Wednesday, April 22, 2020

സ്പ്രിങ്ക്‌ളർ: ഹൈക്കോടതി പരാമർശത്തിൽ നുണവാർത്തകളുമായി മാധ്യമങ്ങൾ

കൊച്ചി > സ്‌പ്രിങ്ക്‌‌ളർ കരാറുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വീണ്ടും നുണവാർത്തകളുമായി മാധ്യമങ്ങൾ. കമ്പനിയുമായുള്ള കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണക്കവേ ഹൈക്കോടതി നടത്തിയ പരാമർശങ്ങളിലാണ് വാർത്താ ചാനലുകൾ നുണ കെട്ടിച്ചമച്ചത്.

സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം എന്ന തലക്കെട്ടോടെയായിരുന്നു ബ്രേക്കിംഗ് ന്യൂസുകൾ. സ്‌പ്രിങ്ക്‌‌ളറുമായുള്ള കരാർ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും, സ്‌പ്രിങ്ക്‌‌ളറിൽ ഡാറ്റ അപ്‌ലോഡ് ചെയ്യരുതെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടുവെന്നുമാണ് പ്രധാന ചാനലുകൾ പ്രചരിപ്പിച്ചത്. എന്നാൽ വാർത്തകൾ വെറും നുണയാണെന്ന് നിമിഷങ്ങൾക്കുള്ളിൽ തെളിഞ്ഞു. കോടതിയിൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് വിശദീകരിച്ചും മാധ്യമനുണകൾക്കെതിരെയും അഭിഭാഷകർ തന്നെ രംഗത്തെത്തി.

കോവിഡ് ഡേറ്റാ വിശകലനത്തിന് സ്‌പ്രിങ്ക്‌‌ളർ കമ്പനിയുടെ സേവനം വിനിയോഗിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിക്കണമെന്നാണ്  ഹൈക്കോടതി യഥാർത്ഥത്തിൽ പറഞ്ഞത്. ശേഖരിക്കുന്ന ഡേറ്റ നഷ്‌ടപ്പെടുന്നില്ലന്ന് എങ്ങനെ ഉറപ്പാക്കുമെന്നതടക്കം സർക്കാർ വിശദീകരിക്കണം. കോവിഡ് വ്യാപനം ഫലപ്രദമായി തടയാനായത് സർക്കാരിന്റെ നേട്ടം തന്നെയാണന്നും ഹൈക്കോടതി ഹർജി പരിഗണിക്കവേ പറഞ്ഞു.

നുണപൊളിഞ്ഞതോടെ ബ്രേക്കിംഗ് ന്യൂസുകൾ ചില ചാനലുകൾ പിൻവലിച്ചു. സ്‌പ്രിങ്ക്‌‌ളറിന്റെ പേരിൽ പുകമറ സൃഷ്‌ടിക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കമ്പനിയുമായുള്ള കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ബാലു ഗോപാലകൃഷ്ണൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജി ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ ടി ആർ രവി എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് പരിഗണിച്ചത്. കേസ് എപ്രിൽ 24ന് വീണ്ടും പരിഗണിക്കും.

No comments:

Post a Comment