുകയും ചെയ്തു. മാധ്യമവാര്‍ത്തകള്‍ മാത്രമല്ല, സ്വകാര്യ ആശുപത്രിയുടെ സുഖസൗകര്യത്തിലേക്ക് ബാലകൃഷ്ണപിള്ളയെ പരോള്‍ കഴിഞ്ഞയുടനെ തന്നെ മാറ്റിയതും, ഈ സംശയം വര്‍ദ്ധിപ്പിക്കുന്നു. ബാലകൃഷ്ണപിള്ളയ്ക്ക് നിയമരഹിതമായി ആനുകൂല്യങ്ങള്‍ നല്‍കിയതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ , "മനുഷ്യത്വം" എന്ന മറ ഉപയോഗിച്ചാണ് ഉമ്മന്‍ചാണ്ടി സ്വയം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. കേവലമായ മനുഷ്യത്വം എന്നൊന്നില്ലെന്നും അത് ആപേക്ഷികമാണെന്നും ഉമ്മന്‍ചാണ്ടി മറന്നുപോയെന്ന് തോന്നുന്നു. പിള്ളയേക്കാള്‍ പ്രായവും പിള്ളയ്ക്കുള്ളതിനേക്കാള്‍ രോഗങ്ങളുമുള്ള മറ്റു തടവു പുള്ളികളില്ലേ ?

അവര്‍ക്കാര്‍ക്കും ലഭിക്കാത്ത മനുഷ്യത്വപരമായ പെരുമാറ്റത്തിന് ബാലകൃഷ്ണപിള്ള മാത്രം എങ്ങനെ അര്‍ഹനാകും ? ഇന്ത്യന്‍ സുപ്രീകോടതിയ്ക്കില്ലാത്ത മനുഷ്യത്വബോധം നിയമപരമായ ഒരു വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കെങ്ങിനെ അവകാശപ്പെടാനും പ്രയോഗിക്കാനുമാകും ? സാമ്പത്തികശക്തിയും രാഷ്ട്രീയസ്വാധീനവും പിള്ളയ്ക്ക് ഉള്ളതുകൊണ്ടല്ലേ പ്രത്യേക ആനുകൂല്യം അദ്ദേഹത്തിന് നല്‍കിയത്? നിയമത്തിന്റെ മുമ്പില്‍ എല്ലാവരും സമന്മാരാണെന്നത് കോടതി മുറിക്കുള്ളില്‍ മാത്രം ദീക്ഷിക്കേണ്ടതല്ല; ന്യായാധിപന്മാര്‍ മാത്രം അനുവര്‍ത്തിക്കേണ്ടതുമല്ല, അത്. ഭരണനിര്‍വ്വഹണത്തിന്റെ എല്ലാ ഏജന്‍സികളും ജനാധിപത്യവ്യവസ്ഥയില്‍ സമത്വബോധത്തോടെയും നീതിപൂര്‍വ്വകമായും കര്‍ത്തവ്യ നിര്‍വഹണം നടത്താന്‍ ബാധ്യസ്ഥരാണ്. അതുചെയ്യാതെ, പൊതുജനങ്ങള്‍ നല്‍കിയ അവസരമുപയോഗിച്ച് അധികാരത്തിലിരുന്നപ്പോള്‍ അഴിമതി നടത്തിയതിന് സുപ്രീംകോടതി ശിക്ഷിച്ച വ്യക്തിയോട് കാണിക്കുന്ന പക്ഷപാതത്തിന് മനുഷ്യത്വമെന്ന പേരിടുന്നത് നിന്ദനീയമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖശ്രീയായ ഭരണഘടനയേയും നിയമസംവിധാനത്തേയും നോക്കി ഉമ്മന്‍ചാണ്ടിയെന്ന സംസ്ഥാന മുഖ്യമന്ത്രി കൊഞ്ഞനം കുത്തുകയാണ് ചെയ്യുന്നത്.

ഡോ. കെ.പി. കൃഷ്ണന്‍കുട്ടി ചിന്ത വാരിക

1 comment:

  1. ജനാധിപത്യവ്യവസ്ഥയില്‍ ജുഡീഷ്യറിയും എക്സിക്യൂട്ടീവുമാണ് സാമൂഹ്യനീതി ഉറപ്പുവരുത്തേണ്ടത്. സാമൂഹികമായ പൊതുനീതിബോധത്തിന്റെ അടിസ്ഥാനത്തില്‍ , രാഷ്ട്രീയമായി രൂപപ്പെട്ട ഭരണഘടനയ്ക്കും അതിനെ അടിസ്ഥാനമാക്കി അംഗീകരിക്കപ്പെടുന്ന നിയമങ്ങള്‍ക്കുമനുസരിച്ചായിരിക്കണം നീതിനിര്‍വ്വഹണം. ജുഡീഷ്യറിയുടെയും എക്സിക്യൂട്ടീവിന്റെയും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ കളങ്കരഹിതമായി സ്വധര്‍മ്മം അനുഷ്ഠിക്കണം. നിയമവിരുദ്ധവും നീതിരഹിതവുമായ യാതൊന്നും സാമൂഹ്യപ്രക്രിയയില്‍ സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അവരുടെ ചുമതലയാണ്. അതില്‍ നിന്നൊഴിഞ്ഞുമാറുന്നവര്‍ ആരായാലും തെറ്റുകാരാണ്. നീതിയുടെ സുഗമസഞ്ചാരത്തിന് നിയമത്തിന്റെ നേര്‍വഴിയൊരുക്കേണ്ടവര്‍ ഗൂഢാലോചനയുടെ ഊടുവഴികള്‍ പരതുമ്പോള്‍ ,അനീതിയും അന്യായവും സമൂഹത്തില്‍ തേര്‍വാഴ്ച നടത്തും. കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. അഴിമതിക്കേസില്‍ സുപ്രീംകോടതി വിധിയനുസരിച്ച് ജയില്‍വാസം അനുഭവിക്കേണ്ടി വന്ന മുന്‍സംസ്ഥാന വൈദ്യൂതിമന്ത്രി ആര്‍ . ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ , കേരളാഗവണ്‍മെന്റും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൈക്കൊള്ളുന്ന നടപടികള്‍ നീതിപൂര്‍വ്വകമല്ല. ജയിലില്‍ കഴിയുന്നതില്‍ നിന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ മുഖ്യമന്ത്രി നടത്തിയ ഇടപെടല്‍ ലജ്ജാകരമാണ്.

    ReplyDelete