Thursday, April 23, 2020

ഐ ടി മേഖലയും ഡാറ്റാ സെക്യൂരിറ്റി ക്ലൗഡ് വിവാദങ്ങളും എങ്ങനെയെല്ലാം കേരളത്തെ ബാധിക്കും

ഡാറ്റാ വിവാദങ്ങൾ തുടരുന്ന പക്ഷം വന്‍‌കിട കമ്പനികള്‍ക്ക്‌ കേരള സര്‍ക്കാരിന്റെ പ്രോജക്റ്റുകളില്‍ ഇന്‍‌വെസ്റ്റ് ചെയ്യുകയെന്നാല്‍ വലിയ റിസ്ക് കൂടി ഉള്‍പ്പെടുത്തേണ്ട അവസ്ഥ വരികയും അതിനാല്‍ നിക്ഷേപങ്ങളില്‍ നിന്നും പിന്‍‌വാങ്ങുന്ന അവസ്ഥയിലേക്ക് അത്‌ നയിക്കാനിടയുണ്ടെന്നും കേരളത്തിലെ ഐടി ജീവനക്കാരുടെ സംഘടനയായ   പ്രതിധ്വനി ചൂണ്ടികാട്ടുന്നു. ഐ ടി മേഖലയും ഡാറ്റാ സെക്യൂരിറ്റി ക്ലൗഡ് വിവാദങ്ങളും കേരളത്തിലെ ഐ.റ്റി. മേഖലയെ  എങ്ങിനെ  ബാധിക്കും  എന്നതിനെ കുറിച്ച്‌  പ്രതിധ്വനി  തയ്യാറാക്കിയ ലേഖനം .

ലോകം മുഴുവന്‍ മുമ്പെങ്ങും നേരിട്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു ആപല്‍ഘട്ടത്തിലൂടെ കടന്നു പോകുന്ന ഈ വേളയില്‍ ലോകത്തെവിടെയുമുള്ള ഭരണകൂടങ്ങളെപ്പോലെ കേരളവും ഈ പ്രതിസന്ധിയെ എല്ലാവിധ ജാഗ്രതയോടുകൂടി നേരിടുന്ന കാഴ്ച നമ്മുടെ മുന്നിലുണ്ട്.  ഒരു പക്ഷെ ലോകത്തിനു തന്നെ മാതൃകയാകുന്ന രീതിയിലുള്ള പ്രവര്‍ത്തനം കൊണ്ട് 'കേരളാ മോഡല്‍' ലോകത്തിന്റെ പലകോണുകളിലും ചര്‍ച്ചാവിഷയമാകുമ്പോഴും ഇങ്ങ് കേരളത്തില്‍ കുറച്ചു ദിവസമായി കാണുന്ന ചര്‍ച്ചകള്‍ ആശാവഹം അല്ല.   ഇന്നത്തെ സ്ഥിതിവിശേഷം ആവശ്യപ്പെടുന്ന ഫോക്കസില്‍ നിന്നും സര്‍ക്കാരിന്റെ ശ്രദ്ധയെ ഗതിതിരിച്ചു വിടാനുള്ള രാഷ്ട്രീയപ്രേരിതമായ നീക്കങ്ങളെക്കൂടി നേരിടേണ്ട അവസ്ഥയാണുള്ളത്. വിഷയം വിവരസാങ്കേതികതയുമായി ബന്ധപ്പെട്ട ഒന്നായതിനാൽ ഐ.റ്റി. ജീവനക്കാരുടെ സംഘടനയെന്ന നിലയില്‍ പ്രതിധ്വനിയുടെ നിലപാടാണ് ഈ കുറിപ്പിലൂടെ പങ്കുവയ്ക്കുവാന്‍ ഉദ്ദേശിക്കുന്നത്

പ്രധാനമായും പറയാന്‍ ഉദ്ദേശിക്കുന്നത് ഈ വിവാദം എങ്ങിനെയാണ് കേരളത്തിലെ ഐ.റ്റി. മെഖലയെ ബാധിക്കുക എന്നതാണ്

