Tuesday, December 11, 2012

ഡി.വൈ.എഫ്.ഐ - ഒരു വിശദീകരണം


ഒരു അഖിലേന്ത്യാ സംഘടനയായ ഡി.വൈ.എഫ്.ഐ. ജമ്മുകാശ്മീരില്‍ പേര് മാറ്റിയാണ് പ്രവര്‍ത്തിക്കുന്നത് എന്നും ജമ്മു കാശ്മീരിലെ തീവ്രവാദികളെ സന്തോഷിപ്പിക്കാനാണ് എന്നുമുള്ള ഒരു പ്രചരണം ഈയിടെ ഫേസ്ബുക്കിലൂടെയും മറ്റും നടക്കുകയുണ്ടായി. എന്നാലിതിന് വിരുദ്ധമായി ഭാരതീയ യുവമോര്‍ച്ചയ്ക്ക് ഇന്ത്യയിലെല്ലായിടത്തും ഒരേ പേരാണെന്നും അത് അവരുടെ രാജ്യസ്നേഹത്തിന്റെ തെളിവാണെന്നും അനുബന്ധമായി വിശദീകരിക്കപ്പെട്ടു. രണ്ട് കാര്യങ്ങളും വാസ്തവ വിരുദ്ധമായതിനാല്‍ അക്കാര്യങ്ങള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്.

ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ (ജമ്മു & കാശ്മീര്‍) എന്ന പേരിലാണ് കാശ്മീരിലെ യുവജന സംഘടന പ്രവര്‍ത്തിക്കുന്നത്. ഒരു അഖിലേന്ത്യാ ഫെഡറേഷനായ ഡി.വൈ.എഫ്.ഐ.യില്‍ അഫിലിയേറ്റ് ചെയ്ത സംഘടനയാണത്. 1980 ല്‍ രൂപം കൊണ്ട ഡി.വൈ.എഫ്.ഐക്ക് ജനങ്ങള്‍ക്കിടയില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു ഭരണഘടനയും പരിപാടിയുമുണ്ട്. ഭരണഘടനയുടെ തുടക്കത്തില്‍ തന്നെ വകുപ്പ് -1 അഫിലിയേഷന്‍ എന്ന ഭാഗത്ത് രേഖപ്പെടുത്തിയിട്ടുള്ളത് പോലെ ഡി.വൈ.എഫ്.ഐ യുടെ പരിപാടിയോട് യോജിച്ച് പോകാന്‍ കഴിയുന്ന, സംസ്ഥാനങ്ങളിലേയോ കേന്ദ്ര ഭരണ പ്രദേശങ്ങളിലേയോ പുരോഗമന യുവജന സംഘടനകള്‍ക്ക് ഡി.വൈ.എഫ്.ഐ യില്‍ അഫിലിയേറ്റ് ചെയ്യാവുന്നതാണ്. 1980-ല്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു കാര്യം, കഴിഞ്ഞ 31 വര്‍ഷമായി പരസ്യമായി തന്നെ നടപ്പിലായി കൊണ്ടിരിക്കുന്ന ഒരു കാര്യം പുതിയ കണ്ടുപിടിത്തമെന്ന മട്ടില്‍ അവതരിപ്പിക്കേണ്ടതില്ല.

