Monday, August 29, 2011

കാറ്റാടി പദ്ധതി: ലീഗില്‍ ഭിന്നിപ്പ്

മലപ്പുറം: അട്ടപ്പാടിയില്‍ കാറ്റാടി കമ്പനിയുടെ പ്രവര്‍ത്തനത്തിന് നിയമസാധുത നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ മുസ്ലിംലീഗില്‍ ഭിന്നിപ്പ്. ലീഗിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്നാണ് വിമര്‍ശം. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സെപ്തംബര്‍ മൂന്നിന് അടിയന്തര സെക്രട്ടറിയറ്റും നാലിന് ജനറല്‍ കൗണ്‍സിലും ചേരാന്‍ ലീഗ് തീരുമാനിച്ചു. സര്‍ക്കാര്‍ തീരുമാനത്തില്‍ യൂത്ത്ലീഗിനും വിയോജിപ്പാണ്. കാറ്റാടി കമ്പനിയുടെ കാര്യത്തില്‍ ലീഗ് നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. നോമ്പായതിനാല്‍ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചചെയ്തിട്ടില്ല. ഇതടക്കമുള്ള കാര്യങ്ങള്‍ പെരുന്നാളിനുശേഷം ചേരുന്ന നേതൃയോഗം ചര്‍ച്ചചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ആദിവാസിഭൂമിയിലുള്ള സുസ്ലോണ്‍ കമ്പനിയുടെ കാറ്റാടി യന്ത്രങ്ങള്‍ മാറ്റേണ്ടെന്നും വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് വരുമാനത്തിലൊരു പങ്ക് ആദിവാസികള്‍ക്ക് കൊടുക്കാമെന്നുമാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനെതിരെ ലീഗ് എംഎല്‍എയും യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറിയുമായ എന്‍ ഷംസുദ്ദീന്‍ പരസ്യമായി രംഗത്തുവന്നു. അദ്ദേഹത്തിന് ലീഗിലെ പ്രബലവിഭാഗത്തിന്റെ പിന്തുണയുണ്ട്. പ്രധാന വിഷയങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ പാര്‍ടിയില്‍ ചര്‍ച്ചനടക്കുന്നില്ലെന്ന വിമര്‍ശത്തിന് മറ്റൊരു ഉദാഹരണമാണ് കാറ്റാടി വിവാദം. സുസ്ലോണ്‍ കമ്പനിയില്‍നിന്ന് ഭൂമി തിരിച്ചുപിടിക്കുംവരെ സമരം ചെയ്യുമെന്നാണ് എല്‍ഡിഎഫ് ഭരണകാലത്ത് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നത്. അന്ന് മാര്‍ച്ച് നയിച്ച യുഡിഎഫ് സംഘത്തില്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പം സി ടി അഹമ്മദലിയും ഉണ്ടായിരുന്നു. അന്നത്തെ നിലപാടില്‍ യുഡിഎഫ് മലക്കം മറിഞ്ഞപ്പോള്‍ ലീഗ് മന്ത്രിമാരും അതിനൊപ്പം നിന്നു. സര്‍ക്കാര്‍ തീരുമാനമെടുക്കുംമുമ്പ് യുഡിഎഫിലോ ലീഗിലോ ചര്‍ച്ചചെയ്തില്ലെന്നാണ് പ്രധാന വിമര്‍ശം.
(ആര്‍ രഞ്ജിത്)

