Saturday, December 3, 2011

ബാബു എം പാലിശേരിക്കെതിരെയുള്ള ഹര്‍ജി തള്ളി

കുന്നംകുളത്തിന്റെ ജനവിധിക്കുള്ള അംഗീകാരമായി ഹൈക്കോടതി ഉത്തരവ്. കുന്നംകുളം എംഎല്‍എ ബാബു എം പാലിശേരിയെ അയോഗ്യനാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സി പി ജോണ്‍ നല്‍കിയ ഹര്‍ജിയാണ് വെള്ളിയാഴ്ച ഹൈക്കോടതി തള്ളിയത്. എതിര്‍കക്ഷിക്ക് കോടതിനടപടികള്‍ക്ക് ചെലവായ തുക കൊടുക്കാനും നിര്‍ദേശിച്ചു.

യുഡിഎഫിന്റെ കുപ്രചാരണങ്ങള്‍ക്കുള്ള മറുപടിയാണ് ഹൈക്കോടതിവിധിയെന്ന് ബാബു എം പാലിശേരി എംഎല്‍എ പറഞ്ഞു. ജനങ്ങളുടെ കോടതിയിലും നീതിന്യായക്കോടതിയിലും ലഭിച്ച അംഗീകാരമായാണ് വിധിയെ കാണുന്നതെന്നും എംഎല്‍എ വ്യക്തമാക്കി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായതായി സിപിഐ എം കുന്നംകുളം ഏരിയ സെക്രട്ടറി എം ബാലാജി പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുന്നംകുളം മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച ജോണിനെ ഒരുലക്ഷം രൂപ നല്‍കാമെന്നു പറഞ്ഞ് സ്പോണ്‍സര്‍ ചെയ്തത് ബാബു എം പാലിശേരിയാണെന്നാണ് സി പി ജോണിന്റെ ആരോപണം. ജോണ്‍ എണ്ണൂറില്‍പ്പരം വോട്ടുകള്‍ നേടി. ബാബു എം പാലിശേരിക്ക് അഞ്ഞൂറിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് കിട്ടിയത്. ഒരേപേരുള്ള അപരനെ മത്സരിപ്പിക്കുന്നത് തെരഞ്ഞെടുപ്പു ക്രമക്കേടാണ്. ഇതിനാല്‍ ബാബു എം പാലിശേരിയെ അയോഗ്യനാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നായിരുന്നു സി പി ജോണിന്റെ ആവശ്യം. ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരുടെ സിംഗിള്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഹര്‍ജിക്കെതിരെ ബാബു എം പാലിശേരിയും കോടതിയെ സമീപിച്ചിരുന്നു.

ഇന്ത്യന്‍പൗരനെന്ന നിലയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് യോഗ്യനാണെന്നും ആരുടേയും പ്രേരണയാലല്ല മത്സരിച്ചതെന്നുമുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി ജോണിന്റെ വാദം കോടതി അംഗീകരിച്ചു. സി പി ജോണിന്റെ ആരോപണങ്ങള്‍ തെളിയിക്കുന്നതിന് ഉപോത്ബലകമായ രേഖകള്‍ഹാജരാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹര്‍ജി തള്ളിയത്. ജനവിധി അട്ടിമറിക്കുന്ന സാഹചര്യങ്ങളൊന്നും കുന്നംകുളത്തുണ്ടായിട്ടില്ലെന്നും കോടതി കണ്ടെത്തി. മുന്‍ അഡ്വക്കറ്റ് ജനറല്‍ എം കെ ദാമോദരനും അഡ്വ. സി എസ് ഋത്വിക്കുമാണ് ബാബുഎം പാലിശേരിക്കുവേണ്ടി ഹാജരായത്. നേരത്തേ ബാബു എം പാലിശേരിക്കെതിരെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തംഗം അനില്‍ അക്കര കേസ് കൊടുത്തിരുന്നു. ഇതിലും ബാബു എം പാലിശേരിക്ക് അനുകൂലമായിരുന്നു വിധി.

deshabhimani 031211

1 comment:

  1. കുന്നംകുളത്തിന്റെ ജനവിധിക്കുള്ള അംഗീകാരമായി ഹൈക്കോടതി ഉത്തരവ്. കുന്നംകുളം എംഎല്‍എ ബാബു എം പാലിശേരിയെ അയോഗ്യനാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സി പി ജോണ്‍ നല്‍കിയ ഹര്‍ജിയാണ് വെള്ളിയാഴ്ച ഹൈക്കോടതി തള്ളിയത്. എതിര്‍കക്ഷിക്ക് കോടതിനടപടികള്‍ക്ക് ചെലവായ തുക കൊടുക്കാനും നിര്‍ദേശിച്ചു.

    ReplyDelete