Saturday, December 15, 2012

ബിനാലെ: അറിഞ്ഞ് തൊടാം, അറിയാതെയും; പൊഴിയുന്നത് സംഗീതധാര


ചെരിപ്പ് പുറത്ത് ഊരിയിട്ടുവേണം ആസ്പിന്‍വാള്‍ ഹൗസിന്റെ കൂറ്റന്‍ എടുപ്പുകള്‍ക്ക് പുറത്തെ കുടുസുമുറിയിലെ കലാലോകത്തേക്ക് കാലെടുത്തുവയ്ക്കാന്‍. മുറിനിറയെ കെട്ടിത്തൂക്കിയ ഒഴിഞ്ഞ വെള്ളക്കുപ്പികളുടെ വായില്‍ തെളിഞ്ഞുനില്‍ക്കുന്ന കളര്‍ ബള്‍ബുകള്‍. ക്യാരിബാഗ്, ചെറിയ ഇലത്താളം, ചിലങ്ക, പൂച്ചട്ടികള്‍. എല്ലാം മുറിയുടെ ഉയരംകുറഞ്ഞ മച്ചില്‍ കെട്ടിത്തൂക്കി ഇരിക്കുന്നു. മുറിയുടെ ഒരു മൂലയില്‍ ഓടക്കുഴല്‍ വായിക്കുന്ന ശ്രീകൃഷ്ണ പ്രതിമ. മറ്റൊരിടത്ത് അടുക്കിവച്ച തറയോടുകള്‍ക്ക് മേലെ കുത്തിനിറുത്തിയ ഒറ്റ ഇഷ്ടിക. മുറിക്കുള്ളില്‍ പ്രവേശിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയൊ ഇതിലൊക്കെ തൊട്ട് കേള്‍പ്പിക്കുന്ന സംഗീതമാണ് ഡിലന്‍ മര്‍ട്ടോറലിന്റെ ഇന്‍സ്റ്റലേഷന്‍. ഏറ്റവുമധികം ആസ്വാദകരെ ആകര്‍ഷിച്ച് ബിനാലെ വേദിയിലെ താരമാകുകയാണ് ഈ സ്കോട്ട്ലന്‍ഡുകാരന്‍. ആസ്പിന്‍വാള്‍ ഹൗസിന്റെ പുറത്തെ മൂന്ന് ചെറിയ മുറിയിലാണ് ഡിലന്‍ തന്റെ ഇന്‍സ്റ്റലേഷന്‍ ഒരുക്കിയിട്ടുള്ളത്. ശബ്ദവും വര്‍ണങ്ങളും സാങ്കേതികതയും ഒരുപോലെ സമ്മേളിക്കുന്നതാണ് ഡിലന്റെ കല. മുറിയില്‍ തൂക്കിയിട്ട വസ്തുക്കളൊന്നും ഡിലന്‍ പണംകൊടുത്തു വാങ്ങിയതല്ല. ആസ്പിന്‍വാള്‍ പരിസരത്തുനിന്ന് പെറുക്കിയെടുത്തതാണ്. നഗ്നപാദരായി മുറിയില്‍ കടക്കുന്നവര്‍ തൂക്കിയിട്ട ചിലങ്കയില്‍ തൊടുമ്പോള്‍ ചിലങ്കനാദം പൊഴിയും. പൂച്ചട്ടിയിലെ വാടിത്തുടങ്ങിയ ഇലകളില്‍ തൊട്ടുണര്‍ത്തുന്നത് വീണാനാദം. ചളുങ്ങിയ അലുമിനിയം പ്ലേറ്റുകളില്‍നിന്ന് ചെണ്ട. അങ്ങനെ ഓരോന്നിലുമായി ഇലത്താളം, മൃദംഗം എന്നുവേണ്ട പൗരസ്ത്യ സംഗീതോപകരണങ്ങളില്‍നിന്നുള്ളതെല്ലാം കേള്‍ക്കാം. ബിനാലെക്കുമുമ്പുള്ള രണ്ടുമാസം കൊച്ചിയില്‍ തങ്ങിയാണ് സംഗീതോപകരണങ്ങളുടെ റെക്കോര്‍ഡിങ് നടത്തിയത്. കെട്ടിത്തൂക്കിയ പാഴ്വസ്തുക്കളിലേക്ക് ഓരോ ശബ്ദവും സന്നിവേശിപ്പിച്ച് ഇലക്ട്രിക് വയര്‍ ഘടിപ്പിച്ചിരിക്കുന്നു.

