Thursday, December 1, 2011

പട്ടികവര്‍ഗസമുദായങ്ങളുടെ സര്‍വേ പൂര്‍ത്തിയായി;കാല്‍ ലക്ഷം പേര്‍ക്ക് റേഷന്‍ കാര്‍ഡില്ല

പട്ടികവര്‍ഗസമുദായങ്ങളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പ്രൊഫഷണല്‍ ബിരുദവുമുള്ള ആയിരങ്ങള്‍ ഇപ്പോഴും തൊഴില്‍ രഹിതരാണെന്ന് കില നടത്തിയ സര്‍വേയില്‍ പറയുന്നു. 49406 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് (49%) പ്രാഥമികാവശ്യം നിറവേറ്റാനുള്ള സൗകര്യം പോലുമില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. 24289 പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ഇല്ലെന്നതും പരിതാപകരമായ അവസ്ഥയാണ്.

തദ്ദേശഭരണസ്ഥാപനങ്ങളുടേയും പട്ടികവര്‍ഗ വികസനവകുപ്പിന്റെയും സഹായത്തോടെ കില നടത്തിയ സംസ്ഥാനത്തെ പട്ടികവര്‍ഗ സമുദായങ്ങളുടെ സമഗ്ര സര്‍വേ 2011 ഒക്‌ടോബറിലാണ് പൂര്‍ത്തിയായത്. ചില സമുദായ സംഘടനകളുടെ എതിര്‍പ്പുമൂലം സര്‍വേ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ട തിരുവനന്തപുരം, കോട്ടയം, ഇടുക്കി ജില്ലകളിലെ 34 ഗ്രാമപഞ്ചായത്തുകളെ ഒഴിവാക്കികൊണ്ടുള്ള 14 ജില്ലകളിലെ റിപ്പോര്‍ട്ടുകളും പട്ടികകളുമാണ് സര്‍ക്കാരിന്റെ അംഗീകാരത്തോടെ പ്രസിദ്ധീകരിച്ചത്. തടസപ്പെട്ട സര്‍വേ പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പതിനൊന്ന് വിഷയമേഖലകളിലായി തരംതിരിച്ചാണ് സര്‍വേ വിവരങ്ങള്‍ ക്രോഡീകരിച്ചിട്ടുള്ളത്. ജനസംഖ്യ, ഊരുകള്‍, വിദ്യഭ്യാസസ്ഥിതി, തൊഴിലും വരുമാനവും, ആരോഗ്യസ്ഥിതി, അടിസ്ഥാന സൗകര്യങ്ങള്‍, കൈവശഭൂമി, വനവുമായുള്ള ആഭിമുഖ്യം, സാമൂഹ്യ സുരക്ഷ, സാമൂഹ്യ വികാസം, ലിംഗ പദവി, എന്നീ ക്രമത്തിലാണ് പട്ടികകള്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. കൂടാതെ ഗ്രാമപഞ്ചായത്ത് തലത്തില്‍ അഞ്ച് പൊതു പട്ടികകളും, ആവിഷ്‌ക്കരിച്ചിട്ടുണ്ട്.സര്‍വേയിലൂടെ ശേഖരിച്ച വിവരങ്ങള്‍ തദ്ദേശഭരണസ്ഥാപന തലങ്ങളിലും (ഗ്രാമപഞ്ചായത്ത്/മുനിസിപാലിറ്റി/കോര്‍പ്പറേഷന്‍, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്) ജില്ലാ തലങ്ങളിലും, സസ്ഥാനതലത്തിലും ക്രോഡീകരിച്ചു ലഭ്യമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് 100912 കുടുംബങ്ങളിലായി 401401 പട്ടികവര്‍ഗ ജനസംഖ്യയുണ്ടെന്നാണ് സര്‍വേയില്‍ കണ്ടെത്തിയിട്ടുള്ളത്. 2001 ലെ സെന്‍സസില്‍ നിന്ന് 10.22 ശതമാനം വര്‍ദ്ധന ജനസംഖ്യയില്‍ ഉണ്ടായിട്ടുണ്ട്. സ്ത്രീ-പുരുഷ അനുപാതം 1031 ആണ്. മൊത്തം 33 പട്ടികവര്‍ഗ സമുദായങ്ങള്‍ അധിവസിക്കുന്നുണ്ട്. ഏറ്റവും വലിയ സമുദായം ‘പണിയന്‍’ ആണ്. പ്രത്യേക ദുര്‍ബല ഗ്രോത്ര വര്‍ഗ വിഭാഗങ്ങളായി അംഗീകരിച്ചിട്ടുള്ള 5 സമുദായങ്ങളില്‍ 6771 കുടുംബങ്ങളും 26273 അംഗങ്ങളും ഉണ്ട്.

