Thursday, December 1, 2011

യൂത്ത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ദൗത്യം

'ബുനിയാദ്' കേള്‍ക്കാന്‍ ഇമ്പമുള്ള ഹിന്ദി വാക്കാണ്. അടിത്തറ എന്നാണ് ആ വാക്കിനര്‍ഥം. ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് അതിന്റെ ദേശീയ സമ്മേളനത്തിന്റെ അടയാള വാക്യമായി കണ്ടെത്തിയത് ഈ പദമാണ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നെഹ്‌റു കുടുംബത്തിലെ ഇളംമുറക്കാരനായ രാഹുല്‍ഗാന്ധിയ്ക്കുള്ള പ്രത്യേക പദവിയും ആ പ്രത്യേക പദവിയുടെ ബലത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേടാന്‍ ശ്രമിക്കുന്ന പ്രത്യേകപരിവേഷവും ഇന്ന് ചര്‍ച്ചാ വിഷയമാണ്. കോണ്‍ഗ്രസിലെ 'രാഹുല്‍ ഇഫക്ട്' പലരൂപത്തിലാണ് പ്രകടിതമാവുന്നത്. 2 ജി സ്‌പെക്ട്രം ഇടപാടിന്റെ പശ്ചാത്തലത്തില്‍ മന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി വിരല്‍ചൂണ്ടിയ മന്ത്രി ചിദംബരം യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗം ആ 'ഇഫക്ടി'ന്റെ ഒരു പ്രതിഫലനമാണ്. മുതിര്‍ന്ന നേതാക്കള്‍ യൂവാക്കള്‍ക്കുവേണ്ടി വഴിമാറണമെന്നാണ് അദ്ദേഹം പ്രസംഗിച്ചത്. യു പി യിലെ ഒരു കോണ്‍ഗ്രസ് നേതാവ് ആ 'ഇഫക്ടി'നോട് പ്രതികരിച്ചത് നാടുനീളെ സ്വന്തം ചിലവില്‍ പോസ്റ്റര്‍ അച്ചടിച്ച് ഒട്ടിച്ചുകൊണ്ടാണ്. ആ പോസ്റ്ററിലെ വാചകമാണ് ശ്രദ്ധേയം: ''അമ്മ രോഗിയായി, സര്‍ക്കാര്‍ ദയനീയമായി; ഞങ്ങളെ നയിക്കാന്‍ രാഹുല്‍ജീ, അങ്ങ് മാത്രമേയുള്ളു'' താരാരാധനയുടെയും ഭയപ്പാടിന്റെയും സംസ്‌ക്കാരം കോണ്‍ഗ്രസില്‍ എങ്ങനെ പിടിമുറുക്കുന്നുവെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. അതിന്റെ അടിത്തറമേല്‍ ശക്തിനേടാന്‍ ശ്രമിക്കുന്ന യൂത്ത്‌കോണ്‍ഗ്രസും ആ യൂത്ത് കോണ്‍ഗ്രസ് അടിത്തറയായി മാറുന്ന കോണ്‍ഗ്രസും! വിദൂരപ്രതീക്ഷയ്ക്കുപോലും വകയില്ലാത്തവിധം കോണ്‍ഗ്രസ് അധഃപതനത്തിന്റെ പാതയിലാണെന്നു ഇത് സൂചിപ്പിക്കുന്നു.

യൂത്ത് കോണ്‍ഗ്രസിലേയ്ക്കു രാഷ്ട്രീയമില്ലാത്ത യൂവാക്കളെ ആകര്‍ഷിക്കലാണു പ്രഥമ ലക്ഷ്യമെന്ന് ദേശീയ സമ്മേളനം അംഗീകരിച്ച സംഘടനാ പ്രമേയം പറയുന്നു. അതേ പ്രമേയം തന്നെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ദൗത്യങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ദൗത്യം എന്താണ്? ഗാന്ധി-നെഹ്‌റു പൈതൃകത്തില്‍ നിന്നു ബഹുകാതം അകന്നു കഴിഞ്ഞ ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഈ ചോദ്യം തന്നെ അരോചകമായിരിക്കും. പ്രകടന പത്രികയില്‍ എന്തെല്ലാം എഴുതി വച്ചാലും പുതിയ കോണ്‍ഗ്രസും അതിന്റെ ഗവണ്‍മെന്റും നിറവേറ്റുന്ന രാഷ്ട്രീയ ദൗത്യം ജനങ്ങള്‍ കാണുന്നുണ്ട്. നാടിന്റെ സ്വാതന്ത്ര്യത്തിന്റെയും പരമാധികാരത്തിന്റെയും പുരോഗതിയുടെയും ലക്ഷ്യങ്ങളെ അട്ടിമറിക്കുന്നതാണ് ആ ദൗത്യം. ആഗോളവല്‍ക്കരണ നയങ്ങളുടെ വിനീത വിധേയരാവുക വഴി കോര്‍പ്പറേറ്റ് ലാഭക്കൊതിയന്മാരുടെ മേച്ചില്‍പ്പുറമാക്കി ഇന്ത്യയെ മാറ്റിയ ദൗത്യമാണത്. ആണവ ഉടമ്പടിയില്‍ അടക്കം വ്യക്തമായതുപോലെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കൂട്ടാളിയായി ഇന്ത്യയെ മാറ്റിയത് ആ ദൗത്യമാണ്.

വടക്കനാഫ്രിക്കയിലും പശ്ചിമേഷ്യയിലും ഭരണകൂടങ്ങളെ കടപുഴക്കിയെറിഞ്ഞ പ്രക്ഷോഭങ്ങളെക്കുറിച്ചും അതില്‍ യുവാക്കള്‍ വഹിച്ച പങ്കിനെക്കുറിച്ചും യൂത്ത് കോണ്‍ഗ്രസ് ചിന്തിക്കുന്നില്ല. 'ഒക്യുപൈ വാള്‍സ്ട്രീറ്റ് പ്രസ്ഥാനം' മുതലാളിത്ത വ്യവസ്ഥയുടെ നബലിബറല്‍ നയങ്ങളെ വെല്ലുവിളിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് കണ്ടില്ല. ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ഗ്രീസിലും സ്‌പെയിനിലുമടക്കം യൂറോപ്പിലാകെ അലയടിക്കുന്ന ജനകീയ മുന്നേറ്റത്തില്‍ താരുണ്യത്തിന്റെ രോഷം അഗ്നിപടര്‍ത്തുന്നത് അവര്‍ കാണുന്നില്ലേ? ലോകത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ കണ്ണുംകാതും കൊട്ടിയടക്കുന്ന ദൗത്യമാണോ കോണ്‍ഗ്രസില്‍ നിന്ന് ഈ ചെറുപ്പക്കാര്‍ ഏറ്റുവാങ്ങേണ്ടത്? തടവറയുടെ ഏകാന്തതയില്‍ നിന്ന് മകള്‍ക്കു കത്തെഴുതിയപ്പോള്‍ ലോകത്തിനു നേരെ കണ്ണുതുറന്നു പിടിക്കാന്‍ പറഞ്ഞ ജവഹര്‍ലാല്‍ നെഹ്‌റുവില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസിന് ദൗത്യങ്ങളൊന്നും ഏറ്റുവാങ്ങാനില്ലേ?
'സ്വരാജ്' എന്നു പറഞ്ഞാല്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും വിദ്യാഭ്യാസവുമാണെന്നു നാടിനെ പഠിപ്പിച്ചത് മഹാത്മാഗാന്ധിയാണ്. സ്വാതന്ത്ര്യം കൈവന്ന് 64 കൊല്ലം കഴിഞ്ഞിട്ടും ആ 'സ്വരാജ്' ഇപ്പോഴും എത്ര അകലെയാണ്! രാഷ്ട്രീയമില്ലാത്ത ചെറുപ്പക്കാരോട് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ദൗത്യം ഉയര്‍ത്തിപ്പിടിക്കാന്‍ ആഹ്വാനം ചെയ്യുമ്പോള്‍ എന്തുതരം രാഷ്ട്രീയ പരിശീലനമാണ് അവര്‍ക്കു നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്? മഹാത്മാഗാന്ധിയുടെ സ്വരാജിന്റെ രാഷ്ട്രീയമോ; മന്‍മോഹന്‍സിംഗിന്റെ നവലിബറല്‍ അടിമത്വത്തിന്റെ രാഷ്ട്രീയമോ?

