Friday, February 22, 2013

വളര്‍ച്ച ഇടിഞ്ഞു,സമ്പദ്വ്യവസ്ഥ പ്രതിസന്ധിയിലെന്ന് രാഷ്ട്രപതി


രാജ്യം സാമ്പത്തികമായി കടുത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പോയവര്‍ഷം ആഗോള സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ വര്‍ഷമായിരുന്നെന്ന് രാഷ്ട്രപതി നയപ്രഖ്യാപനത്തില്‍ പറഞ്ഞു. യൂറോപ്പ് മാന്ദ്യത്തിലാണ്. വികസ്വര രാജ്യങ്ങളിലെല്ലാം വളര്‍ച്ച മന്ദഗതിയിലാണ്. ഇന്ത്യയെ സംബന്ധിച്ചും കഴിഞ്ഞവര്‍ഷം മോശമായിരുന്നു. ആഗോള- ആഭ്യന്തര ഘടകങ്ങള്‍ ഇതിന് കാരണമായിട്ടുണ്ട്. ഇത് രണ്ടിന്റെയും പ്രത്യാഘാതം വിലയിരുത്തേണ്ടതുണ്ട്. പതിനൊന്നാം പദ്ധതി കാലയളവില്‍ ശരാശരി ജിഡിപി(മൊത്തം ആഭ്യന്തര വരുമാനം) വളര്‍ച്ച എട്ടുശതമാനമായിരുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സുസ്ഥിര വളര്‍ച്ച വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 12-ാം പദ്ധതിക്ക് ദേശീയ വികസന സമിതി അംഗീകാരം നല്‍കിയത്. ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ എത്രമാത്രം എടുക്കാനാകും എന്നതിനെ ആശ്രയിച്ചായിരിക്കും ഈ കാലയളവില്‍ വളര്‍ച്ച നിര്‍ണയിക്കപ്പെടുക.
കേന്ദ്രപദ്ധതികളുടെ എണ്ണം കുറച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ പദ്ധതി നിര്‍ദേശിക്കുന്നു. നിലവില്‍ വളര്‍ച്ച മന്ദഗതിയിലാണ്. നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 5.4 ശതമാനം മാത്രമാണ് ജിഡിപി വളര്‍ച്ച. കഴിഞ്ഞ ദശാബ്ദത്തിലെ ശരാശരിയായ എട്ട് ശതമാനത്തിന് വളരെ താഴെയാണിത്. വളര്‍ച്ച കുറയുന്നതിനുള്ള കാരണം ആഗോള- ആഭ്യന്തര ഘടകങ്ങളുടെ മിശ്രിതമാണ്. പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ഉയര്‍ന്ന തോതിലാണ്. വളര്‍ച്ചയില്‍ തിരിച്ചുവരവുണ്ടാകുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ ഈ വര്‍ഷം പ്രഖ്യാപിച്ച നയനടപടികള്‍ ആഭ്യന്തരതലത്തിലും വിദേശത്തും ശുഭാപ്തി വിശ്വാസം പുനഃസ്ഥാപിക്കാന്‍ സഹായകമായിട്ടുണ്ട്.

ധനകമ്മി നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ചരക്കു-സേവന നികുതിയുടെ കാര്യത്തില്‍ സംസ്ഥാനങ്ങളുമായി ധാരണിലെത്താന്‍ സര്‍ക്കാര്‍ ശ്രമം തുടരുകയാണ്. 11-ാം പദ്ധതിക്കാലത്ത് ശരാശരി കാര്‍ഷിക വളര്‍ച്ച 3.7 ശതമാനമാണ്. പത്താം പദ്ധതിയില്‍ ഇത് 2.4 ശതമാനം മാത്രമായിരുന്നു. ഭക്ഷ്യധാന്യ ഉല്‍പ്പാദനം രണ്ടുവര്‍ഷമായി റെക്കോര്‍ഡ് നിരക്കിലാണ്. കഴിഞ്ഞ വര്‍ഷം 26 കോടി ടണ്ണായിരുന്നു ഉല്‍പ്പാദനം. ഈ ഫെബ്രുവരി ഒന്നിന് 6.62 കോടി ടണ്ണാണ് പൊതുമേഖലാ ഏജന്‍സികളുടെ പക്കലുള്ള ഭക്ഷ്യധാന്യ ശേഖരം. ദേശീയ ഭക്ഷ്യസുരക്ഷാ ബില്‍ സര്‍ക്കാര്‍ നടപ്പാക്കും. കരിമ്പ്, പരുത്തി ഉല്‍പ്പാദനവും റെക്കോര്‍ഡ് നിരക്കിലാണ്. ശീതസംഭരണികളുടെ അഭാവം നികത്തുന്നതിന് ദേശീയ ശീതസംഭരണി ശൃംഖലാ വികസന കേന്ദ്രത്തിന് രൂപം നല്‍കിയിട്ടുണ്ട്. യൂറിയ ഉല്‍പ്പാദനത്തില്‍ 2017 ഓടെ ഒരു കോടി ടണ്ണിന്റെ വര്‍ധന കൈവരിക്കാന്‍ ശ്രമിക്കും.

