Thursday, December 6, 2012

സര്‍ക്കാര്‍ വിജിലന്‍സിനെ ദുരുപയോഗപ്പെടുത്തി: ഹൈക്കോടതി


പ്രതിപക്ഷനേതാവ് വി എസിനെതിരായ ഭൂമിദാനകേസില്‍ വിജിലന്‍സ് സംവിധാനം സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തിയതായി സംശയിക്കുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ക്രിമിനല്‍നടപടി നിയമത്തെക്കുറിച്ച് പ്രാഥമിക അറിവെങ്കിലുമുള്ളവരാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെന്നു കരുതാനാവില്ലെന്ന് ജസ്റ്റിസ് എസ് എസ് സതീശചന്ദ്രന്‍ വിധിന്യായത്തില്‍ വ്യക്തമാക്കി. ഇതിനു തെളിവാണ് കേസില്‍ പ്രതിചേര്‍ത്ത ഐഎഎസ് ഉദ്യോഗസ്ഥരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ നടപടിയെന്നും കോടതി വിലയിരുത്തി.

കേസില്‍ പ്രതിചേര്‍ത്ത ഒരാളെ മജിസ്ട്രേട്ടിനു മുമ്പാകെ ഹാജരാക്കി കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയത് ഭരണഘടനാവിരുദ്ധമാണെന്നും കോടതി അഭിപ്രായപ്പെട്ടു. കേസില്‍ ആദ്യം പ്രതിചേര്‍ത്ത ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അന്വേഷണത്തിന്റെ അന്തിമഘട്ടത്തില്‍ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കിയത് അപരിചിതമായ നടപടിയാണെന്നും കോടതി പറഞ്ഞു. ബന്ധുക്കളിലാരെങ്കിലുമോ പൊതുജനങ്ങളില്‍നിന്നോ ലഭിക്കുന്ന പരാതികളില്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കുന്നതിന്റെ പേരില്‍ മാത്രം കേസെടുക്കാനാവില്ല. ഇക്കാര്യംകൊണ്ടുമാത്രം അഴിമതിക്കുവേണ്ടിയാണ് ഇടപെടലെന്ന് പറയാനാവില്ല. ഇത്തരം നടപടികളുടെ പേരില്‍ കേസെടുക്കുന്നത് നിര്‍ഭയരായി ചുമതലകള്‍ നിര്‍വഹിക്കുന്നതിന് തടസ്സമാവുമെന്നും ഇത് അപകടമാണെന്നും കോടതി പറഞ്ഞു.

കേസന്വേഷണത്തിലെ അപാകങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ നിവേദനം പരിഗണിക്കേണ്ടതില്ലെന്ന വിജിലന്‍സ് ഡയറക്ടറുടെ തീരുമാനത്തെയും കോടതി വിമര്‍ശിച്ചു. വിജിലന്‍സ് ഡയക്ടറുടെ പദവി ആലങ്കാരികമോ, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ പ്രതിഷ്ഠിക്കാന്‍വേണ്ടിയുള്ളതോ അല്ലെന്നും കോടതി പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ വി എസിന്റെ പരാതി കൈകാര്യംചെയ്ത രീതി വിജിലന്‍സിന്റെ ദയനീയ അവസ്ഥയാണ് കാട്ടുന്നത്. നിഷ്പക്ഷമായ അന്വേഷണത്തിന് പ്രതിക്ക് അവകാശമുണ്ട്. അന്വേഷണത്തിന്റെ അന്തിമഘട്ടത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കിയത് ഈ വാദത്തെ ബലപ്പെടുത്തുന്നുവെന്നും കോടതി നിരീക്ഷിച്ചു.

കോടതിവിധി സര്‍ക്കാരിന് താക്കീത്: പിണറായി

ന്യൂഡല്‍ഹി: വി എസിനെതിരായ കേസ് തള്ളിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി സ്വാഗതാര്‍ഹമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. രാഷ്ട്രീയപ്രേരിതമായി സിപിഐ എം നേതാക്കള്‍ക്കെതിരെ നീങ്ങുന്ന സംസ്ഥാന സര്‍ക്കാരിനുള്ള താക്കീതാണ് കോടതി ഉത്തരവ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലുള്ള കോടതിയുടെ മനംമടുപ്പാണ് ഉത്തരവിലുണ്ടായത്. സിപിഐ എമ്മിന്റെ പ്രതിപക്ഷനേതാവിനെ തീരുമാനിക്കുന്നത് പാര്‍ടിയാണ്. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമല്ലെന്നും പിണറായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കേസ് യുഡിഎഫ് കെട്ടിച്ചമച്ചത്: കാരാട്ട്

ന്യൂഡല്‍ഹി: വി എസ് അച്യുതാനന്ദനെതിരായ ഭൂമിദാന കേസ് യുഡിഎഫ് കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. ഈ കേസ് പാര്‍ടി നിയമപരമായി നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു.

ഡിവിഷന്‍ ബെഞ്ചിന്റെ മുകളിലും കോടതിയുണ്ട്: വി എസ്

ആലുവ: ഡിവിഷന്‍ ബെഞ്ചിന്റെ മുകളിലും കോടതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഭൂമിദാനകേസ് തള്ളിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അനുവദിച്ചത് ശ്രദ്ധയില്‍പ്പെടുത്തിയ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദഗ്ധ അഭിഭാഷകനെ വെച്ച് കേസ് കൈകാര്യം ചെയ്യും. നീതിയുടെയും സത്യത്തിന്റെയും വിജയമാണ് ഭൂമിദാനക്കേസ് റദ്ദാക്കിയതിലൂടെ ഉണ്ടായതെന്ന്, നേരത്തെ സിംഗിള്‍ ബെഞ്ച് വിധിയെക്കുറിച്ച് പ്രതികരിക്കവേ വി എസ് കൊച്ചിയില്‍ പറഞ്ഞു. തന്നെ പ്രതിപക്ഷസ്ഥാനത്തുനിന്ന് നീക്കാനും മറ്റുചിലരെ അവരോധിക്കാനും ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും നടത്തിയ ഗൂഢാലോചനാ പരിപാടിയുടെ നടുവിനു കിട്ടിയ പ്രഹരമായാണ് ജനങ്ങള്‍ ഇതിനെ കാണുന്നത്. ഇതുപോലുള്ള ഒട്ടേറെ ഗൂഢതന്ത്രങ്ങള്‍ എങ്ങനെ രൂപപ്പെട്ടുവെന്നത് അന്വേഷണാത്മക പത്രപ്രവര്‍ത്തകരായ നിങ്ങള്‍ക്ക് തുടര്‍ന്നും ലഭിക്കും. അത് നിങ്ങള്‍ നല്ലവണ്ണം പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 071212

1 comment:

  1. പ്രതിപക്ഷനേതാവ് വി എസിനെതിരായ ഭൂമിദാനകേസില്‍ വിജിലന്‍സ് സംവിധാനം സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തിയതായി സംശയിക്കുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ക്രിമിനല്‍നടപടി നിയമത്തെക്കുറിച്ച് പ്രാഥമിക അറിവെങ്കിലുമുള്ളവരാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെന്നു കരുതാനാവില്ലെന്ന് ജസ്റ്റിസ് എസ് എസ് സതീശചന്ദ്രന്‍ വിധിന്യായത്തില്‍ വ്യക്തമാക്കി. ഇതിനു തെളിവാണ് കേസില്‍ പ്രതിചേര്‍ത്ത ഐഎഎസ് ഉദ്യോഗസ്ഥരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ നടപടിയെന്നും കോടതി വിലയിരുത്തി.

    ReplyDelete