Thursday, December 13, 2012
തീവിലയില്‍ പൊള്ളലേറ്റ് സര്‍ക്കാര്‍
വിലക്കയറ്റത്തെ കുറിച്ചുള്ള അടിയന്തര പ്രമേയം ചൂടുപിടിച്ച ചര്‍ച്ചയ്ക്കാണ് വഴിതുറന്നത്. വിലക്കയറ്റംമൂലം നട്ടംതിരിയുന്ന ജനങ്ങളുടെ വികാരവും വിചാരവും മുറ്റിനിന്ന ചര്‍ച്ച കലാശിച്ചത് പൊട്ടിത്തെറിയില്‍. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ സഭ ബഹളത്തില്‍ മുങ്ങി.
കരിഞ്ചന്തയും പുഴ്ത്തിവയ്പ്പും തടയാന്‍ എന്തു നടപടി എടുത്തെന്നായിരുന്നു മന്ത്രി അനൂപ് ജേക്കബ്ബിനോട് പ്രതിപക്ഷം ആരാഞ്ഞത്. റെയ്ഡ്, പരിശോധന എന്നിവയുടെ എണ്ണമാണ് മന്ത്രിയുടെ പക്കലുണ്ടായിരുന്നത്. എത്രപേരെ അറസ്റ്റ് ചെയ്തെന്നായി കോടിയേരി ബാലകൃഷ്ണന്റെ അടുത്ത ചോദ്യം. ബ...ബ....ബ എന്നായി മന്ത്രി. പ്രതിപക്ഷത്ത് പ്രതിഷേധസ്വരമുയര്‍ന്നതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അസ്വസ്ഥനായത്. മന്ത്രിക്ക് മറുപടി പറയാന്‍ അവസരം നല്‍കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. "മര്യാദകേട് കാണിക്കരുത്. വിരട്ടല്‍ വേണ്ട.." മുഖ്യമന്ത്രിയുടെ പ്രതികരണം നീണ്ടതോടെ പ്രതിപക്ഷത്ത് പ്രതിഷേധം കനത്തു. നടുത്തളത്തില്‍ മുദ്രാവാക്യം വിളിയുയര്‍ന്നു. അടിയന്തര പ്രമേയം തള്ളിയതായി അറിയിച്ച സ്പീക്കര്‍ മിനിറ്റുകള്‍ക്കുള്ളില്‍ നടപടി പൂര്‍ത്തിയാക്കി.
ശൂന്യവേളയില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടിയ വിവരം സ്പീക്കര്‍ അറിയിച്ചപ്പോള്‍ത്തന്നെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമായി. തുടര്‍ന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് സമയം നിശ്ചയിച്ച് രണ്ട് മണിക്കൂര്‍ ചര്‍ച്ചയ്ക്ക് കളമൊരുങ്ങി. കരിഞ്ചന്തക്കാരെ പിടിക്കാന്‍ പൊലീസില്ലേയെന്ന ചീഫ്വിപ്പ് പി സി ജോര്‍ജിന്റെ ചോദ്യം ഭക്ഷ്യമന്ത്രിയെയാണ് ലക്ഷ്യമിട്ടതെങ്കിലും കുറിക്ക്കൊള്ളുക തന്നെ ചെയ്തു. ജോര്‍ജിന് മറുപടി നല്‍കിയത് മുഖ്യമന്ത്രിയുടെ ലഫ്റ്റനന്റ് ആയ ബെന്നി ബഹനാന്‍ ആയിരുന്നു. കരിഞ്ചന്തക്കാരെ പിടിക്കാനുള്ള ആര്‍ജവം സര്‍ക്കാരിനുണ്ടെന്ന് ജോര്‍ജ് മനസ്സിലാക്കണമെന്നായിരുന്നു ബെന്നിയുടെ മറുപടി. സി ദിവാകരനാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. വിലക്കയറ്റത്തിന്റെ രൂക്ഷത വരച്ചിട്ട അദ്ദേഹം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. താന്‍ മന്ത്രിയായിരുന്നപ്പോള്‍ വിലക്കയറ്റത്തെ കുറിച്ച് ഭാര്യയോട് പോയി ചോദിക്കാനാണ് ആര്യാടന്‍ മുഹമ്മദും കെ സി ജോസഫും പറഞ്ഞതെന്ന് അദ്ദേഹത്തിന്റെ ഓര്‍മയിലുണ്ട്. അങ്ങനെ പറയാന്‍ താന്‍ ഒരുക്കമല്ലെന്ന് സി ദിവാകരന്‍ പറഞ്ഞതിനോട് സ്പീക്കറും യോജിച്ചു. വിലക്കയറ്റത്തെ കുറിച്ച് നൂറു നാവിലാണ് മുന്‍മന്ത്രി മുന്നേറിയത്. വിലക്കയറ്റം യാഥാര്‍ഥ്യമാണെന്നാണ് ഹരിത എംഎല്‍എ വി ഡി സതീശന്റെ അനുഭവം. ആള്‍ക്കാര്‍ കൊച്ചുവെളുപ്പാന്‍കാലത്തുതന്നെ മുഴുവനും വാങ്ങിപ്പോകുന്നതിനാലാണ് സാധനം കിട്ടാത്തതെന്നാണ് സതീശന്റെ കണ്ടെത്തല്‍. ഗോഡൗണ്‍ വലുതാക്കി ബഫര്‍ സ്റ്റോക്ക് കരുതണമെന്ന പോംവഴിയാണ് അദ്ദേഹം നിര്‍ദേശിച്ചത്.