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഐ.റ്റി മെഖല കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന മാറ്റങ്ങളിലേറ്റവും പ്രധാനപ്പെട്ട ഒന്ന് ക്ലൗഡ് കമ്പ്യൂട്ടിങ്ങിലേക്കുള്ള ചുവടുമാറ്റമാണ്. അതായത് നിങ്ങള്‍ വിലയേറിയ ഹാര്‍ഡ്‌വേറുകളും സോഫ്റ്റ്‌വേറുകളും സ്വന്തമായി വാങ്ങേണ്ടതോ തനതായി വികസിപ്പിച്ചെടുക്കുകയോ ചെയ്യേണ്ടതില്ല എന്നും നിങ്ങള്‍ക്കാവശ്യമുള്ള റിസോര്‍‌സുകളും സര്‍‌വീസുകളും മാത്രം നിങ്ങള്‍ക്കാവശ്യമുള്ള സമയത്തേക്ക് മാത്രം ഒരു ക്ലൗഡ് സര്‍‌വീസ് ദാതാവില്‍ നിന്നും തുച്ഛമായ വാടകയ്ക്ക് എടുക്കുക, അതുമാത്രമല്ല ഈ റിസോര്‍‌സുകളും സര്‍‌വീസുകളും ആവശ്യാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ആകാം എന്നതാണ് ക്ലൗഡിനെ വലിയ തോതില്‍ സ്വീകാര്യമാക്കുന്നത്. വിപ്ലവകരമായ ഈ മോഡല്‍ വന്‍‌കിട കമ്പനികളെ മാത്രമല്ല ചെറുകിട കമ്പനികളെയും സ്റ്റാര്‍ട്ടപ് കമ്പനികളെയും സംബത്തിച്ചിടത്തോളം വന്‍‌തോതിലുള്ള നിക്ഷേപം ആവശ്യപ്പെടുന്നില്ല എന്ന നിലയില്‍ വലിയ ഒരു സാധ്യതയാണ് ഒരുക്കുന്നത്.

ഈ ഒരു പശ്ചാത്തലത്തില്‍ വേണം നിലവിലുള്ള വിവാദം ക്ലൗഡ് കം‌പ്യൂട്ടിങ്ങിനെപ്പറ്റിയും അതിന്റെ സെക്യൂരിറ്റി പറ്റിയും, ഡാറ്റാ പ്രൈവസിയെപ്പറ്റിയുമുള്ള വികലമായ ധാരണകളിലൂന്നിയുള്ള അഭിപ്രായങ്ങളും ഐ.റ്റി.വിദഗ്‌ധര്‍ എന്ന ലേബലില്‍ നടത്തുന്ന കാടടച്ചുള്ള വെടികളും കേരളത്തിലെ ഐ.റ്റി. മേഖലയെ എങ്ങിനെയാണ് ബാധിക്കുക എന്നു പരിശോധിക്കേണ്ടത്.

1. ക്ലൗഡ് കമ്പ്യൂട്ടിങ്ങിന്റെ സെക്യൂരിറ്റിയെ പ്രതിസ്ഥാനത്തു നിര്‍ത്തുക വഴി അതിന്റെ വിശ്വാസതയെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് എത്തിക്കുന്നതോടെ ഇതിനെ ആശ്രയിക്കുന്ന ചെറുകിട സം‌രം‌ഭകരെയും സ്റ്റാര്‍ട്ട് അപ്പുകളെയും പ്രതികൂലമായി ബാധിക്കുന്ന അവസ്ഥ വരികയും കേരളത്തില്‍ നിലവിലുള്ള ബിസിനസ്‌ സൗഹാര്‍ദ്ധ സാഹചര്യത്തിന്റെ തകര്‍ച്ചയിലേക്കുമാകും നയിക്കുക.

