Saturday, December 15, 2012
"ചവിട്ടിക്കടത്തല്‍" കൂടുതലും സെക്സ് റാക്കറ്റുകള്‍ക്കുവേണ്ടി
നെടുമ്പാശേരി: "ചവിട്ടിക്കടത്തല്‍" എന്ന മറുപേരില്‍ അറിയപ്പെടുന്ന മനുഷ്യക്കടത്തിനു പിന്നില്‍ ട്രാവല്‍ ഏജന്റുമാരും എമിഗ്രേഷന്‍ ഉദ്യോഗസ്ഥരും വിവിധ റാക്കറ്റിലെ ഇടനിലക്കാരും ഉള്‍പ്പെട്ട സംഘം. ഇടപാടുകാരുടെ ഇടയില്‍ സികെ (ചവിട്ടിക്കടത്തല്‍) എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. ഇപ്പോള്‍ സെക്സ്റാക്കറ്റാണ് ചവിട്ടിക്കടത്തിനു പിന്നില്‍ കൂടുതല്‍.
നെടുമ്പാശേരി വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ച് ആദ്യവര്‍ഷങ്ങളില്‍ പിടികൂടിയ എമിഗ്രേഷന്‍ കേസുകളില്‍ അധികവും ശ്രീലങ്കന്‍ അഭയാര്‍ഥികളുടേതായിരുന്നു. ചെന്നൈ കേന്ദ്രീകരിച്ചുള്ള സംഘം, വ്യാജമായി യാത്രാരേഖകള്‍ സംഘടിപ്പിച്ചു നല്‍കി, രണ്ടും മൂന്നും പേരുടെ സംഘമായാണ് വിമാനത്താവളത്തില്‍ യാത്രയ്ക്കെത്തിയത്. ഇവരെ കടത്തിവിടാന്‍ സഹായിച്ചവരെ പലപ്പോഴായി എമിഗ്രേഷന്‍ ചുമതലയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഒരു എസ്പിയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ശ്രീലങ്കയില്‍നിന്ന് മച്ചുവയിലും മറ്റും വന്ന് തമിഴ്നാട്ടില്‍ അഭയാര്‍ഥികളായി കഴിഞ്ഞവരെ കനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് വിസ സംഘടിപ്പിച്ചാണ് വന്‍തുക വാങ്ങി വിമാനത്താവളംവഴി കയറ്റിവിട്ടിരുന്നത്. പാസ്പോര്‍ട്ടില്‍ ഫോട്ടോ മാറ്റിയൊട്ടിച്ചാണ് വ്യാജരേഖ ഉണ്ടാക്കിയിരുന്നത്. യൂറോപ്പിലേക്കുള്‍പ്പെടെ കയറ്റിവിടുന്നതിന് യാത്രക്കാരില്‍നിന്ന്10 ലക്ഷം രൂപവരെയാണ് വാങ്ങിയിരുന്നത്.
ഇരുന്നൂറ്റി പത്തോളം കേസാണ് നെടുമ്പാശേരിയില്‍ മാത്രം ഇതുവരെ പിടികൂടിയത്. ശ്രീലങ്കന്‍ തമിഴും തമിഴ്നാട്ടിലെ തമിഴും തിരിച്ചറിയുന്നവരെ പ്രത്യേകമായി എമിഗ്രേഷന്‍ ഡ്യൂട്ടിയില്‍ നിയോഗിച്ചതോടെ ശ്രീലങ്കന്‍ അഭയാര്‍ഥികളുടെ ഇതുവഴിയുള്ള യാത്ര കുറഞ്ഞു. ഇപ്പോള്‍ വ്യാപകമായി ചവിട്ടിക്കയറ്റലിനാണ് കേരളത്തിലെ എയര്‍പോര്‍ട്ടുകളെ ഉപയോഗിക്കുന്നത്. വീട്ടുജോലിക്കായി 30 വയസ്സില്‍ താഴെയുള്ള സ്ത്രീകളെ കയറ്റിവിടുന്നതിന് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കാറില്ല. എന്നാല്‍ മറ്റു ജോലികള്‍ക്കെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ഇവിടെനിന്ന് സ്ത്രീകളെ ഗള്‍ഫിലേക്കും അവിടെനിന്ന് പ്രത്യേകിച്ച് ദുബായില്‍നിന്ന് യൂറോപ്പിലേക്കും കടത്തുന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നു പുറപ്പെടുന്ന അന്താരാഷ്ട്ര വിമാനസര്‍വീസുകളില്‍ 90 ശതമാനവും പാതിരാത്രിമുതല്‍ പുലര്‍ച്ചെവരെയാണ് സര്‍വീസ് നടത്തുന്നത്. സൗകര്യപ്രദമായ ഈ സമയത്ത് ട്രാവല്‍ ഏജന്റുമാരുടെ പ്രതിനിധികള്‍ വിമാനത്താവളത്തിലെത്തി തങ്ങളുടെ കണ്ണിയില്‍പ്പെട്ട ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിയിലെന്ന് ഉറപ്പുവരുത്തിയാണ് ചവിട്ടിക്കടത്തല്‍ നടത്തുന്നത്.
