Saturday, December 3, 2011

വിദേശ നിക്ഷേപം: ഇടതുപക്ഷം സമരം ശക്തമാക്കും

ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപത്തിനെതിരേ ദേശീയതലത്തിലുള്ള സമരം ശക്തമാക്കാന്‍ ഇടതു പാര്‍ട്ടികള്‍ തീരുമാനിച്ചു. വിദേശ നിക്ഷേപ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് സി പി ഐ ചൂണ്ടിക്കാട്ടി. ബാലി ഇടപാടിനെ അട്ടിമറിക്കുന്ന വിധത്തില്‍ പിന്തിരിപ്പന്‍ സാമ്പത്തീക വഴികള്‍ നടപ്പാക്കാന്‍ നിര്‍ബന്ധബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്.

മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും യു പി എ സഖ്യകക്ഷികള്‍ പോലും എതിര്‍ത്തിട്ടും ചില്ലറ വ്യാപാര മേഖലയില്‍ 51 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് മര്‍ക്കടമുഷ്ടിയാണെന്ന് സി പി ഐ കേന്ദ്ര സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പറഞ്ഞു. തീരുമാനം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ദശലക്ഷക്കണക്കിന് ചില്ലറ വ്യാപാരികളുടെ ജിവിതം താറുമാറാക്കും. കുത്തക കമ്പനികള്‍ തന്നിഷ്ടപ്രകാരം വിലനിശ്ചയിക്കുകയും കാര്‍ഷീക വിളകള്‍ തന്നെ മാറ്റിമറിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടമാകും.

വിദേശ നിക്ഷേപ തീരുമാനം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സൗകര്യപ്രദമായ വാദങ്ങളാണ് ഉന്നയിക്കുന്നതെന്ന് സി പി എം പ്രസ്ഥാവിച്ചു. വിദേശ കുത്തകകളുടെ കടന്നുവരവിലൂടെ രാജ്യത്തെ ചില്ലറ വ്യാപാര മേഖലയിലുള്ളവരുടെ തൊഴിലും വരുമാനമാര്‍ഗ്ഗങ്ങളും തകരുമെന്ന കാര്യം മറച്ചുകൊണ്ടുള്ള പ്രചരണങ്ങളാണ് കേന്ദ്രം നടത്തുന്നത്. കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രചാരണം.  എന്നാല്‍ നിരവധി രാജ്യങ്ങളിലെ അനുഭവം വച്ച് നോക്കുമ്പോള്‍ കുത്തക കമ്പനികള്‍ അവരുടെ സാന്നിദ്ധ്യം വിപുലപ്പെടുത്തി, ഇടനിലക്കാരെ പൂര്‍ണ്ണമായി ഒഴിവാക്കിയ ശേഷം കര്‍ഷകരെ ചൊല്‍പ്പടിക്കു നിര്‍ത്തുന്ന അനുഭവമാണുള്ളത്. തുടര്‍ന്ന് കുത്തകകള്‍ തന്നിഷ്ട പ്രകാരം നിശ്ചയിക്കുന്ന വിലയ്ക്ക് കര്‍ഷകര്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ കുത്തകകള്‍ക്ക് തന്നെ വില്‍ക്കേണ്ടിവരുന്ന ദാരുണമായ അവസ്ഥയും നിരവധി രാജ്യങ്ങളിലെ അനുഭവ പാഠമാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്ഥാവന പറയുന്നു.

വിദേശ നിക്ഷേപം: സര്‍ക്കാര്‍ - വ്യാപാരി പ്രതിനിധികളുടെ സംയുക്ത സമിതി

 ന്യുഡല്‍ഹി: ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപം സംബന്ധിച്ച ആശങ്കകള്‍ ദുരീകരിക്കുന്നതിന് വ്യാപാരികളുടെയും സര്‍ക്കാര്‍ പ്രതിനിധികളുടെയും സംയുക്ത പാനല്‍ രൂപീകരിക്കുമെന്ന് ദേശീയ വ്യാപാരി സംഘടനയായ സി എ ഐ ടി(കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്‌സ്) മേധാവി പ്രവീണ്‍ ഖണ്‌ഡേല്‍വാല്‍ പറഞ്ഞു. വ്യാപാരി സംഘടനകളും സര്‍ക്കാരും തമ്മില്‍ ഈ വിഷയത്തില്‍ ഇതുവരെ ഒരുമിച്ചിരുന്നുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ല. വ്യാപാരികളുടെ ആശങ്കകള്‍ക്ക് പരിഹാര മാര്‍ഗ്ഗങ്ങള്‍ ആരുംതന്നെ തരുന്നില്ല. ഇത്തരം സാഹചര്യത്തില്‍ സംയുക്ത സമിതിക്ക് രൂപം നല്‍കാന്‍ തീരുമാനമായതായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ആനന്ദ് ശര്‍മ്മയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം പ്രവീണ്‍ ഖണ്‌ഡേല്‍വാല്‍ അറിയിച്ചു. നിലവില്‍ വ്യാപാരികള്‍ ആരംഭിച്ചിട്ടുള്ള സമരമുഖം ഉപേക്ഷിക്കുമോ എന്ന വാര്‍ത്താ ലേഖകരുടെ ചോദ്യത്തിന് ഇത് സംബന്ധിച്ച എല്ലാ തീരുമാനങ്ങളും ഡിസംബര്‍ 12ന് നാഗ്പൂരില്‍ നടക്കുന്ന സി എ ഐ ടി ദേശീയ ഗവേണിംഗ് കൗണ്‍സിലില്‍ തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

janayugom 031211

1 comment:

  1. ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപത്തിനെതിരേ ദേശീയതലത്തിലുള്ള സമരം ശക്തമാക്കാന്‍ ഇടതു പാര്‍ട്ടികള്‍ തീരുമാനിച്ചു. വിദേശ നിക്ഷേപ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് സി പി ഐ ചൂണ്ടിക്കാട്ടി. ബാലി ഇടപാടിനെ അട്ടിമറിക്കുന്ന വിധത്തില്‍ പിന്തിരിപ്പന്‍ സാമ്പത്തീക വഴികള്‍ നടപ്പാക്കാന്‍ നിര്‍ബന്ധബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്.

    ReplyDelete