കാറ്റാടിയന്ത്രം മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല: മന്ത്രി

കോട്ടയം: അട്ടപ്പാടിയിലെ ആദിവാസിഭൂമിയില്‍നിന്ന് കാറ്റാടിയന്ത്രങ്ങള്‍ മാറ്റുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് റവന്യുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വകാര്യകമ്പനി നിര്‍മാണപ്രവര്‍ത്തനം നടത്തുന്നതില്‍ സര്‍ക്കാരിന്റെ നിലപാട്് തല്‍ക്കാലം പറയുന്നില്ല. ആദിവാസി സംഘനടകളുമായും രാഷ്ട്രീയപാര്‍ടികളുമായും ചര്‍ച്ച നടത്തിയ ശേഷമേ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കൂ. അനധികൃതമായി സ്ഥാപിച്ചതാണെങ്കിലും കാറ്റാടിയന്ത്രങ്ങള്‍ പൊളിച്ചുകളയുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. യന്ത്രങ്ങള്‍ മാറ്റാന്‍ ആദിവാസികള്‍ ആവശ്യപ്പെട്ടാല്‍ മാറ്റും. ഇതുസംബന്ധിച്ച് വി ഡി സതീശന്‍ എംഎല്‍എയുടെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കുന്നില്ല. ആദിവാസികളുടെ പ്രശ്നം രാഷ്ട്രീയമായി കാണുന്നില്ല. ഇക്കാര്യത്തില്‍ സിപിഐ എം നിലപാട് സ്വാഗതാര്‍ഹമാണ്. എല്ലാ ആദിവാസികള്‍ക്കും ഈ വര്‍ഷം അവസാനത്തോടെ പട്ടയം നല്‍കുമെന്നും വിവിധ ജില്ലകളിലായി 20,000 പട്ടയം സെപ്തംബര്‍ 16 നകം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
 
ആദിവാസി ഭൂനിയമം കാറ്റാടിയുടെ പേരില്‍ വഷളാക്കാന്‍ ശ്രമം: എ കെ ബാലന്‍

അഗളി (അട്ടപ്പാടി): 1999ലെ ആദിവാസി ഭൂനിയമം കാറ്റാടിയുടെ പേരില്‍ വഷളാക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് എ കെ ബാലന്‍ എംഎല്‍എ പറഞ്ഞു. ഈ നിയമം ഭേദഗതിചെയ്യുമെന്ന് പറയാനും സര്‍ക്കാര്‍ അംഗീകരിച്ച രേഖ ജനങ്ങള്‍ക്കുമുന്നില്‍ വയ്ക്കാനും യുഡിഎഫിന് തയ്യാറാകണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു. അട്ടപ്പാടിയിലെ വിവിധ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാറ്റാടിക്കമ്പനിയുടെ പേരില്‍ ആദിവാസികളെ വഞ്ചിച്ചതിന് യുഡിഎഫ് മാപ്പ് പറയണം. അട്ടപ്പാടിയില്‍ സുസ്ലോണ്‍ കമ്പനി മുഴുവന്‍ കാറ്റാടിയന്ത്രങ്ങളുംസ്ഥാപിച്ചത് ആദിവാസി ഭൂമിയിലാണെന്ന് പറഞ്ഞാണ് യുഡിഎഫ് കുഴപ്പത്തിന് ശ്രമിച്ചത്. അട്ടപ്പാടിയിലെ മുഴുവന്‍ ആദിവാസിഭൂമിയും നഷ്ടമായെന്നും കാറ്റാടിക്കമ്പനിയെ കെട്ടുകെട്ടിക്കണമെന്നുമായിരുന്നു യുഡിഎഫിന്റെ ആവശ്യം. ഇതിനായി വിദഗ്ധസമിതി വേണമെന്നും ആവശ്യപ്പെട്ടു. ഇതുപ്രകാരം എല്‍ഡിഎഫ് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ച് തെളിവെടുപ്പിന്ശേഷം റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് മൊത്തത്തില്‍ യുഡിഎഫ് അംഗീകരിക്കാന്‍ തയ്യാറായില്ല.

അട്ടപ്പാടിയില്‍ , സ്വാതന്ത്ര്യാനന്തരം സബ്ഡിവിഷനും റീസര്‍വേയും നടത്തിയിട്ടില്ല, ആധാരത്തിലുള്ളതിനേക്കാള്‍ ഭൂമി രജിസ്റ്ററില്‍ കാണുന്നു, ഭൂമി തിരിമറി നടന്നിട്ടുണ്ട്, സര്‍വേ നടത്തണം, കാറ്റാടിപ്പാടം ആദിവാസികള്‍ക്കുള്ളതാണെങ്കില്‍ അവര്‍ക്ക് കൊടുക്കണം, ആദിവാസികളുടെ സമ്മതത്തോടെ കാറ്റാടിക്കമ്പനി നിലനിര്‍ത്തുക, ലാഭവിഹിതം നല്‍കുക തുടങ്ങിയവയായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞ പ്രധാനകാര്യങ്ങള്‍ . റിപ്പോര്‍ട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗീകരിച്ച് നടപടിയുമായി മുന്നോട്ടുപോകുമ്പോഴാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. അവര്‍ കലക്ടറെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. കോട്ടത്തറ വില്ലേജിലെ സര്‍വേനമ്പര്‍ 1274, അഗളിയിലെ സര്‍വേനമ്പര്‍915 ലുമാണ് രണ്ട് കാറ്റാടി യന്ത്രങ്ങള്‍ നില്‍ക്കുന്നതെന്നും ഇതാണ് തര്‍ക്കവിഷയമെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം ചര്‍ച്ചചെയ്യാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. യുഡിഎഫ് ഇപ്പോള്‍ പറയുന്നത് രണ്ട് കാറ്റാടിയന്ത്രമേ ആദിവാസി ഭൂമിയിലുള്ളൂവെന്നാണ്. നിയമസഭാതെരഞ്ഞെടുപ്പിന് മുമ്പ് മുഴുവന്‍ കാറ്റാടി യന്ത്രങ്ങളും ആദിവാസി ഭൂമിയിലാണെന്ന് പറഞ്ഞ് ആദിവാസികളെ എന്തിനാണ് വഞ്ചിച്ചതെന്ന് യുഡിഎഫ് വ്യക്തമാക്കണമെന്നും ബാലന്‍ ആവശ്യപ്പെട്ടു.

