അണക്കെട്ടിന് അപകടം സംഭവിച്ചാല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും പ്രകൃതിക്കുമുള്ള നാശനഷ്ടം എത്രമാത്രം കുറയ്ക്കാമെന്നതിനെപ്പറ്റി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സമഗ്ര ദുരന്തനിവാരണപദ്ധതി തയ്യാറാക്കിയിരുന്നു. മുല്ലപ്പെരിയാറില്‍ 130 അടി വെള്ളമുള്ളപ്പോള്‍ അപകടമുണ്ടായാല്‍ എന്തുസംഭവിക്കുമെന്നാണ് ആ റിപ്പോര്‍ട്ട് വിലയിരുത്തിയത്. അപ്രകാരം ഇടുക്കി ഡാംവരെ വെള്ളപ്പാച്ചിലെത്താന്‍ 45 മിനിറ്റ് മതി. മുല്ലപ്പെരിയാറില്‍ നിന്ന് ഇടുക്കി ഡാമിലേക്ക് 35 കിലോമീറ്റര്‍ ദൂരമുണ്ട്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍വരെ വെള്ളപ്പാച്ചിലുണ്ടായാല്‍ 50 അടിവരെ ഉയരത്തില്‍ വെള്ളം ഒഴുകും. ഇടുക്കി അണക്കെട്ടും തകര്‍ന്നാല്‍ മറ്റു ഡാമുകള്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ല. അങ്ങനെ വന്നാല്‍ കൊച്ചി നഗരത്തില്‍ വരെ 10 അടി ഉയരത്തില്‍ വെള്ളപ്പാച്ചില്‍ ഉണ്ടാകാമെന്നാണ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പക്കല്‍ ഉണ്ടായിരിക്കെയാണ് മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ വെള്ളപ്പാച്ചില്‍ ഇടുക്കിയിലെത്താന്‍ ഏഴുമണിക്കൂര്‍ വേണമെന്ന് എ ജി കോടതിയില്‍ പറഞ്ഞത്.
ചെറുതോണിയിലെ ഷട്ടറുകള്‍ ഉയര്‍ത്തിയാല്‍ വെള്ളം അറബിക്കടലിലേക്ക് പോകുമെന്ന എ ജിയുടെ വാദം ആക്ടിങ് ചീഫ് ജസ്റ്റിസ് അത്ഭുതം പ്രകടിപ്പിച്ച് നിരാകരിക്കുകയായിരുന്നു. മുല്ലപ്പെരിയാര്‍ കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി നേരിട്ടും അല്ലാതെയും ആശയവിനിമയം നടത്തിയശേഷമാണ് എജി കോടതിയില്‍ വാദിച്ചത്. അത് സുപ്രീംകോടതിയിലെ കേരളത്തിന്റെ കേസിനെ ദുര്‍ബലപ്പെടുത്തും. നിയമമന്ത്രി കെ എം മാണിയും ജലവിഭവമന്ത്രി പി ജെ ജോസഫും എ ജിയെ പരസ്യമായി തള്ളിപ്പറഞ്ഞത് ഇതുകൊണ്ടാണ്. എന്നിട്ടും മുഖ്യമന്ത്രി എ ജിയെ കൈവിട്ടില്ല. അതുകൊണ്ടാണ് രാജിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ദണ്ഡപാണി മാധ്യമങ്ങളോടു പറഞ്ഞത്. ഭരണഘടനാപദവിയുള്ള എ ജി സംസ്ഥാനത്തിന്റെ നിയമോപദേശകനാണ്. സര്‍ക്കാര്‍ നിലപാട് കോടതിയില്‍ അവതരിപ്പിക്കേണ്ട ഭരണഘടനാബാധ്യതയുള്ള സ്ഥാനമാണിത്. സുബ്രഹ്മണ്യംപോറ്റി, എസ് നാരായണന്‍പോറ്റി, സൂര്യനാരായണ അയ്യര്‍ , ടി സി എന്‍ മേനോന്‍ തുടങ്ങിയ പ്രഗത്ഭ അഭിഭാഷകര്‍ കേരളത്തില്‍ അഡ്വക്കറ്റ് ജനറല്‍മാരായിട്ടുണ്ട്. കേരളത്തില്‍ ഇതുവരെ എ ജിയെ പുറത്താക്കിയിട്ടില്ല. എന്നാല്‍ , ചില രാഷ്ട്രീയപ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ എഫ് എസ് നരിമാനെപ്പോലെയുള്ളവര്‍ സര്‍ക്കാര്‍ അഭിഭാഷകപദവി ഉപേക്ഷിച്ച അനുഭവം ഇന്ത്യയിലുണ്ടായിട്ടുണ്ട്.
