Saturday, August 27, 2011

ട്രൈബല്‍ സ്കൂളുകളുടെ പേരുമാറ്റം സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം

തൊടുപുഴ: സംസ്ഥാനത്തെ ട്രൈബല്‍ സ്കൂളുകളുടെ പേരുമാറ്റാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടിയെസംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് നാഷണല്‍ ആദിവാസി ഫെഡറേഷന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഹരിജന്‍ , ഗിരിജന്‍ പദങ്ങള്‍ സ്കൂളിന്റെ പേരില്‍നിന്നും നീക്കംചെയ്യണമെന്ന് മനുഷ്യാവകാശകമീഷന്റെ ഉത്തരവില്‍പറയുന്നുവെന്നാണ് പൊതുവിധ്യാഭ്യാസ വകുപ്പ് അവകാശപ്പെടുന്നത്. ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്കൂളുകളുടെ പേരില്‍നിന്ന് ട്രൈബല്‍ എന്നപദം നീക്കംചെയ്യാന്‍ ശ്രമംതുടങ്ങിയിട്ട് നാളുകളായി. ഇതിന്റെ ഉദാഹരണമാണ് പൂമാല ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ . ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന ഗൂഢശക്തികളുടെ സ്വാധീനം പൊതുവിദ്യാഭ്യാസ വകുപ്പിലും സര്‍ക്കാരിലുമുണ്ട്. ലാഭകരമല്ലെന്ന പേരില്‍ സംസ്ഥാനത്ത് പല സ്കൂളുകളും നിര്‍ത്തലാക്കാന്‍ നീക്കം നടന്നപ്പോഴും ട്രൈബല്‍ സ്കൂളുകള്‍ നിലനിര്‍ത്തിയിരുന്നു. ട്രൈബല്‍ സ്കൂളുകളുടെ വികസനവത്തിന്റെ കാര്യത്തിലും പുതിയ ബാച്ച് അനുവദിക്കുന്നകാര്യത്തിലുമുള്ള പരിഗണന പേരുമാറ്റത്തോടെ ഇല്ലാതാകും. ആദിവാസി വിദ്യാര്‍ഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തെ ഇത് ബാധിക്കും. ട്രൈബല്‍ സ്കൂളുകളുടെ പേരുമാറ്റരുതെന്നാവശ്യപെട്ട് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയില്ല. പൂമാല സ്കൂള്‍ ആക്ക്ഷണ്‍ കൗണ്‍സിലും വിവിധ പട്ടികവര്‍ഗ സംഘടനകളും പേരുമാറ്റത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കര്‍ ഇതുസംബന്ധിച്ച സത്യവാങ്മൂലം നല്‍കിയിട്ടില്ല. വിദ്യാഭ്യാസ മേഖലയിലും കൈവശ ഭൂമിക്ക് പട്ടയം നല്‍കുന്ന കാര്യത്തിലും കടുത്ത അവഗണനയാണ് ഈ സര്‍ക്കാര്‍ കാണിക്കുന്നത്. അട്ടപ്പാടിയിലെ കാറ്റാടി കമ്പനിക്ക് സര്‍ക്കാര്‍ കീഴടങ്ങിയിരിക്കുകയാണ്. പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞ കാര്യങ്ങളല്ല ഭരണത്തിലെത്തിയപ്പോള്‍ യുഡിഎഫ് നടപ്പാക്കുന്നത്. സര്‍ക്കരിന്റെ നിഷേധാത്മക നിലാപടിനെതിരെ ശക്തമായ പ്രഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എന്‍എഫ്എ ദേശീയ പ്രസിഡന്റ് പി കെ ഭാസ്കരന്‍ , സി ആര്‍ ദിലീപ്കുമാര്‍ , എം കെ നാരായണന്‍ , വി ഇ കമലാക്ഷി, കെ കെ പുഷ്പരാജന്‍ , പി ആര്‍ ഭാസി എന്നിവര്‍ പങ്കെടുത്തു.

deshabhimani 270811

1 comment:

  1. സംസ്ഥാനത്തെ ട്രൈബല്‍ സ്കൂളുകളുടെ പേരുമാറ്റാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടിയെസംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് നാഷണല്‍ ആദിവാസി ഫെഡറേഷന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

    ReplyDelete