Monday, August 29, 2011

ദുരഭിമാനഹത്യക്കും വ്യാജ ഏറ്റുമുട്ടലിനും വധശിക്ഷ നല്‍കണം: ജസ്റ്റിസ് കട്ജു

ചെന്നൈ: ദുരഭിമാനഹത്യക്കും വ്യാജ ഏറ്റുമുട്ടല്‍ കൊലയ്ക്കും ഉത്തരവാദികളാകുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ദുരഭിമാനഹത്യ നടന്നാല്‍ ജില്ല മജിസ്ട്രേട്ടിനെയും പൊലീസ് സൂപ്രണ്ടിനെയും സസ്പെന്‍ഡ് ചെയ്യണമെന്നും ചെന്നൈയില്‍ നടന്ന ഒരു പൊതുചടങ്ങില്‍ ജസ്റ്റിസ് കട്ജു പറഞ്ഞു.

ഇഷ്ടപ്പെട്ട പെണ്ണും ആണും വിവാഹം ചെയ്താല്‍ ജാതിയുടെ പേരില്‍ കൊല്ലുന്നത് ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ വ്യാപകമാണ്. ജാതിപ്പഞ്ചായത്തിന്റെ ഉത്തരവ് പ്രകാരം ബന്ധുക്കളും മറ്റുമാണ് ഈ ക്രൂരകൃത്യം ചെയ്യുന്നത്. ദുരഭിമാനഹത്യ നടത്തുന്ന ജാതിപ്പഞ്ചായത്തുകളെ പ്രധാന രാഷ്ട്രീയ പാര്‍ടികള്‍ വോട്ടുബാങ്കായാണ് കാണുന്നത്. അതുകൊണ്ട് വോട്ടുബാങ്കില്‍ തൊട്ടുകളിക്കാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാജ ഏറ്റുമുട്ടല്‍ സംഘടിപ്പിച്ച് സുരക്ഷാസൈനികര്‍ നിരപരാധികളെ കൊല്ലുന്നതും ഗുരുതരമായി കണ്ട് ഉത്തരവാദികള്‍ക്കെതിരെ കനത്ത ശിക്ഷ നല്‍കണം. ഉന്നതരുടെ ഉത്തരവില്‍ പൊലീസുകാര്‍ കൊല നടത്തുന്നതിനെ അദ്ദേഹം എതിര്‍ത്തു. പൊലീസ് സൂപ്രണ്ട് കീഴുദ്യോഗസ്ഥനോട് കുറ്റകൃത്യം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അതുചെയ്യാതെ നിയമം കര്‍ശനമായി പാലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വ്യാജ ഏറ്റുമുട്ടല്‍ കേസുകളും ദുരഭിമാനഹത്യ കേസുകളും പരിഗണിച്ച സുപ്രീംകോടതി ബെഞ്ചില്‍ അംഗമായിരുന്നു മാര്‍ക്കണ്ഡേയ കട്ജു. ഇത്തരം കുറ്റകൃത്യങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണ്ട് വധശിക്ഷ നല്‍കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

deshabhimani 290811

1 comment:

  1. ദുരഭിമാനഹത്യക്കും വ്യാജ ഏറ്റുമുട്ടല്‍ കൊലയ്ക്കും ഉത്തരവാദികളാകുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ദുരഭിമാനഹത്യ നടന്നാല്‍ ജില്ല മജിസ്ട്രേട്ടിനെയും പൊലീസ് സൂപ്രണ്ടിനെയും സസ്പെന്‍ഡ് ചെയ്യണമെന്നും ചെന്നൈയില്‍ നടന്ന ഒരു പൊതുചടങ്ങില്‍ ജസ്റ്റിസ് കട്ജു പറഞ്ഞു.

    ReplyDelete