കാശ്മീരിലെ തീവ്രവാദികള്‍ക്ക് കീഴ്പ്പെട്ടതിനാലാണ് ഇത്തരം ഒരു സമീപനം ഡി.വൈ.എഫ്.ഐ സ്വീകരിച്ചത് എന്ന് കുറ്റപ്പെടുത്തുന്നവര്‍, എങ്കില്‍ പഞ്ചാബിലും ആസാമിലും എന്തുകൊണ്ട് ഈ ഒരു രീതി ഡി.വൈ.എഫ്.ഐ സ്വീകരിച്ചില്ല എന്ന് വിശദീകരിക്കേണ്ടതാണ്. 1980 കളില്‍, ഒരു പക്ഷേ കാശ്മീരിനേക്കാളും വിഘടനവാദ പ്രസ്ഥാനങ്ങള്‍ ശക്തമായി നിലനിന്നിരുന്ന സംസ്ഥാനങ്ങളാണ് ഇവ രണ്ടും. കാശ്മീരിലെ തീവ്രവാദികളെ ഡി.വൈ.എഫ്.ഐ ക്ക് ഭയമാണെന്നും എന്നാല്‍ പഞ്ചാബിലേയും ആസ്സാമിലേയും തീവ്രവാദികളെ അത്ര തന്നെ ഭയമില്ലെന്നും കരുതുന്നതില്‍ യാതൊരു യുക്തിയുമില്ല. സാമൂഹ്യ പ്രശ്നങ്ങള്‍ കുറേക്കൂടി വിശാലമായ അര്‍ത്ഥത്തില്‍ പരിഗണിക്കപ്പെടുകയാണ് വേണ്ടത്.

കാര്യങ്ങളെ അങ്ങേയറ്റം ലളിതമായി കാണാനാഗ്രഹിക്കുന്നവര്‍ കാശ്മീര്‍ എന്ന വാക്കിനൊപ്പം തീവ്രവാദം എന്ന വാക്കും ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. തീവ്രവാദിയുടെ കുപ്പായം സ്വാഭാവികമായും ചേരുക ഇസ്ലാമിക മൌലികവാദികള്‍ക്കായിരിക്കുകയും ചെയ്യും. ‘കീര്‍ത്തിചക്ര’യെ പോലുള്ള മൂന്നാംകിട സിനിമകളില്‍ നിന്ന്, അങ്ങേയറ്റം സങ്കീര്‍ണ്ണമായ ഒരു സാമൂഹ്യപ്രശ്നത്തെപ്പറ്റി പഠിക്കാന്‍ ശ്രമിച്ചാല്‍ ഇതിലപ്പുറമൊന്നും സംഭവിക്കാനുമിടയില്ല.

കാശ്മീരിലെ മുസ്ലിങ്ങള്‍ തുടക്കം മുതലേ ഇന്ത്യക്കെതിരാണെന്നും അവര്‍ പാക്കിസ്ഥാന്റെ കൂടെയാണെന്നുമുള്ള ഒരു പൊതുധാരണ വ്യാപകമായി സൃഷ്ടിക്കപ്പെട്ടിട്ടു ണ്ട്. അതിന്റെ കാരണമായി വ്യാഖ്യാനിക്കപ്പെടുന്നത് സ്വാഭാവികമായും മുസ്ലിം മൌലികവാദമാണ്. കാശ്മീര്‍ മുസ്ലിങ്ങളില്‍ ഒരു വിഭാഗം ഇപ്പോള്‍ ഇന്ത്യക്കൊപ്പം ചിന്തിക്കുന്നില്ലെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണെങ്കിലും അവര്‍ പാക്കിസ്ഥാന്റെ കൂടെയാണെന്ന ധാരണ തികച്ചും അടിസ്ഥാനരഹിതമാണ്.