ദരിദ്രരെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയും അഴിമതിക്കെതിരായ പ്രതിഷേധവും യൂത്ത് കോണ്‍ഗ്രസ് പ്രമേയങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അതുവിശ്വസിച്ചുകൊണ്ട് ഏതെങ്കിലും ചെറുപ്പക്കാര്‍ യൂത്ത് കോണ്‍ഗ്രസില്‍ ചേരുന്നുവെങ്കില്‍ അഴിമതിയുടെയും ദാരിദ്ര്യത്തിന്റെയും പിറകിലുള്ള സാമ്പത്തിക രാഷ്ട്രീയ ഘടകങ്ങളെക്കുറിച്ചും അവര്‍ക്ക് അന്വേഷിക്കേണ്ടിവരും. ജനകോടികളെ ദാരിദ്ര്യത്തിലേയ്ക്കു തള്ളിയിട്ടതും അഴിമതിക്കു ഹിമാലയത്തെക്കാള്‍ വളര്‍ച്ചയുണ്ടാക്കിയതും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ദൗത്യമാണെന്ന് അവര്‍ അപ്പോള്‍ കണ്ടെത്തും. നവലിബറലിസത്തിന്റെ ഡല്‍ഹി പാദുഷമാര്‍ ഭയപ്പെടുന്നത് ആ കണ്ടെത്തലിനെയാണ്. സത്യത്തിലേയ്ക്കു കണ്ണുതുറക്കാത്ത ശബ്ദഘോഷം നിറഞ്ഞ ആള്‍ക്കൂട്ടമായി യൂത്ത്‌കോണ്‍ഗ്രസ് തുടരണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിനുപറ്റിയ അടിത്തറയാണ് അവര്‍ പണിയുന്നത്. പ്രക്ഷുബ്ധമായ പുതിയകാലത്തിന്റെ സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ചെറുപ്പക്കാര്‍ക്ക് അതിനാല്‍ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ല.

janayugom editorial 301111

2 comments:

  1. ബുനിയാദ്' കേള്‍ക്കാന്‍ ഇമ്പമുള്ള ഹിന്ദി വാക്കാണ്. അടിത്തറ എന്നാണ് ആ വാക്കിനര്‍ഥം. ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് അതിന്റെ ദേശീയ സമ്മേളനത്തിന്റെ അടയാള വാക്യമായി കണ്ടെത്തിയത് ഈ പദമാണ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നെഹ്‌റു കുടുംബത്തിലെ ഇളംമുറക്കാരനായ രാഹുല്‍ഗാന്ധിയ്ക്കുള്ള പ്രത്യേക പദവിയും ആ പ്രത്യേക പദവിയുടെ ബലത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേടാന്‍ ശ്രമിക്കുന്ന പ്രത്യേകപരിവേഷവും ഇന്ന് ചര്‍ച്ചാ വിഷയമാണ്. കോണ്‍ഗ്രസിലെ 'രാഹുല്‍ ഇഫക്ട്' പലരൂപത്തിലാണ് പ്രകടിതമാവുന്നത്. 2 ജി സ്‌പെക്ട്രം ഇടപാടിന്റെ പശ്ചാത്തലത്തില്‍ മന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി വിരല്‍ചൂണ്ടിയ മന്ത്രി ചിദംബരം യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗം ആ 'ഇഫക്ടി'ന്റെ ഒരു പ്രതിഫലനമാണ്. മുതിര്‍ന്ന നേതാക്കള്‍ യൂവാക്കള്‍ക്കുവേണ്ടി വഴിമാറണമെന്നാണ് അദ്ദേഹം പ്രസംഗിച്ചത്.

    ReplyDelete
  2. യൂത്ത്കോണ്‍ഗ്രസ്സിന് തന്നെ രാഷ്ട്രീയമില്ലെന്ന് മനസിലായി

    ReplyDelete