വിലക്കയറ്റം കൂസാതെ മന്ത്രി കെ എം മാണി ഉറക്കത്തിലായത് വി എസ് സുനില്‍കുമാര്‍ കണ്ടുപിടിച്ചു. പ്രധാനപ്പെട്ട ചര്‍ച്ച നടക്കുമ്പോള്‍ ധനമന്ത്രി ഉറങ്ങുന്നത് ശരിയാണോയെന്നായി സുനില്‍. ഒന്നു മയങ്ങുന്നത് സാധാരണമെന്ന് സ്പീക്കര്‍ സാന്ത്വനിപ്പിച്ചു. ഏകാഗ്രതയില്‍ മുഴുകാന്‍ ചിലപ്പോള്‍ ഇങ്ങനെ ഒന്ന് മയങ്ങേണ്ടിവരുമെന്നായി മാണി. പൂഴ്ത്തിവയ്പ്പിനെ കുറിച്ച് രണ്ടുമാസം മുമ്പ് സൂചന കിട്ടിയിട്ടും എന്തുനടപടി എടുത്തെന്നായി ഡോ. തോമസ് ഐസക്. സര്‍ക്കാര്‍ പൂഴ്ത്തിവയ്പ്പുകാരുടെ തടവുകാരായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. "വികസനവും കരുതലും" എന്ന മുദ്രാവാക്യം പൂഴ്ത്തിവയ്പ്പുകാര്‍ക്ക് വേണ്ടിയാണെന്ന് കോവൂര്‍ കുഞ്ഞുമോന്‍. ജയിംസ് മാത്യൂ, അയിഷാ പോറ്റി, എ കെ ശശീന്ദ്രന്‍, സി കെ നാണു, എം വി ശ്രേയാംസ്കുമാര്‍, വി എസ് സുനില്‍കുമാര്‍ കെ എന്‍ എ ഖാദര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. തദ്ദേശസ്ഥാപനങ്ങളിലെ കൂറുമാറ്റം നിരോധിക്കല്‍ ഭേദഗതി ബില്ലും പഞ്ചായത്തീരാജ് ഭേദഗതി ബില്ലും സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. കുടുംബത്തില്‍ സംഘര്‍ഷവും അടുക്കളയില്‍ കലാപവുമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് ഇ എസ് ബിജിമോള്‍ക്ക് സംശയമില്ല. വികസനകാര്യങ്ങള്‍ക്ക് പണം അനുവദിക്കുന്നതില്‍ തുല്യനീതിയില്ലെന്ന ബിജിമോളുടെ വാദം പി സി ജോര്‍ജ് അംഗീകരിക്കില്ല. പക്ഷേ, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് റോഡും കാര്യങ്ങളുമൊക്കെ നടന്നിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്താന്‍ ജോര്‍ജ് തയ്യാര്‍.
വെള്ളപ്പൊക്കത്തിന് ഭരണകക്ഷി പ്രതിപക്ഷ വ്യത്യാസമുണ്ടോയെന്നായി പി ശ്രീരാമകൃഷ്ണന്‍.ഭരണപക്ഷത്തിന് കൂടിയ തുകയും പ്രതിപക്ഷത്തിന് നക്കാപ്പിച്ചയുമാണ് നല്‍കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേവസ്വം ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ടത് മതത്തിന് എതിരാണെന്ന് പറയുന്ന ദേവസ്വംമന്ത്രി ചില സമുദായനേതാക്കളുടെ ഉച്ഛിഷ്ടം ഭക്ഷിച്ചുനടക്കുകയാണെന്ന് ജി സുധാകരന്‍ പറഞ്ഞു. ദേവസ്വംവകുപ്പ് നന്നായി കൈകാര്യംചെയ്ത മന്ത്രിയാണ് സുധാകരനെന്ന് പാലോട് രവി. കാലുമാറ്റവും കൂറുമാറ്റവും പ്രോത്സാഹിപ്പിക്കുന്നത് കോണ്‍ഗ്രസിന്റെ നയമാണെന്ന് എ എം ആരിഫ്. ചരിത്രമുഹൂര്‍ത്തമായ 12:12:12 ല്‍ പ്രസംഗിക്കാന്‍ കഴിഞ്ഞതില്‍ ജോസഫ് വാഴക്കനും ചെയറിലിരിക്കാന്‍ കഴിഞ്ഞതില്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തനും സന്തോഷം പങ്കിട്ടു.
കെ ശ്രീകണ്ഠന്‍ deshabhimani 131212
Labels:
നിയമസഭ
Subscribe to:
Post Comments (Atom)
No comments:
Post a Comment