നയപ്രഖ്യാപനം തനിയാവര്‍ത്തനം

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ഭാവനാപൂര്‍ണമായ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ ശൂന്യം. വളര്‍ച്ചാനിരക്ക് കുത്തനെ ഇടിഞ്ഞതോടെ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് തുറന്നുസമ്മതിക്കുന്ന നയപ്രഖ്യാപനം പഴയ പ്രഖ്യാപനങ്ങളുടെ ആവര്‍ത്തനം മാത്രമാണ്. ഭക്ഷ്യസുരക്ഷാ ബില്‍ നടപ്പാക്കും, അടുത്ത ഒരു ദശാബ്ദ കാലയളവില്‍ പത്തുകോടി തൊഴില്‍, ദേശീയ ക്ഷീര പദ്ധതിയുടെ ആദ്യഘട്ടത്തിന് അംഗീകാരം, രാജീവ് പാര്‍പ്പിടപദ്ധതിയുടെ വ്യാപനം, ബാങ്കിങ് ഭേദഗതി നിയമം, നിര്‍ദിഷ്ട റെയില്‍ ചരക്ക് ഇടനാഴി നടപ്പാക്കും തുടങ്ങിയ കാര്യങ്ങള്‍ നയപ്രഖ്യാപനത്തില്‍ ആവര്‍ത്തിച്ചു.

വിവിധ ക്ഷേമപദ്ധതികളുടെ സബ്സിഡി പണം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കംകുറിച്ചതായി രാഷ്ട്രപതി പറഞ്ഞു. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് പണം ലഭ്യമാക്കാം. പൊതുസേവനങ്ങള്‍ക്ക് പകരമായി പദ്ധതിയെ കാണേണ്ടതില്ല. പൊതുവിതരണസംവിധാനം മെച്ചപ്പെടുത്താനാകും പദ്ധതി ഉപയോഗിക്കുക. ഇന്ദിര ആവാസ് യോജനയുടെ സബ്സിഡി പണം 45,000ത്തില്‍നിന്ന് 70,000 ആയി വര്‍ധിപ്പിച്ചു. ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ നിര്‍ണായക ഭേദഗതികള്‍ സര്‍ക്കാര്‍ കൊണ്ടുവന്നു. നഗരസഭകളുടെ ശേഷിവര്‍ധന ലക്ഷ്യമിട്ട് ആയിരം കോടിയുടെ പ്രത്യേക നിധി രൂപീകരിച്ചു. എല്ലാ ചെറുകിട- ഇടത്തരം പട്ടണങ്ങളിലേക്കും രാജീവ് പാര്‍പ്പിടപദ്ധതി വ്യാപിപ്പിച്ചു. ദേശീയ ഗ്രാമീണ കുടിവെള്ളപദ്ധതി നിധിയുടെ അഞ്ചുശതമാനം നടപ്പുവര്‍ഷം സംസ്ഥാനങ്ങള്‍ക്ക് കൈമാറും. ലോകബാങ്കിന്റെ സഹായത്തോടെ ദരിദ്രസംസ്ഥാനങ്ങള്‍ക്ക് ജലവിതരണ പദ്ധതിക്കായി അയ്യായിരം കോടിയുടെ പദ്ധതിക്ക് രൂപം നല്‍കാന്‍ ശ്രമിക്കും. വനാവകാശനിയമത്തിന്റെ അടിസ്ഥാനത്തില്‍ 13 ലക്ഷത്തോളം പട്ടയങ്ങള്‍ വിതരണം ചെയ്തു. കുട്ടികളുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് സംയോജിത ശിശുവികസന പദ്ധതി വിപുലപ്പെടുത്താനും പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 12-ാം പദ്ധതി കാലയളവില്‍ ഒന്നേകാല്‍ ലക്ഷം കോടി നീക്കിവയ്ക്കും.

സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ ജസ്റ്റിസ് വര്‍മ സമിതി നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. അക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്ക് എല്ലാവിധ വൈദ്യസഹായവും ഉറപ്പാക്കുന്ന പദ്ധതി രാജ്യത്തെ നൂറ് ജില്ലകളിലെ പൊതുആശുപത്രികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. രാജ്യത്ത് ഐടിഐകളുടെ എണ്ണം ആറ് വര്‍ഷ കാലയളവില്‍ ഇരട്ടിയായി. കഴിഞ്ഞ രണ്ടുവര്‍ഷമായി ഒരു പോളിയോ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകളുടെ എണ്ണം 2005-12 കാലയളവില്‍ എഴുപതിനായിരം കണ്ട് വര്‍ധിപ്പിച്ചു. നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായിമാത്രം മന്ത്രിസമിതി രൂപീകരിച്ചതായും നയപ്രഖ്യാപനത്തില്‍ പറയുന്നു.

കുര്യന്‍ സോണിയക്കൊപ്പം നയപ്രഖ്യാപനം കേട്ടു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ തൊട്ടടുത്തിരുന്നാണ് സൂര്യനെല്ലി കേസില്‍ ആരോപണവിധേയനായ പി ജെ കുര്യന്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം കേട്ടത്. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെന്ന് രാഷ്ട്രപതി പ്രണബ്മുഖര്‍ജി പറഞ്ഞത് മുന്‍നിരയില്‍ ഇരുന്ന് ഇരുവരും "ശ്രദ്ധിച്ചുകേട്ടു". രാഷ്ട്രപതി എത്തുന്നതിന് മുമ്പായി സോണിയയും കുര്യനും അല്‍പ്പനേരം സംസാരിച്ചു. രാഷ്ട്രപതി പോയതിന് പിന്നാലെ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്ന പ്രതിരോധമന്ത്രി എ കെ ആന്റണി കുര്യനുമായി സൗഹൃദം പങ്കിട്ടു. തുടര്‍ന്ന് പ്രധാനമന്ത്രി കാര്യാലയം ചുമതലയുള്ള സഹമന്ത്രി വി നാരായണ്‍സ്വാമിയുമായി കുര്യന്‍ രഹസ്യസംഭാഷണം നടത്തി. കോണ്‍ഗ്രസിലെ ചില വനിതാ എംപിമാരും കുര്യന് അടുത്തെത്തി കുശലസംഭാഷണം നടത്തി. ലൈംഗികാപവാദത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് വക്താവ് സ്ഥാനം നഷ്ടപ്പെട്ട മനു അഭിഷേക് സിങ്വി നിറഞ്ഞ ചിരിയോടെ കുര്യന് അടുത്തെത്തി അല്‍പ്പനേരം അടക്കം പറഞ്ഞു. ബിജെപി നേതാവ് വെങ്കയ്യ നായിഡുവും കുര്യന്‍ കൈകൊടുത്തു. വ്യാഴാഴ്ച ഹ്രസ്വനേരത്തേക്ക് മാത്രം രാജ്യസഭ ചേര്‍ന്നതിനാല്‍ കുര്യന് അധ്യക്ഷപദവിയില്‍ ഇരിക്കേണ്ടിവന്നില്ല. എന്നാല്‍, വെള്ളിയാഴ്ച ശൂന്യവേളസമയത്ത് കുര്യന്‍ അധ്യക്ഷപദവിയില്‍ ഇരിക്കാന്‍ മുന്നോട്ടുവരുമോയെന്നതാണ് ചോദ്യം.

deshabhimani 220213

No comments:

Post a Comment