(ആര്‍ എസ് ബാബു)
എജിക്കെതിരെ നടപടി മന്ത്രിസഭ തീരുമാനിക്കും: പി ജെ ജോസഫ്
കോട്ടയം: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാട് മണ്ടത്തരമെന്ന് ജലവിഭവമന്ത്രി പി ജെ ജോസഫ് പറഞ്ഞു. എജിക്കെതിരായ നടപടി അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും. സര്‍ക്കാര്‍ നിലപാട് സത്യവാങ്മൂലമായി ചൊവ്വാഴ്ച ഹൈക്കോടതിയെ അറിയിക്കുമെന്നും കോട്ടയം പ്രസ് ക്ലബിന്റെ "മുഖാമുഖ"ത്തില്‍ മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിലപാടല്ല എജി കോടതിയില്‍ പറഞ്ഞതെന്ന് എങ്ങനെ ഉറപ്പിക്കാമെന്ന ചോദ്യത്തിന്, കെ എം മാണിയും താനുമടക്കമുള്ള മന്ത്രിമാരും മുഖ്യമന്ത്രിയും അതു തള്ളിയതിലൂടെ വ്യക്തമായില്ലേയെന്നായിരുന്നു ജോസഫിന്റെ മറുചോദ്യം.
അഞ്ചിന് കെ എം മാണി ചപ്പാത്തിലും താന്‍ ഡല്‍ഹിയിലും ഉപവസിക്കും. മലയാളികളെല്ലാം കേന്ദ്രസര്‍ക്കാരിന്റെയും സുപ്രീംകോടതിയുടെയും മനസ്സ് മാറാന്‍ അന്ന് ഉപവസിക്കണം. എല്‍ഡിഎഫിന്റെ മനുഷ്യച്ചങ്ങലയിലും എല്ലാവരും അണിനിരക്കണം. ഇക്കാര്യത്തില്‍ നിരന്തരസമരമാണ് വേണ്ടത്. ഇടുക്കി അണക്കെട്ടിലെ വെള്ളം മുന്‍കൂട്ടി ഒഴുക്കിയാല്‍ മുല്ലപ്പെരിയാറിലെ വെള്ളം തടഞ്ഞുനിര്‍ത്താനായേക്കാം. എന്നാല്‍ , എക്കാലത്തേക്കും ഇടുക്കിയിലെ വെള്ളം വെറുതെ ഒഴുക്കാനാവില്ല. ഇക്കാര്യം മന്ത്രിസഭായോഗം വിലയിരുത്തിയിട്ടുണ്ട്. ആ നിലയ്ക്ക് സര്‍ക്കാര്‍ നിലപാടല്ലാത്ത കാര്യം സര്‍ക്കാര്‍ പ്രതിനിധി ഹൈക്കോടതിയില്‍ പറയേണ്ടതില്ല. വേണ്ടാത്തതൊന്നും എജി പറഞ്ഞില്ലെന്ന മന്ത്രി തിരുവഞ്ചൂരിന്റെ ന്യായീകരണം കാര്യങ്ങള്‍ മനസിലാക്കാതെയാകുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി രണ്ട് ദിവസം 65 സെന്റീമിറ്റര്‍ മഴ പെയ്താല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് കവിഞ്ഞൊഴുകി തകരും. കേന്ദ്രാനുമതി കിട്ടിയാല്‍ പിറ്റേന്ന് പണി തുടങ്ങും. 700 കോടി രൂപ മുടക്കി അണക്കെട്ട് പണിയും.
എജിയെ ഉടന്‍ പുറത്താക്കണം: വി എസ്
തിരു: മുല്ലപ്പെരിയാര്‍ കേസില്‍ ഹൈക്കോടതിയില്‍ കേരളത്തിന്റെ താല്‍പ്പര്യത്തിനെതിരായ നിലപാട് സ്വീകരിച്ച അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണിയെ ഉടന്‍ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എജിക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ സര്‍ക്കാരിനും അദ്ദേഹത്തിന്റെ നിലപാടാണെന്ന് കരുതേണ്ടിവരും. പുറത്താക്കിയില്ലെങ്കില്‍ ആറാം തീയതിയിലെ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്നും വി എസ് വ്യക്തമാക്കി. എജിയുടെ നിലപാട് ഇതാണെങ്കില്‍ സര്‍വകക്ഷി യോഗവും പ്രത്യേക നിയമസഭാ സമ്മേളനവും എന്തിനാണ്. പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അനങ്ങാപ്പാറനയത്തെ ന്യായീകരിക്കുന്നതിനാണ് ഈ മലക്കംമറിച്ചില്‍ എന്ന് സംശയിക്കണം. എജിയുടെ നിലപാട് അമ്പരപ്പിക്കുന്നതും നടുക്കുന്നതുമാണെന്ന് വി എസ് പറഞ്ഞു.
മുല്ലപ്പെരിയാര്‍ കേസ് അട്ടിമറിക്കുന്നതിനു തുല്യമാണ് എജിയുടെ നിലപാട്. കേരളീയരുടെ വികാരത്തിന് ആഴത്തില്‍ മുറിവേറ്റിരിക്കയാണ്. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാലും കുഴപ്പമില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചത് ദുരൂഹമാണ്. മുമ്പ് തമിഴ്നാടിന്റെ വക്കീലായിരുന്നു. കേരളത്തിന്റെ അഡ്വക്കറ്റ് ജനറല്‍ കൂറുമാറി മറുപക്ഷം ചേര്‍ന്ന് പഴയ വക്കാലത്തിന്റെ ഓര്‍മയില്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. തമിഴ്നാടിനുവേണ്ടി കേസ് നടത്തിയത് എജിയുടെ ഭാര്യയാണെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇത് എജിയുടെ വ്യക്തിപരമായ കാര്യമല്ല. സര്‍ക്കാരിന്റെ നിലപാടല്ലെങ്കില്‍ മറ്റാരുടെയോ പ്രേരണയാണ് ഇതിനു പിന്നില്‍ . ഇതിന് ചില നേട്ടങ്ങളും ബന്ധപ്പെട്ടവര്‍ക്ക് ഉണ്ടായതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ചിലര്‍ക്ക് കേരളത്തിലും തമിഴ്നാട്ടിലും തെങ്ങിന്‍തോപ്പും മുന്തിരിത്തോട്ടവും ഉള്ളതായി പുറത്തുവന്നു. വക്കീല്‍ ഫീസായും മറ്റും പലരും പലതും കൈപ്പറ്റിയിട്ടുണ്ട്.
യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ മുല്ലപ്പെരിയാര്‍ കേസ് നടത്തിപ്പിലും സര്‍ക്കാര്‍ നടപടിയിലും ജാഗ്രത ഇല്ലാതായി. അണക്കെട്ടിന്റെ അപകടാവസ്ഥ സംബന്ധിച്ച് ജലവിഭവ മന്ത്രിക്ക് ജൂണ്‍ 13ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടും നടപടി എടുത്തില്ല. എജിയുടെ നിലപാട് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആവര്‍ത്തിച്ചു. കേരളം ഒറ്റക്കെട്ടായി ജീവന്മരണ പ്രശ്നത്തില്‍ സമരരംഗത്തിറങ്ങിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചിരിക്കുന്നത് നടുക്കമുളവാക്കുന്നതാണ്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പാര്‍ടി പിബി പുറപ്പെടുവിച്ച പ്രസ്താവന കേരളത്തിന്റെ വികാരം പൂര്‍ണമായും പ്രതിഫലിപ്പിക്കുന്നതാണെന്ന് കരുതുന്നില്ലെന്ന് വി എസ് ചോദ്യത്തിന് മറുപടി നല്‍കി. കേരളത്തിന്റെ വികാരത്തിന് കടകവിരുദ്ധമാണത്. ജനവികാരത്തിന് അനുരോധമായ നിലയില്‍ പിബി അഭിപ്രായം വ്യക്തമാക്കുമെന്ന് മനസ്സിലാക്കുന്നതായും അദ്ദേഹം പറഞ്ഞു.
