കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മുഹമ്മദ് ഷാഫിക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ക്രൂര മര്‍ദനമേറ്റെന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. മുഹമ്മദ് ഷാഫിയുടെ പരാതി ഫയലില്‍ സ്വീകരിച്ച കോടതി, തുടര്‍നടപടികള്‍ക്കായി കേസ് ഈ മാസം 17ലേക്ക് മാറ്റി.
ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്കാര്‍ക്കും വിയ്യൂര്‍ ജയിലില്‍ മര്‍ദനമേറ്റിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തിങ്കളാഴ്ച നിയമസഭയില്‍ പറഞ്ഞത് തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് പരിശോധനാഫലം. മുഹമ്മദ് ഷാഫിയുടെ അരക്കെട്ടിലും നെഞ്ചത്തും പുറത്തും മര്‍ദനംകൊണ്ടുള്ള ചതവും പരിക്കുമുണ്ടെന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ പരിശോധനയില്‍ കണ്ടെത്തി. ഇരു ചെവിക്കും പരിക്കുണ്ടെന്നും കോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റൊരു കേസിന്റെ വിചാരണയ്ക്കായാണ് മുഹമ്മദ് ഷാഫിയെ തിങ്കളാഴ്ച കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയത്.
ജെഎഫ്സി മജിസ്ട്രേറ്റ്-1 കൃഷ്ണകുമാര്‍ അവധിയായതിനാല്‍ ജെഎഫ്സി മജിസ്ട്രേറ്റ്-2 ടി പി അനിലാണ് കേസ് വിചാരണയ്ക്കെടുത്തത്. കേസ് പരിഗണിക്കുന്നതിനിടെ, മുഹമ്മദ്ഷാഫി വിയ്യൂരിലെ മര്‍ദനത്തെക്കുറിച്ച് പരാതി ബോധിപ്പിച്ചു. വാക്കാല്‍ പരാതി കേട്ടശേഷം, എഴുതിനല്‍കാന്‍ നിര്‍ദേശിച്ച് കോടതി കടലാസും പേനയും നല്‍കി. ഇതനുസരിച്ച് വിശദമായ പരാതി സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയതോടെ മജിസ്ട്രേട്ട് നേരിട്ട് ദേഹപരിശോധന നടത്തി. അരക്കെട്ടിലും പുറത്തും മറ്റും ചതവും പോറലും കണ്ടതിനാല്‍ വിശദപരിശോധനയ്ക്ക് ജില്ലാ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.
മുഹമ്മദ്ഷാഫിക്കുവേണ്ടി അഡ്വ. എന്‍ ആര്‍ ഷാനവാസ് ഹാജരായി. മുഹമ്മദ് ഷാഫിയടക്കം ചന്ദ്രശേഖരന്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ഒമ്പതു പ്രതികളെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മര്‍ദനത്തിനിരയാക്കിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന ഇവരെ ജയില്‍ സുരക്ഷയുടെപേരില്‍ വിയ്യൂരിലേക്ക് കൊണ്ടുപോയാണ് ആസൂത്രിത മര്‍ദനം.
മര്‍ദനത്തിനു മുമ്പ് ജയിലിലെ സിസിടിവി പ്രവര്‍ത്തനം നിര്‍ത്തി
തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ടി പി ചന്ദ്രശേഖരന്‍കേസിലെ പ്രതികളെ മര്‍ദിക്കുന്നതിനു മുമ്പ് സിസിടിവിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ജയില്‍ചട്ടങ്ങള്‍ ലംഘിച്ചാണ് സിസിടിവി പ്രവര്‍ത്തനം നിര്‍ത്തിയത്. മര്‍ദനത്തിന് ആസൂത്രിതമായ ഗൂഢാലോചന നടന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. മുപ്പതിന് വൈകിട്ട് ആറിനുശേഷമാണ് ജയിലിലെ സിസിടിവി സംവിധാനം പൂര്‍ണമായി നിശ്ചലമാക്കിയത്. രാത്രി പന്ത്രണ്ടോടെയാണ് തടവുകാരെ കണ്ണൂരില്‍നിന്നും വിയ്യൂരിലെത്തിച്ചത്. തടവുകാരെ ഓരോരുത്തരെയും പ്രത്യേകമുറിയില്‍ കൊണ്ടുപോയി അരമണിക്കൂര്‍ വീതമാണ് ക്രൂരമായി മര്‍ദിച്ചത്. 31ന് വൈകിട്ട് മര്‍ദനവാര്‍ത്തയറിഞ്ഞ് ജനപ്രതിനിധികള്‍ എത്തിയശേഷമാണ് മര്‍ദനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍, ഇക്കാര്യം വിയ്യൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് റിപ്പോര്‍ട്ട് ചെയ്തെങ്കിലും പൊലീസ് മൊഴി രേഖപ്പെടുത്തിയില്ല. ജയിലില്‍നിന്ന് പരാതികള്‍ ഉണ്ടെങ്കില്‍ ആശുപത്രിയിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തണമെന്നാണ് ചട്ടം.
