Friday, December 14, 2012

സിന്ദൂരക്കുറിയില്ല; ദമ്പതികളെ പൊലീസ് പീഡിപ്പിച്ചതില്‍ പ്രതിഷേധം


ആലപ്പുഴ നഗരത്തിലെ ബീച്ചില്‍ ഭര്‍ത്താവിനൊപ്പമിരുന്ന യുവതി സിന്ദൂരം തൊട്ടില്ലെന്ന കാരണംപറഞ്ഞ് ഇരുവരെയും പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. ജില്ലാ പൊലീസ് ചീഫ് അന്വേഷണത്തിന് ഉത്തരവിട്ടു. സദാചാര പൊലീസ് ചമയുന്നവരുടെ അതിക്രമം വ്യാപകമാകുന്നതിനിടെയാണ് പൊലീസില്‍നിന്നു തന്നെ ഇത്തരമൊരു അനുഭവം.

ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാകമ്മിറ്റിയംഗം രാജേഷിനെയും ഭാര്യ രശ്മിയെയും വ്യാഴാഴ്ചയാണ് നാട്ടുകാരുടെ മുന്നില്‍ അധിക്ഷേപിച്ച ശേഷം പൊലീസ് ജീപ്പില്‍കയറ്റികൊണ്ടുപോയത്. സ്പെഷ്യല്‍ മാര്യേജ് ആക്ട്പ്രകാരം വിവാഹിതരായവരാണിവര്‍. ആലപ്പുഴ ബീച്ചില്‍ ലൈറ്റ്ഹൗസിനടുത്ത് ഇരിക്കുകയായിരുന്നു ഇരുവരും. അപ്പോള്‍ അവിടെ എത്തിയ ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ പൊലീസുകാര്‍ പെണ്‍കുട്ടി മതചിഹ്നങ്ങള്‍ ധരിച്ചില്ലെന്ന കാരണംപറഞ്ഞ് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. എഎസ്ഐ ബാലചന്ദ്രന്‍നായരും ജീപ്പ്ഡ്രൈവര്‍ നൗഷാദും മറ്റു ചില പൊലീസുകാരും ചേര്‍ന്ന് മണിക്കൂറുകളോളം മാനസിക പീഡനത്തിനിരയാക്കിയതായി ദമ്പതിമാര്‍ പറഞ്ഞു. സംശയമുണ്ടെങ്കില്‍ ബന്ധുക്കളെ ഫോണില്‍ വിളിച്ച് അന്വേഷിക്കാമെന്നു പറഞ്ഞിട്ടും പൊലീസ് വഴങ്ങിയില്ല. ഫോണ്‍ ചെയ്യാന്‍ ഒരുങ്ങിയ രാജേഷില്‍ നിന്നു മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി. സ്റ്റേഷനില്‍ കൊണ്ടുചെന്നപ്പോള്‍ വനിതാ പൊലീസ് ജെസിയും പീഡിപ്പിച്ചു. കേട്ടാലറയ്ക്കുന്ന ഭാഷയിലായിരുന്നു വനിതാപൊലീസിന്റെ ചോദ്യം ചെയ്യല്‍. മണിക്കൂറുകള്‍ക്കുശേഷം പൊതുപ്രവര്‍ത്തകര്‍ ഇടപെട്ടപ്പോഴാണ് വിട്ടയച്ചത്.

തങ്ങളുടെ ഭാഗം ന്യായമല്ലെന്ന് ബോധ്യമായ പൊലീസ് ഇവര്‍ക്കെതിരെ പെറ്റിക്കേസ് രജിസ്റ്റര്‍ ചെയ്തു. സൗത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ഇതിനിടയില്‍ എത്തി ഭീഷണിപ്പെടുത്തി. കേസില്‍ കുടുക്കി ഒതുക്കുമെന്നായിരുന്നു ഭീഷണി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം പരാതി നല്‍കിയിട്ടും കുറ്റക്കാരെ രക്ഷിക്കാനാണ് നീക്കമെന്ന് അറിയുന്നു. വിവിധ സംഘനകള്‍ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. കുറ്റക്കാരെ ഉടന്‍ സസ്പെന്റു ചെയ്യണമെന്ന് ഡോ. ടി എം തോമസ് ഐസക്ക് എംഎല്‍എ ആവശ്യപ്പെട്ടു.

deshabhimani 141212

No comments:

Post a Comment