Wednesday, August 31, 2011

വാര്‍ത്തകള്‍ ചോര്‍ത്തുന്ന ഡയറക്ടര്‍ വ്യാജരേഖയെക്കുറിച്ച് മിണ്ടുന്നില്ല

പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായ റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയ വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ മുഖം രക്ഷിക്കാന്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തുന്നത് തുടരുമ്പോഴും താന്‍ മുമ്പ് ചമച്ച വ്യാജരേഖയെക്കുറിച്ച് പ്രതികരിക്കുന്നില്ല. തന്റെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഒപ്പിട്ട ഫയലിന്റെ ഫോട്ടോസ്റ്റാറ്റ് ഉള്‍പ്പെടെ മാധ്യമങ്ങള്‍ക്ക് നല്‍കി നല്ല ഉദ്യോഗസ്ഥനാണെന്ന് വരുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. എന്നാല്‍ വിജിലന്‍സ് പ്രോസിക്യൂട്ടറുടെ കുറിപ്പുമായി ബന്ധപ്പെട്ട് നെറ്റോ, മാതൃഭൂമിക്കും മനോരമയ്ക്കും നല്‍കിയ ഫോട്ടോസ്റ്റാറ്റുകള്‍ കൃത്രിമമായി ചമച്ചതാണെന്ന് വ്യക്തമായിട്ടും പ്രതികരണം ഉണ്ടായിട്ടില്ല. ഇങ്ങനെ വ്യാജരേഖ ചമച്ച ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രിയും വിജിലന്‍സ് മന്ത്രിയും തയ്യാറാവുന്നുമില്ല.

കോടതിയില്‍ പുനരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് വിജിലന്‍സ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നല്‍കിയ കുറിപ്പ് തിരിച്ചയച്ചെന്നും അത് പ്രോസിക്യൂട്ടറുടെ ആമുഖ കത്തില്‍ എഴുതിയിരുന്നുവെന്നുമുള്ള രേഖയാണ് ഡയറക്ടര്‍ ചമച്ചത്. മെയ് ഏഴിനാണ് പ്രോസിക്യൂട്ടര്‍ ഡയറക്ടര്‍ക്ക് കുറിപ്പ് നല്‍കിയത്. എട്ടിന് ഈ കുറിപ്പില്‍ തന്റെ അഭിപ്രായം എഴുതി തിരിച്ചയച്ചുവെന്നും വ്യാജരേഖ ചമച്ചു. ഇത് മനോരമയും മാതൃഭൂമിയും പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയുംചെയ്തു. എന്നാല്‍ , മെയ് 13ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടറുടെ കുറിപ്പുണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. എന്നിട്ടും വാര്‍ത്ത ചോര്‍ത്തി നല്‍കി പാമൊലിന്‍ വിഷയത്തില്‍ പുകമറ സൃഷ്ടിക്കുകയാണ് വിജിലന്‍സ് ഡയറക്ടര്‍

ഡെസ്മണ്ട് നെറ്റോയെ ശുപാര്‍ശ ചെയ്തിട്ടില്ല: വി എസ്

ആലുവ: ഡെസ്മണ്ട് നെറ്റോയെ വിജിലന്‍സ് ഡയറക്ടറാക്കാന്‍ താന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ അദ്ദേഹം ചോര്‍ത്തിക്കൊടുക്കാറുണ്ട്. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കേണ്ടതില്ല എന്ന നിലയില്‍ വിജിലന്‍സ്് റിപ്പോര്‍ട്ട് നല്‍കിയതുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാരില്‍ അദ്ദേഹം വിജിലന്‍സ് ഡയറക്ടറായി തുടരുന്നത്. ഒരു കാരണവശാലും ആ സ്ഥാനത്തു തുടരാന്‍ നെറ്റോയെ അനുവദിച്ചുകൂടായെന്നും വി എസ് ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

deshabhimani 310811

1 comment:

  1. പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായ റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയ വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ മുഖം രക്ഷിക്കാന്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തുന്നത് തുടരുമ്പോഴും താന്‍ മുമ്പ് ചമച്ച വ്യാജരേഖയെക്കുറിച്ച് പ്രതികരിക്കുന്നില്ല.

    ReplyDelete