ചട്ടങ്ങള്‍ മറികടന്ന് തമിഴ്നാട്ടിലെ എല്‍ ആന്‍ഡ് ടി കമ്പനിയില്‍നിന്ന് എട്ടു ലക്ഷം മീറ്ററുകള്‍ വാങ്ങാനാണ് വൈദ്യുതിബോര്‍ഡ് തീരുമാനിച്ചതെന്ന് ആരിഫ് ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെയും കെഎസ്ഇബി ചെയര്‍മാനെതിരെയും ഗുരുതര ആരോപണമാണ് ഉയര്‍ന്നത്. റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങളും ആരിഫ് ഉദ്ധരിച്ചു. യോഗ്യരായ കമ്പനികളെ സര്‍ക്കാര്‍ ടെന്‍ഡറില്‍നിന്ന് ഒഴിവാക്കി. ഒരു കമ്പനിമാത്രമാണ് ടെന്‍ഡറില്‍ പങ്കെടുക്കാനെത്തിയതെങ്കില്‍ വീണ്ടും ടെന്‍ഡര്‍ വിളിക്കണമെന്ന നടപടിക്രമം പാലിച്ചില്ല.
കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനിയെ അയോഗ്യരാക്കി. ക്രമക്കേട് നടന്നിട്ടുണ്ടെന്ന വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ വിജിലന്‍സ് ആസ്ഥാനത്തെ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം എഴുതിവാങ്ങിയശേഷം സര്‍ക്കാര്‍ തുടര്‍നടപടി അവസാനിപ്പിക്കുകയായിരുന്നെന്നും ആരിഫ് ചൂണ്ടിക്കാട്ടി. കോടികളുടെ അഴിമതി നിയമോപദേശത്തിന്റെ പേരില്‍ അവസാനിപ്പിക്കാന്‍ ശ്രമം നടക്കുകയാണെന്നും സംഭവത്തിനു പിന്നില്‍ എന്താണെന്നറിയാന്‍ താല്‍പ്പര്യമുണ്ടെന്നും ചെന്താമരാക്ഷന്‍ പറഞ്ഞു. അഴിമതി ആരോപണങ്ങള്‍ ആര്യാടന്‍ നിഷേധിച്ചു.
വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന ആരിഫിന്റെ ചോദ്യത്തിന് റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും എന്നാല്‍ അങ്ങനെ ഒരു റിപ്പോര്‍ട്ട് ഉണ്ടെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. 2011 ഏപ്രില്‍ 29ന് വിളിച്ച ടെന്‍ഡറിനെക്കുറിച്ച് ആരോപണമുയര്‍ന്നത് കേരളത്തിന് പുറത്തുനിന്നാണെന്ന് ആര്യാടന്‍ പറഞ്ഞു. ഗുജറാത്തില്‍നിന്നുള്ള ബിജെപി എംപി ജയപ്രകാശ് നാരായണ്‍സിങ്ങാണ് പരാതി നല്‍കിയത്. ടെന്‍ഡറില്‍ 13 കമ്പനിയാണ് പങ്കെടുത്തത്. എല്‍ ആന്‍ഡ് ടി കമ്പനി യോഗ്യതനേടി.
വൈദ്യുതി ബോര്‍ഡ് പ്രതിനിധികള്‍ കമ്പനി സന്ദര്‍ശിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയശേഷമാണ് അന്തിമ അനുമതി നല്‍കിയത്. മീറ്ററിന്റെ വില കൂടിയതിനാല്‍ കമ്പനി അധികൃതരുമായി ബോര്‍ഡ് വീണ്ടും ചര്‍ച്ച നടത്തി. 2009ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എല്‍ ആന്‍ഡ് ടി കമ്പനിയില്‍നിന്ന് മീറ്ററൊന്നിന് 665.32 രൂപ നിരക്കില്‍ വാങ്ങിയിരുന്നു. ആ നിരക്കിന് മീറ്ററുകള്‍ തരണമെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ ആവശ്യം കമ്പനി അംഗീകരിച്ചതിനെത്തുടര്‍ന്നാണ് മീറ്ററുകള്‍ വാങ്ങിയതെന്ന് മന്ത്രി അവകാശപ്പെട്ടു.
deshabhimani
No comments:
Post a Comment