പട്ടികവര്‍ഗ വനിതകളില്‍ 20301 പേര്‍ വിധവകളും, 887 പേര്‍ അവിവാഹിതരായ അമ്മമാരുമാണ്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന സ്ത്രീകള്‍ കുടുംബനാഥകളായിട്ടുള്ള 18623 പട്ടികവര്‍ഗ കുടുംബങ്ങളാണ് സംസ്ഥാനത്തുള്ളത്.മുഖ്യ കുടുംബങ്ങളോടൊപ്പം സ്വന്തമായി ഭൂമിയോ, വീടോ ഇല്ലാത്തുകൊണ്ട് 16027 ഉപകുടുംബങ്ങള്‍ കൂടി താമസിക്കുന്നണ്ടെന്നത് പട്ടികവര്‍ഗക്കാരുടെ ശോചനീയമായ ജീവിതാവസ്ഥ വെളിപ്പെടുത്തുന്നു.ആകെയുള്ള 4644 ഊരുകളില്‍ 361 ഊരുകളില്‍ എത്തിചേരാന്‍ നടപ്പാതപോലുമില്ലെന്ന അവസ്ഥയാണ്. 491 ഊരുകളിലോ, സമീപത്തോ അങ്കണവാടികള്‍ നിലവിലില്ല.

പട്ടികവര്‍ഗക്കാരുടെ സാക്ഷരതാ നിലവാരം 72.77 ശതമാനമെന്നാണ് സര്‍വേയില്‍ കണ്ടെത്തിയിട്ടുള്ളത്. നിരക്ഷരരായ 98536 പട്ടികവര്‍ഗക്കാരുണ്ട്. പ്രത്യേക ദുര്‍ബല വിഭാഗത്തില്‍പ്പെട്ട ‘ചോലനായിക്കന്‍’ സമുദായത്തിന്റെ സാക്ഷരത കേവലം 47.44 ശതമാനമാണ്. സാക്ഷരരായിട്ടുള്ളവരില്‍ പകുതിയോളം (49.27%) പേരുടെ വിദ്യാഭ്യാസനിലവാരം പ്രൈമറി തലമാണ്. ബിരുദതലം വരെ വിദ്യാഭ്യാസം നേടിയിട്ടുള്ളവര്‍ 1.31 ശതമാനം മാത്രമാണ്.  25 വയസില്‍ താഴെ പ്രായമുള്ളവരില്‍ 33212 പേര്‍ ഇടയ്ക്കു വെച്ച് പഠനം ഉപേക്ഷിച്ചവരാണ്. ദാരിദ്ര്യം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപ്രാപ്യത, തോല്‍വി, അന്യതാബോധം തുടങ്ങിയവയാണ് വിദ്യാഭ്യാസം ഉപേക്ഷിച്ചതിന്റെ പ്രധാന കാരണങ്ങള്‍.
  പട്ടിക വര്‍ഗക്കാരില്‍ 15-59 വയസിനിടയില്‍ പ്രായമുള്ളവരില്‍ 77680 പേര്‍ തൊഴിലില്ലാത്തവരാണെന്നതാണ് മറ്റൊരു കണ്ടെത്തല്‍. തൊഴിലെടുക്കുന്നവരില്‍ 30.62 ശതമാനം പേര്‍ കര്‍ഷക തൊഴിലാളികളാണ്. ബിരുദം നേടിയ 2112 പേരും, ബിരുദാനന്തര ബിരുദധാരികളായ 200 പേരും, സാങ്കേതിക - പ്രൊഫഷണല്‍ യോഗ്യതയുള്ള 2066 പേരും തൊഴില്‍ രഹിതരാണ്.

പട്ടികവര്‍ഗ കുടുംബങ്ങളില്‍ 49.35 ശതമാനം കടബാദ്ധ്യതയുള്ളവരാണ്. ഏറ്റവും കൂടുതല്‍ കടമെടുത്തിട്ടുള്ളത് സ്വകാര്യ വ്യക്തികളില്‍ നിന്നോ, സ്ഥാപനങ്ങളില്‍ നിന്നോ ആണ്.  ചികിത്സാവശ്യങ്ങള്‍, ദൈനംദിന ചെലവുകള്‍, വിവാഹം, ‘വന നിര്‍മ്മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് കൂടുതല്‍ പേരും കടം വാങ്ങിയിട്ടുള്ളത്.