അട്ടപ്പാടി യുഡിഎഫ് നിലപാട് മാറ്റം പരിഹാസ്യം: എല്‍ഡിഎഫ്

പാലക്കാട്: അട്ടപ്പാടി കാറ്റാടിക്കമ്പനിയുടെ ഭൂമികൈയേറ്റം സംബന്ധിച്ച് യുഡിഎഫിന്റെ നിലപാട് മാറ്റം പരിഹാസ്യമാണെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി നിയമവിരുദ്ധമായി സൂസ്ലോണ്‍ കമ്പനി കൈവശപ്പെടുത്തിയെന്ന് പറഞ്ഞ് അന്വേഷണവും നിയമനടപടിയും ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയവരാണ് ഇന്നത്തെ മുഖ്യമന്ത്രിയും റവന്യുമന്ത്രിയും. എന്നാല്‍ അധികാരത്തിലെത്തിയപ്പോള്‍ ഇവര്‍ എല്ലാം മറക്കുകയാണ്. ചീഫ് സെക്രട്ടറി തലംവരെ നടന്ന അന്വേഷണറിപ്പോര്‍ട്ടുകള്‍ മറച്ചുവയ്ക്കുന്നത് നിയമത്തിന് നിരക്കാത്തതാണ്. എം വി ശ്രേയാംസ്കുമാര്‍ കൈവശപ്പെടുത്തിയ ഭൂമി ഏറ്റെടുക്കണമെന്ന് കോടതിവിധി വന്നിട്ടും അതിന് തയ്യാറാകാത്തത് പണമുള്ളവരേയും കൈയേറ്റക്കാരേയും സംരക്ഷിക്കുന്ന യുഡിഎഫ് നിലപാടിന് തെളിവാണ്. ജനവിരുദ്ധനയങ്ങള്‍ മുഖ്യമന്ത്രിയും റവന്യുമന്ത്രിയും ഉപേക്ഷിക്കണമെന്നും കൈയേറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും എല്‍ഡിഎഫ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

deshabhimani 290811

1 comment:

  1. അട്ടപ്പാടിയില്‍ കാറ്റാടി കമ്പനിയുടെ പ്രവര്‍ത്തനത്തിന് നിയമസാധുത നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ മുസ്ലിംലീഗില്‍ ഭിന്നിപ്പ്. ലീഗിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്നാണ് വിമര്‍ശം. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സെപ്തംബര്‍ മൂന്നിന് അടിയന്തര സെക്രട്ടറിയറ്റും നാലിന് ജനറല്‍ കൗണ്‍സിലും ചേരാന്‍ ലീഗ് തീരുമാനിച്ചു. സര്‍ക്കാര്‍ തീരുമാനത്തില്‍ യൂത്ത്ലീഗിനും വിയോജിപ്പാണ്. കാറ്റാടി കമ്പനിയുടെ കാര്യത്തില്‍ ലീഗ് നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. നോമ്പായതിനാല്‍ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചചെയ്തിട്ടില്ല. ഇതടക്കമുള്ള കാര്യങ്ങള്‍ പെരുന്നാളിനുശേഷം ചേരുന്ന നേതൃയോഗം ചര്‍ച്ചചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

    ReplyDelete