അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കോഴക്കേസില്‍ വാദം കേള്‍ക്കുന്ന ഇറ്റലിയിലെ മിലാന്‍നഗരത്തിലെ കോടതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെയും ഫോട്ടോകള്‍ പ്രോസിക്യൂട്ടര്‍മാര്‍ ഹാജരാക്കി. കുറ്റാരോപിതനായ ഇടനിലക്കാരന്‍ ഗുഡിയോ ഹാഷ്ക്കെയെ വിസ്തരിച്ചപ്പോഴാണ് സോണിയയുടെയും പട്ടേലിന്റെയും ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത്.
ഇരുവരെയും പരിചയമുണ്ടോയെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ഹാഷ്ക്കെയോട് ചോദിച്ചു. ചിത്രങ്ങളില്‍ കണ്ട് പരിചയമുണ്ടെന്ന് ഹാഷ്ക്കെ മറുപടി നല്‍കി. വിവിഐപികളുടെ യാത്രകള്‍ക്കായി 12 എഡബ്ല്യു 101 ഹെലികോപ്റ്ററുകള്‍ ഇറ്റാലിയന്‍-ബ്രിട്ടീഷ് കമ്പനിയായ അഗസ്റ്റവെസ്റ്റ്ലാന്‍ഡില്‍നിന്ന് വാങ്ങുന്നതിന് 2010ഫെബ്രുവരിയില്‍ യുപിഎ സര്‍ക്കാര്‍ കരാറില്‍ ഒപ്പിട്ടിരുന്നു. വ്യോമസേനയ്ക്ക് വേണ്ടിയാണ് ഹെലികോപ്റ്ററുകള്‍ വാങ്ങിയത് എന്നതിനാല്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയാണ് കരാറിന് അനുമതി നല്‍കിയത്. ഇന്ത്യയിലെ ഉന്നതരാഷ്ട്രീയ നേതാക്കള്‍ക്കും വ്യോമസേനയിലെ ഉന്നതര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും കോടികള്‍ കോഴ നല്‍കിയാണ് കരാര്‍ നേടിയതെന്ന് പിന്നീട് വെളിപ്പെട്ടു.
അഗസ്റ്റയുടെ മാതൃകമ്പനിയായ ഫിന്‍മെക്കാനിക്കയുടെ സിഇഒ ഗിസപ്പെ ഒര്‍സി കോഴപ്പണം നല്‍കിയതിന് ഇറ്റലിയില്‍ അറസ്റ്റിലായതോടെയാണ് ഇടപാടുകള്‍ പുറത്തുവന്നത്. മുന്‍ വ്യോമസേനാ മേധാവി എസ് പി ത്യാഗി ഉള്‍പ്പെടെ പല ഉന്നതരും കോഴപ്പണം വാങ്ങിയതായാണ് തുടക്കത്തില്‍ വെളിപ്പെട്ടത്. സോണിയ ഗാന്ധിയുടെ പേരും തുടക്കം മുതല്‍ ഉയര്‍ന്നിരുന്നു. ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ നിര്‍ണായക രേഖയില്‍ സോണിയയുടെയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും അഹമ്മദ് പട്ടേലിന്റെയുമെല്ലാം പേരു കടന്നുവന്നു.
ഇടനിലക്കാരനായിരുന്ന ബ്രിട്ടീഷ് കണ്‍സള്‍ട്ടന്റ് ക്രിസ്ത്യന്‍ മൈക്കല്‍ അഗസ്റ്റ കമ്പനിയുടെ ഇന്ത്യന്‍ മേധാവി പീറ്റര്‍ ഹുലെറ്റിന് അയച്ച കത്തിലാണ് സോണിയയുടെയും വിശ്വസ്തരുടെയും പേരുള്ളത്. കരാര്‍ നേടണമെങ്കില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും അഹമ്മദ് പട്ടേലും ഉള്‍പ്പെടെ സോണിയയുടെ വിശ്വസ്തരെ പാട്ടിലാക്കാനാണ് കത്തിലെ നിര്‍ദേശം. കോഴപ്പണം എങ്ങനെ വിതരണം ചെയ്യണമെന്നും കത്തില്‍ പറയുന്നു. എ പി എന്ന ഇനീഷ്യല്‍ നല്‍കിയശേഷം 30ലക്ഷം യൂറോ (ഏകദേശം 24 കോടി രൂപ) നല്‍കാന്‍ നിര്‍ദേശിക്കുന്നു. എ പി എന്ന ചുരുക്കപ്പേരിന്റെ ഉടമ കോണ്‍ഗ്രസ് അധ്യക്ഷയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു.
സ്വിസ് ഇടനിലക്കാരന്‍ ഗുഡിയോ ഹാഷ്ക്കെയുടെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് ക്രിസ്ത്യന്‍ മൈക്കലിന്റെ കത്തും മറ്റും അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. കോഴപ്പണം കൈപ്പറ്റിയവരെ കണ്ടെത്തുന്നതിനാണ് സോണിയയുടെയും അഹമ്മദ് പട്ടേലിന്റെയും ഫോട്ടോ പ്രോസിക്യൂട്ടര്‍മാര്‍ ഗുഡിയോ ഹാഷ്ക്കെയെ കാണിച്ചത്. വരുംദിവസങ്ങളില്‍ കൂടുതല്‍ രേഖകള്‍ പ്രോസിക്യൂട്ടര്‍മാര്‍ പുറത്തുവിട്ടേക്കും. സോണിയയുടെയും മറ്റും പേര് പരാമര്‍ശിക്കുന്ന ക്രിസ്ത്യന്‍ മൈക്കല്‍ അയച്ച കത്തിനെക്കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചു.
എം പ്രശാന്ത് deshabhimani
No comments:
Post a Comment