കരാര്‍ത്തൊഴിലാളികളുടെയും കേന്ദ്രസര്‍ക്കാരിന്റെ സ്കീം തൊഴിലാളികളുടെയും അടിയന്തരാവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യവ്യാപക പ്രചാരണവും പ്രക്ഷോഭവും സംഘടിപ്പിക്കാന്‍ സിഐടിയു കേന്ദ്ര സെക്രട്ടറിയറ്റ് തീരുമാനിച്ചു. തൊഴില്‍മേഖലയില്‍ വന്‍തോതിലുള്ള കരാര്‍വല്‍ക്കരണം അവസാനിപ്പിക്കുക, കരാര്‍തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, കരാര്‍തൊഴിലാളികള്‍ക്ക് സ്ഥിരം ജീവനക്കാരുടെ അതേ സേവന-വേതന വ്യവസ്ഥകള്‍ ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 15മുതല്‍ 21 വരെ വിപുലമായ പ്രചാരണപരിപാടി നടത്തും. 20നും 21നും സംസ്ഥാനതലത്തില്‍ റാലിയും പ്രക്ഷോഭവും സംഘടിപ്പിക്കും.
സ്കീം തൊഴിലാളികളെ സ്ഥിരം തൊഴിലാളികളായി അംഗീകരിച്ച് മിനിമം വേതനം, പെന്‍ഷന്‍, മറ്റ് സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങള്‍ എന്നിവ നല്‍കുക, രാജ്യാന്തര തൊഴില്‍സംഘടന വ്യവസ്ഥചെയ്യുന്ന സംഘടിക്കാനുള്ള അവകാശം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 10മുതല്‍ 17വരെ പ്രചാരണം സംഘടിപ്പിക്കും. 13ന് ഉച്ചഭക്ഷണപദ്ധതി തൊഴിലാളികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്യും. മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര വനിതാദിനം വിപുലമായി ആചരിക്കാന്‍ എല്ലാ ഘടകങ്ങളോടും അഫിലിയേറ്റഡ് യൂണിയനുകളോടും കേന്ദ്ര സെക്രട്ടറിയറ്റ് ആഹ്വാനംചെയ്തു. തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് തുല്യതയും സുരക്ഷയും ഉറപ്പാക്കുക, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയുക, വനിതാസംവരണ ബില്‍ ഉടന്‍ പാസാക്കുക എന്നീ ആവശ്യങ്ങളാണ് ഉയര്‍ത്തുക.
ട്രേഡ് യൂണിയന്‍ രംഗത്തെ പ്രശ്നങ്ങളും പ്രക്ഷോഭങ്ങളും യോഗം വിലയിരുത്തി. കേരളത്തില്‍നിന്നുള്ള അഖിലേന്ത്യാ ഭാരവാഹികളായ ആനത്തലവട്ടം ആനന്ദന്‍, കെ ഒ ഹബീബ്, ജെ മേഴ്സിക്കുട്ടിയമ്മ, പി നന്ദകുമാര്‍, കെ കെ ദിവാകരന്‍ എന്നിവര്‍ പങ്കെടുത്തു. പ്രസിഡന്റ് എ കെ പത്മനാഭന്‍ അധ്യക്ഷനായി. മാരുതി തൊഴിലാളികളുടെ സമരസഹായഫണ്ടിലേക്ക് അഞ്ചുലക്ഷം സമാഹരിച്ച് നല്‍കിയ തമിഴ്നാട് സിഐടിയു ഘടകത്തെ യോഗം അഭിനന്ദിച്ചു.
deshabhimani
No comments:
Post a Comment