Wednesday, August 31, 2011

കണ്ണൂര്‍ കോണ്‍ഗ്രസില്‍ പരസ്യ ഏറ്റുമുട്ടല്‍

കണ്ണൂര്‍ : കണ്ണൂരിലെ കോണ്‍ഗ്രസ് ഗ്രൂപ്പ്വഴക്ക് ഇരുവിഭാഗവും തമ്മിലുളള പരസ്യമായ ഏറ്റുമുട്ടലിലേക്ക്. ചപ്പാരപ്പടവില്‍ തുടക്കമിട്ട എ ഗ്രുപ്പും വിശാല ഐഗ്രുപ്പ് തമ്മിലുള്ള അടി കേണ്‍ഗ്രസിന് സ്വാധീനമുള്ള ചെറുപുഴ, പയ്യാവൂര്‍ , ഇരിട്ടിപ്രദേശങ്ങളിലും ജില്ലയുടെ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിച്ചു. വിശാല ഐഗ്രൂപ്പ് എന്നതിലുപരി സുധാകരപക്ഷവും എ ഗ്രൂപ്പുകാരനായ ഡിസിസി പ്രസിഡന്റിനെ പിന്തുണക്കുന്നവരും തമ്മിലാണ് പോര് മൂര്‍ച്ചിക്കുന്നത്. ഇരുവിഭാഗവും കെപിസിസിയെ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. സുധാകരപക്ഷം കെപിസിസി പ്രസിഡന്റിന് പ്രത്യേകമായി ഫാക്സ് പരാതിയും നല്‍കി. അതേസമയം ഡിസിസി പ്രസിഡന്റിനെ ഉപരോധിച്ച സംഭവത്തില്‍ പുറത്താക്കപ്പെട്ട ചപ്പാരപടവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെപിസിസി അംഗവും അച്ചടക്കനടപടി അംഗികരിക്കില്ല എന്ന് വാര്‍ത്തസമ്മേളനം നടത്തി പരസ്യമായി പ്രഖ്യാപിച്ചു.വാര്‍ത്തസമ്മേളനം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡന്റും തിരിച്ചടിച്ചു.

ഉമ്മന്‍ചാണ്ടിയുടെ പിന്തുണ പി രാമകൃഷ്ണനുണ്ട്. അതിനാല്‍ വിശാല ഐഗ്രൂപ്പിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തലയുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമാണ് സുധാകരപക്ഷം നടത്തുന്നത്. ഇതോടെ കണ്ണൂരിലെ തമ്മിലടി സംസ്ഥാനതലത്തിലേക്ക് നീങ്ങുകയാണ്.സംഘടനയുടെ ജനാധിപത്യസ്വഭാവം ഇല്ലാതാക്കുന്നുവെന്ന് ആരോപിച്ചു സുധാകരപക്ഷ നേതാക്കള്‍ ചൊവ്വാഴ്ച കെപിസിസി പ്രസിഡന്റിന് ഫാക്സ് അയച്ചു. ഡിസിസി ഓഫീസ് എല്ലാ വൃത്തികേടുകള്‍ക്കും ഉപയോഗിച്ചവര്‍ നല്‍കുന്ന പരാതിയില്‍ തനിക്കെതിരെ ഒരു നടപടിയുമുണ്ടാവില്ല എന്ന് പി രാമകൃഷ്ണനും തിരിച്ചടിച്ചു. ഇതിനകം സുധകരപക്ഷക്കാര്‍ നല്‍കിയ പരാതികടലാസ്കൊണ്ട് കെപിസിസി ഓഫീസ് മൂടാനാവുമെന്നും അദ്ദേഹം പരിഹസിച്ചു. മറ്റു ഗ്രൂപ്പുകളുടെ കാര്യത്തില്‍ ഇടപെടുന്ന സുധാകരന്‍ ഇരിട്ടിമണ്ഡലം പ്രസിഡന്റിനെ നിയമിക്കുന്നതില്‍ എന്തുകൊണ്ട് അമാന്തം കാണിക്കുന്നുവെന്ന് അറിയാന്‍ കോണ്‍ഗ്രസുകാര്‍ക്ക് താല്‍പര്യമുണ്ട്. മറ്റു ഗ്രൂപ്പുകാരുടെ മണ്ഡലങ്ങളില്‍ സുധാകരഗ്രൂപ്പിന്റെ ഇടപെടല്‍ വേണ്ട. അതിന് ഡിസിസി പ്രസിഡന്റുണ്ട് എന്ന് രാമകൃഷ്ണന്‍ മറുപടി പറഞ്ഞു.

