Tuesday, December 11, 2012

ഗുജറാത്തിനെ കുറിച്ചുള്ളത് മിഥ്യാ പ്രചാരണം: യെച്ചൂരി


"വികസിത ഗുജറാത്ത്" എന്നത് മിഥ്യ മാത്രമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ഭാവ്നഗര്‍ നോര്‍ത്ത് മണ്ഡലത്തിലെ സിപിഐ എം സ്ഥാനാര്‍ഥിയായ അരുണ്‍ മേത്തയുടെ തെരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യാഥാര്‍ഥ്യവും ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളും മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ അവകാശവാദങ്ങള്‍ക്കെതിരാണ്. ഗ്രാമങ്ങളില്‍ പട്ടിണിയും ദാരിദ്ര്യവുമാണ്. ദാരിദ്ര്യത്തിന്റെയും പോഷകാഹാരക്കുറവിന്റെയും കാര്യത്തില്‍ ഒഡിഷയ്ക്കും ബിഹാറിനും പിന്നിലാണ് ഗുജറാത്ത്. മൊത്തം ആഭ്യന്തരോല്‍പ്പാദനം, പ്രതിശീര്‍ഷവരുമാനം എന്നീ കാര്യങ്ങളില്‍ ആറാമതും. വിദേശനിക്ഷേപത്തിന്റെ കാര്യത്തില്‍ ഒന്നാമതാണെന്നാണ് പ്രചാരണം. എന്നാല്‍, നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ കാര്യത്തില്‍ എട്ടാം സ്ഥാനത്തു മാത്രം. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പോരാടാന്‍ ഇന്ത്യയിലുള്ള ഏകശക്തി ഇടതുപക്ഷമാണ്. ജനജീവിതം നരകതുല്യമാക്കുന്ന സാമ്പത്തിക പരിഷ്കരണങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വ്യത്യാസം നേര്‍ത്തതാണ്. മോഡിയെ പ്രധാനമന്ത്രിയായി ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. തെലുങ്കില്‍ ഒരു ചൊല്ലുണ്ട്, "വീടില്ല, കല്യാണം കഴിച്ചില്ല. പക്ഷേ മകന് പേരിട്ടു; സോമലിംഗം". ഇതുപോലെയാണ് മോഡിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നത്. ബിജെപി രാഷ്ട്രീയമായും സംഘടനാപരമായും തകരുകയാണ്. ഇടതുപക്ഷം ദേശീയതലത്തില്‍ നടത്തുന്ന ശക്തമായ പോരാട്ടങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും ഊര്‍ജം നല്‍കുന്നതായിരിക്കും ഭാവ്നഗറിലെ വിജയം. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയ സിപിഐ എം ഇക്കുറി ഭാവ്നഗര്‍ സീറ്റ് നേടും-യെച്ചൂരി പറഞ്ഞു.

ഭാവ്നഗറിന്റെ ഭാവംമാറ്റാന്‍ അരുണ്‍മേത്ത

ഭാവ്നഗര്‍: ഗുജറാത്ത് നിയമസഭയിലേക്ക് ചരിത്രപരമായ വിജയത്തിലേക്കുള്ള പോരാട്ടത്തിലാണ് അരുണ്‍മേത്ത. ഭാവ്നഗറിന് സുപരിചിതനായ സിപിഐ എം സംസ്ഥാന സെക്രട്ടറി അരുണ്‍ഭായ് കോണ്‍ഗ്രസിനും ബിജെപിക്കും കനത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്. ശക്തമായ ത്രികോണമത്സരം സിപിഐ എമ്മിന് വിജയപ്രതീക്ഷ നല്‍കുന്നു. 2002ലും 2007ലും അരുണ്‍ മേത്ത ബിജെപിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇക്കുറി സിറ്റിങ് എംഎല്‍എ വിഭാവരിബെന്‍ ദാവെയെയാണ് ബിജെപി സ്ഥാനാര്‍ഥി. രാജേഷ് ജോഷി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും.

പഴയ നാട്ടുരാജ്യമായ ഭാവ്നഗര്‍ സൗരാഷ്ട്രയിലെ ഏറ്റവും മികച്ച വ്യവസായകേന്ദ്രങ്ങളിലൊന്നായിരുന്നു. വജ്രം മിനുക്കിയെടുക്കല്‍, ഉപ്പുനിര്‍മാണം, നിരവധി രാസവ്യവസായങ്ങള്‍, ഉരുക്കുവ്യവസായം, പ്ലാസ്റ്റിക് എന്നിവയിലായി പണിയെടുക്കുന്ന തൊഴിലാളികളാണ് ഭാവ്നഗറിന്റെ ഭാവം മാറ്റിയത്. സിപിഐ എമ്മിന്റെ സ്വാധീനം പ്രധാനമായും ഈ തൊഴിലാളികളിലാണ്. ഇടത്തരക്കാരിലും സ്വീകാര്യനാണ് മേത്ത. "ഗുജറാത്ത് വികസനം" എന്ന മിഥ്യാമുദ്രാവാക്യത്തിനെതിരെയാണ് പാര്‍ടിയുടെ പോരാട്ടമെന്ന് അരുണ്‍ മേത്ത പറഞ്ഞു. 15 വര്‍ഷമായി ബിജെപി സര്‍ക്കാര്‍ അനീതി കാട്ടുന്നുവെന്ന തോന്നല്‍ ജനങ്ങളിലുണ്ട്. 70000 വ്യവസായ യൂണിറ്റ് അടച്ചുപൂട്ടുകയോ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുകയോ ചെയ്തു. കുടിവെള്ള വിതരണം ആഴ്ചയില്‍ മൂന്നു ദിവസംമാത്രം. പൈപ്പ്ലൈന്‍ വഴി പാചകവാതകം എത്തിക്കുമെന്ന നരേന്ദ്ര മോഡിയുടെ വാഗ്ദാനത്തിന് അഞ്ച് വയസ്സായി. സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് മേഖലകളെ ബന്ധിപ്പിക്കാനും വൈദ്യുതോല്‍പ്പാദനത്തിനും ജലസേചന, കുടിവെള്ള സൗകര്യം വര്‍ധിപ്പിക്കുന്നതിനുമുള്ള കല്‍പ്പസര്‍ പദ്ധതി കടലാസില്‍തന്നെ. ഖമ്പത്ത് ഉള്‍ക്കടലില്‍ 35 കിലോമീറ്റര്‍ നീളമുള്ള അണക്കെട്ട് നിര്‍മിച്ച് ഭാവ്നഗറിലെ ഖോഘയെ ദക്ഷിണ ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ ഹന്‍സതുമായി ബന്ധിപ്പിക്കുന്ന ഈ വിപുലമായ പദ്ധതിക്ക് നരേന്ദ്ര മോഡി അഞ്ചു വര്‍ഷം മുമ്പ് തറക്കല്ലിട്ടെങ്കിലും ഒന്നും നടന്നിട്ടില്ല.

തൊഴിലാളികള്‍ക്ക് മിനിമം വേതനമോ മറ്റ് ആനുകൂല്യമോ ഇല്ല. ഗുജറാത്തിലാകെ കര്‍ഷകര്‍, ആദിവാസികള്‍, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ശ്രമിച്ചിട്ടില്ല. 25 വര്‍ഷമായി ബിജെപിയാണ് ഭാവ്നഗറില്‍ ജയിക്കുന്നത്. ബിജെപി എംഎല്‍എയോട് കടുത്ത അതൃപ്തിയാണ് ജനങ്ങള്‍ക്ക്. ഇത് സിപിഐ എമ്മിന് അനുകൂലമായി മാറും-അരുണ്‍ മേത്ത പറഞ്ഞു. ഗുജറാത്തിലെ കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന സുബോധ് മേത്തയുടെയും നിരുബെന്‍ മേത്തയുടെയും മകനായ അരുണ്‍ എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 2002ല്‍ അരുണ്‍ മേത്ത സംസ്ഥാന സെക്രട്ടറിയായി. ഇത് അരുണിന്റെ അഞ്ചാം തെരഞ്ഞെടുപ്പ് പോരാട്ടമാണ്. ഭാവ്നഗര്‍ കോര്‍പറേഷനില്‍ ഇടതുപക്ഷ സാന്നിധ്യം എക്കാലവുമുണ്ട്. അരുണിന്റെ അമ്മ നിരുബെന്‍ 1971ല്‍ കോര്‍പറേഷന്‍ മേയറായിരുന്നു. നിലവില്‍ കോര്‍പറേഷനില്‍ നാല് കൗണ്‍സിലര്‍മാര്‍.
(വി ജയിന്‍)

deshabhimani 111212

No comments:

Post a Comment