Saturday, December 3, 2011

ചര്‍ച്ചക്ക് വഴിയൊരുക്കാനേ കേന്ദ്രത്തിനു കഴിയൂ എന്ന് മുഖ്യമന്ത്രി


മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ പോയ മുഖ്യമന്ത്രി കാര്യമായ ഉറപ്പുകളോ തീരുമാനങ്ങളോ ഇല്ലാതെ മടങ്ങിയെത്തി. പുതിയ അണക്കെട്ടു നിര്‍മ്മിക്കുവാനുള്ള അനുമതിയോ, ജലനിരപ്പ് താഴ്ത്തുന്നതിനുള്ള ഉറപ്പോ കിട്ടിയില്ല. രണ്ടു സംസ്ഥാനങ്ങളുടെ പ്രശ്നമായതിനാല്‍ തമിഴ്നാടുമായി ചര്‍ച്ചക്ക് അവസരമൊരുക്കാന്‍ മാത്രമേ കേന്ദ്രസര്‍ക്കാരിനു കഴിയുകയുള്ളുവെന്ന് ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു.

ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ച നടത്താനുള്ള തീരുമാനമായി. കേരളത്തിന്റെ ആവശ്യങ്ങള്‍ ന്യായമാണെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി ഡല്‍ഹിയില്‍നിന്നും മടങ്ങിവരും വഴി വിമാനത്താവളത്തിനു പുറത്താണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. വെള്ളം കൊടുക്കുന്നതില്‍ കേരളത്തിന് എതിര്‍പ്പില്ല. വെള്ളം കൊടുക്കുന്നതില്‍ തര്‍ക്കമില്ലാത്ത ഒരു പ്രശ്നം ഇന്ത്യയില്‍ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനെക്കുറിച്ച് പിന്നീട് ആലോചിച്ച് നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. എ ജി ഹൈക്കോടതിയില്‍ എന്താണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് പഠിച്ചുപ്രതികരിക്കും. എ ജി തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുകയും നിഷേധക്കുറിപ്പിറക്കുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി തുടര്‍ന്നു. സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കുന്നതിനായി ജലവിഭവ മന്ത്രി പി ജെ ജോസഫ് ശനിയാഴ്ച ഡല്‍ഹിക്കു പോകും. കേരളത്തില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെമ്പാടും ശക്തമായ പ്രക്ഷോഭം തുടരുകയാണ്. വണ്ടിപ്പെരിയാര്‍ ചപ്പാത്തില്‍ ഉപവാസം നടത്തിയിരുന്ന ഇ എസ് ബിജിമോള്‍ എംഎല്‍എ ആശുപത്രിയിലും നിരാഹാരം തുടരുകയാണ്. കെ അജിത്ത്, റോഷി അഗസ്റ്റിന്‍ എന്നിവരും ഉപവാസം തുടരുന്നു.

തിരുവഞ്ചൂരും തിരുത്തി

കോട്ടയം: മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കി അണക്കെട്ട് താങ്ങുമെന്ന പ്രസ്താവന റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തിരുത്തി. മന്ത്രിയുടെ അഭിപ്രായത്തോട് സമാനതയുള്ള എ ജി യുടെ നിലപാടിനെതിരെ രംഗത്ത് വന്നാണ് തിരുവഞ്ചൂര്‍ നിലപാട് മാറ്റിയത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിക്കുന്നതില്‍ എജിക്ക് തെറ്റുപറ്റിയെന്നാണ് ശനിയാഴ്ച തിരുവഞ്ചൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എജിയുടേത് സര്‍ക്കാര്‍ നിലപാടല്ല. അഭിഭാഷകന്റെ വ്യക്തിപരമായ താത്പര്യമല്ല സംരംക്ഷിക്കേണ്ടത്. വൈകാരിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ എജി മുന്‍കരുതല്‍ എടുക്കണമായിരുന്നു. എജിയ്ക്കെതിരെ എന്ത് നടപടിയെടുക്കുമെന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എജിയ്ക്കെതിരെയുള്ള നടപടി ഉന്നതതല തീരുമാനത്തിനു ശേഷം സ്വീകരിക്കുമെന്നായിരുന്നു മറുപടി. മന്ത്രിയുടെ നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ നിലപാട് മാറ്റം.

deshabhimani news

1 comment:

  1. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ പോയ മുഖ്യമന്ത്രി കാര്യമായ ഉറപ്പുകളോ തീരുമാനങ്ങളോ ഇല്ലാതെ മടങ്ങിയെത്തി. പുതിയ അണക്കെട്ടു നിര്‍മ്മിക്കുവാനുള്ള അനുമതിയോ, ജലനിരപ്പ് താഴ്ത്തുന്നതിനുള്ള ഉറപ്പോ കിട്ടിയില്ല. രണ്ടു സംസ്ഥാനങ്ങളുടെ പ്രശ്നമായതിനാല്‍ തമിഴ്നാടുമായി ചര്‍ച്ചക്ക് അവസരമൊരുക്കാന്‍ മാത്രമേ കേന്ദ്രസര്‍ക്കാരിനു കഴിയുകയുള്ളുവെന്ന് ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു.

    ReplyDelete