ചെരുപ്പിടാതെ അകത്തു കയറുന്നവര്‍ ഇതില്‍ തൊടുമ്പോള്‍ ഭൂമിയുമായി അവര്‍ക്കുള്ള സമ്പര്‍ക്കത്തിലാണ് സംഗീതധാര പൊഴിയുന്നതെന്ന് ഡിലന്‍ പറഞ്ഞു. ആസ്വാദകരുടെ പങ്കാളിത്തത്തോടെ സംഗീതമുണര്‍ത്തുകയും വികസിപ്പിക്കുകയുമാണ് ഇവിടെ. അതിനെ ചിത്രകലയുമായി ബന്ധിപ്പിച്ച് ജനകീയമായ ആസ്വാദനം ഒരുക്കലാണ് ഉദ്ദേശ്യമെന്നും ഡിലന്‍ പറഞ്ഞു. മുറിയില്‍ തിങ്ങിനിറഞ്ഞ ആസ്വാദകവൃന്ദം ശബ്ദവീചികള്‍ക്ക് ചെവികൊടുത്ത് ഓരോന്നിലും തൊട്ടുതൊട്ട് സ്വന്തം സംഗീതം സന്നിവേശിപ്പിക്കുകയും സിംഫണിയിലെന്ന പോലെ ഒന്നാകുകയും ചെയ്യുന്ന കാഴ്ച ഡിലന്റെ വാദത്തെ ശരിവയ്ക്കുന്നു. തായ്ലന്‍ഡിലെ ബുദ്ധഭിക്ഷുക്കള്‍ പ്രത്യക്ഷപ്പെടുന്ന വീഡിയോ ക്ലിപ്പിങ്ങിനൊപ്പം റോബോട്ടിക് സംഗീതം കേള്‍പ്പിക്കുന്ന ഇന്‍സ്റ്റലേഷനാണ് രണ്ടാമത്തെ മുറിയില്‍. പൊട്ടിയ തറയോട്, ചില്ലു കഷണം എന്നിവയില്‍ മോട്ടോറുകളില്‍ ഘടിപ്പിച്ച കോലുകള്‍ തട്ടിച്ചാണ് സംഗീതം കേള്‍പ്പിക്കുന്നത്. സുഗന്ധവ്യഞ്ജനപ്പൊടി വാരിയിട്ട വലിയ സ്പീക്കറില്‍നിന്നുണരുന്ന പ്രത്യേക സംഗീതമാണ് മൂന്നാമത്തെ മുറയില്‍. ജനപ്രിയ സംഗീതവും ചിത്രകലയും സമന്വയിക്കുന്ന ഇന്‍സ്റ്റലേഷനുകള്‍ അവതരിപ്പിക്കുന്ന ഡിലന്‍ ചിക്കാഗോ, ഓസ്ട്രേലിയയിലെ തറവാറ ബിനാലെകളിലും പങ്കെടുത്തിട്ടുണ്ട്. ഭാര്യയും രണ്ട് മക്കളുമൊത്താണ് കൊച്ചി ബിനാലെക്ക് വന്നിട്ടുള്ളത്. കൊച്ചിയുടെ ആധുനികതയും പൂരാണികതയും സമ്മേളിക്കുന്ന സൗന്ദര്യത്തില്‍ മയങ്ങിപ്പോയ ഡിലന്‍ താന്‍ വീണ്ടും കൊച്ചിയില്‍ വരുമെന്ന് ഉറപ്പുപറയുന്നു. ബിനാലെ ലോകോത്തരകലയുടെ കേന്ദ്രമായി കൊച്ചിയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

3 നാള്‍, സന്ദര്‍ശകര്‍ 10,000

കൊച്ചി: ആദ്യ മൂന്നുദിവസത്തിനുള്ളില്‍ ബിനാലെ വേദികളിലെത്തിയത് പതിനായിരത്തോളം സന്ദര്‍ശകര്‍. വെള്ളിയാഴ്ച മാത്രം മൂവായിരത്തിലേറെപ്പേര്‍ വേദികളിലെത്തിയെന്നാണ് ബിനാലെ ഫൗണ്ടേഷന്റെ കണക്ക്. എട്ടുലക്ഷം പേരെങ്കിലും മൂന്നുമാസത്തെ ബിനാലെ പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷ. പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസിലേക്കാണ് സന്ദര്‍ശകരുടെ പ്രധാന ഒഴുക്ക്. പെപ്പര്‍ ഹൗസിനാണ് രണ്ടാം സ്ഥാനം.വെള്ളിയാഴ്ച ആസ്പിന്‍വാള്‍ അങ്കണത്തില്‍ നടന്ന ലെറ്റസ് ടോക് പരിപാടിയില്‍ ജോസഫ് സെമയും ക്ലിഫോര്‍ഡ് ചാള്‍സും പങ്കെടുത്തു. ഇരുവരും ലോകകലാരംഗത്തെ പുതുപ്രവണതകളെപ്പറ്റിയും തങ്ങളുടെ കലാസങ്കല്‍പ്പത്തെപ്പറ്റിയും ആസ്വാദകരുമായി സംവദിച്ചു. അതിനുശേഷം രണ്ടുപേരുടെയും ഇന്‍സ്റ്റലേഷനുകളിലേക്ക് ഗൈഡഡ് ടൂറും നടത്തി. വാസ്കോ ഡ ഗാമ സ്ക്വയറില്‍ മലയാളി ആര്‍ടിസ്റ്റ് പി എസ് ജലജ റോയല്‍ എന്‍ഫീല്‍ഡ് കമ്പനിയുമായി ചേര്‍ന്ന് ബുള്ളറ്റുകളുടെ കസ്റ്റമൈസേഷന്‍ പ്രോഗ്രാം നടത്തിയത് കൂടുതല്‍ സാധാരണക്കാരെ ബിനാലെയിലേക്ക് ആകര്‍ഷിക്കാന്‍ സഹായകമായി. വൈകിട്ട് ആസ്പിന്‍വാള്‍ ഹൗസില്‍ പാലക്കാടന്‍ ഗ്രാമങ്ങളിലെ പരമ്പരാഗത കലാരൂപമായ തിറയുടെ അവതരണം നടന്നു. പട്ടാമ്പി ശങ്കരമംഗലത്തുനിന്നുള്ള കൃഷ്ണദാസും സംഘവുമാണ് തിറ അവതരിപ്പിച്ചത്.

deshabhimani 151212

No comments:

Post a Comment