7789 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് യാതൊരുവിധ ചികിത്സാ സൗകര്യങ്ങളും പ്രാപ്തമല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പട്ടികവര്‍ഗക്കാരില്‍ 24044 പേര്‍ ‘ഭിന്നശേഷിയുള്ളവരാണ്. അവരില്‍ 14036 പേര്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരും,  2386 പേര്‍ മാനസിക രോഗികളും, 3133 പേര്‍ ഒന്നിലധികം വെല്ലുവിളികള്‍ നേരിടുന്നവരുമാണ്. പട്ടികവര്‍ഗകാര്‍ക്കിടയില്‍ നിത്യരോഗികളായ 40323 പേരുണ്ടെന്ന് സര്‍വേ പറയുന്നു.

പട്ടികവര്‍ഗ കുടുംബങ്ങളില്‍ 4614 കുടുംബങ്ങള്‍ ‘ഭൂരഹിതരും, 8781 കുടുംബങ്ങള്‍ ‘വനരഹിതരുമാണ്. സ്വന്തമായുള്ള വീടുകളില്‍ 50414 എണ്ണം  ജീര്‍ണാവസ്ഥയിലാണ്. 39850 വീടുകള്‍ക്ക് അടുക്കളയില്ല.  46801 വീടുകളില്‍ കുടുംബാംഗങ്ങള്‍ക്ക് കഴിഞ്ഞു കൂടാന്‍ സ്ഥലസൗകര്യമില്ല. 31648 വീടുകള്‍ കാലപ്പഴക്കം കൊണ്ടോ, മറ്റു കാരണങ്ങളാലോ താമസയോഗ്യമല്ല.  ധനസഹായം അനുവദിച്ചവയില്‍ 13639 വീടുകളുടെ പണി പൂര്‍ത്തിയായിട്ടില്ല.സംസ്ഥാത്തെ 49406 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക്  കക്കൂസ് സൗകര്യം ഇല്ലെന്നത് ഞെട്ടിപ്പിക്കുന്ന വിവരമാണ്. പകുതിയോളം കുടുംബങ്ങള്‍ ശുദ്ധജല ക്ഷാമം അനുഭവിക്കുന്നുണ്ട്.വൈദ്യുതീകരിക്കാത്ത 1252 ഊരുകളും  59269 വീടുകളും ഉണ്ടെന്നാണ് മറ്റൊരു കണ്ടെത്തല്‍.കാര്‍ഷിക മേഖലയാണ് പട്ടികവര്‍ഗക്കാരുടെ അതിജീവന ഉപാധിയെങ്കിലും ഈ മേഖലക്ക് വേണ്ടത്ര പ്രോത്സാഹനവും, അനുബന്ധ സൗകര്യങ്ങളും ലഭിക്കുന്നില്ലെന്നാണ് സര്‍വേ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

1452 ഊരുകള്‍ റിസര്‍വ് വനത്തിനുള്ളിലോ വനത്തിന് സമീപത്തോ ആണ് സ്ഥിതി ചെയ്യുന്നത്. അവയില്‍ 1303 ഊരുകള്‍ വന്യമൃഗഭീഷിണി നേരിടുന്നവയാണ്. വിധവകളില്‍ 17 ശതമാനം പേര്‍ക്ക് മാത്രമാണ് പെന്‍ഷന്‍ ലഭിക്കുന്നത്.കുടുംബശ്രി പ്രവര്‍ത്തനങ്ങള്‍ 1799 ഊരുകളില്‍ ആരംഭിച്ചിട്ടില്ല. ചുരുക്കത്തില്‍ വികസന സൂചകങ്ങള്‍ ഏതെടുത്ത് പരിശോധിച്ചാലും സംസ്ഥാനത്തെ പട്ടികവര്‍ഗ ജന വിഭാഗങ്ങളില്‍ ഒന്നോ രണ്ടോ സമുദായങ്ങള്‍ ഒഴികെയുള്ളവര്‍ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലാണെന്നാണ് സര്‍വേ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്.

janayugom 0112111

1 comment:

  1. പട്ടികവര്‍ഗസമുദായങ്ങളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പ്രൊഫഷണല്‍ ബിരുദവുമുള്ള ആയിരങ്ങള്‍ ഇപ്പോഴും തൊഴില്‍ രഹിതരാണെന്ന് കില നടത്തിയ സര്‍വേയില്‍ പറയുന്നു. 49406 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് (49%) പ്രാഥമികാവശ്യം നിറവേറ്റാനുള്ള സൗകര്യം പോലുമില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. 24289 പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ഇല്ലെന്നതും പരിതാപകരമായ അവസ്ഥയാണ്.

    ReplyDelete