മുപ്പതിന് രാത്രി പ്രതികളെ ജയിലില്‍ കൊണ്ടുവന്നപ്പോള്‍ ജയില്‍ ഉദ്യോഗസ്ഥരോട് തട്ടിക്കയറിയെന്ന പരാതി പിറ്റേന്ന് വൈകിട്ടാണ് വിയ്യൂര്‍ പൊലീസിന് ജയില്‍ അധികൃതര്‍ നല്‍കിയത്. ഈ പരാതിയില്‍ വിയ്യൂര്‍ ജയിലിലെ തടവുകാരായ ഒമ്പതുപേര്‍ക്ക് എതിരെയും വിയ്യൂര്‍ പൊലീസ് കേസെടുത്തു. ഇതേസമയം തടവുകാരുടെ മൊഴി രേഖപ്പെടുത്താനും പരാതി കേള്‍ക്കാനും പൊലീസ് തയ്യാറായില്ല. ഇത് ആഭ്യന്തരവകുപ്പിന്റെ സമ്മര്‍ദഫലമെന്ന് സൂചന. പരിക്കേറ്റ പ്രതികളെ ആശുപത്രിയിലെത്തിച്ചപ്പോള്‍ അവരെ കിടത്തി ചികിത്സിക്കണമെന്ന് ആദ്യം ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും അര്‍ധരാത്രിയോടെ പ്രവേശിപ്പിക്കേണ്ടതില്ലെന്നു പറഞ്ഞാണ് ഡോക്ടര്‍മാര്‍ മടക്കിയത്. ഇതേസമയം മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പരിശോധനയില്‍ തടവുകാര്‍ക്ക് മര്‍ദനമേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ, ഉത്തരവാദപ്പെട്ട സമിതികള്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കാത്തത് ഭരണകക്ഷിയുടെ സമ്മര്‍ദംമൂലമാണ്. പി എ മാധവന്‍ എംഎല്‍എയുടെ ജയില്‍സന്ദര്‍ശനം ഇതിന്റെ ഭാഗമാണെന്നും അറിയുന്നു. ഇതിനു പിന്നാലെ വിയ്യൂര്‍ ജയിലില്‍ ഭീഷണി ക്കത്ത് ലഭിച്ചെന്ന വാര്‍ത്തയും ജയിലിലെ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്.
മര്‍ദനം: ബന്ധുക്കള്‍ ജയില്‍ കവാടത്തില്‍ നിരാഹാരം തുടങ്ങി
തൃശൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ വിയ്യൂര്‍ ജയിലില്‍ മര്‍ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ബന്ധുക്കള്‍ ജയില്‍ കവാടത്തില്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി. തടവുകാരെ ജയിലില്‍ സന്ദര്‍ശിച്ച ശേഷമാണ് സമരം ആരംഭിച്ചത്. മര്‍ദനമേറ്റവരെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും ജയില്‍നിയമം ലംഘിച്ച് ഭീകരമര്‍ദനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കമെന്നും ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച പകല്‍ രണ്ടോടെ സമരം തുടങ്ങിയത്. ഏഴു സ്ത്രീകളും ഒരു കുട്ടിയുമടക്കം ഇരുപത്തഞ്ചോളം പേരാണ് സമരത്തിലുള്ളത്. എം സി അനൂപിന്റെ അമ്മ ചന്ദ്രി, കൊടി സുനിയുടെ അമ്മ പുഷ്പ, ട്രൗസര്‍ മനോജിന്റെ സഹോദരന്‍ ബാബു, കിര്‍മാണി മനോജിന്റെ സഹോദരന്‍ മനീഷ് എന്നിവരാണ് നിരാഹാരസമരം നടത്തുന്നത്. ഇവരോടൊപ്പം ടി കെ രജീഷിന്റെ അമ്മ പ്രഭാസിനി, അണ്ണന്‍ സിജിത്തിന്റെ അമ്മ വസന്ത, വാഴപ്പടച്ചി റഫീഖിന്റെ അനിയന്‍ ഷാജഹാന്‍, മുഹമ്മദ് ഷാഫിയുടെ അച്ഛന്‍ മൊയ്തു, ഷിനോജിന്റെ ഇളയച്ഛന്‍ സത്യന്‍, കൊടി സുനിയുടെ അമ്മാവന്റെ മകന്‍ അഭിലാഷ് (13) തുടങ്ങിയവരും സമരത്തിലാണ്.