എന്തുകൊണ്ട് കാശ്മീരിന് മാത്രമായി ഒരു വ്യത്യാസം എന്നതാണ് ഉന്നയിക്കപ്പെടുന്ന പ്രധാനപ്പെട്ട ചോദ്യം. അതിന്റെ കാരണം തീവ്രവാദമോ മൌലികവാദമോ ഒന്നും തന്നെയല്ലെന്ന് ആദ്യമേ മനസ്സിലാക്കണം. ചരിത്രപരമായ കാരണങ്ങളാല്‍ തന്നെ കാശ്മീര്‍ നിരവധി പ്രത്യേകതകള്‍ ഉള്ള ഒരു സ്ഥലമാണ് എന്നതാണ് വാസ്തവം. ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളില്‍ വ്യാപിച്ചത് പോലെയല്ല കാശ്മീരില്‍ ഇസ്ലാം വ്യാപിച്ചത്. കാശ്മീരി ഭാഷയില്‍ സന്ന്യാസിമാര്‍ എന്നറിയപ്പെടുന്ന സൂഫി ആചാര്യന്മാരായിരുന്നു പ്രധാനമായും കാശ്മീരിലെ ഇസ്ലാമിക പ്രചാരകര്‍. അവര്‍ എല്ലായ്പ്പോഴും കാശ്മീരിന്റെ സ്വത്വം ഉയര്‍ത്തി പിടിച്ചവരാണ്. മുഗള്‍ ഭരണം കാശ്മീരിലേക്ക് വ്യാപിച്ചപ്പോള്‍ അതിന്റെ ഇസ്ലാമിക ഘടകവുമായി കൂടിച്ചേരുകയല്ല; തങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന കാരണത്താല്‍ അക്കാര്യത്തില്‍ അസംതൃപ്തരാവുകയാണ് അവിടത്തെ മുസ്ലിങ്ങള്‍ ചെയ്തത്.

രണ്ട് വട്ടം പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചപ്പോഴും കാശ്മീരിലെ മുസ്ലിങ്ങള്‍ പാകിസ്ഥാന്റെ കൂടെയല്ല ഇന്ത്യയുടെ കൂടെയാണ് നിന്നതെന്ന് വിസ്മരിക്കരുത്. 1947 ല്‍ തന്നെ കാശ്മീരി മുസ്ലിങ്ങളുടെ മതനിരപേക്ഷത തെളിയിക്കപ്പെട്ടതാണ്. തങ്ങളുടെ കാശ്മീരി സ്വത്വത്തേക്കാള്‍ ഇസ്ലാമിക സ്വത്വത്തിന് വില കല്‍പ്പിക്കുന്ന മതഭ്രാന്തന്മാരായിരുന്നു അവരെങ്കില്‍ അവര്‍ പാകിസ്ഥാന്‍ ആക്രമണകാരികളോടൊപ്പം നില്‍ക്കുകയും ഇന്ത്യക്ക് പകരം പാകിസ്ഥാന്‍ തങ്ങളുടെ മാതൃരാജ്യമായി സ്വീകരിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ അവരങ്ങനെ ചെയ്തില്ല. കാശ്മീരി സ്വത്വത്തോട് കൂടുതല്‍ ആഭിമുഖ്യം കാണിച്ച അവര്‍ മതാധിഷ്ഠിതവും ഏകാധിപത്യപരവുമായ പാകിസ്ഥാനോട് ചേരാനല്ല, മതനിരപേക്ഷ- ജനാധിപത്യ ഇന്ത്യയോട് ചേരാനാണ് തീരുമാനിച്ചത്. കാശ്മീരിനെ പാകിസ്ഥാനി ആക്രമണകാരികളില്‍ നിന്ന് രക്ഷിക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച അവര്‍ ഷേക്ക് അബ്ദുള്ളയുടെ നേതൃത്വത്തില്‍ അതിനായി ആയുധമെടുത്ത് യുദ്ധം ചെയ്യുക പോലും ചെയ്തു. അവരില്‍ മഖ്ബൂര്‍ ഷെര്‍വാണിയെപോലുള്ള നിരവധി ദേശാഭിമാനകളെ പാകിസ്ഥാനി ആക്രമണകാരികള്‍ വെടിവച്ചു കൊല്ലുകയുണ്ടായി. ക്രൂരപീഡനങ്ങള്‍ സഹിക്കേണ്ടി വന്നിട്ടും ഇന്ത്യക്കെതിരെ ഒരക്ഷരം പോലും ഉരിയാടാന്‍ അവര്‍ തയ്യാറായില്ല എന്നതായിരുന്നു കാരണം.(മേജര്‍ രവിയെ പോലുള്ള പുതിയ ദേശഭക്തന്മാര്‍ കുറച്ച് കൂടി ചരിത്രം പഠിക്കുന്നത് ഏതായാലും നന്നായിരിക്കും.)