സുധാകരന്‍ രക്തസാക്ഷിഫണ്ട് മുക്കിയെന്ന് ഡിസിസി പ്രസിഡന്റ്

കണ്ണൂര്‍ : കെപിസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെ സുധാകരനും സംഘവും പിരിച്ച രക്തസാക്ഷിഫണ്ടുകളൊന്നും ബന്ധുക്കള്‍ക്ക് കൃത്യമായി നല്‍കുകയോ കണക്ക് പാര്‍ടിയില്‍ വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍ . ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍ . സജിത്ത്ലാല്‍ രക്തസാക്ഷിഫണ്ടിലേക്ക് ഗള്‍ഫില്‍നിന്ന് ഉള്‍പ്പെടെ ലക്ഷങ്ങള്‍ പിരിച്ചെങ്കിലും കുടുംബത്തിന് നല്‍കിയത് 25,000 രൂപ മാത്രമാണ്. ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായരെ സംരക്ഷിക്കാന്‍ കെ സുധാകരന്‍ ഇറങ്ങുന്നത് ലജ്ജാകരമാണ്. അദ്ദേഹത്തെ സംരക്ഷിക്കാന്‍ സര്‍ക്കാരുണ്ട്. കുഞ്ഞനന്തന്‍നായര്‍ക്കുവേണ്ടി കോണ്‍ഗ്രസുകാര്‍ രംഗത്തിറങ്ങിയാല്‍ സംഘര്‍ഷമുണ്ടാവും. സംഘര്‍ഷമുണ്ടാക്കി രക്തസാക്ഷികളെ സൃഷ്ടിക്കുകയാണ് സുധാകരന്റെ ലക്ഷ്യം. രക്തസാക്ഷികളുണ്ടായാല്‍ മാത്രമേ നിര്‍ബാധം ഫണ്ട് പിരിക്കാനാവൂ. മുമ്പ് എം വി രാഘവനെ സംരക്ഷിക്കാന്‍ ഇറങ്ങിയപ്പോള്‍ കോണ്‍ഗ്രസിന് നഷ്ടം മാത്രമാണുണ്ടായത്. അന്ന് എം വി രാഘവനെ സംരക്ഷിച്ചതുകൊണ്ടാണ് കുത്തുപറമ്പില്‍ ഡിവൈഎഫ്ഐക്കാര്‍ക്കുനേരെ പൊലീസ് വെടിവയ്പുണ്ടായത്. കൂത്തുപറമ്പ് വെടിവയ്പ് അനാവശ്യമായിരുന്നു.

ഡിസിസി പ്രസിഡന്റ് പദവി വ്യവസായമാക്കാനും ഭരണം ദുര്‍വിനിയോഗിക്കാനുമാണ് ചിലരുടെ ഇന്നത്തെ പടയിളക്കം. അവരുടെ സ്വാര്‍ഥതാല്‍പര്യത്തിന് വഴങ്ങാത്തതിനാലാണ് ഡിസിസിപ്രസിഡന്റ് സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന ആവശ്യമുയര്‍ത്തുന്നത്. തോക്കും ബോംബും കാണിച്ചാണ് മുമ്പ് സുധാകരന്‍ ഡിസിസി പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്തത്. പാര്‍ടിപ്രവര്‍ത്തകരോടും ഉദ്യോഗസ്ഥരോടും ധാര്‍ഷ്ട്യത്തോടെ പെരുമാറുന്നത് കോണ്‍ഗ്രസ് സംസ്കാരമല്ല. അത് അംഗീകരിക്കാനുമാവില്ല- പി രാമകൃഷ്ണന്‍ പറഞ്ഞു.

deshabhimani 310811

1 comment:

  1. കണ്ണൂരിലെ കോണ്‍ഗ്രസ് ഗ്രൂപ്പ്വഴക്ക് ഇരുവിഭാഗവും തമ്മിലുളള പരസ്യമായ ഏറ്റുമുട്ടലിലേക്ക്. ചപ്പാരപ്പടവില്‍ തുടക്കമിട്ട എ ഗ്രുപ്പും വിശാല ഐഗ്രുപ്പ് തമ്മിലുള്ള അടി കേണ്‍ഗ്രസിന് സ്വാധീനമുള്ള ചെറുപുഴ, പയ്യാവൂര്‍ , ഇരിട്ടിപ്രദേശങ്ങളിലും ജില്ലയുടെ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിച്ചു. വിശാല ഐഗ്രൂപ്പ് എന്നതിലുപരി സുധാകരപക്ഷവും എ ഗ്രൂപ്പുകാരനായ ഡിസിസി പ്രസിഡന്റിനെ പിന്തുണക്കുന്നവരും തമ്മിലാണ് പോര് മൂര്‍ച്ചിക്കുന്നത്.

    ReplyDelete