എജിയെ പുറത്താക്കണം: വി എം സുധീരന്‍
കാഞ്ഞങ്ങാട്: കേരളത്തിന്റെ വികാരത്തിനെതിരെ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ അഡ്വക്കറ്റ് ജനറലിനെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഴുവന്‍ പാര്‍ടികളും ഒന്നിക്കണം. സര്‍വകക്ഷിസംഘം കേന്ദ്രത്തില്‍പോയി കേരളത്തിന്റെ വികാരം ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട്ട് കെ മാധവന്റെ ആത്മകഥയുടെ ഇംഗ്ലിഷ് പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ ജി സ്ഥാനത്തിരിക്കാന്‍ ദണ്ഡപാണി യോഗ്യനല്ലെന്ന് അദ്ദേഹംതന്നെ തെളിയിച്ചു. കേരളത്തിന്റെ താല്‍പര്യത്തേക്കാള്‍ അദ്ദേഹത്തിന് തമിഴ്നാടിനോടാണ് താല്‍പര്യം. സ്വയം ഒഴിയുകയാണ് മര്യാദ. അതല്ലെങ്കില്‍ സര്‍ക്കാര്‍ പുറത്താക്കണം- സുധീരന്‍ പറഞ്ഞു.
എജിയ്ക്ക് സാമാന്യബോധമില്ലെന്ന് മന്ത്രി കെ ബാബു
കൊച്ചി: മുല്ലപ്പെരിയാര്‍വിഷയത്തില്‍ അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണിക്കെതിരെ മന്ത്രി കെ ബാബുവിന്റെ പരോക്ഷവിമര്‍ശം.എജിയുടെ പ്രസ്താവന സാമാന്യബോധമില്ലാത്തതു കൊണ്ടാണെന്ന് മന്ത്രി എജിയെ പേരെടുത്തുപറയാതെ മന്ത്രി വിമര്‍ശിച്ചു. ഒരാളുടെ കോമണ്‍സെന്‍സില്ലായ്മയുടെ കെടുതി ഇന്ന് കേരളംമുഴുവന്‍ ചര്‍ച്ചചെയ്യുന്നുവെന്ന് പിഎസ്സി സംഘടിപ്പിച്ച പരിശീലനപരിപാടിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യവെ മന്ത്രി പറഞ്ഞു. ജീവനക്കാര്‍ക്ക് ഉണ്ടാകേണ്ട സാമാന്യബോധത്തെക്കുറിച്ച് സംസാരിച്ച മന്ത്രി ആരേയും വ്യക്തിപരമായി പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
എ ജി അങ്ങനെ പറയുമെന്ന് വിശ്വസിക്കുന്നില്ലെന്ന് മാണി
മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാലും കുഴപ്പമുണ്ടാകില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ പറഞ്ഞതായി താന്‍ വിശ്വസിക്കുന്നില്ലെന്ന് മന്ത്രി കെ എം മാണി. എ ജി പറഞ്ഞത് എന്താണെന്ന് തനിക്കറിയില്ലെന്നും മാണി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എ ജിയുടെ പരാമര്‍ശത്തെക്കുറിച്ച് പരസ്പരവിരുദ്ധ റിപ്പോര്‍ട്ടുകളാണ് വരുന്നത്. ജലനിരപ്പും സുരക്ഷയും തമ്മില്‍ ബന്ധമില്ലെന്ന് എ ജി പറഞ്ഞെങ്കില്‍ അത് ശരിയല്ല. ജലനിരപ്പ് ഉയര്‍ന്നാല്‍ അണക്കെട്ട് അപകടത്തിലാകും. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്റെ അവകാശം സംരക്ഷിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് മാണി ആവശ്യപ്പെട്ടു.
