Friday, December 14, 2012
ആദിവാസി പുനരധിവാസവും ക്ഷേമപദ്ധതികളും അവതാളത്തില്‍
ആദിവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതി അട്ടിമറിച്ച സര്‍ക്കാര്‍ ക്ഷേമപദ്ധതികളും ഇല്ലാതാക്കി. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ പുനരധിവസിപ്പിച്ച പദ്ധതിയാണ് പാളിയത്. ഒന്നാംഘട്ടമായി സര്‍വേ നമ്പര്‍ 2277/1ല്‍പ്പെട്ട മറയൂര്‍ 51-ാം റിസര്‍വില്‍ 2002ല്‍ എ കെ ആന്റണി സര്‍ക്കാര്‍ 140ലധികം ആദിവാസി കുടുംബങ്ങളെയാണ് പുനരധിവസിപ്പിച്ചത്. എന്നാല്‍, കുടിവെള്ളം ഉള്‍പ്പെടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാതെയായിരുന്നു പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം. ഇപ്പോള്‍ 25ല്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് അവിടെ താമസം. ഈ മേഖലയില്‍ കാട്ടാനശല്യവും രൂക്ഷമായിരുന്നു. പുനരധിവസിപ്പിക്കപ്പെട്ട ഏറെപേരും ബന്ധുവീടുകളിലേക്ക് മടങ്ങി. 2001 ഡിസംബര്‍ ഏഴിന് ക്യാബിനറ്റ് ഉപസമിതി തീരുമാനപ്രകാരമായിരുന്നു ഭൂമി വിതരണം.
ആദിവാസി പുനരധിവാസത്തിനും ക്ഷേമത്തിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് 2001 നവംബറില്‍ ആദിവാസി പുനരധിവാസ വികസന മിഷന്‍ രൂപീകരിച്ചത്. പിന്നീട് ഇതിന്റെ പ്രവര്‍ത്തനവും നിര്‍ജീവമായി. തുടക്കത്തില്‍ തന്നെ വനംവകുപ്പ് ഇടംകോലിട്ടിരുന്നു. ആദിവാസികള്‍ക്ക് നല്‍കിയ സ്ഥലത്ത് കൃഷി ചെയ്യാനോ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താനോ അനുവദിച്ചില്ല. നിയമക്കുരുക്ക് അഴിക്കാതെയുള്ള ഭൂമി വിതരണമാണ് സര്‍ക്കാര്‍ നടത്തിയത്. വിതരണം ചെയ്ത ഭൂമി അളന്ന് തിരിച്ചിട്ടില്ല. റവന്യൂ-വനം വകുപ്പുകളുടെ ശീതസമരമാണ് പ്രധാന കാരണം. ജില്ലയിലാകെയുള്ള 302 ആദിവാസി കുടികളില്‍ 30ല്‍ താഴെ കോളനിയില്‍ മാത്രമേ ഒരുവിധം നല്ല റോഡുള്ളൂ. നൂറോളം കോളനികളില്‍ കുടിവെള്ളമില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ മിക്ക കോളനിയിലും വൈദ്യുതി എത്തിച്ചത് ആശ്വാസമായി. 400 പേര്‍ താമസിക്കുന്ന ഉപ്പുതറ മേമാരിക്കുടിയില്‍ വൈദ്യുതിക്കായി ആദിവാസികള്‍ സമരം ചെയ്യുകയാണ്.
ആദിവാസി ക്ഷേമത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ താറുമാറാക്കിയതുമൂലം ബുദ്ധിമുട്ടുന്നത് ജില്ലയിലെ 15,872 ആദിവാസി കുടുംബങ്ങളാണ്. ഇവര്‍ക്ക് വീട് നിര്‍മിക്കാന്‍ 1,20,000 രൂപ എല്‍ഡിഎഫ് തടസ്സമില്ലാതെ നല്‍കിയിരുന്നു. എന്നാല്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രണ്ടരലക്ഷമാക്കി നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ബജറ്റില്‍ വകയിരുത്തിയില്ല. പഞ്ചായത്ത് വഴി നടപ്പാക്കുന്ന വീട് നിര്‍മാണ പദ്ധതി ഇതോടെ സ്തംഭിച്ചു. ഇടുക്കിയില്‍ രണ്ടായിരത്തിലധികം ആദിവാസികള്‍ക്ക് വീടില്ല. സമ്പൂര്‍ണ ചികിത്സാ പദ്ധതിയും ഇല്ലാതാക്കി. രോഗിയായ ആദിവാസിക്ക് പിഎച്ച്സി മുതല്‍ റീജിണല്‍ ക്യാന്‍സര്‍ സെന്റര്‍ വരെ സൗജന്യ ചികിത്സാ പദ്ധതിയാണ് കഴിഞ്ഞ സര്‍ക്കാര്‍ ഒരുക്കിയത്. രോഗിയുടെ സഹായിക്കും ദിവസം 75 രൂപ ക്രമത്തില്‍ നല്‍കി. രോഗിക്കും സഹായിക്കും യാത്രാ ചെലവ് ഉള്‍പ്പെടെ നല്‍കി. ഭരണമാറ്റത്തോടെ ഇതില്ലാതായി. പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെ ആരോഗ്യപ്രശ്നങ്ങളുള്ള ഇടുക്കിയിലെ പട്ടികജാതി കോളനികള്‍ ചികിത്സക്കായി ക്ലേശിക്കുകയാണ്.
(കെ ടി രാജീവ്)
deshabhimani 141212
Labels:
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment