Saturday, December 3, 2011

യോഗ്യതയുള്ള എന്‍ജിനിയറിംഗ് കോളജ് അധ്യാപകരില്ല

എന്‍ജിനിയറിംഗ് കോളജ് അധ്യാപകരുടെ കുറഞ്ഞ യോഗ്യത എം ടെക്  ആയി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചതോടെ സംസ്ഥാനത്ത് യോഗ്യരായ അധ്യാപകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്.  സ്വാശ്രയ എന്‍ജിനിയറിംഗ്  കോളേജുകളില്‍ പഠിപ്പിക്കുന്ന അധ്യാപകരില്‍ ഭൂരിഭാഗവും ബി ടെക് ബിരുദധാരികളാണ്.

ബി ടെക് ബിരുദക്കാരായ അധ്യാപകര്‍ എം ടെക് പാസാകണമെന്ന് ഭൂരിഭാഗം കോളജ് അധികൃതരും അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്ത് എം ടെക്കിന് ആകെ 600 സീറ്റുകളാണ് ആകെയുള്ളത്. ഇതില്‍ ഭൂരിഭാഗവും സ്വാശ്രയ കോളേജുകളിലുമാണ്. സ്വാശ്രയ കോളേജുകളില്‍ എം ടെക് കോഴ്‌സുകള്‍ ധാരാളമായി അനുവദിച്ചപ്പോള്‍ സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളേജുകളില്‍ എയ്ഡഡ് എന്‍ജിനിയറിംഗ്  കോളേജുകളിലും പുതുതായി  എം ടെക് സീറ്റുകള്‍ അനുവദിച്ചിട്ടില്ല. ഇത് പ്രശ്‌നം  കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഇപ്പോള്‍ തന്നെ എന്‍ജിനിയറിംഗ് പരീക്ഷാ വിജയശതമാനം സംബന്ധിച്ച് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ കോളജുകളില്‍ അധ്യാപകരില്ലാത്ത സ്ഥിതി ഉണ്ടാകും. ലക്ഷങ്ങള്‍ കോഴകൊടുത്ത് പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ലഭിക്കാത്ത സ്ഥിതി ഉണ്ടാകും.

അതേസമയം അടിസ്ഥാനസൗകര്യങ്ങളോ വേണ്ടത്ര യോഗ്യതയുള്ള അധ്യാപകരോ ഇല്ലാത്ത സ്വാശ്രയ എന്‍ജിനിയറിംഗ് കോളേജുകളില്‍ നെറികെട്ട രീതിയില്‍  എം ടെക് കാഴ്‌സുകള്‍ അനുവദിച്ചിട്ടുണ്ട്.  ചുരുക്കത്തില്‍ എന്‍ജിനിയറിംഗ് ബിരുദാനന്തര ബിരുദ പഠനം പണമുള്ളവര്‍ക്കുമാത്രം ലഭ്യമാവുന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. മുമ്പ് സംസ്ഥാനത്ത് വേണ്ടത്ര എന്‍ജിനിയറിംഗ് സീറ്റുകള്‍ ഇല്ലാതിരുന്നപ്പോള്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അയല്‍സംസ്ഥാനങ്ങളിലേക്ക് ചേക്കേറിയതുപോലെ ഇപ്പോള്‍ എം ടെക്കിനും  സംസ്ഥാനത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്ന സ്ഥിതി സംജാതമാകും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ബി ടെക് സീറ്റുകളുടെ എണ്ണം  അഞ്ചിരട്ടിയായി  വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിന് ആനുപാതികമായി എം ടെക്  സീറ്റുകള്‍ വര്‍ധിപ്പിച്ചിട്ടില്ല. എം ടെക് സീറ്റുകള്‍ ബിടെക്കിന് ആനുപാതികമായി വര്‍ധിപ്പിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ അംഗങ്ങല്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതും നടന്നിട്ടില്ല.

janayugom 031211

1 comment:

  1. എന്‍ജിനിയറിംഗ് കോളജ് അധ്യാപകരുടെ കുറഞ്ഞ യോഗ്യത എം ടെക് ആയി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചതോടെ സംസ്ഥാനത്ത് യോഗ്യരായ അധ്യാപകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. സ്വാശ്രയ എന്‍ജിനിയറിംഗ് കോളേജുകളില്‍ പഠിപ്പിക്കുന്ന അധ്യാപകരില്‍ ഭൂരിഭാഗവും ബി ടെക് ബിരുദധാരികളാണ്.

    ReplyDelete