Friday, December 14, 2012

ഇരിക്കൂര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിന് ഇന്ന് 66 വയസ്


ജന്മിത്തത്തിനും നാടുവാഴിത്തത്തിനുമെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഇരിക്കൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ ജനകീയമാര്‍ച്ചിന് 66 വയസ് തികയുന്നു. 1946 ഡിസംബര്‍ 14 നായിരുന്നു നൂറുകണക്കിനാളുകള്‍ പങ്കെടുത്ത മാര്‍ച്ച്. കാഴ്ചയ്ക്ക് മങ്ങലേറ്റെങ്കിലും തീക്ഷ്ണ സമരാനുഭവങ്ങളുടെ ഓര്‍മകളിലാണ് സമരത്തില്‍ പങ്കെടുത്ത അവസാന കണ്ണികളായ കുയിലൂരിലെ വെള്ളുവ തമ്പായിയമ്മയും രയരോത്ത് മാധവിയമ്മയും.

രാജ്യത്താകെ സ്വാതന്ത്ര്യസമരം പടര്‍ന്നുകത്തിയ കാലം. കേരളത്തില്‍ കര്‍ഷകസംഘം സാമ്രാജ്യത്വ വിരുദ്ധപോരാട്ടത്തോടൊപ്പം ജന്മി-നാടുവാഴിത്തത്തിനെതിരായ സമരം വളര്‍ത്തിയെടുത്തു. അതില്‍ കുയിലൂരിലെ ജനതയും പങ്കുവഹിച്ചതായി ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. കല്യാട് ജന്മി വാശി, നുരി, മുക്കാല്‍, കത്ത്യാള്‍ പണം, വെച്ചുകാണല്‍, ശീലക്കാശ്, തീപ്പണം തുടങ്ങിയ രീതികള്‍ നടപ്പാക്കി കര്‍ഷകരെ ചൂഷണം ചെയ്യുകയായിരുന്നു. ജന്മിഗുണ്ടകള്‍ ആണുങ്ങളില്ലാത്ത നേരത്ത് വീടുകളിലെത്തി സ്ത്രീകളെ അപമാനിച്ചു. ഇതിനെതിരെയുള്ള ചെറുത്തുനില്‍പ്പിന് കുയിലൂരിലെ കുണ്ടുകണ്ടം വയലില്‍ മട്ടങ്ങോടന്‍ ഗോവിന്ദന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ പരിശീലനം ആരംഭിച്ചു. പരിശീലകനായി കോയാടന്‍ നാരായണന്‍ നമ്പ്യാരും. നാട്ടുകാരോടൊപ്പം പതിനാലുകാരിയായ താനും ഏറെ കൗതുകത്തോടെ വളണ്ടിയര്‍ പരിശീലനം കണ്ടിരുന്നെന്ന് മാധവിയമ്മ ഓര്‍ക്കുന്നു.

ജന്മിമാരുടെ ഗുണ്ടകള്‍ ഒറ്റുകൊടുത്തതിനെതുടര്‍ന്ന് ഡിസംബര്‍ 13ന് വൈകിട്ട് എംഎസ്പിക്കാര്‍ ക്യാമ്പ് വളഞ്ഞ് വളണ്ടിയര്‍മാരെ ക്രൂരമായി മര്‍ദിച്ചു. ഉടുമുണ്ടുകൊണ്ട് കൈകള്‍ കൂട്ടിക്കെട്ടി വലിച്ചിഴച്ച് സ്റ്റേഷനിലേക്കു കൊണ്ടുപോയി. മട്ടങ്ങോടന്‍ ഗോവിന്ദന്‍ നമ്പ്യാര്‍, അളോറ കുഞ്ഞപ്പ നമ്പ്യാര്‍, കപ്പള്ളി കണ്ണന്‍, കൊഴുക്കുന്നോന്‍ ഒതേനന്‍ നമ്പ്യാര്‍, കൊഴുക്കുന്നോന്‍ കേളപ്പന്‍ നമ്പ്യാര്‍, ആര്‍ ഗോവിന്ദന്‍ നായര്‍, മാവില കുഞ്ഞപ്പ നമ്പ്യാര്‍, കല്യാടന്‍ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, സി വി കുഞ്ഞപ്പ നമ്പ്യാര്‍, കല്യാടന്‍ ഗോവിന്ദന്‍ നമ്പ്യാര്‍, മയിലപ്രവന്‍ നാരായണന്‍ നമ്പ്യാര്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരെല്ലാം മരണംവരെ കൊടിയ മര്‍ദനങ്ങളുടെ അടയാളവും പേറിയാണ് ജീവിച്ചത്. സമരവളണ്ടിയര്‍മാരുടെ അറസ്റ്റില്‍ നാടെങ്ങും പ്രതിഷേധമുയര്‍ന്നു. കര്‍ഷകസംഘത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും നേതൃത്വത്തില്‍ ഡിസംബര്‍ 14ന് കരവൂര്‍, നിടിയോടി, പടിയൂര്‍, കുയിലൂര്‍ എന്നിവിടങ്ങളിലെ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ കുയിലൂരില്‍ കേന്ദ്രീകരിച്ച് ഇരിക്കൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സമരക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. പൊലീസ് ആകാശത്തേക്ക് വെടിവച്ചു. ഒന്നര വയസ്സുമാത്രം പ്രായമുള്ള കുട്ടിയെയുമെടുത്ത് മാര്‍ച്ചില്‍ പങ്കെടുത്ത തമ്പായിയമ്മ 88ാം വയസ്സിലും ആവേശം ചോരാതെ സമരാനുഭവം ഓര്‍ത്തെടുക്കുന്നു. അന്നുരാത്രി കുയിലൂരിലും പടിയൂരിലും നിടിയോടിയും കരവൂരും പൊലീസ് നരനായാട്ടായിരുന്നു. ബാലുശേരി കുഞ്ഞിക്കണ്ണന്‍, കണ്ടോത്ത് കൃഷ്ണന്‍ നായര്‍, നാവത്ത് കുറ്റ്യാടന്‍ കൃഷ്ണന്‍ നമ്പ്യാര്‍, മാവില ചാത്തോത്ത് നാരായണന്‍ നമ്പ്യാര്‍, പുതിയ വീട്ടില്‍ കൃഷ്ണന്‍ നായര്‍, കല്യാടന്‍ കുഞ്ഞപ്പ നമ്പ്യാര്‍, നാവത്ത് കുറ്റ്യാടന്‍ നാരായണന്‍ നമ്പ്യാര്‍ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. ഇവരെ തലശേരി കോടതിയില്‍ ഹാജരാക്കി ജയിലിലടച്ചു. മട്ടങ്ങോടന്‍ ഗോവിന്ദന്‍ നമ്പ്യാരെയും അളോറ കുഞ്ഞപ്പ നമ്പ്യാരെയും കപ്പള്ളി കണ്ണനെയും നിരവധി കേസുകളിലായി ആറുമാസം ജയിലിലടച്ചു. കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങി കര്‍ഷകസംഘത്തെയും ചെങ്കൊടിയെയും എക്കാലവും നെഞ്ചേറ്റിയ തമ്പായിയമ്മയും മാധവിയമ്മയും ഓര്‍മ്മകളെ കരുത്താക്കി ജീവിക്കുകയാണ്.

deshabhimani 141212

No comments:

Post a Comment