സബ്സിഡി സാധനങ്ങളുടെ വില്‍പ്പന നിലയ്ക്കുമ്പോള്‍ സപ്ലൈകോയില്‍ കുടവില്‍പ്പന മാമാങ്കം. ഒരു സ്വകാര്യ കുടക്കമ്പനിയുമായി ചേര്‍ന്നുള്ള കരാര്‍വഴി ഉന്നതരുടെ പോക്കറ്റിലേക്ക് ലക്ഷങ്ങള്‍ ഒഴുകാന്‍ ഇടയാക്കുമെന്നും അറിയുന്നു. അഞ്ചുലക്ഷം കുട വിറ്റഴിക്കാനാണ് തീരുമാനം. 1000 കുടവീതം അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനത്തില്‍ ഡിപ്പോ മാനേജര്‍മാര്‍ കടുത്ത പ്രതിഷേധത്തില്‍. പുതിയ ചെയര്‍മാനും മാനേജിങ് ഡയറക്ടറും ചുമതലയേല്‍ക്കുന്നതിനു തൊട്ടുമുമ്പാണ് ഇവയുടെ ചുമതല വഹിക്കുന്ന ജനറല്‍ മാനേജര്‍ തിടുക്കപ്പെട്ട് കുടവ്യാപാരത്തിന് ഇറങ്ങിയത്.
ഓഫ് സീസണില്‍ 50 ശതമാനംവരെ വിലക്കിഴിവിലാണ് കുട വില്‍പ്പന. എന്നാല്‍, 30 ശതമാനം കിഴിവിലാണ് സപ്ലൈകോയുടെ വില്‍പ്പന. ഇതില്‍ പത്തുശതമാനമാണ് സപ്ലൈകോയ്ക്ക്. ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തുന്നവര്‍ക്കായി സമ്മാനപദ്ധതിയും ഏര്‍പ്പാടാക്കിയിട്ടുണ്ട്. സപ്ലൈകോയുടെ നാനൂറ്റമ്പതോളം സൂപ്പര്‍മാര്‍ക്കറ്റുകളും സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകളും വഴിയാണ് വില്‍പ്പന. 1000 കുടയെങ്കിലും ഓരോ വില്‍പ്പനകേന്ദ്രവും എടുക്കണമെന്നാണ് ഉത്തരവ്. വില്‍പ്പന തകൃതിയാക്കാന്‍ അഞ്ചു മേഖലകളില്‍ റീജണല്‍ മാനേജര്‍മാര്‍, ഡിപ്പോ മാനേജര്‍മാര്‍, ക്വാളിറ്റി കണ്‍ട്രോള്‍ ചുമതലയുള്ള ജൂനിയര്‍ മാനേജര്‍മാര്‍ എന്നിവരുടെ യോഗം വിളിച്ചുചേര്‍ത്തു.
കോട്ടയത്തെ യോഗത്തിന് എസി ഹാള്‍ ഇല്ലാത്തതില്‍ അമര്‍ഷവും പ്രകടിപ്പിച്ചു. അധിക ചെലവ് ഒഴിവാക്കാണ് എസിയില്ലാത്ത ഹാള്‍ ഏര്‍പ്പാടാക്കിയതെന്നു പറഞ്ഞ ഡിപ്പോമാനേജരെ പരസ്യമായി ശകാരിച്ചു. പന്തളം മാവേലിസ്റ്റോറില്‍ വില്‍പ്പന കുറഞ്ഞതിന്റെ പേരില്‍ പറക്കോട് ഡിപ്പോ മാനേജര്‍ക്ക് നേരെ മോശം പരാമര്‍ശമുണ്ടായി. ചെയര്‍മാന്‍- മാനേജിങ് ഡയറക്ടര്‍ തസ്തികകളിലേക്ക് പത്തോളം പേരെ നിയമിച്ചെങ്കിലും ജനറല്‍ മാനേജരുമായുള്ള അഭിപ്രായവ്യത്യാസത്തെതുടര്‍ന്ന് ഇവരെല്ലാം ഉടന്‍ സ്ഥാനമൊഴിഞ്ഞു.
ഒടുവില്‍, ഇരു ചുമതലകളും ജനറല്‍ മാനേജരെ ഏല്‍പ്പിക്കുകയായിരുന്നു. കോട്ടയത്തെ ട്രാവന്‍കൂര്‍ സിമന്റ്സില്‍ പ്ലാന്റ് മാനേജര്‍ മാത്രമായിരുന്ന ഇദ്ദേഹത്തെ സപ്ലൈകോ ജനറല്‍ മാനേജര്‍പോലുള്ള സുപ്രധാന തസ്തികയില്‍ നിയോഗിക്കുന്നതിനെതിരെ നേരത്തെ ആരോപണമുയര്‍ന്നിരുന്നു. സപ്ലൈകോയുടെ ചെയര്‍മാനായി സുമന്‍ബില്ലയെയയും മാനേജിങ് ഡയറക്ടറായി ജി ലക്ഷ്മണനെയും സര്‍ക്കാര്‍ ഇപ്പോള്‍ നിയമിച്ചിട്ടുണ്ട്. ഇവര്‍ ചുമതലയേല്‍ക്കുന്നതിനുമുമ്പ് തിടുക്കപ്പെട്ട് കുടക്കച്ചവടത്തിനുള്ള അരങ്ങൊരുക്കുകയായിരുന്നു.
സപ്ലൈകോയുടെ വിതരണകേന്ദ്രങ്ങളില്‍ സബ്സിഡി സാധനങ്ങളില്ല. മല്ലി, മുളക് തുടങ്ങിയ ഇനങ്ങള്‍ പീപ്പിള്‍സ് ബസാറുകളില്‍പ്പോലും കിട്ടാനില്ല. സാധനവില കുത്തനെ കൂടുമ്പോഴാണ് സ്വകാര്യകമ്പനിയുടെ കുട വില്‍ക്കാന്‍ സപ്ലൈകോ തിരക്കുകൂട്ടുന്നത്.
ആര്‍ സാംബന്‍ deshabhimani
No comments:
Post a Comment