മാധ്യമങ്ങളെ പഴിച്ച് എജി
കൊച്ചി: മുല്ലപ്പെരിയാറിലെ വെള്ളംകൂടി ഉള്‍ക്കൊള്ളാന്‍ ഇടുക്കി ഡാമിനു ശേഷിയുണ്ടെന്നാണ് താന്‍ കോടതിയില്‍ പറഞ്ഞതെന്ന് അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി. പ്രശ്നത്തില്‍ കോടതിയില്‍ നടത്തിയ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ച് വിവാദമുണ്ടാക്കുകയായിരുന്നെന്ന് എജി ആരോപിച്ചു. മുല്ലപ്പെരിയാറിലെ വെള്ളം യാന്ത്രികമായി എത്തിച്ചാല്‍ ഇടുക്കിയില്‍ സംഭരിക്കാനാവുമെന്നാണ് ഉദ്ദേശിച്ചത്. എന്നാല്‍ , ഇപ്പോഴത്തെ പ്രശ്നം മുല്ലപ്പെരിയാര്‍ നേരിടുന്ന തകര്‍ച്ചഭീഷണിയാണ്. പുതിയ ഡാം നിര്‍മിക്കുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനുള്ള നടപടിയാണ് ആരംഭിച്ചിട്ടുള്ളത്. ദുരന്തമുണ്ടായാല്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്ന നടപടി സംബന്ധിച്ച വിശദ റിപ്പോര്‍ട്ടും കോടതിക്കു കൈമാറി. ശനിയാഴ്ച വിദഗ്ധരോടു വരാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്-എജി മാധ്യമങ്ങളോടു പറഞ്ഞു. വിവിധ കക്ഷികളുടെ പ്രതിനിധികളും അഭിഭാഷകരും ഉള്‍ക്കൊള്ളുന്ന കോടതിയില്‍ പല അഭിപ്രായങ്ങളും ചര്‍ച്ചയും ഉണ്ടാകും. ഇതു ചോര്‍ത്തി വാര്‍ത്തയുണ്ടാക്കുന്നത് തെറ്റാണ്. ഇതിനുപിന്നില്‍ രാഷ്ട്രീയമാണ്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്നാണ് തന്റെ അഭിപ്രായം.
deshabhimani 031211
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഹൈക്കോടതിയില്‍ കേരളത്തെ ഒറ്റുകൊടുത്ത ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ ജനകീയകോടതിയില്‍ പ്രതിക്കൂട്ടില്‍ . അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണിയെ പുറത്താക്കിയോ രാജിവയ്പിച്ചോ മുഖംരക്ഷിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിച്ചാലും ജനരോഷത്തില്‍നിന്നു രക്ഷപ്പെടാനാകില്ല. എജി ഹൈക്കോടതിയില്‍ നിരത്തിയ കേരളവിരുദ്ധ വാദമുഖങ്ങളെ അല്‍പ്പനേരത്തിനുശേഷം വാര്‍ത്താസമ്മേളനത്തിലൂടെ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ന്യായീകരിച്ചത് ചെറിയ കാര്യമല്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ ജനങ്ങളെ രക്ഷിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ എന്തൊക്കെയെന്ന ചോദ്യമാണ് ആക്ടിങ് ചീഫ്ജസ്റ്റിസ് മഞ്ജുള ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞത്. മുഖ്യമന്ത്രിയുമായും റവന്യൂമന്ത്രിയുമായും ആലോചിച്ചാണ് എജി സത്യവാങ്മൂലം നല്‍കിയതും കോടതിയില്‍ വാദിച്ചതും. അതുകൊണ്ടുതന്നെ എജിയുടെ രാജികൊണ്ടു മാത്രം പ്രശ്നപരിഹാരമാകില്ല.
ReplyDelete