2. വന്‍‌കിട കമ്പനികള്‍ക്ക് കേരള സര്‍ക്കാരിന്റെ പ്രോജക്റ്റുകളില്‍ ഇന്‍‌വെസ്റ്റ് ചെയ്യുകയെന്നാല്‍ വലിയ റിസ്ക് കൂടി ഉള്‍പ്പെടുത്തേണ്ട അവസ്ഥ സംജാതമാവുകയും അതിനാല്‍ തന്നെ നിക്ഷേപങ്ങളില്‍ നിന്നും പിന്‍‌വാങ്ങുന്ന അവസ്ഥയിലേക്ക് നയിക്കാനിടയുണ്ട്

3. നിലവിലുള്ള ക്ലൗഡധിഷ്ഠിത സൊല്യൂഷന്‍ ദാതാക്കളുടെ സേവനം നമുക്ക് തുടര്‍ന്നും ലഭ്യമാവുക എന്നത് ദുര്‍ഘടം പിടിച്ചതാകാന്‍ സാധ്യതയുണ്ട്, കാരണം കേരള സര്‍ക്കാരുമായി ഇടപെടുന്നത് അവരുടെ റെപ്യൂട്ടേഷനെ തന്നെ ബാധിക്കും എന്ന നിലയിലേക്കാണ് ഈ വിവാദങ്ങള്‍ നമ്മളെ കൊണ്ടെത്തിക്കുന്നത്.

4.  ഇതോടുകൂടി സര്‍ക്കാരിന്റെ മൂല്യനിർണയവും തിരഞ്ഞെടുക്കലും പതിന്മടങ്ങ് ദുര്‍ഘടം പിടിച്ചതാവുകയും കാലതാമസം ഉള്ളതുമാകാനിടയുണ്ട്. ഇത് ഇന്ന് നിലവിലുള്ള നിക്ഷേപ സൗഹൃദ പരിവേഷത്തെ പിറകോട്ടടിക്കാനേ സഹായിക്കൂ.

5. ഒട്ടും നിക്ഷേപ സൗഹൃദപരമല്ലാത്ത ഒരു പരിവേഷം നിലനിന്നിരുന്ന ഇടത്തുനിന്ന്‌ നിസ്സാന്‍, ടെക് മഹീന്ദ്ര, അപോളിസ്, ടെറാനെറ്റ് തുടങ്ങിയ ആഗോള കമ്പനികളെ കേരളത്തിലേക്ക്‌ ആകർഷിക്കുന്ന തലത്തിലേക്ക് മാറ്റിയെടുക്കാനായത് വളരെ നാളത്തെ പ്രയത്നത്തിന്റെ ഫലമായിട്ടാണ്, ഇതിനെ മൊത്തത്തില്‍ തുരങ്കം വയ്ക്കുന്നതാണ് നിലവിലുള്ള അനാവശ്യ വിവാദങ്ങള്‍.

6. ഡിജിറ്റല്‍ എക്കോണമിയിലേക്ക് കാലെടുത്തു വയ്ക്കുന്ന കേരളത്തിന്റെ ഭാവിയെ തന്നെ തുരങ്കം വയ്ക്കുന്ന കര്‍മ്മമാണ് നിലവിലുള്ള അനാവശ്യ വിവാദങ്ങള്‍ ചെയ്യുന്നത്