"മര്‍ദനമേറ്റ് പലരുടെയും ചെവിയില്‍ പഴുപ്പായി. മുതുകത്ത് ശക്തിയായ വേദനയുണ്ടെന്നും ദേഹംമുഴുവനും അടിച്ചതായും അവര്‍ പറഞ്ഞു. എഴുന്നേറ്റ് നില്‍ക്കാന്‍പോലും പറ്റുന്നില്ല. ഇത്തരത്തില്‍ കൊല്ലാക്കൊല ചെയ്യാന്‍ ജയിലുദ്യോഗസ്ഥര്‍ക്ക് ആരാണ് അധികാരം കൊടുത്തത്. അവരെ മര്‍ദിക്കുന്നതിനു വേണ്ടി മാത്രമാണ് കണ്ണൂരില്‍നിന്ന് തൃശൂരിലേക്ക് കൊണ്ടുവന്നത്. ഞങ്ങളുടെ മക്കളെ ആശുപത്രിയിലേക്ക് മാറ്റാതെ ഞങ്ങള്‍ ഇവിടെ നിന്നു പോകില്ല"- എം സി അനൂപിന്റെ അമ്മ ചന്ദ്രിയും കൊടി സുനിയുടെ അമ്മ പുഷ്പയും രജീഷിന്റെ അമ്മ പ്രഭാസിനിയും പറഞ്ഞു. എം സി അനൂപ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത് എന്നിവരെ കണ്ണൂരില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയതിനാല്‍ ബന്ധുക്കള്‍ക്ക് കാണാനായില്ല. മറ്റുള്ളവരുമായി ബന്ധുക്കള്‍ സംസാരിച്ചു. അവര്‍ക്ക് ഭീകര മര്‍ദനമേറ്റതായി നേരിട്ട് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നീതിതേടി ജയില്‍ കവാടത്തില്‍ സമരം തുടങ്ങിയതെന്ന് ബന്ധുക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജയില്‍ കവാടത്തിലെ സമരവാര്‍ത്തയറിഞ്ഞ് നിരവധി പൊതു പ്രവര്‍ത്തകരും നാട്ടുകാരും സ്ഥലത്തെത്തി. വന്‍ പൊലീസ് സംഘവും സ്ഥലത്തുണ്ട്.
വിയ്യൂര്‍ ജയിലിലെ മര്‍ദനം: സബ്മിഷന്‍ തടയാന്‍ ഭരണപക്ഷ ബഹളം
വിയ്യൂര്‍ ജയിലില്‍ തടവുകാരെ ജയില്‍വാര്‍ഡന്മാര്‍ ക്രൂരമായി മര്‍ദിച്ച പ്രശ്നം നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത് തടയാന്‍ ഭരണപക്ഷ ബഹളം. മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണനാണ് സബ്മിഷനിലൂടെ പ്രശ്നം സഭയില്‍ അവതരിപ്പിച്ചത്. എന്നാല്‍, രാധാകൃഷ്ണനെ സംസാരിക്കാന്‍ അനുവദിക്കാതെ ഒരു വിഭാഗം യുഡിഎഫ് എംഎല്‍എമാര്‍ ബഹളംവച്ചു. ഭരണപക്ഷത്തിന്റെ ജനാധിപത്യ നിലപാടിനെതിരെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും മറ്റംഗങ്ങളും രംഗത്തുവന്നു. സബ്മിഷന്‍ അവതരിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലേക്ക് നീങ്ങിയയോടെ സ്പീക്കര്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
തടവുകാരെ മര്‍ദിച്ചവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് സബ്മിഷന്‍ അവതരിപ്പിച്ച കെ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ചന്ദ്രശേഖരന്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂരില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയ ഒമ്പത് പ്രതികളെ ക്രൂരമായാണ് മര്‍ദിച്ചത്. ഉന്നതതല ഗൂഢാലോചനയുടെ ഭാഗമായാണ് ഇവരെ വിയ്യൂരിലേക്ക് മാറ്റിയത്. പലരുടെയും നട്ടെല്ലിന് കാര്യമായ ക്ഷതമേറ്റു. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ട്. പരിക്കേറ്റ് അവശനിലയിലായവരെ തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ചികിത്സ നല്‍കാതെ ഉടന്‍തന്നെ ജയിലിലേക്ക് മാറ്റി. നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തിയാണ് മര്‍ദിച്ചത്. സുപ്രീംകോടതി വിധി പോലും ലംഘിച്ചു. ഇത്തരം മനുഷ്യാവകാശപ്രശ്നമാണ് സഭയില്‍ ഉന്നയിക്കുന്നതെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. ജയില്‍ സുരക്ഷാപ്രകാരമുള്ള പരിശോധനയേ നടന്നിട്ടുള്ളൂവെന്നും തടവുകാരെ മര്‍ദിച്ചിട്ടില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ജയില്‍ചട്ടം ലംഘിച്ചതിനെതിരെ ഒമ്പതുപേര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
deshabhimani
No comments:
Post a Comment