മറ്റു പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാശ്മീരിനുള്ള സ്വാതന്ത്ര്യബോധത്തെ നന്നായി മനസ്സിലാക്കിയതു കൊണ്ടാണ് ഇന്ത്യന്‍ ഭരണഘടനയുടെ 370-ാം വകുപ്പ് കാശ്മീരില്‍ നടപ്പാക്കുന്നത്. 370-ാം വകുപ്പ് കാശ്മീരിന് മാത്രമായി പ്രയോഗിക്കുമ്പോള്‍ കാശ്മീരിന്റെ ഇന്ത്യയുമായുള്ള ഉദ്ഗ്രഥനം സാധ്യമാകില്ലെന്ന് വാദിക്കുന്ന ഹൈന്ദവ വര്‍ഗ്ഗീയ വാദികള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം 370-ാം വകുപ്പ് ഉള്ളതുകൊണ്ടല്ല കാശ്മീര്‍ വ്യത്യസ്തമാകുന്നത്; മറിച്ച് കാശ്മീര്‍ വ്യത്യസ്തമായതുകൊണ്ടാണ് പ്രസ്തുത വകുപ്പ് വേണ്ടിവന്നത് എന്നാണ്.

കാശ്മീരിലെ ജനങ്ങള്‍ അവരുടെ മറ്റ് സ്വത്വങ്ങളെക്കാള്‍ തങ്ങളുടെ പ്രാദേശിക സ്വതന്ത്ര സ്വത്വത്തെ ഉയര്‍ത്തിപ്പിടിച്ചവരാണ് എന്നതാണ് ആ വ്യത്യാസത്തിന്റെ അടിസ്ഥാനം. ഈ യാഥാര്‍ത്ഥ്യം അംഗീകരിച്ചു കൊണ്ട് മാത്രമേ കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കി നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ഡി.വൈ.എഫ്.ഐ. പോലുള്ള ഒരു ജനാധിപത്യ പ്രസ്ഥാനം ഇന്ത്യയുടെ വ്യത്യസ്തവും സങ്കീര്‍ണ്ണവുമായ പ്രാദേശിക സ്വത്വധാരണകളെ ശരിയായി മനസ്സിലാക്കുന്നു എന്നതാണ് യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കേണ്ടത്.

കാശ്മീരിലെ ജനങ്ങള്‍ ഇപ്പോള്‍ എങ്ങനെ ചിന്തിക്കുന്നു എന്നും എന്താണ് അതിന്റെ കാരണമെന്നും കാശ്മീര്‍ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നും ഒക്കെയുള്ള കാര്യങ്ങള്‍ ഈ ചെറിയ കുറിപ്പിന്റെ പരിധിയില്‍ വരുന്നതല്ല. കാശ്മീരിലെ യുവാക്കളെ മൌലിക വാദത്തോട് അനുകമ്പയില്ലാത്തവരായും ജനാധിപത്യസംവിധാനത്തോട് താത്പര്യമുള്ളവരായും മാറ്റി തീര്‍ക്കുക എന്ന വലിയ ചുമതല നിര്‍വഹിക്കുന്ന കാശ്മീരിലെ ഏക യുവജന പ്രസ്ഥാനം ഡി.വൈ.എഫ്. (ജെ & കെ) ആണ്. അത് ഡി.വൈ.എഫ്.ഐ തന്നെയാണ് എന്ന് എല്ലാവര്‍ക്കുമറിയാം. അതില്‍ വേഷ പ്രച്ഛന്നതയുടെ പ്രശ്നങ്ങളൊന്നും തന്നെയില്ല. അതുകൊണ്ടാണ് കാശ്മീരിലെ ഭീകരവാദികള്‍ക്ക് ഡി.വൈ.എഫ്. (ജെ&കെ) പ്രധാന ശത്രുവാകുന്നതും. ഡി.വൈ.എഫ് (ജെ & കെ) സംസ്ഥാന സെക്രട്ടറിയായിരുന്ന മുഹമ്മദ് അമീന്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തകര്‍ ഭീകരവാദികളുടെ ഹിറ്റ്ലിസ്റ്റിലെ പ്രധാന പേരുകാരാകുന്നത് അവര്‍ക്ക് ഞങ്ങളോട് സ്നേഹക്കൂടുതല്‍ ഉള്ളത് കൊണ്ടാകാന്‍ തരമില്ലല്ലോ. യുവമോര്‍ച്ചയോ യൂത്ത് കോണ്‍ഗ്രസ്സോ പോലുള്ള മറ്റ് യുവജന സംഘടനകളിലെ പ്രവര്‍ത്തകരെക്കാള്‍ എത്രയോ കൂടുതല്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഭീകരവാദികളാല്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട് എന്നത് ഇന്ത്യയിലെവിടെയും ഡി.വൈ.എഫ്.ഐ യുടെ ചരിത്രം പരിശോധിച്ചാല്‍ ബോധ്യപ്പെടാവുന്നതേയുള്ളൂ.

