Monday, August 29, 2011

കെഎസ്ആര്‍ടിസി ബംഗളൂരുവിലേക്കുള്ള എ സി ബസ്സുകള്‍ പിന്‍വലിച്ചു

കോഴിക്കോട്: കെഎസ്ആര്‍ടിസിയുടെ ബംഗളൂരൂ സര്‍വീസുകള്‍ ഇനി മുതല്‍ നോണ്‍ എ സി. നഷ്ടത്തിന്റെ കണക്കില്‍പ്പെടുത്തിയാണ് ഒടുവില്‍ എ സി ബസ്സുകള്‍ നിരത്തുകളില്‍നിന്ന് പിന്‍വലിച്ചത്. എ സി ബസ്സുകള്‍ പൊളിക്കുന്നത് നിര്‍ത്തിവെയ്ക്കുന്നതായി മന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞെങ്കിലും ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കോഴിക്കോട് ഡിപ്പോയുടെ രണ്ടു ബസ്സുകളും പൊളിച്ചു. രാത്രിയില്‍ ഒമ്പതിനാണ് കോഴിക്കോട്ട്നിന്ന് ബംഗളൂരൂവിലേക്ക് എ സി ബസ് സര്‍വീസ് നടത്തിയത്. ഇതേ സമയത്താണ് ബംഗളൂരൂവില്‍നിന്ന് കോഴിക്കോട്ടേക്കുള്ള സര്‍വീസ് പുറപ്പെട്ടിരുന്നത്.എ സി ബസ്സിന് പകരം ഡീലക്സ് ബസ്സാണ് ഓടുന്നത്. മഴക്കാലത്ത് ഉള്‍പ്പെടെ എ സി ബസ്സിനോടാണ് യാത്രക്കാര്‍ക്ക് പ്രിയം.

എ സി ബസ്സുകള്‍ നിര്‍ത്തിയതോടെ കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ടിനും സ്വകാര്യബസ്സുകള്‍ക്കുമാണ് ലാഭം. ദീര്‍ഘദൂര യാത്രക്ക് 40 ശതമാനം പേരും തെരഞ്ഞെടുക്കുന്നത് എ സി ബസ്സാണ്. അതേസമയം കെഎസ്ആര്‍ടിസി കോഴിക്കോട്ടുനിന്ന് 10 സര്‍വീസുകള്‍ ബംഗളൂരൂവിലേക്ക് നടത്തുന്നുണ്ട്. സൂപ്പര്‍ ഫാസ്റ്റ്, ഡീലക്സ്, സൂപ്പര്‍ എക്സ്പ്രസ് എന്നീ വിഭാഗത്തിലായാണ് ഇത്. മൂന്നുവര്‍ഷം മുമ്പാണ് സര്‍ക്കാര്‍ 20 എ സി ബസ്സുകള്‍ വാങ്ങിച്ചത്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ഡിപ്പോകള്‍ക്കാണ് കൂടുതല്‍ ബസ്സുകള്‍ നല്‍കിയത്. കോഴിക്കോട്ടുനിന്ന് മൂന്നാറിലേക്ക് എ സി സര്‍വീസ് ഏര്‍പ്പെടുത്തിയെങ്കിലും ഇത് പിന്‍വലിച്ചു. എ സി റിപ്പയറിങ് സ്വന്തം നിലക്ക് നടത്താന്‍ കഴിയാത്തത് വന്‍ നഷ്ടമുണ്ടാക്കിയെന്നാണ് അധികൃതര്‍ പറയുന്നത്. നന്നാക്കാന്‍ പുറംപണിക്ക് നല്‍കുമ്പോള്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന് ബസ് ഒന്നിന് 20000-30000 രൂപ വരെ നല്‍കേണ്ടി വരുന്നു. പൊളിക്കുന്ന ബസ്സുകള്‍ സാധാരണ ബസ്സാക്കിയാണ് മാറ്റുന്നത്. ബോഡിയായതിനാല്‍ 10 വര്‍ഷമെങ്കിലും അറ്റകുറ്റപ്പണികള്‍ നടത്തേണ്ടിവരില്ലെന്നും അധികൃതര്‍ പറയുന്നു.

deshabhimani 290811

1 comment:

  1. കെഎസ്ആര്‍ടിസിയുടെ ബംഗളൂരൂ സര്‍വീസുകള്‍ ഇനി മുതല്‍ നോണ്‍ എ സി. നഷ്ടത്തിന്റെ കണക്കില്‍പ്പെടുത്തിയാണ് ഒടുവില്‍ എ സി ബസ്സുകള്‍ നിരത്തുകളില്‍നിന്ന് പിന്‍വലിച്ചത്. എ സി ബസ്സുകള്‍ പൊളിക്കുന്നത് നിര്‍ത്തിവെയ്ക്കുന്നതായി മന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞെങ്കിലും ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കോഴിക്കോട് ഡിപ്പോയുടെ രണ്ടു ബസ്സുകളും പൊളിച്ചു. രാത്രിയില്‍ ഒമ്പതിനാണ് കോഴിക്കോട്ട്നിന്ന് ബംഗളൂരൂവിലേക്ക് എ സി ബസ് സര്‍വീസ് നടത്തിയത്. ഇതേ സമയത്താണ് ബംഗളൂരൂവില്‍നിന്ന് കോഴിക്കോട്ടേക്കുള്ള സര്‍വീസ് പുറപ്പെട്ടിരുന്നത്.എ സി ബസ്സിന് പകരം ഡീലക്സ് ബസ്സാണ് ഓടുന്നത്. മഴക്കാലത്ത് ഉള്‍പ്പെടെ എ സി ബസ്സിനോടാണ് യാത്രക്കാര്‍ക്ക് പ്രിയം.

    ReplyDelete