അവസാനമായി വിവാദത്തെ പറ്റി

ഇവിടെ ആത്യന്തികമായും ഡാറ്റാ സെക്യൂരിറ്റിയെ ചുറ്റിപ്പറ്റിയാണ് വിവാദം നിലനില്‍ക്കുന്നത്. ഡാറ്റാ സെക്യൂരിറ്റി നിയമങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മാണഘട്ടത്തിലാണ്, അതുകൊണ്ടു തന്നെ ഇതിലൂന്നിയുള്ള ചര്‍ച്ച എവിടെയുമെത്തുകയുമില്ല, ആകെ പരിശോധിക്കാവുന്ന കാര്യം നിലവില്‍ ഡാറ്റ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും ഇതിന്മേലുള്ള നിയന്ത്രണം ആരുടെ പക്കലാണെന്നും മാത്രമാണ്. ഇന്ത്യയ്ക്കകത്തുള്ള സര്‍‌വറുകളിലാണ് ഡാറ്റ സൂക്ഷിച്ചിരിക്കുന്നത്, അതുപോലെ സര്‍ക്കാരിനു കീഴിലുള്ള സി-ഡിറ്റിനാണ് ആണ് നിലവില്‍ ഡാറ്റയുടെ മേലുള്ള പൂര്‍ണ്ണ നിയന്ത്രണാവകാശവും, ഉത്തരവാദിത്തവും ഉടമസ്ഥതയും എന്നാണ് മനസ്സിലാക്കുന്നത്. തുടക്കത്തില്‍ ഇങ്ങനെയായിരുന്നില്ല സ്ഥിതി എന്നാല്‍ അത് ആപല്‍ഘട്ടത്തില്‍ കൈക്കോള്ളേണ്ടി വന്ന ഡിസിഷന്‍ മേക്കിങ്ങിന്റെ ഭാഗമായി മനസ്സിലാക്കാവുന്നതേയുള്ളൂ. ഇനി ഇതില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ തന്നെ ഇന്നത്തെ മാറിയ സാഹചര്യത്തില്‍ ഈ വിവാദം അവസാനിക്കേണ്ടതാണ്, കാരണം ഒരു പ്രശ്നത്തില്‍ നമ്മള്‍ സൊല്യൂഷനാണ് മുന്‍‌ഗണന നല്‍കേണ്ടത്, അല്ലാതെ വിവാദത്തിനല്ല.

ഗള്‍ഫ് നാടുകളില്‍ നിന്നും മടങ്ങി വരുന്ന തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളും, സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും കൊണ്ട് രൂക്ഷമാകുന്ന കോവിഡാനന്തര കാലത്ത് നമ്മുടെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് ഐ. റ്റി മേഖലയ്ക്കും, ഈ മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വലിയ പങ്ക് വഹിക്കാനാകും, എന്നാല്‍ ക്ലൗഡ് സര്‍‌വീസുകളിലുള്ള വിശ്വാസത നഷ്‌ടപ്പെടുന്നതോടെ ഐ. റ്റി മേഖലയ്ക്കും, ഈ മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വഹിക്കാമായിരുന്ന പങ്കിനെ റദ്ദ് ചെയ്യുന്ന അവസ്ഥയിലേക്കാണ് നമ്മള്‍ നടന്നടുക്കുന്നത്. ഇക്കാര്യത്തില്‍ ഐ. റ്റി. ജീവനക്കാരുടെ സംഘടന എന്ന നിലയില്‍ പ്രതിധ്വനി ഈ അനാവശ്യ വിവാദങ്ങളെ വേണ്ടപ്പെട്ടവര്‍ യുക്തിഭദ്രമായി മനസ്സിലാക്കി വിവാദങ്ങള്‍ ഒഴിവാക്കി സൊല്യൂഷനുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന നിലപാടുകള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അനാവശ്യ വിവാദം ഐടി കുതിപ്പിന്‌ തിരിച്ചടിയാകും ; പുതുതലമുറ സംരംഭകരുടെ ആത്മവിശ്വാസത്തെ തകർക്കുമെന്ന്‌ ഐടി ജീവനക്കാരുടെ സംഘടന

ഐടി മേഖല വൻ കുതിപ്പിലേക്ക്‌ നീങ്ങുന്ന സാഹചര്യത്തിൽ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത്‌ സംസ്ഥാനത്തിന്‌ തിരിച്ചടിയാകുമെന്ന്‌ ഐടി ജീവനക്കാർ. മികച്ച സ്‌റ്റാർട്ടപ്പായി മൈക്രോസോഫ്‌റ്റിന്റെ പട്ടികയിൽ ഇടംപിടിച്ച ട്രാൻസ്‌മിയോ പോലുള്ള സ്‌റ്റാർട്ടപ്പിനെപോലും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കുകയാണ്‌. ഇത്‌ പുതുതലമുറ സംരംഭകരുടെ ആത്മവിശ്വാസത്തെ തകർക്കുമെന്ന്‌ ഐടി ജീവനക്കാരുടെ സംഘടന ‘പ്രതിധ്വനി’ അറിയിച്ചു.