(പി സി സോമശേഖരന്‍)
റിപ്പോര്‍ട്ട് പൂഴ്ത്താന്‍ ശ്രമം; അജീബിനൊപ്പം 13 ഉദ്യോഗസ്ഥരും
നെടുമ്പാശേരി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളംവഴി നടന്ന മനുഷ്യക്കടത്തിനെക്കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് പൂഴ്ത്താന്‍ ശ്രമിച്ചതായി സൂചന. എമിഗ്രേഷന്‍വിഭാഗം അസിസ്റ്റന്റ് കമാന്‍ഡന്റായ എന്‍ വി സോമരാജന്‍ രണ്ടുമാസംമുമ്പ് ഡിജിപിക്കും എഡിജിപി ഇന്റലിജന്‍സിനും നല്‍കിയ റിപ്പോര്‍ട്ട് വ്യാഴാഴ്ച വാര്‍ത്തയായതോടെയാണ് എമിഗ്രേഷന്‍ വിഭാഗത്തില്‍ ജോലിചെയ്തിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ കോട്ടപ്പടി സ്വദേശി എ പി അജീബിനെ ആലുവ റൂറല്‍ എസ്പി അന്വേഷണവിധേയമായി സസ്പെന്‍ഡ്ചെയ്തത്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഒരുമാസംമുമ്പുതന്നെ അജീബ് അറിഞ്ഞിരുന്നതായും സൂചനയുണ്ട്. ഭരണമുന്നണിയിലെ ഒരു പ്രമുഖ പാര്‍ടിയുടെ നേതാക്കളുമായി അജീബിനുള്ള സൗഹൃദം ഉപയോഗപ്പെടുത്തി റിപ്പോര്‍ട്ട് പൂഴ്ത്താനായിരുന്നു ആഭ്യന്തരവകുപ്പ് ശ്രമിച്ചതെന്ന വിവരങ്ങളാണ് പുറത്തുവന്നത്. അന്വേഷണറിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അറിഞ്ഞ് അജീബ് ഒരുമാസമായി മെഡിക്കല്‍ ലീവിലാണ്. എമിഗ്രേഷനില്‍നിന്ന് സ്ഥലംമാറ്റിയെങ്കിലും വിമാനത്താവളത്തിലെ വ്യാജ പാസ്പോര്‍ട്ട് കേസുകള്‍ ഉള്‍പ്പെടെ കൈകാര്യംചെയ്യുന്ന നെടുമ്പാശേരി പൊലീസ്സ്റ്റേഷനില്‍ത്തന്നെ നിയമിച്ചതും അജീബിനുള്ള സ്വാധീനം വ്യക്തമാക്കുന്നു. ഇയാള്‍ ഒളിവിലാണെന്നാണ് ഇപ്പോള്‍ പൊലീസിന്റെ ഭാഷ്യം.
യാത്രക്കാരുടെ പാസ്പോര്‍ട്ടിന്റെ കോപ്പി ശേഖരിച്ച് മൊബൈല്‍ എടുത്ത കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. അജീബിന്റെ പിതാവിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് 60 ലക്ഷത്തോളം രൂപ വിവിധ ട്രാവല്‍ ഏജന്‍സികള്‍ പലപ്പോഴായി നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നു. മനുഷ്യക്കടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥവിഭാഗത്തിനും സംരക്ഷിക്കുന്ന ചില നേതാക്കള്‍ക്കും ഈ തുക പങ്കിട്ടതായാണ് സൂചന. ഡിവൈഎസ്പി, സിഐ, എസ്ഐമാര്‍ ഉള്‍പ്പെടെ എമിഗ്രേഷന്‍ വിഭാഗത്തിലെ പതിമൂന്നോളം ഉദ്യോഗസ്ഥര്‍ക്ക് മനുഷ്യക്കടത്തില്‍ പങ്കുള്ളതായി അജീബിന്റെ മൊബൈല്‍ഫോണ്‍ രേഖകള്‍ പരിശോധിച്ച അന്വേഷണോദ്യോഗസ്ഥന് ബോധ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ വിഭാഗത്തിന്റെ ചുമതല കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയാണ് നിര്‍വഹിക്കുന്നത്. ഐബിയില്‍ പരിശീലനം കിട്ടിയ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ സംസ്ഥാന പൊലീസില്‍നിന്ന് ഡെപ്യൂട്ടേഷനിലാണ് എമിഗ്രേഷന്‍ വിഭാഗത്തിലെ ജീവനക്കാരെ നിയമിക്കുന്നത്. മനുഷ്യക്കടത്ത് യഥാസമയം കണ്ടെത്തുന്നതില്‍ ഇന്റലിജന്‍സ് വിഭാഗത്തിനും വീഴ്ചപറ്റിയിട്ടുണ്ട്. ആഭ്യന്തരവകുപ്പ് രണ്ടുമാസം അന്വേഷണറിപ്പോര്‍ട്ട് കൈയില്‍വച്ചിട്ടും റിപ്പോര്‍ട്ട് ചോരുന്നതുവരെ നടപടിയെടുക്കാതിരുന്നതിനെക്കുറിച്ച് സംസ്ഥാന ആഭ്യന്തരവകുപ്പിന് കൂടുതല്‍ ഒന്നും ചെയ്യാനില്ലെന്ന നിലയിലാണ് മന്ത്രിയുടെ പ്രതികരണം.
deshabhimani 151212
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment