Friday, December 14, 2012

വൈദ്യുതി ബോര്‍ഡിന് വന്‍കിടക്കാരില്‍ നിന്ന് കിട്ടാനുള്ളത് കോടികള്‍


സാമ്പത്തികബാധ്യതയുടെ പേരില്‍ അടിക്കടി വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കുന്ന കെഎസ്ഇബിക്ക് വന്‍കിടക്കാരില്‍നിന്നും കുടിശ്ശിക പിരിച്ചെടുക്കാനുള്ളത് കോടികള്‍. എന്നാല്‍, ഇതു പിരിച്ചെടുക്കാതെ വൈദ്യുതി ഉപഭോഗം കൂടുന്ന സമയത്ത് (പീക്ക് ഹവേഴ്സ്) നിരക്ക് കൂട്ടുന്ന ടിഒഡി സമ്പ്രദായം അടിച്ചേല്‍പ്പിക്കാനാണ് പുതിയ നീക്കം. വന്‍കിടക്കാരില്‍നിന്ന് കെഎസ്ഇബിക്കുള്ള കിട്ടാക്കടം 878 കോടിയാണ്. 200ഓളം സ്ഥാപനങ്ങളാണ് ഇത്രയും കുടിശ്ശിക വരുത്തിയത്. ഇതില്‍ 75 ശതമാനവും സ്വകാര്യ സ്ഥാപനങ്ങളാണ്.

യുഡിഎഫ് അധികാരത്തില്‍വന്നശേഷം വന്‍കിടക്കാരുടെ കുടിശ്ശിക പിരിക്കുന്നതില്‍ കാട്ടിയ വിമുഖതയാണ് കിട്ടാക്കടം ഇത്രയേറെ വര്‍ധിപ്പിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 430 കോടി രൂപ കുടിശ്ശിക ഇനത്തില്‍ പിരിച്ചെടുത്തു. വര്‍ഷംതോറും അദാലത്തുകള്‍, മൂന്നുമാസത്തിലൊരിക്കല്‍ പലിശ ഇളവോടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടങ്ങിയവയിലൂടെയായിരുന്നു കുടിശ്ശിക പിരിച്ചെടുത്തത്. എന്നാല്‍, യുഡിഎഫ് വന്നതോടെ അദാലത്തുകള്‍ പഴങ്കഥയായി. കുടിശ്ശിക പിരിക്കുന്നത് സ്റ്റേ ചെയ്ത കേസുകളില്‍ തുടര്‍നടപടിക്കും കെഎസ്ഇബി തയ്യാറാവുന്നില്ല. അതേസമയം, സാമ്പത്തികഭാരം മുഴുവന്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. യുഡിഎഫ് അധികാരത്തില്‍ വന്നശേഷം സര്‍ചാര്‍ജ് ചുമത്തിയതടക്കം മൂന്നാം തവണയാണ് വൈദ്യുതിനിരക്ക് ഉയര്‍ത്തുന്നത്. 15 വര്‍ഷത്തിനുശേഷം ആദ്യമായി വ്യവസായങ്ങള്‍ക്ക് 25 ശതമാനം പവര്‍കട്ടും പ്രഖ്യാപിച്ചു. ഒരു മണിക്കൂര്‍ ഔദ്യോഗിക ലോഡ്ഷെഡിങ്ങിനു പുറമെ പല സമയങ്ങളിലായി ഒരു മണിക്കൂറിലധികം അനൗദ്യോഗിക ലോഡ് ഷെഡിങ്ങും നിലവിലുണ്ട്. വേനല്‍ രൂക്ഷമാകുമ്പോള്‍ കടുത്ത നിയന്ത്രണവും നിരക്കുവര്‍ധനയും ഇനിയും ഉണ്ടാവുമെന്നാണ് സൂചന. പരീക്ഷക്കാലം മുന്നില്‍കണ്ടുള്ള വൈദ്യുതി ആസൂത്രണവും യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം ഉണ്ടായില്ല. വൈദ്യുതിക്ക് വിലകുറയുന്ന സമയം നോക്കി പവര്‍ എക്സ്ചേഞ്ചുകളില്‍നിന്ന് വൈദ്യുതി വാങ്ങാന്‍ പ്രസരണ ഇടനാഴി റിസര്‍വ് ചെയ്യുകയാണ് പ്രധാന ആസൂത്രണം. കഴിഞ്ഞ വര്‍ഷം ഇത് ചെയ്തിരുന്നെങ്കില്‍ കുറഞ്ഞ വിലയ്ക്ക് ഇപ്പോള്‍ താപവൈദ്യുതി കിട്ടുമായിരുന്നു.

deshabhimani 141212

No comments:

Post a Comment