Monday, November 14, 2011

നാടിനെ നടുക്കി സദാചാര പൊലീസ്

മുക്കം: കൊടിയത്തൂര്‍ കോട്ടമ്മലില്‍ യുവാവിനുനേരെ നടന്നത് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന പൈശാചികമായ അക്രമം. അസമയത്ത് ഒരു വീടിന് സമീപം സംശയകരമായ സാഹചര്യത്തില്‍ കണ്ടതായി ആരോപിച്ചാണ് താലിബാന്‍ മോഡലില്‍ യുവാവിനെ മര്‍ദിച്ച് കൊന്നത്.

യുവാവിനെ കണ്ടതായി പറയുന്ന വീട്ടുകാരോ സമീപവാസികളോ ഇയാളെക്കുറിച്ച് ഒരു പരാതിയും ഇതുവരെ നല്‍കിയിട്ടില്ലെന്നിരിക്കെ ഒരുസംഘമാളുകള്‍ സദാചാര പൊലീസുകാരായി മാറി യുവാവിനെ ക്രൂരമായി കൈകാര്യം ചെയ്യുകയായിരുന്നു. ക്രൂരമായി മര്‍ദിച്ച് അവശനാക്കുകയും കൈകള്‍ കൂട്ടിക്കെട്ടി തല അടിച്ചുതകര്‍ക്കുകയുമായിരുന്നു. ജനനേന്ദ്രീയത്തിനും സാരമായി പരിക്കേല്‍പ്പിച്ചിട്ടുണ്ട്. പരിക്കേറ്റ് പ്രാണനുവേണ്ടി പിടയുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഫേസ്ബുക്കിലും യുട്യൂബിലും തത്സമയം പ്രചരിപ്പിക്കുന്ന ക്രൂരവിനോദത്തിലേര്‍പ്പെടുകയായിരുന്നു അക്രമിസംഘം. നാട്ടുകാരായി ചമഞ്ഞ് ചില തീവ്രവാദ സ്വഭാവമുള്ള സംഘടനയിലെ ആളുകള്‍ അക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഇവിടുത്തുകാര്‍ക്ക് സംശയമുണ്ട്.

സംഭവ ദിവസം കൊടിയത്തൂര്‍ പഞ്ചായത്തിലെ ഞനെങ്ങാപറമ്പിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. പെണ്‍കുട്ടിക്ക് പ്രേമലേഖനം നല്‍കിയതായി ആരോപിച്ച് ഒരുസംഘമാളുകള്‍ ഒരു യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. രണ്ട് സംഭവങ്ങളും ഒരു ദിവസംതന്നെ നടന്നത് നാട്ടുകാരില്‍ സംശയമുയര്‍ത്തിയിട്ടുണ്ട്. സദാചാര പൊലീസ് ചമഞ്ഞ് സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നതിനെതിരെ പൊലീസ് കര്‍ശന നടപടിയെടുക്കാത്തതിലും ജനങ്ങള്‍ക്ക് വ്യാപകമായ പ്രതിഷേധമുണ്ട്.

ഒരാള്‍ അറസ്റ്റില്‍

മുക്കം: കൊടിയത്തൂരില്‍ യുവാവ് മര്‍ദനത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ 12 പേര്‍ക്കെതിരെ കേസെടുത്തതായി മുക്കം പൊലീസ് അറിയിച്ചു. യുവാവ് മര്‍ദനമേറ്റതിന്റെ പിറ്റേ ദിവസം യുവാവിന്റെ അമ്മാവന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. കൊടിയത്തൂര്‍ കൊല്ലവളപ്പില്‍ അബ്ദുറഹിമാന്‍ ചെറിയാപ്പു (52) വിനെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. കൊടുവള്ളി സിഐക്കാണ് അന്വേഷണചുമതല.

കൊടിയത്തൂരില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍

മുക്കം: ചെറുവാടി കൊട്ടപ്പുറത്ത് തേലേരി ഷഹീദ്ബാബയുടെ ദാരുണ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയും യുവാവിനെ മര്‍ദിച്ച് കൊന്ന സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ടും എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ കൊടിയത്തൂരില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിക്കും. ചെറുവാടി, ചുള്ളിക്കാപറമ്പ്, സൗത്ത് കൊടിയത്തൂര്‍ , കൊടിയത്തൂര്‍ മേഖലകളില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ .

deshabhimani 141111

4 comments:

  1. കൊടിയത്തൂര്‍ കോട്ടമ്മലില്‍ യുവാവിനുനേരെ നടന്നത് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന പൈശാചികമായ അക്രമം. അസമയത്ത് ഒരു വീടിന് സമീപം സംശയകരമായ സാഹചര്യത്തില്‍ കണ്ടതായി ആരോപിച്ചാണ് താലിബാന്‍ മോഡലില്‍ യുവാവിനെ മര്‍ദിച്ച് കൊന്നത്.