ക്ലൗഡ് കംപ്യൂട്ടിങ്, സാസ്‌പോലുള്ള സാങ്കേതികവിദ്യകളെ പറ്റി തെറ്റിദ്ധാരണയുണ്ടാക്കുന്ന വാർത്തകളാണ്‌ വരുന്നത്‌.  അനായാസം ചോർത്താനാകുന്ന അപകടകരമായ ഒന്നാണിതെന്ന ധാരണയുണ്ടായാൽ പൊതുസമൂഹവും സർക്കാർ ഉദ്യോഗസ്ഥരും നൂതന സാങ്കേതികവിദ്യകളോട് മുഖം തിരിച്ചേക്കാം. ക്ലൗഡ് കംപ്യൂട്ടിങ്ങിന്റെ സുരക്ഷയെ പ്രതിസ്ഥാനത്ത്‌ നിർത്തുകവഴി വൻ‌കിട കമ്പനികൾ  സംസ്ഥാനത്തെ നിക്ഷേപങ്ങളിൽനിന്ന്‌ പിന്മാറും.

ഡാറ്റാ സെക്യൂരിറ്റി നിയമങ്ങൾ ഇന്ത്യയിൽ നിർമാണഘട്ടത്തിലാണ്. അതിനാൽ ഇതിലൂന്നിയുള്ള ചർച്ച എവിടെയുമെത്തില്ല. പരിശോധിക്കാവുന്നത്‌ നിലവിൽ ഡാറ്റ എവിടെ സൂക്ഷിച്ചിരിക്കുന്നുവെന്നും ഇതിന്മേലുള്ള നിയന്ത്രണം ആർക്കാണെന്നും മാത്രമാണ്. അനാവശ്യവിവാദം സ്‌പ്രിങ്ക്‌ളർ പോലുള്ള വൻകിട കമ്പനികൾ കേരളവുമായി ചേർന്നു ഭാവിയിൽ നടത്താനിടയുള്ള സംരംഭങ്ങൾ ഇല്ലാതാക്കും. ഇല്ലാത്ത തെളിവ്‌ നിരത്തി സ്‌പ്രിങ്ക്‌ളറിന്റെ ക്ലയിന്റായ മറ്റൊരു കമ്പനിയെയും വലിച്ചിഴച്ചു. ഇത്തരം ബാധ്യത സഹിക്കേണ്ട കാര്യം വൻകിട സംരംഭകർക്കില്ല. ഇതിനു പുറമെയാണ് അടിസ്ഥാനവിവരമില്ലാത്ത “ഐ ടി വിദഗ്ധരിൽ’നിന്ന്‌ സാങ്കേതികവിദ്യ പഠിക്കേണ്ട അവസ്ഥ.

നിക്ഷേപസൗഹൃദപരമല്ലാത്ത പരിവേഷം നിലനിന്നിടത്തുനിന്ന് നിസ്സാൻ, ടെക് മഹീന്ദ്ര, അപോളിസ്, ടെറാനെറ്റ് തുടങ്ങിയ ആഗോള കമ്പനികളെ ആകർഷിക്കാൻ കേരളത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. മാത്രമല്ല, കോവിഡാനന്തര കാലത്ത് സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ഐടി മേഖലയ്‌ക്കും സ്റ്റാർട്ടപ്പുകൾക്കും വലിയ പങ്ക് വഹിക്കാനുമാകും. ഇതിന്‌ തുരങ്കംവയ്‌ക്കുന്ന സ്ഥിതി സംസ്ഥാനത്ത്‌ ഉണ്ടാകരുതെന്നും പ്രതിധ്വനി ഭാരവാഹികൾ ആവശ്യപ്പെട്ടു.

No comments:

Post a Comment