മേല്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ടല്ലെങ്കിലും കേരളത്തിലെ ഒരു വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു, അഖിലേന്ത്യാ സംഘടനയായ എന്‍.എസ്.യു. വിന്റെ ഭാഗമാണെന്നും ആയതിനാല്‍ അവ രണ്ടും ഒന്നു തന്നെയാണെന്നും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. കെ.എസ്.യു.വിനെ എതിര്‍ക്കുന്ന സമയത്ത്, എതിര്‍ക്കാനായി ഞങ്ങള്‍ അവരുടെ പേരല്ല ഉയര്‍ത്തി പിടിക്കുന്നത്; നയങ്ങളാണ്. ഇതാണ് വിമര്‍ശനങ്ങളിലെ മാര്‍ക്സിസ്റ്റ് ‌\ വര്‍ഗ്ഗീയവാദ നിലപാടുകളുടെ വ്യത്യാസം. പട്ടികള്‍ തന്നെ ധാരാളമുള്ളപ്പോള്‍ ആടിനെ പട്ടിയാക്കേണ്ട കാര്യം ഡി.വൈ.എഫ്.ഐ ക്കില്ല. പക്ഷേ, ആര്‍.എസ്.

എസിനുണ്ട്. കാരണം പെട്ടെന്ന് കേട്ടാല്‍ ശരിയെന്ന് തോന്നുന്ന ലളിത യുക്തികളിലൂടെയാണ് ഫാസിസം ജനങ്ങള്‍ക്കിടയില്‍ വേരോട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഹിറ്റ്ലര്‍ ജര്‍മ്മനി കീഴടക്കിയ രീതി പരിശോധിച്ചാല്‍ ഇക്കാര്യം കൂടുതല്‍ ബോധ്യപ്പെടും.

ഒരു മൌലികവാദത്തെ മറ്റൊരു മൌലികവാദം കൊണ്ട് നേരിടാന്‍ പരിശ്രമിക്കുകയും അതിന്റെ പേരില്‍ കഷ്ടത അനുഭവിക്കുന്ന സാധാരണ ജനങ്ങളുടെ ഐക്യനിര തകര്‍ക്കുകയും ചെയ്യുന്ന ഹിന്ദു വര്‍ഗ്ഗീയ വാദികളുടെ ഒരു സര്‍ട്ടിഫിക്കറ്റും ഡി.വൈ.എഫ്.ഐക്ക് ആവശ്യമില്ലെങ്കിലും അയുക്തികളും അസത്യങ്ങളും ബോധപൂര്‍വ്വം പ്രചരിക്കപ്പെടുമ്പോള്‍ ചെറിയ ഒരു വിശദീകരണം ആവശ്യമാണെന്ന് തോന്നിയതിനാല്‍ മാത്രം ഇത്രയും കുറിക്കുന്നു.

കെ.ജയദേവന്‍
(ഡിവൈഎഫ്ഐ പാലക്കാട് ജില്ലാപ്രസിഡന്റാണ്)

No comments:

Post a Comment