    ReplyDelete
  2. സദാചാര പൊലീസ് ചമഞ്ഞ് കൊടിയത്തൂരില്‍ ഒരുസംഘമാളുകള്‍ യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ പത്ത് പ്രതികളെ അന്വേഷണസംഘം തിരിച്ചറിഞ്ഞതായി സൂചന. പ്രതികള്‍ ഒളിവിലാണ്. കേസില്‍ കോഴിക്കോട് കണ്‍ട്രോള്‍ റൂം അസി. കമീഷണര്‍ ജോസി ചെറിയാന്‍ നേതൃത്വം നല്‍കുന്ന പ്രത്യേക സംഘം ചൊവ്വാഴ്ച കൊടിയത്തൂരിലെത്തി അന്വേഷണം ആരംഭിച്ചു. പത്തോളം പേരെ സംഘം ചോദ്യം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ റിമാന്‍ഡിലായിരുന്ന കൊല്ലളത്തില്‍ അബ്ദുറഹിമാന്‍ എന്ന ചെറിയാപ്പുവിനെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചൊവ്വാഴ്ച സംഭവസ്ഥലത്ത് കൊണ്ടുവന്നു. ഷഹീദ്ബാവയെ കൊടിയത്തൂരില്‍ എത്തിച്ചതായി സംശയിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവറെയും തെളിവെടുപ്പിനായി കൊണ്ടുവന്നിരുന്നു. തിരിച്ചറിഞ്ഞ പ്രതികളുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തി. സ്ത്രീകളില്‍നിന്നും സമീപവാസികളില്‍നിന്നും തെളിവെടുത്തു. കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. തീവ്രവാദബന്ധമുള്ളതായി സംശയമുള്ളതിനാല്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ സംഭവസ്ഥലത്തെത്തി തെളിവെടുത്തു. തിരിച്ചറിഞ്ഞ പ്രതികളുടെ വീടുകളില്‍ പരിശോധന നടത്തിയതായും ഒന്നു രണ്ട് ദിവസത്തിനകം കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണസംഘം തലവന്‍ കണ്‍ട്രോള്‍ റൂം എ സി ജോസിചെറിയാന്‍ "ദേശാഭിമാനി"യോട് പറഞ്ഞു. കൊല്ലപ്പെട്ട ഷഹീദ്ബാവയുടെ വീട് ചൊവ്വാഴ്ച സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു. ഷഹീദിന്റെ ഭാര്യയെയും ബന്ധുക്കളെയും അദ്ദേഹം ആശ്വസിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം ഇ രമേശ്ബാബുവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

    ReplyDelete
  3. കൊടിയത്തൂരിലെ സദാചാരപൊലീസുകാരുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കൊലപാതകത്തിനും ആക്രമണത്തിനും നേതൃത്വം നല്‍കിയ മുഴുവന്‍ ആളുകളും ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. വി വസീഫ്, പി സുനില്‍ , ഇ അരുണ്‍ എന്നിവര്‍ സംസാരിച്ചു.

    ReplyDelete
  4. ചെറുവാടി ചുള്ളിക്കാപറമ്പ് കൊടുപ്പുറത്ത് തേലേരി ഷഹീദ് ബാവയെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തിലെ എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സിപിഐ (എം) ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. അവിഹിതബന്ധം ആരോപിച്ച് ഷഹീദ് ബാവക്കെതിരെ നേരത്തേയും ആക്രമശ്രമം നടന്നിരുന്നു. ഒക്ടോബര്‍ 22 ന് ഷഹീദിനെ കുടുംബവീട്ടില്‍ നിന്നും ഇറക്കിക്കൊണ്ടുപോവാന്‍ ഒരു സംഘം ശ്രമിച്ചു. വീടിനു മുന്‍വശത്തുള്ള റോഡില്‍ ഇതേത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. ചില പ്രമുഖര്‍ ഇടപെട്ട് പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഈ സംഭവവും അന്വേഷിക്കണം ഒമ്പതിനാണ് കൊടിയത്തൂരില്‍ ഷഹീദിനെതിരെ വീണ്ടും ഭീകരമായ അക്രമം ഉണ്ടായത്. കൊല്ലുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഇത്. അടിയേറ്റു വീണ ഷഹീദിനെ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍കൂടി ചിലര്‍ അനുവദിച്ചില്ല. ആശുപത്രിയില്‍ പെട്ടെന്ന് എത്തിക്കുന്നതില്‍ ഗുരുതരമായ വീഴ്ച പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായി. സംഭവ ദിവസം മറ്റൊരു യുവാവും കൊടിയത്തൂരില്‍ സദാചാരപൊലീസ് ചമഞ്ഞവരുടെ മര്‍ദ്ദനമേറ്റ് ആശുപത്രിയിലായിട്ടുണ്ട്. ഇത്രയും സംഭവങ്ങളും തെളിവുകളുമുണ്ടായിട്ടും കുറ്റവാളികളെ പൂര്‍ണ്ണമായും അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് പ്രതിഷേധാര്‍ഹമാണ്. കൊടിയത്തൂരില്‍ ഉണ്ടായ സംഭവങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ തീവ്രവാദബന്ധത്തിന്റെ സംശയങ്ങളും ഉയരുന്നുണ്ട്. അതിനാല്‍ എല്ലാ ശക്തികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ അന്വേഷണം ജാഗ്രതപ്പെടുത്തണം. കുറ്റവാളികളെ കണ്ടെത്തുന്നതില്‍ എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ച് അണിനിരക്കണമെന്നും പാര്‍ടി ജില്ലാ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

    ReplyDelete